<
  1. Vegetables

ഇതാ ചില എരിവുളള വിശേഷങ്ങള്‍

ഇന്ത്യന്‍ അടുക്കളകളില്‍ ഒരുകാരണവശാലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് മുളക്. നമ്മുടെ വിഭവങ്ങള്‍ ഏതുമായിക്കോട്ടെ മുളകുകള്‍ അതിന് നല്‍കുന്ന രുചിയും മണവുമെല്ലാം വേറെ ലെവലാണ്.

Soorya Suresh
മുളക്
മുളക്

ഇന്ത്യന്‍ അടുക്കളകളില്‍ ഒരുകാരണവശാലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് മുളക്. നമ്മുടെ വിഭവങ്ങള്‍ ഏതുമായിക്കോട്ടെ മുളകുകള്‍ അതിന് നല്‍കുന്ന രുചിയും മണവുമെല്ലാം വേറെ ലെവലാണ്.

ഇതൊക്കെയാണെങ്കിലും ആളൊരു വിദേശിയാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന സുഗന്ധ വ്യഞ്ജനം കൂടിയാണിത്. ഇന്ത്യയില്‍ കൃഷി ചെയ്യുന്ന ചില പ്രധാന മുളക് ഇനങ്ങളെ പരിചയപ്പെടാം.

കാന്താരി മുളക്

നമ്മുടെ കൊച്ചുകേരളത്തിന്റെ സ്വന്തം സംഭാവനയാണ് കാന്താരിമുളക്. രുചിയും മണവും മാത്രമല്ല ഔഷധഗുണങ്ങളും ഏറെയാണ് നമ്മുടെ കാന്താരിയ്ക്ക്. ആദ്യം പച്ച നിറവും പഴുക്കുമ്പോള്‍ വെളളനിറവുമാകുന്ന കാന്താരി മുളക് അല്പമിട്ടാല്‍ത്തന്നെ കറികള്‍ക്ക് പ്രത്യേക രുചിയാണ്. ഉപ്പിലിട്ടും സംഭാരത്തില്‍ച്ചേര്‍ത്തും കറികളില്‍ ചേര്‍ത്തുമെല്ലാം കാന്താരി ഉപയോഗിയ്ക്കാം. കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നതിനാല്‍ കാന്താരിയ്ക്കിപ്പോള്‍ ഡിമാന്റും കൂടുതലാണ്. മേഘാലയ, മിസോറോം, മണിപ്പൂര്‍ എന്നിവിടങ്ങളിലും കാന്താരി മുളക് കൃഷി ചെയ്യുന്നുണ്ട്.

കാശ്മീരി മുളക്

ചുവപ്പ് നിറം കൂടുതലുളള ഈ മുളകിന് മറ്റ് മുളകുകളെ അപേക്ഷിച്ച് എരിവ് അല്പം കുറവാണ്. എന്നാല്‍ നമ്മുടെ അടുക്കളകളില്‍ ഇന്നിത് കൂടുതലായി ഉപയോഗിച്ചുവരുന്നുണ്ട്. ഹോട്ടലുകളില്‍ കറികള്‍ക്കും മറ്റും കൊതിയൂറും നിറം കൊടുക്കാനായി ആശ്രയിക്കുന്നതും കാശ്മീരി മുളകിനെയാണ്. കാശ്മീരിലെ തണുത്ത പ്രദേശങ്ങളിലാണ് ഈ മുളക് കൃഷി ചെയ്യുന്നത്.

ഗുണ്ടൂര്‍ മുളക്

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ഈ മുളക് കൂടുതലായും കൃഷി ചെയ്തുവരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഗുണ്ടൂര്‍ മുളക് കയറ്റുമതി ചെയ്യുന്നുണ്ട്. മധ്യപ്രദേശില്‍ കൃഷി ചെയ്യുന്ന ഗുണ്ടൂര്‍ സന്നം ഈ മുളകിന്റെ മറ്റൊരു ഇനമാണ്.

 

ജ്വാല മുളക്

ഗുജറാത്തിന്റെ തെക്കന്‍ ഭാഗങ്ങളിലാണ് ഈ മുളക് കൃഷി ചെയ്യുന്നത്. ആദ്യം പച്ച നിറമായിരിക്കുമെങ്കിലും പഴുക്കുമ്പാള്‍ ഈ മുളക് നല്ല ചുവന്ന നിറമുളളതായി മാറും നല്ല മണമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നല്ല നീളമുളള ഈ മുളക് വിപണിയില്‍ എല്ലാക്കാലത്തും ലഭ്യമാണ്.

തക്കാളി മുളക്

ആന്ധ്രപ്രദേശിലെ വാറങ്കലിലാണ് ഇത് വ്യാപകമായും കൃഷി ചെയ്യുന്നത്. ചെറിയ വലിപ്പം മാത്രമുളള തക്കാളി മുളകിന് കടും ചുവപ്പ് നിറമാണുളളത്. മറ്റ് മുളകുകളെ അപേക്ഷിച്ച് എരിവും കുറവാണിതിന്.

നാഗാ മുളക്

നാഗാലാന്റ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്. ക്യാപ്സിക്കം ചിനെന്‍സ് എന്ന വര്‍ഗത്തില്‍പ്പെട്ട നാഗാ മുളക് ലോകത്തിലെ ഏറ്റവും എരിവുള്ള പത്ത് മുളകുകളില്‍ ഉള്‍പ്പെടുന്നു.

മുണ്ടു മുളക്

തമിഴ്നാടിലെ രാമ്നദ് എന്ന പ്രദേശത്താണ് കൃഷി ചെയ്യുന്നത്. രാമ്നദ് റെഡ് മുണ്ടു ചില്ലി എന്നും ഇതിന് പേരുണ്ട്. ഉരുണ്ട ആകൃതിയുള്ള ഈ മുളകിന് നല്ല മണവും എരിവുമായിരിക്കും. തമിഴ്‌നാട്ടില്‍ ഏറെ പ്രശസ്തമായ ചെട്ടിനാട് വിഭവങ്ങളുടെ പ്രധാന ചേരുവയും മുണ്ടു മുളകാണ്.

 

English Summary: few things about chilli varieties

Like this article?

Hey! I am Soorya Suresh. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds