സങ്കരയിനം കിഴങ്ങുകളുടെ വൈവിധ്യവുമായി മികച്ച വിളവെടുപ്പിന് കര്‍ഷകരെ പ്രാപ്തരാക്കുകയാണ് കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം. ഓരോ പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുഗുണമായ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഗവേഷകര്‍ സാക്ഷാത്ക്കരിക്കുന്നത്.
എച്ച്-226
തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് പ്രിയപ്പെട്ട സങ്കരയിനം മരച്ചീനിയാണ് എച്ച്-226. തമിഴ്‌നാട്ടില്‍ 95,000 ഹെക്ടറിലാണ് എച്ച്-226 കൃഷി ചെയ്തിട്ടുള്ളത്. പത്ത് മാസം കൊണ്ട് വിളവെടുക്കാവുന്ന ഈ ഇനത്തില്‍ നിന്നും ഒരു ഹെക്ടറിന് 35 ടണ്‍ ഉത്പ്പാദനമുണ്ടാകും. എച്ച്-226ല്‍ അന്നജത്തിന്റെ അളവ് 28-30 ശതമാനമാണ്. മഴ ലഭിക്കുന്ന ഇടങ്ങളിലാണ് ഇത് കൂടുതല്‍ വിളവ് നല്‍കുക. ചൗവ്വരിയുണ്ടാക്കാനാണ് എച്ച്-226 കൂടുതലായും ഉപയോഗിക്കുന്നത്.
എച്ച്- 165
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനമാണ് എച്ച്-165.എങ്കിലും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ ആദിവാസി കര്‍ഷകര്‍ ഈ ഇനം ഏറെ ഇഷ്ടപ്പെടുന്നു. തമിഴ്‌നാട്ടിലെ കൊള്ളിമല, പച്ചമലൈ, കടമ്പൂര്‍ മല, സിന്ധേരി മല എന്നിവിടങ്ങളിലും ആന്ധ്രയിലെ രാംപച്ചോദവാരം മലയിലും ഇതിന്റെ കൃഷിയുണ്ട്. 23-25 ശതമാനം അന്നജമുള്ള ഈ ഇനം മലമ്പ്രദേശത്ത് നന്നായി വിളയും. 8-9 മാസംകൊണ്ട് വിളയുന്ന എച്ച്-165 ല്‍ നിന്നും ഒരു ഹെക്ടറില്‍ 36 ടണ്‍ മരച്ചീനി ഉത്പ്പാദിപ്പിക്കാം. ഇതിന്റെ തൈക്കമ്പ് കുറേകാലം കേടുവരാതെ സൂക്ഷിക്കാനും കഴിയും.
ശ്രീജയ
കോട്ടയം പ്രദേശത്ത് നല്ല വിളവ് നല്‍കുന്ന, നാടന്‍ ജനിതകദ്രവ്യത്തില്‍ നിന്നും വികസിപ്പിച്ച ഇനമാണ് ശ്രീജയ. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരിയിലെ കര്‍ഷകര്‍ക്ക് ഇഷ്ടപ്പെട്ട ഇനമാണിത്. 6-7 മാസം കൊണ്ട് വിളയുന്ന ശ്രീജയ ഭക്ഷണമായി ഉപയോഗിക്കാനാണ് നല്ലത്. നെല്‍കൃഷി ചെയ്യുന്ന താഴ്ന്ന പ്രദേശങ്ങളില്‍ പരിവര്‍ത്തന വിളയായും ഇത് നടാറുണ്ട്. ഒരു ഹെക്ടറില്‍ നിന്നും 28 മുതല്‍ 58 ടണ്‍ വരെ ഉത്പ്പാദനമുണ്ടാകും.
ശ്രീഭദ്ര
മധുരക്കിഴങ്ങ് ഔഷധഗുണമേറുന്ന ഒരു കിഴങ്ങുവര്‍ഗ്ഗമാണ്. ഇതില്‍ ശ്രീഭദ്ര എന്ന സങ്കരയിനം 90 ദിവസംകൊണ്ട് വിളയുന്ന ഇനമാണ്. 100 ഗ്രാമില്‍ 0.5 മുതല്‍ 0.6 മില്ലിഗ്രാം വരെ കരോട്ടിന്‍ അടങ്ങിയ ഈ ഇനം ഒരു ഹെക്ടറില്‍ 23 ടണ്‍വരെ വിളവ് നല്‍കും. ഇളംപിങ്ക് തൊലിയും വെണ്ണനിറത്തിലുള്ള മാംസവുമാണിതിനുള്ളത്. ബീഹാറിലും ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും വ്യാപകമായി കൃഷി ചെയ്യുന്ന ഈ ഇനം നന്നായി വെന്തുവരുന്നതും നല്ല വിളവ് നല്‍കുന്നതുമാണ്.
ഗൗരി
100 ഗ്രാമില്‍ 5.1 മില്ലിഗ്രാം കരോട്ടിനുള്ള ഗൗരി എന്ന ഇനം 115 ദിവസംകൊണ്ട് പാകമാകും.ഒഡീഷ സംസ്ഥാനത്തിന് അനുയോജ്യമായ ഇനമാണിത്. ഖാരിഫ്- റാബി കാലാവസ്ഥകള്‍ക്ക് അനുഗുണമായ ഗൗരി ഒരു ഹെക്ടറിന് 30 ടണ്‍ വിളവ് നല്‍കും. ഓറഞ്ച് നിറമുള്ള മാംസവും ഇളംചുവപ്പ് തൊലിയുമുള്ള ഈ ഇനം കാഴ്ചയ്ക്കും ആകര്‍ഷണീയമാണ്.
ശ്രീകനക
കാരറ്റില്‍ ഉള്ളത്ര കരോട്ടിനോട് കൂടിയ ഇനമാണ് ശ്രീകനക. 100 ഗ്രാമില്‍ 9-10 മില്ലിഗ്രാം കരോട്ടിനുണ്ടാകും. 75-85 ദിവസംകൊണ്ട് വിളയുന്ന ശ്രീകനക ഒരു ഹെക്ടറില്‍ 20-30 ടണ്‍ വരെ ഉത്പാദനം നല്‍കും. ഉരുണ്ടതും കടുത്ത ഓറഞ്ച് നിറമുള്ളതുമാണ് ഇതിന്റെ കിഴങ്ങുകള്‍. വിറ്റാമിന്‍ -എ ലഭ്യത കുറവുള്ള ഇടങ്ങളില്‍ ഇത് പ്രത്യേക പ്രാധാന്യത്തോടെ കൃഷി ചെയ്യുകയും ഭക്ഷണത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന ഇനമാണ് ശ്രീകനക.
ശ്രീധന്യ
ലോകത്തില്‍ ഇറങ്ങിയിട്ടുള്ള ഏക വെള്ളകുള്ളന്‍ സങ്കരയിനം നനകിഴങ്ങാണ് ശ്രീധന്യ. ഇതിന്റെ വള്ളികള്‍ 30-50 സെന്റീമീറ്ററിലധികം വളരില്ല.എന്നാല്‍ അനേകം കുലകളായി കായ പിടിക്കുകയും ഒരു കുറ്റിച്ചെടിപോലെ കാണുകയും ചെയ്യും. അധികം വെള്ളം ആവശ്യമില്ല എന്നതിനാല്‍ കൃഷിയില്‍ 40 ശതമാനം വരെ ലാഭിക്കുകയും ചെയ്യാം. ഇത് മികച്ച ഭക്ഷ്യയോഗ്യ ഇനമായി കരുതപ്പെടുന്നു. ഒരു ഹെക്ടറില്‍ 21 ടണ്‍ വിളവുണ്ടാകും.
ശ്രീശില്‍പ്പ
ലോകത്തിലാദ്യമായി വികസിപ്പിച്ച സങ്കരയിനം ചേനയാണ് ശ്രീശില്‍പ്പ. 8 മാസംകൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന ശ്രീശില്‍പ്പ ഒരു ഹെക്ടറില്‍ 28 ടണ്‍ വിളവ് നല്‍കും. ഓരോ ചെടിയിലും 2-3 കിഴങ്ങുകള്‍ കാണും.തടിച്ച് ദീര്‍ഘവൃത്തത്തിലുള്ളതും മിനുസമുള്ളതുമായ കിഴങ്ങുകളാണ് ഇതില്‍നിന്ന് ലഭിക്കുക.അധികം ആഴത്തിലേക്ക് പോകാത്തതിനാല്‍ വിളവെടുപ്പും എളുപ്പമാണ്.
ശ്രീകിരണ്‍
രണ്ട് പ്രാദേശിക ഇനങ്ങള്‍ സങ്കരം ചെയ്ത് ലോകത്തിലാദ്യമായി ഉത്പ്പാദിപ്പിച്ച ചേമ്പിനമാണ് ശ്രീകിരണ്‍. ഒരു ഹെക്ടറില്‍ 17.5 ടണ്‍ ഉത്പ്പാദിപ്പിക്കുന്ന ഇതിന് 65-70 ദിവസം വരെ കേട് കൂടാതെ ഇരിക്കാന്‍ കഴിയും അതുകൊണ്ടുതന്നെയാണ് ശ്രീകിരണ്‍ ശ്രദ്ധേയമായതും. നാടന്‍ ഇനങ്ങള്‍ ഒരു മാസം കഴിയുമ്പോള്‍ കേടാകും.നല്ല സ്വാദുള്ള ഇനമാണ് ശ്രീകിരണ്‍.17.8 ശതമാനം അന്നജവും ഇതില്‍ അടങ്ങിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
ഡോ.എം.അനന്തരാമന്‍, ഡോ.എസ്.രാമനാഥന്‍,ശ്രീ.എം.ഈശ്വരന്‍, കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം, ശ്രീകാര്യം, തിരുവനന്തപുരം. ഫോണ്‍- 0471-2598551-54. ഈമെയില്‍: ctcritvm@yahoo.comവെബ്‌സൈറ്റ്: www.ctcri.org
തയ്യാറാക്കിയത് - വി.ആര്‍.അജിത് കുമാര്‍
Share your comments