വഴുതനങ്ങ; കത്തിരിക്ക എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്‍റെ ബൊട്ടാണിക്കല്‍ പേര് സൊളാനം മെലോണ്‍ജെന എന്നാണ്. നൈറ്റ്ഷേഡ് അല്ലെങ്കില്‍ സൊളാനാസീ കുടുംബത്തില്‍ പെട്ട വഴുതന തക്കാളി, മധുരമുളക്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിഭാഗത്തില്‍ പെടുന്നതാണ്. ഇംഗ്ലീഷിൽ Brinjal, Eggplant, Aubergine, എന്നീ പേരുകളിൽ അറിയപ്പെടുന്നു. വർഷത്തിൽ എല്ലാ കാലാവസ്ഥയിലും വളർത്തിയെടുക്കാൻ കഴിയുന്ന ഒരു പച്ചക്കറിയാണ് വഴുതന. ഇന്ത്യയിൽ ധാരാളമായി ഉൽപ്പാദിപ്പിക്കുന്ന വഴുതന അതിൻറെ വ്യത്യസ്‌തമായ നിറങ്ങളും ആകൃതിയും കൊണ്ട് സവിശേഷപ്പെട്ടിരിക്കുന്നു. ഓവല്‍ രൂപത്തിലുള്ളതും, വണ്ണം കുറഞ്ഞ നീളത്തിലുള്ളതും. തിളങ്ങുന്ന ഉപരിതലവും, മാംസളവും മൃദുലവും ക്രീം നിറമുള്ളതുമായ ഉള്‍ഭാഗവും, നടുവില്‍ ചെറിയ, കട്ടികുറഞ്ഞ വിത്തുകളുമാണ് ഇവയുടേത്.
'പാവങ്ങളുടെ തക്കാളി' എന്നു കൂടി വഴുതന അറിയപ്പെടുന്നു. വളരെ കുറഞ്ഞ ചിലവിൽ ആദായകരമായ കൃഷി ചെയ്യാവുന്ന ഒരു ദീർഘകാല വിളയാണ് ഇത്. ഇന്ത്യന്‍ കറികള്‍, ചൈനീസ് സെചുവാന്‍, ഇറ്റാലിയന്‍ പാര്‍മേസാന്‍, മിഡില്‍ ഈസ്റ്റേണ്‍ ഡിപ്, മൊറോക്കന്‍ സാലഡുകള്‍ എന്നീ അന്തര്‍ദേശീയ വിഭവങ്ങളിലെയും ഒരു പ്രധാന ഭാഗം വഴുതന വഹിക്കുന്നു. ഹരിത, നിലിമ, ശ്വേത, സൂര്യ തുടങ്ങിയ ഇനങ്ങളൊക്കെ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വരുന്ന വഴുതന ഇനങ്ങളാണ്.
വഴുതനയുടെ ശരിയായ വളർച്ചക്കും വിളവിനും 25-30 ഡിഗ്രി താപനിലയാണ് അനുയോജ്യം. നല്ല ആഴവും പശിമരാശിയുള്ള മണ്ണാണ് കൃഷിയ്ക്ക് ഉത്തമം. മെയ്-ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബർ-ഒക്ടോബർ എന്നീ മാസങ്ങളാണ് കേരളത്തിൽ വഴുതന കൃഷിയ്ക്ക് അനുയോജ്യമായത്.
പലതരത്തിലുള്ള ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് വഴുതനങ്ങ. ഫെനോള്‍സും അതിലെ കുറഞ്ഞ ഗ്ലൈസെമിക് ഘടകവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു അതിനാൽ തന്നെ പ്രമേഹരോഗികൾക്ക് അനുയോജ്യമായ ആഹാരമാണ് വഴുതനങ്ങ. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹത്തിന് ഏറ്റവും നല്ലതാണ്. വഴുതനങ്ങ തീയില്‍ ചുട്ട്, ഉപ്പു ചേര്‍ത്ത് കഴിക്കുന്നത് കഫം അകറ്റാനും ശ്വസോഛ്വാസം സുഗമമാക്കാനും സഹായിക്കും. വഴുതനങ്ങ പരമ്പരാഗതമായി മൂലക്കുരുവിനും അര്‍ശസിനും ഔഷധമായി ഉപയോഗിച്ചു വരുന്നുണ്ട്. വാതത്തിനുള്ള കഷായത്തിലും ഒരു ആയുർവ്വേദ ഔഷധമായ് വഴുതന ഉപയോഗിക്കപ്പെടുന്നുണ്ട്.
Share your comments