പഴമയെ അംഗീകരിക്കുകയും പുതുമയെ സ്വീകരിക്കുകയും ഇവയെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ചുരുക്കം ചിലർ കർഷകരിൽ ഒരാളാണ് കൊട്ടാരക്കര കൃഷിമിത്ര ബാലചന്ദ്രൻ . അദ്ദേഹത്തിൻറെ കാർഷിക പരീക്ഷണങ്ങൾ ശാസ്ത്രജ്ഞരെയും യൂണിവേഴ്സിറ്റിയിലെ സാങ്കേതിക വിദഗ്ധരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ തന്‍റേതായ കൃഷിരീതിയിലൂടെ കൂവകൃഷിയിൽ മികച്ച വിളവും വരുമാനവും ഉണ്ടാക്കി സാധാരണ കർഷകർക്ക് വിസ്മയമായി മാറിയിരിക്കുകയാണ് അദ്ദേഹം .
പച്ചപ്പിന്റെ വർണ്ണമഴ എന്ന് മഹാകവി എഴുതിയപോലെ അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ കൂവച്ചെടികൾ തലയുയർത്തി ഇളംകാറ്റിൽ ചാഞ്ചാടി നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. ഏകദേശം ഒരു ഏക്കർ ഭൂമിയിൽ ഒരാൾ പൊക്കത്തിലോ അതിനപ്പുറമോ കൂവ വളർന്നു നിൽക്കുന്നത് ഏവർക്കും കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചയാണ്. മണ്ണറിഞ്ഞു കൃഷിയിറക്കുന്ന ബാലചന്ദ്രന്റെ കൃഷിയിടത്തിലെ മണ്ണിൻറെ വളക്കൂറ് ആണ് ഇതിലൂടെ ഏവർക്കും കാണിച്ചുതരുന്നത്. സാധാരണ ജൈവവളങ്ങളും കൂട്ടുകളും ആണ് അദ്ദേഹം ഉപയോഗിക്കുന്നത്. ചിട്ടയായ, കൃത്യതയാർന്ന ശാസ്ത്രീയ രീതിയിലുള്ള പരിപാലനമാണ് കൂവകൃഷിയിൽ മികച്ച വിളവ് ലഭിക്കാൻ കാരണമെന്ന് ബാലചന്ദ്രൻ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ അന്തരീക്ഷ ഊഷ്മാവും മഴയുടെ തോതും കൂവകൃഷിക്ക് അനുകൂലമാണ്.
ഒരേ മണ്ണിൽ തുടർച്ചയായി ഒരേ വിള തന്നെ കൃഷി ചെയ്യാതെ വൈവിധ്യമാർന്ന വിളകൾ മാറിമാറി ചെയ്യുന്നതാണ് മികച്ച ഉത്പാദനം ഉണ്ടാവാൻ കാരണം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു .
കൃഷി രീതി
ഏപ്രിൽ മെയ് മാസങ്ങളിലാണ് കൃഷിയുടെ സമയം. വിത്ത് ഇടുന്നതിനു മുമ്പായി മണ്ണ് വളരെ നന്നായി കിളച്ചു ഉഴുത് തയ്യാറാക്കുന്നു. ഓരോ വാരങ്ങൾക്കും രണ്ട് മീറ്റർ വീതിയും 15 സെന്റീമീറ്റർ ഉയരവും ആണ് നൽകിയിരിക്കുന്നത്. നടീൽ അകലം 30 സെൻറീമീറ്റർ, വരികൾ തമ്മിൽ 45 സെന്റീമീറ്റർ അകലമാണ് നൽകുന്നത് ഇവയുടെ വളർച്ച കാലം 240 ദിവസമാണ്.
മൊത്തം കൃഷിയിടത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചാണ് കൂവ കൃഷി ചെയ്യുന്നത്. മൂന്ന് ഇഞ്ച് അകലത്തിലും ഒന്നര ഇഞ്ച് താഴ്ചയിലും ആണ് വിത്തു നടുന്നത് . അതിനുമുമ്പായി അടിവളമായി ചാണകം , കോഴിക്കാഷ്ടം ,ചപ്പുചവർ എന്നിവ ഇടാറുണ്ട്.
10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ നീളവും 20 ഗ്രാം മുതൽ 30 ഗ്രാം വരെ തൂക്കമുള്ള ചെറുകഷണങ്ങളായാണ് നടീൽവസ്തു തയ്യാറാക്കുന്നത്. ഓരോ കക്ഷണത്തിനും രണ്ട് മുതൽ നാലു മുകുളങ്ങൾ വരെ ഉണ്ടായിരിക്കും.
വിത്തു നട്ടു ഒരു മാസം കൊണ്ട് തൈ മുളയ്ക്കുന്നു . വളർച്ചയ്ക്കനുസരിച്ച് 2, 3 പ്രാവശ്യം ഇരുവശത്തുനിന്നും മണ്ണ് കയറ്റി ഇടാറുണ്ട് .ഏകദേശം 8 മാസം കൊണ്ട് വിളവ് എടുക്കും.ഒരു ചെടിയിൽ നിന്ന് അരക്കിലോ മുതൽ ഒരു കിലോ വരെ ലഭിക്കാറുണ്ട് . ഇവിടെ ഒരേക്കറിൽ നിന്ന് ഏകദേശം 8 ടൺ കൂവ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അദ്ദേഹത്തിൻറെ കൊട്ടാരക്കരയിലെ സ്വന്തം ജൈവ വിപണനകേന്ദ്രമായ കൃഷിമിത്രയിൽ കൂടി ആണ് ഇതിന്റെ വിപണനം.ആകെ ഉള്ളതിൽ നിന്ന് നാല് ടൺ കൂവ, കൂവപ്പൊടിക്കായായും ബാക്കി വരുന്നത് കൂവക്കിഴങ്ങായും വിൽക്കാനാണ് ലക്ഷ്യമിടുന്നത് . 4 ടൺ കൂവയിൽ നിന്ന് ഏഴ് ശതമാനം കൂവപൊടിയേ കിട്ടാറുള്ളൂ അതായത് 280 കിലോ . അതിനാൽ ഒരു കിലോ പൊടിക്ക് ഏകദേശം 1600 രൂപ വരാറുണ്ട്. കൂവക്കിഴങ് കിലോയ്ക്ക് 60 രൂപ മുതൽ 100 രൂപ വിപണി വിലയുണ്ടാകും. അദ്ദേഹത്തിൻറെ കൃഷിയിടത്തിൽ നിന്ന് വിളവെടുത്ത കൂവ നല്ലവില നല്‍കി വാങ്ങാൻ സാധാരണക്കാര്‍ മുതൽ സമൂഹത്തിലെ സമ്പന്നർ വരെ തിരക്കാണ്.
അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ ആണ് കൂവക്കിഴങ്ങ് പൊടിയായി സംസ്കരിക്കുന്നത്. അതിനാൽ മറ്റു വിപണന കേന്ദ്രങ്ങളിൽ നിന്നും ഉള്ളതിനേക്കാൾ വിശ്വാസ്യത ഇവിടുത്തെ കൂവപൊടിക്ക് കിട്ടുന്നു. കാലാകാലങ്ങളായി കൃഷിമിത്രയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് മുതൽക്കൂട്ടാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കൂവക്കൃഷി. . ഇതാണ് അദ്ദേഹത്തിൻറെ വിജയവും. തൻറെ ഉപഭോക്താക്കൾക്ക് മികച്ച ജൈവ ഉൽപ്പന്നങ്ങൾ നൽകാൻ എന്തു ത്യാഗം സഹിച്ചും കാലാവസ്ഥ വ്യതിയാനങ്ങളിലും മടുക്കാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന അദ്ദേഹം കേരളത്തിലെ ജൈവകർഷകര്‍ക്ക് ഒരു ഉത്തമ മാതൃകയാണ് .
കൂവയുടെ ഉപയോഗങ്ങൾ
കൂവ കപ്പ പുഴുക്ക് പോലെ പുഴുങ്ങി കഴിക്കാൻ നല്ലതാണ് . നാരിന്റെ അംശം കൂടുതലുള്ളത് കൊണ്ട് ആരോഗ്യത്തിന് നല്ലതാണ് .
കൂവ അന്നജമായും കൂവ ചെടിയുടെ മൂലകാണ്ഡം മരുന്നായും ഉപയോഗിക്കാം . ചോളം, ഗോതമ്പ്, അരി എന്നിവയ്ക്കു പകരമായി പാചകത്തിന് ഉപയോഗിക്കാവുന്നതാണ് . രോഗവിമുക്തി തേടുന്നവർക്കും കുട്ടികൾക്കും ഒരു ഉത്തമ പോഷകാഹാരം ആണ് . ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരവും ആണിത്. കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുമെന്ന് ഈയിടെയുള്ള ഗവേഷണങ്ങൾ ചൂണ്ടികാണിക്കുന്നു.
കൂവപ്പൊടി ,കറികൾ , സ്വാസ് ,പുഡിങ് എന്നിവയ്ക്ക് കട്ടി കൂട്ടുവാനും, ബ്രഡ്. ബിസ്കറ്റ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
കൂവപ്പൊടി വെച്ച് ഉണ്ടാക്കിയ ബിസ്ക്കറ്റ് ഏതൊരു കൊച്ചു കുഞ്ഞിനും എളുപ്പം കഴിക്കാവുന്നതും ദഹിക്കുന്നതും ആണ്. ധാരാളം ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാൽ മുലപ്പാലിന് പകരമായി കൂവപ്പൊടി ഉപയോഗിക്കാറുണ്ട്. രക്തയോട്ടം വർദ്ധിപ്പിക്കാനും ശരീരത്തിലെ ഹോർമോൺ വ്യതിയാനം ക്രമീകരിക്കാനും കഴിയുന്ന കൂവപ്പൊടി ജ്യൂസ് ഒരു ഉത്തമ ഊർജ്ജദായിനിയാണ്.
100 ഗ്രാം കൂവയിൽ 25 ഗ്രാം മഗ്‌നീഷ്യം ഉള്ളതിനാൽ ഉറക്കം കിട്ടാൻ സഹായിക്കും. 100 ഗ്രാം കൂവയിൽ 454 മില്ലിഗ്രാം പൊട്ടാസ്യം ഉള്ളതിനാൽ ഹൃദയാരോഗ്യത്തിനും കിഡ്നിക്കും നല്ലതാണ്. കൊളസ്ട്രോൾ ഇല്ലാത്ത കലോറി കുറഞ്ഞ ഭക്ഷണം ആയതിനാൽ ഇത് വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.
മികച്ചൊരു ത്വക്ക് രോഗശമനി കൂടിയാണ് കൂവപൊടി. പ്രകൃതിദത്തമായ് വിയർപ്പ് ആഗീരണത്തിന് സഹായിക്കുന്നതിനാൽ ബേബിപൗഡറിലും കോസ്മെറ്റിക്സ്ലിലും ധാരാളമായി ഉപയോഗിക്കുന്നു. മുറിവുണക്കാനും വിഷസംഹാരിയായും ഇത് ഉപയോഗിക്കാം.ഗർഭകാലത്ത് ഗർഭിണികൾക്ക് ഒരു ഉത്തമ ഭക്ഷണം കൂടിയാണ് കൂവ.
Share your comments