കൊറോണക്കാലത്ത് ട്രെന്‍ഡിങ്ങായി മാറിയ പലതരം കാര്യങ്ങളുണ്ട്. അത്തരത്തില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് മൈക്രോഗ്രീന്‍ എന്ന കുഞ്ഞുകൃഷിരീതി. ധാന്യങ്ങളും പയറുവര്‍ഗങ്ങളുമെല്ലാം മുളപ്പിച്ച് അവ ചെറുതായി വളര്‍ന്നുവരുമ്പോള്‍ പാചകത്തിനായി ഉപയോഗിക്കുന്നു.
ചെടി മുളച്ച് ഒരാഴ്ചയ്ക്കുളളില്‍ വിളവെടുക്കാം. പ്രത്യേകിച്ച് തയ്യാറെടുപ്പകളൊന്നുമില്ലാതെ കുട്ടികള്‍ക്ക് പോലും ചെയ്യാവുന്ന കൃഷി. മണ്ണോ സ്ഥലമോ ആവശ്യമില്ല എന്നതും ഇതിനെ ഏറെ വ്യത്യസ്ഥമാക്കുന്നു. ഫ്‌ളാറ്റിനകത്തെ കുറഞ്ഞ സൗകര്യങ്ങളിലും നമുക്ക് എളുപ്പത്തില്‍ മൈക്രോഗ്രീന്‍ തയ്യാറാക്കാം.
മൈക്രോഗ്രീന്‍ തയ്യാറാക്കാന്‍
കുറച്ചുമണ്ണും ചകിരിച്ചോറും വെളളവും മാത്രം മതിയാകും മൈക്രോഗ്രീന്‍ തയ്യാറാക്കാന്‍. ഒരു വിത്ത് മുളച്ചു രണ്ടാഴ്ചവരെ വളരാനുള്ള ഊര്‍ജം ആ വിത്തില്‍ തന്നെ അടങ്ങിയിരിക്കുന്നതിനാല്‍ പ്രത്യേകിച്ച് വളങ്ങള്‍ ഒന്നും ചേര്‍ക്കാതെ തന്നെ വിത്തുകള്‍ മുളയ്ക്കും. വിതയ്ക്കുന്നതിനുമുമ്പായി വിത്ത് 10-12 മണിക്കൂര്‍ കുതിര്‍ത്തുവെക്കണം. പാതിമുളച്ച വിത്തുപാകിയ ശേഷം അതിനുമുകളില്‍ വിത്തിന്റെ ഇരട്ടി കനത്തില്‍ മണ്ണോ ചകിരിച്ചോറോ ഇടണം. രണ്ടാഴ്ചയാണ് മൈക്രോഗ്രീനിന്റെ വളര്‍ച്ചാ ദൈര്‍ഘ്യം.
മണ്ണ് ഉപയോഗിക്കുമ്പോള്‍
പാത്രത്തില്‍ മണ്ണിട്ട് അതിലേക്ക് കുതിര്‍ത്തുവച്ച വിത്ത് പാകാം. ശേഷം അതിന് മുകളില്‍ ചെറിയ ലെയറായി കുറച്ച് മണ്ണിട്ട് കൈകൊണ്ട് അമര്‍ത്തണം. പിന്നീട് വെളളം നനച്ച് കൊടുക്കാം.
ടിഷ്യു പേപ്പറില്‍ കൃഷി
വീട്ടിലെ ഉപയോഗശൂന്യമായ പാത്രങ്ങള്‍ കൃഷിക്കായി ഉപയോഗിക്കാം. പ്ലാസ്റ്റിക് ട്രേ, ഗ്രോബാഗ്, പ്ലേറ്റ്, പാഴ്‌സല്‍ പാത്രങ്ങള്‍ ഇവയൊക്കെ എടുക്കാവുന്നതാണ്. മൂന്നോ നാലോ ടിഷ്യു പേപ്പര്‍ പാത്രത്തില്‍ വച്ച് നനച്ചുകൊടുത്തശേഷം വിത്തുകള്‍ പാകാം. ഒന്നുകൂടി നനച്ചശേഷം മാറ്റിവയ്ക്കാം.
ഇക്കാര്യങ്ങള്‍ മറക്കല്ലേ
വിത്തുകള്‍ പാകുമ്പോള്‍ ഒന്നിനുമുകളില്‍ ഒന്നായി കിടക്കാതെ ശ്രദ്ധിക്കാം. വിത്തുകള്‍ വച്ച പാത്രങ്ങള്‍ വിത്ത് മുളച്ചുപൊന്തുന്നതുവരെ ചെറുതായി അടച്ചുവെക്കുന്നത് നല്ലതാണ്. ചെറിയ സൂര്യപ്രകാശം മാത്രമെ ഈ കൃഷിയ്ക്ക് ആവശ്യമുളളൂ. ദിവസത്തില്‍ രണ്ടുനേരം നനയ്ക്കാം. വിത്തുകള്‍ മുളച്ച് രണ്ട് ഇലകളും താഴെ ചെറിയ തളിരിലകളും വന്നശേഷം വിളവെടുക്കാം.
Share your comments