വിഷരഹിതമായ ചീരയും പയറും വീടിൻ്റെ മട്ടുപ്പാവില്‍ വിളയിച്ച് മറ്റുള്ളവര്‍ക്ക് വഴികാട്ടുകയാണ് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു. വെണ്ടയും പാവലും കോളിഫ്‌ളവറും കാബേജും വരെ മട്ടുപ്പാവ് കൃഷിത്തോട്ടത്തിലുണ്ട്.
രണ്ടുവര്‍ഷം മുമ്പ് 10 ഗ്രോബാഗുകളിലാണ് പച്ചക്കറികൃഷി ആരംഭിച്ചത്. ഇപ്പോള്‍ 240 ഓളം ഗ്രോബാഗുകളിലായി പലതരത്തിലുള്ള പച്ചക്കറികള്‍ വിളയിച്ചെടുക്കുന്നുണ്ട്. കേരളത്തിന്റെ തനത് വിളകള്‍ക്ക് പുറമേ ശൈത്യകാല പച്ചക്കറികള്‍വരെ വിളയിച്ച് വേറിട്ട പരീക്ഷണ മാതൃക തീര്‍ക്കുകയാണ് പ്രസിഡന്റ്. ഭൂമിയില്ലാത്തവര്‍ക്കും മട്ടുപ്പാവില്‍ വിജയകരമായി കൃഷി ചെയ്യാന്‍ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണിത്.
പച്ചമുളക്, തക്കാളി എന്നിവയുടെ വ്യത്യസ്ത ഇനങ്ങളും ഇവിടെയുണ്ട്. വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ചന്തയില്‍ വില്പനയ്ക്കായി എത്തിക്കും. സുരക്ഷിത പച്ചക്കറി ശീലമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ ജീവനിയുടെ ഭാഗമായിട്ടാണ് ജൈവ പച്ചക്കറികൃഷി വിപുലമാക്കിയിട്ടുള്ളത്. പ്രസിഡന്റിന് പുറമേ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ വീടുകളിലും കൃഷി വിജയകരമായി നടത്തിവരുന്നു.
Share your comments