പ്രമേഹ രോഗികൾ (Diabetic patients) അവരുടെ ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ചെറിയ അശ്രദ്ധ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമായേക്കാം. ചില പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ പഞ്ചസാരയുടെ അളവ് വർധിക്കില്ല എന്ന് മാത്രമല്ല, ആരോഗ്യജീവിതത്തിന് പ്രമേഹരോഗികൾക്ക് എപ്പോഴും കരുതാവുന്ന ഭക്ഷണമാണിവ.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ കൊളസ്ട്രോൾ അളവ് അത്ഭുതകരമായി കുറയ്ക്കാൻ കഴിയുന്ന മികച്ച പഴങ്ങൾ!
പ്രമേഹ രോഗികൾ ഭക്ഷണത്തിൽ ഇവ കൂടുതലായി ഉൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. ഇത്തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും (Vegetables and fruits) ഏതെല്ലാമെന്ന് നോക്കാം.
-
ബീറ്റ്‌റൂട്ട് (Beetroot)
പഞ്ചസാര അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്‌റൂട്ട്. ഇതിലെ കലോറിയുടെ അളവ് വളരെ കുറവാണ്. ഇത് സ്ത്രീകൾക്ക് ഫോളേറ്റിന്റെ നല്ല ഉറവിടമാണ്. രക്തസമ്മർദത്തിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. കറികളിൽ മാത്രമല്ല, സാലഡിലും ജ്യൂസിലും ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് അത്യധികം നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ കുരു പ്രമേഹത്തിന് ഉത്തമ പ്രതിവിധി
-
കാബേജ് (Cabbage)
നാരുകൾ, മാംഗനീസ്, വിറ്റാമിൻ ബി6, കെ, സി എന്നിവയുടെ നല്ലൊരു ഉറവിടമാണ് കാബേജ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. കറികളിലും സാലഡിലും സാൻഡ്‌വിച്ചിലും കാബേജ് ചേർത്ത് കഴിക്കാം.
-
പപ്പായ (Papaya)
പപ്പായയിൽ സോഡിയം കുറവായതിനാൽ കൊളസ്‌ട്രോളിനെയും പ്രമേഹത്തെയും ഇത് നിയന്ത്രണത്തിലാക്കുന്നു. വിറ്റാമിൻ എ, സി, ഫോളേറ്റ്, പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ ബി, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവയും ഇതിൽ കാണപ്പെടുന്നു. പപ്പായയിൽ ധാരാളം ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രണത്തിലാക്കുകയും ചിലതരം ക്യാൻസറുകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
-
കോളിഫ്ലവർ (Cauliflower)
ഈ പച്ചക്കറിയിൽ പൂർണമായും പഞ്ചസാര ഇല്ല. എന്നാൽ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണിത്. കൂടാതെ, നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയാലും സമ്പന്നമാണ് കോളിഫ്ലവർ. സൂപ്പിലും സാലഡിലും അതുമല്ലെങ്കിൽ കറിയാക്കിയും നിങ്ങളുടെ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്താം.
-
തക്കാളി (Tomato)
പ്രമേഹ രോഗികൾക്ക് തക്കാളി ഒരു സൂപ്പർഫുഡ് ആയി കണക്കാക്കപ്പെടുന്നു. വിറ്റാമിൻ സി, എ, പൊട്ടാസ്യം, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ക്യാൻസറിനെ ചെറുക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഇതുകൂടാതെ തക്കാളി കഴിക്കുന്നത് ചർമത്തിന് നല്ലതാണ്. പ്രമേഹരോഗികൾക്ക് തക്കാളി സാലഡായി കഴിക്കുകയോ ചൂടുള്ള തക്കാളി സൂപ്പ് കുടിക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും.
-
ചീര (Spinach)
പോഷകസമൃദ്ധമായ ഇലക്കറിയിൽ ഒന്നാമനാണ് ചീര. പ്രമേഹ രോഗികൾക്ക് പ്രത്യേകിച്ച് പൂർണ ആത്മവിശ്വാസത്തോടെ ഇത് കഴിക്കാം.
ഇതിൽ നാരുകളും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ എത്ര അളവിൽ കഴിച്ചാലും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല.
-
പേരയ്ക്ക (Guava)
പഞ്ചസാര വളരെ കുറഞ്ഞ അളവിലുള്ള ഒരു പഴമാണ് പേരയ്ക്ക. ഇതിൽ വളരെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും (ജിഐ) ഉയർന്ന ഫൈബറും ഉണ്ട്. പല തരത്തിലുള്ള ആന്റിഓക്‌സിഡന്റുകൾ ഇതിൽ കാണപ്പെടുന്നു. ഇത് പ്രമേഹ രോഗികൾക്ക് മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകുന്നു. കൂടാതെ പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.
Share your comments