മാംസ്യവും നാരും ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതാണ് പയർ വർഗ്ഗങ്ങൾ. വിവിധ ഇനങ്ങളിലുള്ള നിരവധി പയറിനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. എങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യംപടർന്നു കയറുന്നവയാണ്.അമരപ്പയർ ചതുരപ്പയർ എന്നിവയാണ് സാധാരണയായി കണ്ടു വരുന്നവ. പ്രൊറ്റീൻ കലവറയായ ഈ പയറിനങ്ങൾക്കു സീസണിൽ മാർക്കറ്റിൽ നല്ല വിലയും ലഭിക്കാറുണ്ട്. ഒരു കട അമരപ്പയർ ഉണ്ടെങ്കിൽ ഒരുവീട്ടിലേക്കു ധാരാളവും അതുകഴിഞ്ഞു വിൽക്കാനും ഉള്ള പയർലഭിക്കും.
ഇവ നടാനുള്ള ഒരുക്കങ്ങള് ആരംഭിക്കാനുള്ള സമയമാണിപ്പോൾ. തിരുവാതിര ഞാറ്റുവേലയിൽ അമരപ്പയർ നട്ടുകൊടുത്താൽ മകരമാസത്തിലെ മഞ്ഞിൽ അമരക്കാ/പൂത്തു വിളയും എന്ന പഴമക്കാരുടെ ധാരണ വളരെ ശെരിയാണ്. മഴയുടെ ശക്തി കുറയുന്നതിനു മുമ്പു തന്നെ ഒരുക്കങ്ങള് ആരംഭിക്കണം. മഴകുറയുമ്പോൾ ഈ പയർ വർഗാങ്ങൾ വള്ളിവീശി നന്നായി പടർന്നു പന്തലിച്ചാൽ നവംബര് മുതൽ ഫെബ്രുവരി വരെ നാലു മാസക്കാലത്തോളം സമൃദ്ധമായി പയർ ലഭിക്കും.
നടീൽ രീതി എങ്ങനെ എന്ന് നോക്കാം.45-60 സെ.മീ വ്യാസവും 45 സെ.മീ താഴ്ചയുമുള്ള കുഴിയെടുത്ത് ഉണങ്ങിയ ഇലയിട്ട് കത്തിക്കുക. കൂടാതെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് 500 ഗ്രാം കുമ്മായം കുഴിയിലിട്ട് ഇളക്കണം. പിന്നീട് കുഴി നിറയെ പച്ചിലകള് ഇട്ട് അഞ്ച് -10 കിലോ പച്ച ചാണകമിട്ടു കമ്പോസ്റ്റാകാന് അനുവദിക്കുക . മഴ കുറയുന്നതോടു കൂടി അമരവിത്ത് പാകാം. ജൂലൈ -ഓഗസ്റ്റ് മാസമാണ് അമര നടാന് പറ്റിയ സമയം. ഇതിനായി നേരത്തെ തയാറാക്കിയ കുഴിയിലേക്ക് ഒരു കിലോ എല്ലുപൊടി മേല്മണ്ണുമായി കൂട്ടിയിളക്കി കുഴി മൂടി തടമാക്കി മാറ്റണം. ഈ തടത്തില് മൂന്നോ നാലോവിത്തുകള് പാകാം.വിത്തുമുളച്ച് വള്ളി വീശുന്നതിനു മുന്പ് തന്നെ അഞ്ച്-ആറ് അടി നീളമുള്ള കമ്പ് കുത്തി കൊടുത്ത് അതിലേക്ക് ചുറ്റി കയറാന് അനുവദിക്കണം.
ഇതോടപ്പം തന്നെ അഞ്ച് അടി ഉയരത്തില് മൂന്നു-നാല് മീറ്റര് വീതിയിലും നീളത്തിലുമുള്ള പന്തല് തയാറാക്കണം. മഴക്കാലത്ത് ചെടിയുടെ ചുവട്ടില് വെള്ളം കെട്ടികിടക്കാതെ നോക്കണം. മഴ കുറയുന്ന മുറയ്ക്ക് ദിവസവും നനക്കണം. നവംബര്- ഡിസംബറോടു കൂടി പൂവിട്ട് കായിച്ചു തുടങ്ങും. പൂവിട്ടു തുടങ്ങിയാല് രണ്ടാഴ്ച ഇടവിട്ട് കടലപിണ്ണാക്ക്-പച്ചച്ചാണകം പുളിപ്പിച്ച് നേര്പ്പിച്ച് തടത്തില് കൊടുക്കണം. ചാരം ഇടയ്ക്ക് തടത്തിലിട്ടു കൊടുക്കുന്നതും നല്ലതാണ്.അമരയെ ആക്രമിക്കുന്ന ഇലപ്പേനിനെ നിയന്ത്രിക്കാന് പുകയില കഷായം അല്ലെങ്കില് ചെറു ചൂടോടെ ചാരം വിതറാം.
മീലിബഗ്ഗിന്റെ ആക്രമണമുണ്ടങ്കില് ഗോമൂത്രം-കാന്താരിമുളക് ലായനിയോ ഫിഷ് അമിനോ ആസിഡോ ഇടവിട്ട് തളിക്കാം. മഞ്ഞുകാലത്തു പൂവിട്ടു തുടങ്ങുമ്പോൾ നന്നായി തടത്തിൽ വെള്ളം നിർത്തി നനച്ചു കൊടുത്താൽ സമൃദ്ധിയായി അമരപ്പയർ ലഭിക്കും.പരന്ന രൂപത്തിൽ കാണപ്പെടുന്ന പച്ചനിറത്തിലുള്ള അമര ,വെള്ള അമര വയലറ്റ് അമര, ബീൻസ് അമര, എന്നീ ഇനങ്ങൾ നമുക്ക് ലഭ്യമാണ്. കുറച്ചൊരു പരിചരണം നൽകിയാൽ കേരളത്തിലെ കാലാവസ്ഥയിൽ അമര മാസങ്ങളോളം വിളവ് നൽകും.
Share your comments