Vegetables

പയർ കൃഷി

payar krishi

കേരളത്തിന്റെ തനതു കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന വിളയാണ് പയര്‍.പ്രധാന വിളയ്ക്കു ശേഷം തനിവിളയായും ഇടവിളയായും പയര്‍കൃഷി ചെയ്യാറുണ്ട്. നെല്‍പാടങ്ങളില്‍ തനിവിളയായി പയര്‍കൃഷി സജീവം. വേരില്‍ കാണുന്ന മുഴകള്‍ക്കുള്ളില്‍ നൈട്രജന്‍ സംഭരിച്ചു മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതിനാല്‍ തരിശുഭൂമിയില്‍പോലും ഈ വിള യോജ്യമാണ്. വയലേലകളിലും, പറമ്പിലും, വീട്ടുവളപ്പിലും, പോളിഹൗസുകളിലും എന്നു വേണ്ട, പട്ടണങ്ങളില്‍ വീടിന്റെ മട്ടുപ്പാവില്‍വരെ വിജയകരമായി നട്ടുവളര്‍ത്താന്‍ കഴിയുന്ന പയര്‍ എന്നും മലയാളിയുടെ തീന്മേശയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്..


കാലാവസ്ഥ:

ഏതു കാലാവസ്ഥയും പയര്‍കൃഷിക്കു യോജ്യം. മേയ്‌സെപ്റ്റംബര്‍, സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവില്‍ നടാം. വേനലില്‍ തരിശായി കിടക്കുന്ന വയലിലും പയര്‍ വിളയിക്കാം.പ്രധാനമായും രണ്ടു തരമുണ്ട്, വള്ളിവീശി പടരുന്നതും, കുറ്റിയായി നില്‍ക്കുന്നതും. ഇനി പയറിനെ വലയ്ക്കുന്ന പ്രധാന രോഗങ്ങളെ പരിചയപ്പെടാം.

കടചീയലും ഇലകരിച്ചിലും:

മണ്ണിലൂടെയാണ് ഈ രോഗം വ്യാപിക്കുന്നത്. വിത്തു പാകുന്നതു മുതല്‍ വിളവെടുക്കുന്നതു വരെ, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഈ രോഗം പയറില്‍ സജീവമാണ്. രോഗാരംഭത്തില്‍ പയര്‍ചെടിയുടെ കടഭാഗത്ത് ആഴമേറിയ പാടുകള്‍ കാണുന്നു. ക്രമേണ പൊട്ടുകള്‍ തവിട്ടുനിറത്തിലാവുകയും അതില്‍ കുമിളിന്റെ വെളുത്ത തന്തുക്കള്‍ വളരുകയും ചെയ്യുന്നു. തന്തുക്കള്‍ ഉരുണ്ടു കൂടി കടുകുമണിപോലെ ആകുന്നു. ഈ കടുകുമണികളാണ് മണ്ണിലൂടെയുള്ള കുമിള്‍വ്യാപനത്തിനു സഹായിക്കുന്നത്.
ഇലകളില്‍ കാണുന്ന നനഞ്ഞ പാടുകള്‍ ക്രമേണ തിളച്ച വെള്ളം വീണു പൊള്ളിയതുപോലെ കാണുന്നു. അവ ക്രമേണ വൈക്കോല്‍നിറമാവുകയും, ഇലകള്‍ ഉണങ്ങിക്കരിഞ്ഞ് വീഴുകയും ചെയ്യുന്നു.

ചിലന്തിവല പോലുള്ള കുമിളിന്റെ തന്തുക്കള്‍ ഇലകളെ തമ്മില്‍ ബന്ധിപ്പിച്ച് കൂട് കൂട്ടുകയും ഇലകള്‍ ചീഞ്ഞുപോവുകയും ചെയ്യുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.

നിയന്ത്രണം:

നീര്‍വാര്‍ച്ചയുള്ള ഉയര്‍ന്നതടങ്ങളില്‍ വിത്തിടുക, അസുഖം ബാധിച്ച ചെടികള്‍ പറിച്ചുമാറ്റി കോപ്പര്‍ ഓക്‌സിക്ലോറൈഡ് (രണ്ട്- നാല് ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ കാര്‍ബെന്‍ഡാസിം (ഒരു ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍) മണ്ണില്‍ കുതിര്‍ത്തു കൊടുക്കുക.

കാര്‍ബെന്‍ഡാസിം (ഒരു ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍) ഉപയോഗിച്ചുള്ള വിത്തു പരിചരണവും ഫലപ്രദം.

കരിവള്ളിരോഗം: ഈ രോഗം മണ്ണിലൂടെയും കാറ്റിലൂടെയും വിത്തുകള്‍ വഴിയും പടരുന്നു. വൈക്കോല്‍ നിറത്തിലുള്ള വൃത്താകൃതിയായ ചെറിയ പുള്ളിക്കുത്തുകള്‍ ഇലകളിലും, കറുത്ത ആഴത്തിലുള്ള പുള്ളികള്‍ കായ്കളിലും കാണുന്നു. ഇലപ്പൊട്ടുകള്‍ ക്രമേണ വലുതായി മധ്യഭാഗം കുഴിഞ്ഞ രീതിയിലായിത്തീരുന്നു.

സ്യൂഡോമോണാസ് ലായനി(20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റര്‍ വെള്ളത്തില്‍) ഉപയോഗിച്ച് വിത്തുപരിചരണം നടത്തുക. അല്ലെങ്കില്‍ കാര്‍ബെന്‍ഡാസിം എന്ന കുമിള്‍നാശിനി രണ്ടു ഗ്രാം ഒരു കിലോ വിത്തിന് എന്ന തോതില്‍ ഉപയോഗിക്കാം. രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമോണാസ്(20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റര്‍ വെള്ളത്തില്‍) ഇലകളില്‍ തളിച്ചു കൊടുക്കുന്നതു രോഗം ശമിപ്പിക്കും. രോഗം തീവ്രമാണെങ്കില്‍ ടെബുകൊണസോള്‍ + ട്രൈഫ്ളോക്‌സിസ്ട്രോ ബിന്‍(0.5 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍) ഇലകളില്‍ തളിച്ചു കൊടുക്കാം.

payarkrishi

തൈചീയല്‍ രോഗം: പിത്തിയം, ഫൈറ്റോഫ്തോറ മണ്ണിലൂടെ വ്യാപനം. പുതുതായി മുളച്ച, നാലു മുതല്‍ അഞ്ചു ദിവസംവരെ പ്രായമുള്ള തൈകളുടെ തണ്ടില്‍ അങ്ങിങ്ങായി നനഞ്ഞ പാടുകള്‍ കാണപ്പെടുന്നു. അതില്‍ രോഗകാരിയായ കുമിള്‍ ക്രമേണ(പഞ്ഞിപോലെ) വളരുന്നു. കടഭാഗം അഴുകി തൈകള്‍ കൂട്ടത്തോടെ നശിക്കുന്നു.

നിയന്ത്രണം: വിത്തു പാകുന്നതിനു മുന്‍പായി ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ച് തടം അണുവിമുക്തമാക്കുക. രോഗമില്ലാത്ത ചെടികളില്‍നിന്നു വിത്തു ശേഖരിച്ച് കാര്‍ബെന്‍ഡാസിം (രണ്ടു ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍) എന്ന കുമിള്‍നാശിനി പുരട്ടി അണുവിമുക്തമാക്കിയശേഷം നടാം. പൊട്ടാസ്യം ഫോസ്ഫോണേറ്റ്(മൂന്നു ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍) തളിക്കുകയും മണ്ണില്‍ കുതിര്‍ത്തു കൊടുക്കുകയും ചെയ്യാം.

ഇലപ്പുള്ളി: കാറ്റിലൂടെയാണ് വ്യാപനം. പയറില്‍ സാധാരണയായി രണ്ടു തരം സെര്‍ക്കോസ്പോറ പൊട്ടുകള്‍ ഉണ്ടാകാറുണ്ട്. ഒന്നില്‍, ഇലയില്‍ കടുംചുവപ്പു പുള്ളിക്കുത്തുകള്‍ രൂപപ്പെടുമ്പോള്‍ മറ്റൊന്നില്‍ പ്ര ത്യേക ആകൃതിയൊന്നും ഇല്ലാത്ത ഇളം തവിട്ടുനിറത്തില്‍ പരന്നുകിടക്കുന്ന പുള്ളികള്‍ കാണപ്പെടുന്നു. ധാരാളമായി ഇല പൊഴിഞ്ഞുവീഴുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.

നിയന്ത്രണം: നടുന്നതിനു മുന്‍പ് വിത്തുകള്‍ രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമോണാസ് ഫ്‌ളൂറസെന്‍സ് ലായനിയില്‍(20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റര്‍ വെള്ളത്തില്‍) 20 മിനിറ്റ് നേരം മുക്കി വയ്ക്കുക. വളര്‍ന്നുവരുന്ന തൈകളില്‍ തളിക്കുകയും ചെയ്യാം. രോഗം തീവ്രമാണെങ്കില്‍ ടെബുകോണസോള്‍ 0.1 ശതമാനം വീര്യത്തിലോ (ഒരു ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍), ട്രൈഫ്ളോക്‌സിസ്ട്രോബിന്‍+ ടെബുകോണസോള്‍ 0.05% വീര്യത്തിലോ (0.5 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍) തളിക്കാം. രണ്ടാഴ്ച കഴിയുമ്പോള്‍ ഇത് ആവര്‍ത്തിക്കുക.

വിലാസം: കാര്‍ഷിക കോളജ്, വെള്ളായണി


Share your comments