ജനുവരി തൊട്ട് മാർച്ച് വരെയുള്ള കാലയളവിൽ കൃഷിയിറക്കാൻ മികച്ചതാണ് പീച്ചിൽ. ഒരു സെന്റിന് അഞ്ചുഗ്രാം വിത്താണ് ഉപയോഗിക്കുന്നത്. ഏകദേശം 100 ദിവസങ്ങൾക്കുള്ളിൽ നല്ല വളപ്രയോഗവും, കൃത്യമായ നനയും നൽകിയാൽ നല്ല രീതിയിൽ വിളവ് ലഭിക്കും. സെന്റിന് ഏകദേശം 200 കിലോ ശരാശരി വിളവ് ലഭ്യമാകും.
കൃഷി ഒരുക്കുമ്പോൾ?
രണ്ട് മീറ്റർ വരികൾ തമ്മിലും രണ്ടുമീറ്റർ ചെടികൾ തമ്മിലും അകലം പാലിച്ച് ജൈവവളം ചേർത്ത് മണ്ണ് കൊത്തിയിളക്കി കൃഷി ആരംഭിക്കാം. ഏകദേശം എട്ടു കിലോയോളം ചാണക കമ്പോസ്റ്റ് മേൽമണ്ണുമായി ചേർത്ത് രണ്ടടി വലിപ്പവും ഒരു അടി ആഴവുമുള്ള കുഴികളെടുത്ത് അതിൽ ഇടുക. അതിനുശേഷം വിത്ത് പാകുക. ഒരു കുഴിയിൽ നാലു വിത്തുകൾ വീതം പാകുക. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവ മുളച്ചുവരും. അതിൽ കരുത്തുറ്റ രണ്ടു തൈകൾ മാത്രം നിർത്തുക.
വള്ളി വീശുന്നതിനനുസരിച്ച് പന്തൽ ഒരുക്കണം. വള്ളി വീശുന്ന കാലയളവിലും പൂവ് ഇടുന്ന കാലയളവിലും ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് 20 കിലോ ചേർത്ത് കൊടുക്കുക. നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുവാനും, ഫലം ലഭ്യമാക്കുവാനും പുത ഇട്ടു നല്കുകയും, കള പറിച്ചു കളയുകയും വേണം. പുത ഇടാൻ ചകിരിച്ചോർ കമ്പോസ്റ്റ്, വൈക്കോൽ തുടങ്ങിയവ ഉപയോഗിക്കാം. ചാണക സ്ലറി പീച്ചൽ പുഷ്പിക്കുന്ന കാലയളവിൽ കൊടുക്കുന്നത് കൂടുതൽ കായ്ഫലം ലഭ്യമാക്കുവാൻ കാരണമാകും.
Share your comments