പാലക് അഥവാ ഇന്ത്യൻ സ്പിനാച് താരതമ്യേന തണുത്ത കാലാവസ്ഥയിൽ വളരുന്ന ശീതകാല പച്ചക്കറി വിളയാണ്. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് ഈ ഇലക്കറി.
ഉഷ്ണമേഖലാ ഇനങ്ങൾ നാട്ടിൻ പുറങ്ങളിലും വിജയകരമായി കൃഷിചെയ്യാമെന്നു കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളജിലെ പച്ചക്കറി കൃഷി വിഭാഗത്തിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നു. സെപ്‌റ്റംബർ മുതൽ മാർച്ചു വരെ മാസങ്ങളിൽ നാട്ടിലെ അടുക്കളതോട്ടങ്ങളിലും മട്ടുപാവുകളിലും വീട്ടുവളപ്പുകളിലെ ഗ്രോബാഗുകളിലുമെല്ലാം പാലക്കു വളർത്തിയെടുക്കാം. ചീരയെക്കാളും എളുപ്പത്തിൽ കൃഷിചെയ്യാവുന്ന ഇലക്കറിയാണ് പാലക്ക്.
ഊട്ടിപോലെ തണുത്ത കാലാവസ്‌ഥയുള്ള മലമ്പ്രദേശങ്ങളിൽ കൃഷിചെയ്യുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ ഇതിനു പ്രചാരം കുറവാണ്. കൊടുംചൂടുള്ള കാലാവസ്‌ഥ പാലക്കിന്റെ വളർച്ചക്കു ഹാനികരമാണ്. തണുപ്പുള്ള മലമ്പ്രദേശങ്ങളിൽ ഇത് ആണ്ടു മുഴുവൻ കൃഷിചെയ്യാം. നാട്ടിലെ കാലാവസ്‌ഥയിൽ മറ്റു പ്രദേശങ്ങളിൽ സെപ്‌തംബർ മുതൽ മാർച്ചു വരെയുള്ള മാസങ്ങളിൽ കൃഷിചെയ്യാം. ഓൾ ഗ്രീൻ, ഹരിതശോഭ തുടങ്ങിയ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യാൻ യോജിച്ച ഇനങ്ങളാണ്. ഓൾ ഗ്രീൻ ഗ്രീൻഹൗസുകളിൽ ആണ്ടുമുഴുവൻ കൃഷിചെയ്യാം.
കൃഷി രീതി.
വിത്തു പാകി മുളപ്പിച്ചാണ് പാലക്ക് കൃഷി ചെയ്യുന്നത്. ട്രേകളിലോ പ്ലാസ്‌റ്റിക് ചട്ടികളിലോ ഗ്രോബാഗുകളിലോ വളർത്താം. ആഴത്തിൽ പോകാനും വേരുകളുള്ളതിനാൽ എവിടെയും ഇത് ആയാസ രഹിതമായി വളർത്താം. ഭാഗികമായ തണലിലോ നല്ല സൂര്യപ്രകാശത്തിലോ കൃഷി ചെയ്യാം. നല്ല വളക്കൂറുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് കൃഷിക്കു അനുയോജ്യം. മണ്ണിന് നല്ല നീർവാർച്ചയുണ്ടായിരിക്കണം. തുടർച്ചയായി നനച്ചുകൊടുത്താൽ വളർച്ചയുണ്ടാകും. ചട്ടികളിലോ ഗ്രോബാഗുകളിലോ വളർത്തുകയാണെങ്കിൽ മണ്ണ്, മണൽ, കമ്പോസ്‌റ്റ്, കൊക്കോപീറ്റ്, എന്നിവ തുല്യഅളവിൽ നിറക്കുക. വിത്തു നന്നായി മുളക്കുന്നതിന് ഒരു രാത്രി മുഴുവനും വെള്ളത്തിൽ മുക്കിവെക്കണം.
ചീരയുടെ എല്ലാ ഉപയോഗവും ഉള്ള പാലക് ചീര പരിപ്പ് കറി ചപ്പാത്തിയുടെ കൂടെ ഉത്തേരേന്ത്യക്കാർ കഴിക്കുന്ന ഒരു കറിയാണ്.
പരിപ്പുകറി ഉണ്ടാക്കിയിട്ട് ചെറു ചൂടിൽ തന്നെ കറിയുടെ മുകളിൽ ചെറുതായരിഞ്ഞ് വിതറുക. നല്ല സ്വാദിഷ്ഠമായ പരിപ്പ് പാലക് കറി ലഭിക്കും. ഇത് ചപ്പാത്തിയുടെ കൂടെ കഴിക്കാൻ രുചികരവും പോഷക സമ്പുഷ്ഠവുമാണ്.
Share your comments