ഏറ്റവുമധികം മാംസ്യം അടങ്ങിയ പച്ചക്കറിയാണ് ചതുരപ്പയര്‍. വിയറ്റ്‌നാമില്‍ ഡ്രാഗണ്‍ പയര്‍, മലയയില്‍ കസാങ് ബുട്ടോള്‍, സ്പാനിഷില്‍ സിഗാറില്ലാസ്, ചൈനയില്‍ സ്‌ക്വയര്‍ ബീന്‍സ്, സുഡാനില്‍ ജാട്ട, തായ് ഭാഷയില്‍ മൂണ്ടന്‍ ബീന്‍സ് എന്നിങ്ങനെ വിളിക്കപ്പെടുന്ന ചതുരപ്പയറിന് തമിഴര്‍ ശിറകു അവരൈ എന്നും ഇംഗ്ലീഷുകാര്‍ വിങ് ബിന്‍സ് എന്നും പറയുന്നു.
വള്ളിപ്പയറിലും ബീന്‍സിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ട് മടങ്ങും ചീരയിലും കാരറ്റിലുമുള്ളതിന്റെ 30 ഇരട്ടിയും മാംസ്യം ചതുരപ്പയറിലുണ്ട്. മാംസ്യം മാത്രമല്ല ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ജീവകങ്ങള്‍ എല്ലാം ധാരാളം.
ചതുരപ്പയറിന്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. ഇളം കായ്കളും പൂവും ഇലയും എന്തിന് വേരുകള്‍പോലും പച്ചക്കറിയായി ഉപയോഗിക്കാം. സമൂലം ഭക്ഷ്യയോഗ്യമായ ചതുരപ്പയറിനെ ഇറച്ചിപ്പയറെന്നും വിളിക്കും.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ് ചതുരപ്പയറിന് ഏറെ പ്രിയം. അതുകൊണ്ടുതന്നെ ജൂലായ്-ആഗസ്ത് മാസത്തിലാണ് നടേണ്ടത്. അതേസമയം ജനവരിയില്‍ നട്ട ചതുരപ്പയര്‍ എത്ര വളര്‍ന്നാലും ഒക്ടോബര്‍ എത്തിയാലേ പൂക്കൂ. ഇത് തിരിച്ചറിയാത്തതുകൊണ്ടുതന്നെ ചതുരപ്പയറിന് മച്ചിയെന്ന പഴി പലപ്പോഴും കേള്‍ക്കേണ്ടിവരുന്നു.
പ്രകൃതി ദത്ത പ്രോട്ടീനിന്റെ ഒരു മികച്ച കലവറയാണ് ചതുരപ്പയര്‍. ഇതില്‍ കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കാല്‍സ്യം, ചെമ്പ്, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്‌നീഷ്യം, എന്നീമൂലകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ., തയാമിന്‍, റൈബോഫ്‌ലാവിന്‍, വിറ്റാമിന്‍ സി, അന്നജം, കൊഴുപ്പ് എന്നിവയും അസ്‌കോര്‍ബിക്, അമിനോ ആസിഡുകള്‍, എന്നിവയും നിയാസിനും ചതുരപ്പയറിയില്‍ അടങ്ങിയിരിക്കുന്നു.
ചതുരപ്പയറിന്റെ കൃഷിരീതി
സാധാരണയായി വേനല്‍ക്കാലം ആരംഭിക്കുമ്പോഴാണ് കേരളത്തില്‍ ചതുരപ്പയര്‍ കൃഷിചെയ്തുവരുന്നത്. നല്ല വെയിലും ഈര്‍പ്പവും കലര്‍ന്ന അന്തരീക്ഷമാണിതിന് വേണ്ടത്. 25 ഡിഗ്രി അന്തരീക്ഷോഷ്മാവാണിതിന് പഥ്യം. ഒരുസെന്റിന് 80 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാല്‍ 20 തടങ്ങളേ പാടുള്ളു. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോ തടത്തിനും രണ്ടടിവ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം.
മണ്ണ് നന്നായി കിളച്ചൊരുക്കിയ ശേഷം അതിലേക്ക് ചപ്പിലകള്‍ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആവശ്യമാണ്. ഇത് മേല്‍മണ്ണുമായി കലര്‍ത്തി കുഴികളിലിട്ടതിനുശേഷം അതില്‍ 50ഗ്രാം വേപ്പിന്‍പിണ്ണാക്ക് പൊടിച്ചത്, 50ഗ്രാം കുമ്മായം എന്നിവയും ചേര്‍ത്തിളക്കി നനച്ചിടുക. ചാക്കുകളിലാണ് നടുന്നതെങ്കില്‍ മണല്‍, മണ്ണ്, ചാണകപ്പൊടി, എന്നിവ 3:3:3 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി നിറച്ച് നന്നായി നനച്ചതിനുശേഷം വിത്ത് നടാം. വിത്തിന് 5 മുതല്‍ 8 സെ.മീ. വരെ നീളമുണ്ടാവും. നടുന്നതിന് എട്ടുമണിക്കൂര്‍ മുമ്പെങ്കിലും വിത്ത് നനച്ചുവെക്കണം. നട്ട് നനച്ചതിനുശേഷം ചപ്പിലകൊണ്ട് പുതയിട്ടുകൊടുക്കണം. വിത്ത് മുളച്ചുവന്നാല്‍ പുതയൊഴിവാക്കാം.
പടര്‍ന്നുവളരുന്ന ഇനമായതുകൊണ്ട് പന്തല്‍ അല്ലെങ്കില്‍ താങ്ങ് കെട്ടിക്കൊടുക്കാം. മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി ഇതിനുപയോഗിക്കാറ്.
ചെടി വളര്‍ന്നു പന്തലില്‍ കയറുന്ന സമയത്താണ് ആദ്യത്തെ മേല്‍വളപ്രയോഗം നടത്തേണ്ടത്. മേല്‍വളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തില്‍ നന്നായി നനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേല്‍വളം നല്‍കാവുന്നതാണ് . കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേര്‍പ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുതാണ്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് ചാണകത്തെളിയുടെ കൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലില്‍ കയറിക്കഴിഞ്ഞാല്‍ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയില്‍ പൊട്ടിവരുന്ന ചെറുവള്ളികള്‍ നശിപ്പിച്ചുകളയണം.
വള്ളി പടര്‍ന്നുകയറി നാലുമാസത്തിനുള്ളില്‍ വിളവെടുക്കാം. നല്ല ഇളംപ്രായത്തില്‍ത്തന്നെ കായ പറിച്ചുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഒരു ഹെക്ടറിന് നാലു ടണ്‍ വിളവു ലഭിക്കും. ഏകദേശം ഒരു ടണ്‍ വിത്തുകള്‍ ഹെക്ടറിന് കിട്ടാറുണ്ട്.
രോഗങ്ങളും കീടങ്ങളും
സാധാരണ പച്ചക്കറികള്‍ക്കു വരുന്ന കീടങ്ങളൊന്നും ചതുരപ്പയറിനെ ബാധിച്ചുകാണാറില്ല. കായ ചെറുതായി വന്നുതുടങ്ങുമ്പോള്‍ത്തന്നെ വേപ്പെണ്ണ എമെല്‍ഷന്‍, വെളുത്തുള്ളി-ബാര്‍സോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം. എപ്പിലാക്‌സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം.
വേരുചീയല്‍ രോഗം
വേരുചീയല്‍ രോഗമാണ് ചതുരപ്പയറിനെ ബാധിക്കുന്ന രോഗം. ഇത് പിടിപെട്ടാല്‍ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാര്‍ഗമുള്ളൂ. വള്ളി മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടിത്തം തീരെക്കുറയുകയുമാണ് ഇതിന്റെ ലക്ഷണം. രോഗം ബാധിച്ച ചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ള ചെടികള്‍ മാത്രം തടത്തില്‍ നിര്‍ത്തുക എന്നിവയാണിതിന് ചെയ്യാവുന്നത്. ഫംഗസിനെ പ്രതിരോധിക്കുന്ന തരം ജൈവമരുന്നുകള്‍ വേണമെങ്കില്‍ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാവുന്നതാണ്.
ഇലപ്പുള്ളിരോഗം
ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞപോലെയുള്ള പാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതുമാണ് ഇതിന്റെ ലക്ഷണം. പിന്നീട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയുമാണിതിന്റെ പ്രതിരോധമാര്‍ഗങ്ങള്‍.
Share your comments