കുംഭ ചേന കുടത്തോളം എന്ന് പഴമൊഴി. കുംഭ മാസത്തിൽ കൃഷി ചെയ്യുന്ന ചേന നല്ല വിളവ് തരുമെന്നർത്ഥം. വളരെ കുറച്ചു മാത്രം പരിചരണം കൊണ്ട് നല്ല വിളവുതരുന്ന ചേന വളരെ കുറച്ചു സ്ഥലമുള്ളവർക്കും കൃഷി ചെയ്യാവുന്നതാണ്. തയ്യാറാക്കാൻ തണ്ടും ഇലയും ഉണങ്ങിക്കഴിഞ്ഞ മൂപ്പെത്തിയ വലിയ ചേനയാണ് തിരഞ്ഞെടുക്കേണ്ടത്.
മുകുളങ്ങൾ ഉള്ള ഭാഗം നോക്കി ഒരു കിലോയോളം വരുന്ന കഷണങ്ങൾ ആക്കി മുറിച്ചു ചാണകകുഴമ്പിൽ മുക്കി തണലിൽ സൂക്ഷിക്കാം.ഫ്രബ്രുവരി മാർച്ച് മാസങ്ങളിലാണ് ചേന നടാൻ ഉത്തമം. വേനൽ മഴയ്ക്ക് ശേഷം ചേന നട്ടുതുടങ്ങാം. നീർവാർച്ചയുള്ള മണ്ണിൽ ആണ് ചേന നടേണ്ടത് അര മീറ്റർ സമചതുരത്തിലുള്ള കുഴിയിൽ കരിയിലകളും ചാണകപ്പൊടിയും ചേർത്ത് വിത്ത് ചേന നടാവുന്നതാണ് . നാട്ടുകഴിഞ്ഞ ശേഷം പച്ചിലകളോ കരിയിലകളോ കൊണ്ട് പുത നൽകാം ഇത് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. നാട്ടു ഒരുമാസത്തിനുള്ളിൽ ഇലകൾ വിരിഞ്ഞു തുടങ്ങും ആ സമയത്തു ചാണക പൊടിയോ മറ്റു ജൈവ വളങ്ങളോ ഇട്ടുകൊടുക്കാം.
ഓരോമാസത്തിലും മണ്ണും വളവും ഇട്ടു മൂടികൊടുക്കുന്നത് നന്നായിരിക്കും. ചേന കൃഷിയിൽ കാര്യമായ കേടുകൾ ഒന്നും തന്നെ കണ്ടുവരാറില്ല നട്ടു കൊടുക്കുമ്പോൾ ഉള്ള പരിചരണം ആണ് വിളവിനു ഗുണകരമാകുന്നത്. ആറ് ഏഴു മാസംകൊണ്ട് ചേന വിളവെടുക്കാം. ചേന വിളവെടുത്ത ശേഷം വളരെ നാൾ കേടുകൂടാതെ സൂക്ഷിച്ചു വക്കാനും സാധിക്കും. ചേനയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. വിരിഞ്ഞു വരുന്ന കൂമ്പുകളും തണ്ടും കറിവയ്ക്കാം. വിരിഞ്ഞുവരുന്ന കൂമ്പുകളിൽ ഒരെണ്ണം നിർത്തി അധികമുള്ളവ ഉപയോഗിക്കാം നാരുകൾ, ജീവകം, ഇരുമ്പു എന്നിവയുടെ നല്ലൊരു കലവറയാണ് ഇത്. ചേനക്കൃഷിക്ക് അധികം പരിചരണം ആവശ്യമില്ലാത്തതിനാൽ സ്ഥലപരിമിതി യുള്ളവർക്ക് ചാക്കിലോ ഗ്രോബാഗിലോ പോലും ചേന നടാവുന്നതാണ്.
Share your comments