കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് വെണ്ട. അതിനാൽ തന്നെ വെണ്ടകൃഷിയെ കര്‍ഷകനിലേക്ക് ഏറെ അടുപ്പിക്കുന്നു. നല്ലയിനം വിത്തുകള്‍ വേണം നടുന്നതിനായി തിരഞ്ഞെടുക്കാന്‍. ആരോഗ്യമുള്ള വിത്തുകളാണെങ്കില്‍ നല്ല വിളവു ലഭിക്കുകയും രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കുകയും ചെയ്യും. വിത്തു പാകുന്നതിനു മുമ്പ് കുറച്ചു നേരം വെള്ളത്തിലിട്ടു വയ്ക്കുന്നത് നല്ലതാണ്. വേഗം മുളയ്ക്കാനും നന്നായി വളരാനും അത് സഹായിക്കും. വെണ്ടവിത്തിലെ വെള്ള നിറത്തിലുള്ള ചെറിയ ഭാഗം മണ്ണില്‍ താഴേക്കാക്കി വേണം നടാന്‍. ഇത് വേഗം മുളയ്ക്കാന്‍ സഹായിക്കും.
കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്ഥലം ഉണ്ടെങ്കില്‍ നല്ല വെയില്‍ കിട്ടുന്ന സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. മണ്ണ് കിളച്ചൊരുക്കി ചാണകപ്പൊടിയും ചാരവും കാത്സ്യത്തിന് മുട്ടത്തോട് പൊടിച്ചതും ചേര്‍ത്ത് വിത്ത് നടാം. നേരിട്ട് നിലത്തു നടുമ്പോള്‍ മണ്ണ് കൂനകൂട്ടിയോ തടമെടുത്തോ നടാം.
പാഴ്‌ച്ചെടികള്‍ കൊണ്ട് പുതയിടുന്നതും ഇടയ്ക്ക് മണ്ണ് കൂട്ടിക്കൊടുക്കുന്നതും നല്ലതാണ്. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്, കോഴിക്കാഷ്ടം തുടങ്ങിയ വളങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. വിത്ത് നടുന്നതിന് 15 ദിവസം മുമ്പ് സെന്റിന് 3 കിലോഗ്രാം കുമ്മായം ചേര്‍ത്തിളക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും ജൈവവളങ്ങള്‍ വളരെ വേഗം വിളകള്‍ക്ക് വലിച്ചെടുക്കാനും കാരണമാകും. 5 കിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കണം.
അമ്പത് കിലോ ഉണക്ക ചാണകമോ, മണ്ണിര കമ്പോസ്റ്റോ പത്ത് ഗ്രാം ട്രൈക്കോഡര്‍മയുമായി ചേര്‍ത്ത് കലര്‍ത്തി തണലില്‍ ഉണക്കിയതിന് ശേഷം അടിവളമായി മണ്ണില്‍ ചേര്‍ക്കാം. 20 കിലോ കോഴികാഷ്ടം ചാണകപ്പൊടിക്ക് പകരമായി മണ്ണില്‍ ചേര്‍ക്കാവുന്നതാണ്. മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട, നല്ല രുചിയും മണവുമുള്ള ചെറിയ ഇനം സാമ്പാര്‍ വെണ്ട മുതല്‍ അരമീറ്ററിലധികം നീളം വെക്കുന്ന ആനക്കൊമ്പന്‍ വരെ.
മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ള മഴക്കാലത്ത് നടാന്‍ പറ്റുന്ന 'സുസ്ഥിര', ഇളംപച്ചനിറത്തിലുള്ള കായകള്‍ നല്‍കുന്ന 'സല്‍ക്കീര്‍ത്തി', അരമീറ്റര്‍ വരെ നീളംവെക്കുന്ന ഇളംപച്ചനിറമുള്ള മഴക്കാലത്തും കൃഷിയിറക്കാവുന്ന 'കിരണ്‍', എന്നിവയും നല്ല ചുവപ്പുനിറമുള്ള കായകള്‍ നല്‍കുന്ന അരുണ, സി.ഒ.1 എന്നിവയും മൊസേക്ക് രോഗത്തിനെയും നിമ വിരകളെയും ഫംഗസ് രോഗത്തെയും പ്രതിരോധിക്കുന്ന അര്‍ക്ക, അനാമിക, വര്‍ഷ, ഉപഹാര്‍, അര്‍ക്ക അഭയ, അഞ്ജിത എന്നിവയുമാണ് സങ്കരയിനങ്ങളില്‍ ചിലത്.
സാധാരണയായി സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലും വേനല്‍ക്കാല വിളയായി ജനവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്. എന്നാല്‍ ആനക്കൊമ്പന്‍ എന്ന ഇനം മെയ് അവസാനവും ജൂണ്‍ ആദ്യവുമായി നട്ടുവളര്‍ത്താറുണ്ട്.
ചാണകവെള്ളമോ, ബയോഗ്യാസ് സ്ലറിയോ ഒരു ലിറ്റര്‍ അഞ്ച് ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് മേല്‍ വളമായി നല്‍കാം. അല്ലെങ്കില്‍ ഗോമൂത്രമോ വെര്‍മി വാഷോ രണ്ട് ലിറ്റര്‍ പത്തിരട്ടി വെള്ളവുമായി ചേര്‍ത്തതും മേല്‍വളമാക്കാം. സെന്റിന് 10 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ, കോഴിവളമോ അല്ലെങ്കില്‍ കടലപ്പിണ്ണാക്ക് ഒരു കിലോ പുതര്‍ത്തി 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയോ ചെടിയ്ക്ക് മേല്‍വളമാക്കി നല്‍കാം.
മൊസേക്ക് രോഗമാണ് വെണ്ടയ്ക്ക് സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗം. ഇലകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞനിറമാവുകയും ഞരമ്പുകള്‍ തടിക്കുകയും ചെയ്യും. കായകള്‍ മഞ്ഞ കലര്‍ന്ന് ചുരുണ്ടുപോവും. ഇലത്തുള്ളന്‍, വെള്ളീച്ച എന്നിവയാണ് മൊസേക്ക് രോഗത്തിന് കാരണമാവുന്ന വൈറസിന്റെ വാഹകര്‍.
രോഗമുള്ള ചെടികള്‍ കണ്ടാല്‍ പിഴുത് കത്തിച്ചുകളയണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കാം. വൈറസിന്റെ വാഹകരായ കളകള്‍ പറിച്ചുമാറ്റുക, വേപ്പധിഷ്ടിത കീടനാശിനികള്‍ (ജൈവം) ഉപേയാഗിച്ചും രോഗനിവൃത്തി വരുത്താം. തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍, വേരിനെ ആക്രമിക്കുന്ന നിമ വിരകള്‍, നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇലചുരുട്ടിപ്പുഴു എന്നിവയാണ് വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍.
കായയുടെ ഇളംതണ്ടുകളിലും കായകളിലും തുളച്ചുകയറി ഉള്‍ഭാഗം തിന്ന് കേടാക്കുന്ന പുഴുക്കളാണ് കായ്തുരപ്പന്‍, തണ്ടുതുരപ്പന്‍ എന്നീ പേരുകളിലറിയപ്പെടുന്നത്. വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക, അടിവളമായി അല്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുക എന്നിവയാണ് ഇതിന്റെ പ്രതിവിധി. ആക്രമണം തുടങ്ങുമ്പോള്‍ വേപ്പിന്‍ കുരു സത്ത് അഞ്ച് ശതമാനം വീര്യത്തില്‍ തളിക്കുക. ബൂവേറിയ പോലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്.
മുഞ്ഞ, വെള്ളീച്ച, പച്ചത്തുള്ളന്‍ എന്നിവയാണ് വെണ്ടയുടെ നിലനില്പിനെ ബാധിക്കുന്ന മറ്റ് കീടങ്ങള്‍. ഇവ ഇലയുടെ അടിവശത്ത് പറ്റിപിടിച്ചിരുന്ന് നീരൂറ്റി കുടിക്കുന്നു. ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിപ്പോവും. വെള്ളീച്ച വൈറസ് രോഗവാഹകരാണ്.
വെണ്ടയെ ബാധിക്കുന്ന മറ്റൊരു കീടം ഇല ചുരുട്ടിപ്പുഴുവാണ്. വെള്ളച്ചിറകിന്റെ മുന്നില്‍ പച്ചപ്പൊട്ടുകളുള്ള ശലഭങ്ങളുടെ മുട്ട വിരിഞ്ഞാണ് ഇല ചുരുട്ടിപ്പുഴുകള്‍ ഉണ്ടാകുന്നത്. ഇത് പച്ചിലകള്‍ തിന്ന് നശിപ്പിക്കുകയും കായ് തുരക്കുകയും ചെയ്യുന്നു. വേപ്പ് അടിസ്ഥാനമാക്കി വരുന്ന ജൈവ കീടനാശിനികള്‍ ആണ് ഇതിന് ഫലപ്രദം. ചുരുണ്ട ഇലകള്‍ പറിച്ചു നശിപ്പിച്ചു കളയുകയും വേപ്പിന്‍ കുരു സത്ത് തളിക്കുകയും ചെയ്താല്‍ ഇതിനെ നിയന്ത്രിക്കാം. മഞ്ഞക്കെണികള്‍ ഒരുക്കിയും ഇലച്ചുരുട്ടിപ്പുഴുവിന്റെ വ്യാപനം തടയാം.
ബോറന്‍ പുഴുക്കളും നിമ വിരകളുമാണ് വെണ്ട കൃഷിയുടെ ശത്രുക്കള്‍. വിത്ത് മുളച്ച് രണ്ടാഴ്ച പ്രായം കഴിഞ്ഞാല്‍ ഒന്നാകെ വാടിപ്പോകുന്നതാണ് ലക്ഷണം. വാടിപ്പോയ ചെടി പറിച്ച് അതിന്റെ തണ്ട് കീറിനോക്കിയാല്‍ വെളുത്തപ്പുഴുക്കളെ കാണാം. ഇതാണ് ബോറന്‍ പുഴു. ഇതിനെ പ്രതിരോധിക്കാന്‍ മണ്ണ് തയ്യാറാക്കുമ്പോള്‍ അടിവളമായി സെന്റൊന്നിന് അഞ്ച് കിലോ വേപ്പിന്‍പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കണം. തൈപറിച്ചു നടുകയാണെങ്കില്‍ നടുന്ന കുഴിയില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിട്ടാലും മതി. നിമ വിര കയറിയാല്‍ ആദ്യം ചെടി മുരടിക്കുകയും പിന്നീട് വാടിപ്പോവുകയും ചെയ്യും. മുരടിക്കാന്‍ തുടങ്ങുന്ന ചെടി സൂക്ഷിച്ചു നോക്കിയാല്‍ തണ്ടിന് ചെറിയ വീക്കം തോന്നാം. ബ്ലേഡുകൊണ്ട് തൈ ചെറുതായി കീറി പുഴുവിനെ ഒഴിവാക്കിയാല്‍ തൈ രക്ഷപ്പെടും.
അടിവളമായി വേപ്പിന്‍ പിണ്ണാക്കും മേല്‍വളമായി ഗോമൂത്രവും (നേര്‍പ്പിച്ചത്) നല്‍കിയാല്‍ വെണ്ട കൃഷിയെ ബാധിക്കുന്ന ഒട്ടുമിക്ക കൃമി കീടങ്ങളെയും ഒഴിവാക്കാം.
Share your comments