ഭക്ഷ്യ യോഗ്യമായ ഒരു പച്ചക്കറിയാണ് എരുമപ്പാവൽ, നെയ്പ്പാവൽ, വെൺപാവൽ, കാട്ടുകൈപ്പയ്ക്ക, മുള്ളൻപാവൽ എന്നീ പേരുകളിൽ ഇത് വ്യത്യ്സ്ത പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ശരാശരി 10 സെന്റിമീറ്റർ വരെ വലിപ്പവും മദ്ധ്യഭാഗത്ത് നാലു സെന്റിമീറ്റർ വരെ വ്യാസവുമുള്ള എരുമപ്പാവലിന്റെ കായ്കൾക്കു് ഏകദേശം 30 മുതൽ 100 ഗ്രാം വരെ തൂക്കം കാണും. തൊലിക്കുപുറത്തു് മൃദുവും കനം കുറഞ്ഞതുമായ മുള്ളുകൾ കാണാം. നന്നായി മൂത്തതും എന്നാൽ പഴുത്തിട്ടില്ലാത്തതുമായ കായ്കൾക്കു് പച്ചനിറമാണു്.
പാവൽ വർഗ്ഗത്തിൽ (Momordica) ഉൾപ്പെടുന്ന, പ്രാദേശികമായ ഭക്ഷ്യപ്രാധാന്യമുള്ള ഈ പച്ചക്കറി പശ്ചിമഘട്ടത്തിനു പുറമേ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വ്യാപകമായി കൃഷി ചെയ്തു വരുന്നു. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇവ സാമാന്യമായ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഫലം മത്സ്യമാംസാദികളോട് ചേർത്ത് കറിയായോ മെഴുക്കുപുരട്ടിയായോ ഉണക്കി വറുത്തോ ഭക്ഷിക്കാം.
പാവൽ വർഗ്ഗത്തെക്കുറിച്ച് 2004-ൽ നടത്തിയ വിശദമായ പഠനത്തിലെ വിവരങ്ങൾ അനുസരിച്ച് കേരളത്തിലേയും കർണ്ണാടകത്തിലേയും ആദിദ്രാവിഡവിഭാഗങ്ങൾ മരുന്നിനും ഭക്ഷണത്തിനും ധാരാളമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണു് എരുമപ്പാവൽ. ഭക്ഷ്യവസ്തുക്കൾക്കു് നിറം ചേർക്കാൻ പ്രകൃതിജന്യമായ അസംസ്കൃതവസ്തു എന്ന നിലയിൽ എരുമപ്പാവലിന്റെ കായ്കൾക്കുള്ളിലെ മാംസളമായ ദശ ഉപയോഗയോഗ്യമാണെന്നു് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടു്. ഇതു കൂടാതെ നൈസർഗ്ഗിക സൌന്ദര്യവർദ്ധക ക്രീം ആയും ലിപ് സ്റ്റിൿ ആയും ഈ ദശ സംസ്കരിച്ചെടുക്കാവുന്നതാണു്. അതിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ .ആണു് ഇതിനുപോൽബലകമായ രാസവസ്തു. ജലത്തിൽ ചേരുമ്പോൾ കടുംചുവപ്പു നിറമുണ്ടാക്കുന്ന പദാർത്ഥമാണു് ലൈക്കോപീൻ.
കടപ്പാട് ശ്രീനിവാസ വൈദ്യർ വയനാട് .
Share your comments