കേരളത്തിലും തമിഴ്‌നാട്ടിലും കൃഷിചെയ്യുന്ന ഒരു പ്രധാന കിഴങ്ങുവര്‍ഗ്ഗവിളയാണ് കൂര്‍ക്ക. പ്രത്യേകിച്ച് കേരളത്തിന്റെ വടക്കന്‍ജില്ലകളില്‍ ഇത് വ്യാപകമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഈ കിഴങ്ങുവിളയുടെ ഉയര്‍ന്നുവരുന്ന ആവശ്യം അനുസരിച്ച് അടുത്തിടയായി കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും ഇതിന്റെ കൃഷിയും ഉത്പാദനവും വര്‍ദ്ധിച്ചുവരുന്നു. അന്നജം, ധാതുലവണങ്ങളായ കാല്‍സ്യം, അയണ്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സംപുഷ്ടമാണ് ഈ കിഴങ്ങ്. ഇതുകൂടാതെ ഇതിലുള്ള'ഫോര്‍സ്‌കോളിന്‍' എന്ന രാസവസ്തു ചര്‍മ്മരോഗങ്ങള്‍, കാന്‍സര്‍, അലര്‍ജി, ഗ്രഹണി, ഉറക്കകുറവ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ഈ കിഴങ്ങുവര്‍ഗ്ഗത്തിന്റെ ഉത്പാദനക്ഷമതയെ ഗണ്യമായി കുറയ്ക്കുന്ന ഒരുകീടമാണ് ഇതിന്റെ വേരുകളെ ആക്രമിക്കുന്ന നിമാവിരകള്‍. ഇവയുടെ ആക്രമണത്തെക്കുറിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നാളിതുവരെ നടന്നിട്ടുണ്ട്. നിമാവിരബാധ മൂര്‍ച്ഛിക്കുമ്പോള്‍ കൂര്‍ക്കയുടെ വേരുകളില്‍ പ്രകടമായി പ്രത്യക്ഷപ്പെടുന്ന മുഴകള്‍, കിഴങ്ങുകളില്‍ വൈരൂപ്യം ഉണ്ടാക്കുകയും അവയെ ഭക്ഷ്യയോഗ്യമല്ലാതാക്കുകയും ചെയ്യുന്നു. ഇതുകൂടാതെ കിഴങ്ങുകളുടെ സംഭരണവും ബുദ്ധിമുട്ടുള്ളതാക്കുന്നു. നിമാവിരകളുടെ ആക്രമണം മൂലം കിഴങ്ങുകളുടെ അന്നജത്തിന്റെ അംശം 26% വരെകുറയുന്നതായും ഉണങ്ങിയ ഭാരം 20% കുറയുന്നതായും പഠനങ്ങള്‍ തെളിയിച്ചു. ചുരുക്കി പറഞ്ഞാല്‍ നിമാവിരകളുടെ ആക്രമണം കൂര്‍ക്ക ഉത്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടാക്കും. ഭക്ഷ്യയോഗ്യമായകിഴങ്ങുകളുടെ അനുപാതവും കുറയും.
ലക്ഷണങ്ങള്‍
കീടബാധയേറ്റ ചെടികളില്‍ വളര്‍ച്ച മുരടിച്ച്, വേരുകളില്‍ മഞ്ഞപ്പാടുകള്‍ പ്രത്യക്ഷപ്പെടും. മുഴകളും കാണാം. ചെടികള്‍, കിഴങ്ങ് ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നതിനോടൊപ്പം മുഴകളും പ്രത്യക്ഷപ്പെടുന്നതിനാല്‍ വിളവ് ഗണ്യമായി കുറയും.
നിമാവിരകളുടെ പ്രര്‍ത്തനശേഷി കണ്ടെത്താന്‍ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്, പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു സസ്യത്തെ 1000 ലേറെ എണ്ണം നിമാവിരകള്‍ ആക്രമിക്കുന്നു എന്നതാണ്. തത്ഫലമായി വേരില്‍ മുഴകള്‍ പ്രത്യക്ഷപ്പെട്ട് ചിലയവസരങ്ങളില്‍ വിള തന്നെ നഷ്ടമാക്കും. വിളവെടുത്ത കിഴങ്ങുകളാവട്ടെ വിരൂപവും തൊലിപ്പുറത്ത് വിള്ളലുകള്‍ ഉള്ളവയായുമാകും. ഈ വിള്ളലുകള്‍ വഴി രോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നതിനാല്‍ വിളവെടുര്രിന് മുന്‍പും സംഭരണസമയത്തും കിഴങ്ങുകള്‍ അഴുകിപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ ഇവയുടെ ഭക്ഷ്യയോഗ്യതയും വിപണനമൂല്യവും നശിക്കുന്നു.
നിയന്ത്രണം
ഒരു കൃഷിയിടത്തില്‍ നിമാവിരകള്‍ എത്തിയാല്‍ പിന്നെ അവയെ പൂര്‍ണ്ണമായി ഒഴിവാക്കുക ബുദ്ധിമുട്ടാണ്. മിക്കയിനം നിമാവിരകളും നടീല്‍വസ്തുക്കള്‍ (കിഴങ്ങ്, വള്ളി, മുളകള്‍) വഴി പുതിയകൃഷിസ്ഥലങ്ങളിലേക്ക് വ്യാപിക്കും. കീടബാധയുള്ള മണ്ണിനെയും നടീല്‍വസ്തുക്കളെയും കൃഷി തുടങ്ങുന്നതിനു മുമ്പ് ഒരുപോലെ വിരവിമുക്തമാക്കുകയാണ് ആദ്യപടി.
* കീടബാധ അധികവും നടുന്ന കിഴങ്ങുകള്‍ പകരുന്നതിനാല്‍ കീടബാധ ഉള്ളതും ഇല്ലാത്തതുമായ കിഴങ്ങുകളെ വേര്‍തിരിച്ചശേഷം നിമാവിരകളുള്ളതിനെ ഉപേക്ഷിക്കുക.
* സി.ടി.സി.ആര്‍.ഐ വികസിപ്പിച്ച മുന്തിയയിനം മധുരക്കിഴങ്ങാണ് 'ശ്രീഭദ്ര'. ഇതിനെ നിമാവിരക്കെതിരെ ഒരു കെണിവിളയായി ഉപയോഗിക്കാം.
* ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ് എന്നീ ജൈവനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഒരു ഹെക്ടറിന് രണ്ടര കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കുന്നത്, വിരകളുടെ നിയന്ത്രണത്തിനും, ചെടിയുടെവളര്‍ച്ചയുംഉത്പാദനക്ഷമതയുംകൂട്ടാനുംസഹായിക്കും.
സംയോജിതകീട നിയന്ത്രണ മാര്‍ഗ്ഗം
സാന്ദ്രത കുറഞ്ഞ പോളിത്തീന്‍ (150 ഗേജ്) ഫിലിം ഉപയോഗിച്ച് നഴ്‌സറിയില്‍ 15 ദിവസത്തേക്ക് മണ്ണ് സൂര്യതാപീകരണം നടത്തുകയും അതിനോടൊപ്പം കുമിള്‍ വിഭാഗത്തിലുള്ള പെസിലോമൈസെസ് ലിലാസിനസും (Paecilomyceslilacinus), വേപ്പിന്‍ പിണ്ണാക്കോ അല്ലെങ്കില്‍ ബാക്ടീരിയ വിഭാഗത്തിലുള്ള സ്യുഡോമോണാസ് ഫ്‌ളൂറെസെന്‍സ്(Pseudomonsa fluorescens) സംയോജിപ്പിച്ച് പ്രധാന കൃഷിസ്ഥലത്ത് ഉപയോഗിക്കുകയും ചെയ്യുന്നത് കിഴങ്ങുകളിലെ നിമാവിരയുടെ ആക്രമണംമൂലമുണ്ടാകുന്ന മുഴകള്‍ കുറയ്ക്കാനും, മണ്ണിലെ നിമാവിരകളെ നിയന്ത്രിക്കാനും, അതുവഴി കൂര്‍ക്കയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സാധിക്കും.
Share your comments