ഏത് കാലാവസ്ഥക്കും ഇണങ്ങുന്ന കൃഷിരീതിയാണ് മുള്ളങ്കി അഥവാ റാഡിഷ്. ഇടവിളയായും അല്ലാതെയും എളുപ്പത്തില്‍ കൃഷി ചെയ്യാൻ സാധിക്കുന്നതിനാൽ ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന വിള കൂടിയാണിത്.
പല ഇനങ്ങളിലുള്ള മുള്ളങ്കി ഇന്ത്യയില്‍ കൃഷി ചെയ്യുന്നുണ്ട്. പുസ ദേശി, പുസ ചേത്കി, പുസ രശ്മി, ജാപ്പനീസ് വൈറ്റ്, വൈറ്റ് ഐസില്, റാപ്പിഡ് റെഡ് വൈറ്റ് ടിപ്പ്ഡ് തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളിലുള്ള വിളകൾ ഉഷ്‍ണ മേഖലാ പ്രദേശങ്ങളിലും ഉപോഷ്‍ണ മേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്തുവരുന്നു.
മുള്ളങ്കിയുടെ കൃഷിരീതി
പാത്രങ്ങളിലും ചട്ടികളിലും തോട്ടത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയും കൃഷി ചെയ്യാൻ ഉത്തമമാണ് മുള്ളങ്കി. സ്ഥലപരിമിതി ഉള്ളവർക്ക് വീട്ടിനകത്തും മുള്ളങ്കി വളർത്താൻ സാധിക്കും. ജൂലായ് മുതല്‍ ജനുവരി വരെയാണ് സാധാരണയായി ഉചിതമായ സമയം. എന്നാൽ വിത്തുകളുടെ വ്യത്യസ്‌തത അനുസരിച്ച് നടീൽ സമയങ്ങളും വ്യത്യസ്തമാകുന്നു.
വിത്തിട്ട് അഞ്ച് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ മുളച്ചു തുടങ്ങും. 5.5 നും 6.8 നും ഇടയില്‍ പി.എച്ച് മൂല്യമുള്ള മണ്ണാണ് അനുയോജ്യം. തണുപ്പുള്ള കാലാവസ്ഥയിലാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതെങ്കിലും മുള്ളങ്കിക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം.
സാധാരണ കിഴങ്ങുവർഗങ്ങൾക്ക് നൽകുന്ന പരിചരണം മാത്രം മുള്ളങ്കിക്കും മതിയെന്നത് കൃഷി കൂടുതൽ അനായാസമാക്കുന്നു. വിത്ത് നട്ട് 35 മുതൽ 45 വരെയുള്ള ദിവസങ്ങളിൽ വിളവെടുപ്പ് നടത്താം. വിളവെടുക്കുന്നതിന് മുമ്പ് വിളക്ക് നനവ് നൽകിയാൽ കിഴങ്ങുകള്‍ എളുപ്പത്തില്‍ ഇളക്കിയെടുക്കാന്‍ സാധിക്കും.
കേരളത്തിലും സമതല പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി മാസം വരെയുള്ള കാലങ്ങളില്‍ മുള്ളങ്കി കൃഷി ചെയ്യുന്നതിന് ഉചിതമാണ്. കേരളത്തിന്‍റെ വടക്കൻ ജില്ലകളിലാവട്ടെ, ചീരകൃഷിക്കൊപ്പം ഡിസംബറില്‍ പാടത്ത് മുള്ളങ്കി കൃഷി ചെയ്യുന്ന പതിവുണ്ട്.
ഗോതമ്പും നെൽകൃഷിയും സമൃദ്ധമായി കൃഷി ചെയ്യുന്ന പഞ്ചാബിലും മുഖ്യമായി കൃഷി ചെയ്യുന്ന വിളയാണ് മുള്ളങ്കി. ഇവിടത്തെ റോപ്പർ എന്ന സ്ഥലത്ത്മുള്ളങ്കിയുടെ പല ഇനത്തിലുള്ളവ വ്യത്യസ്‌ത കാലാവസ്ഥയിൽ കൃഷി ചെയ്യുന്നു.
ഹോൾസെയിൽ മാർക്കറ്റിൽ കിലോയ്‌ക്ക് 15 മുതൽ 20 രൂപ വരെയും, പ്രാദേശിക ചന്തകളിൽ ഒരു കിലോയ്‌ക്ക് 25 മുതൽ 30 രൂപ വരെയും ലഭിക്കുമെന്നതിനാൽ ഇവിടത്തെ കർഷകർ മുള്ളങ്കി ഒരു ആദായമുള്ള വിളയാണെന്ന് അഭിപ്രായപ്പെടുന്നു.
ഗുണങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളും അടങ്ങിയ ഒരു പച്ചക്കറിയാണിത്. ദഹനത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുള്ളങ്കി വളരെ ഗുണപ്രദമാണെന്നതിനാൽ, ഡയറ്റിൽ റാഡിഷ് തീർച്ചയായും ഉൾപ്പെടുത്തേണ്ടതുണ്ട്.
മൂത്രശുദ്ധി ഉണ്ടാക്കാന്‍ മുള്ളങ്കി പ്രധാനമായി ഉപയോഗിക്കുന്നു. കൂടാതെ, മഞ്ഞപ്പിത്തം എന്ന രോഗത്തെ ശമിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്. കിഴങ്ങിന് പുറമെ മുളളങ്കിയുടെ ഇലക്കും ഔഷധമൂല്യങ്ങളുണ്ട്.
Share your comments