Vegetables

ബോക്‌ചോയ്: രുചികരവും പോക്ഷകക്കലവറയുമായ ഇലക്കറി

കാബേജ്, ബ്രോക്കോളി, കാലെ, കോളിഫ്‌ളവര്‍, ടര്‍ണിപ് എന്നിവയടങ്ങിയ ക്രുസിഫെറസ് പച്ചക്കറി കുടുംബത്തിലെ അംഗമാണ് ബോക് ചോയ്. ശാസ്ത്രീയനാമം ബ്രാസ്സിക്കാ റാപ (സബ്‌സ്പീഷ്യസ്) ചെനെന്‍സിസ്. രുചികരവും പോക്ഷകസമൃദ്ധവുമായ ബോക് ചോയ്; സ്പൂണ്‍ കാബേജ്, ചൈനീസ് വെള്ളകാബേജ്, ചൈനീസ് ചാര്‍ട്, ചൈനീസ് മസ്റ്റാര്‍ട്, സെലെറി മസ്റ്റാര്‍ട്, പാക് ചോയ്, എന്നീ പേരുകളിലും അറിയപ്പെടുന്നു. ബോക്‌ചോയി ഇലകള്‍ കടുക് ഇലകളോട് സാദൃശ്യമുള്ളതും കടുംപച്ച നിറത്തില്‍ സ്പൂണ്‍ രൂപത്തില്‍ ചുവട്ടില്‍ നിന്നും അടുക്കുകളായി വളരുന്നതുമാണ്. കാബേജിലെപ്പോലെയുള്ള ഗോളാകൃതി ഇതിന് രൂപപ്പെടാറില്ല. ബോക്‌ചോയ് ഇലകളാണ് കഴിക്കാനുപയോഗിക്കുന്നത്. അമേരിക്കന്‍ രോഗ നിയന്ത്രണകേന്ദ്രം (US Center for Disease Control ) 41 പ്രധാന പഴം-പച്ചക്കറി ഇനങ്ങളില്‍ നടത്തിയ പോക്ഷക സാന്ദ്രതാ പഠനത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ബോക്‌ചോയിക്കാണ്.


പോക്ഷകാംശങ്ങളുടെ ധാരാളിത്തത്തില്‍ ക്രുസിഫെറസ് പച്ചക്കറി കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളെയും പിന്നിലാക്കുന്ന ബോക്‌ചോയിയില്‍ 21 പോക്ഷകങ്ങളും 71 ലധികം ആന്റി ഓക്‌സിഡെന്റ്റുകളു മുള്ളതായി കണക്കാക്കുന്നു. ഇരുമ്പ്, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, ചോലിന്‍, മഗ്‌നീസ്യം, നിയാസിന്‍, ചെമ്പ്, ഒമേഗ-3 ഫാറ്റി ആസിഡ്‌സ്, സിങ്ക്, പന്റൊതെനിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി1, ബി2, ബി6, ഫ്‌ലേവനോയിഡ്‌സ് എന്നിവയൊക്കെയാണ് ബോക്‌ചോയി എന്ന വിശിഷ്ടാഹാരത്തിലെ പ്രാധാന പോക്ഷക ഘടകങ്ങള്‍.


ബോക്‌ചോയി ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ സംബന്ധമായ പ്രയോജനങ്ങള്‍; കാന്‍സറിനെ പ്രതിരോധിക്കും, എല്ലുകളുടെ വളര്‍ച്ചക്കും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും, രക്തസമ്മര്‍ദ്ദം കുറയ്ക്കും, ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു, നല്ല ഉറക്കം പ്രദാനം ചെയ്യുകയും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും, രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും, ചര്‍മ്മ സംരക്ഷണത്തിനുത്തമം.


കൃഷി രീതി


നിഷ്പ്രയാസം കൃഷി ചെയ്യാവുന്നൊരു ഇലക്കറിയാണ് ബോക്‌ചോയി. ഇന്ത്യയിലുടനീളം കൃഷി ചെയ്യാന്‍ യോജിച്ചൊരു വിളയാണിത്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും ഭാഗിക തണലും ആര്‍ദ്രതയുള്ള അന്തരീക്ഷവും ഇഷ്ടപ്പെടുന്നൊരു ചെടിയാണിത്. വിത്തുകളുപയോഗിച്ചാണ് കൃഷി. പാകി കിളിര്‍പ്പിച്ച തൈകള്‍ ഇളക്കി നടുമ്പോള്‍ 6-8 ഇഞ്ച് അകലത്തില്‍ നടാവുന്നതാണ്. വരികള്‍ തമ്മില്‍ 18-30 ഇഞ്ച് അകലം പാലിക്കണം. ഒരു ചെടിയില്‍ നിന്നും പല തവണ വിളവെടുക്കമെന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്. സ്വാദിഷ്ടമായ ധാരാളം വിഭവങ്ങളിലെ പ്രധാന ചേരുവയായി ബോക്‌ചോയി ഉപയോഗിച്ച് വരുന്നു. ബോക്‌ചോയ് കൊണ്ട് മെഴുക്കുപുരട്ടി, തോരന്‍, സൂപ്പ്, സാലഡ്, സ്വാസ് എന്നിവയൊക്കെയുണ്ടാക്കാം

- അനീഷ് എന്‍. രാജ്, അഞ്ചല്‍


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox