ലോക റെക്കോഡ് സൃഷ്ടിച്ച അതി വിശിഷ്ടമായ ഒരു മുട്ടയെ കുറിച്ച് അറിയാമോ? ഏത് രാജ്യത്തെ കോഴി ഇട്ട മുട്ട എന്നായിരിക്കും ചോദ്യം. ഈ മുട്ട വലിപ്പത്തിലോ രൂപത്തിലോ എന്തെങ്കിലും സവിശേഷതയുള്ളതാണോ എന്നും റെക്കോഡ് നേട്ടത്തിന് പിന്നിലുള്ള കാരണമായി ചോദിച്ചേക്കാം. എന്നാൽ ഈ മുട്ടയ്ക്ക് അങ്ങനെ പ്രത്യേകിച്ചൊരു രാജ്യമോ സവിശേഷമായ പ്രത്യേകതകളോ ഇല്ല. എങ്കിലും മുട്ട ഗിന്നസിൽ ഇടംപിടിച്ചു.
മുട്ട ഇട്ടത് ഇന്ത്യയിലോ ആഫ്രിക്കയിലോ അമേരിക്കയിലോ ഒന്നുമല്ല. ഈ റെക്കോഡ് മുട്ട ഇട്ടത് ഇൻസ്റ്റഗ്രാമിലാണ്. വിശ്വസിക്കാൻ പ്രയാസമുള്ള ഈ ലോക റെക്കോഡിന്റെ വാർത്തയെ കുറിച്ച് കൂടുതൽ വ്യക്തമാക്കാം.
വർഷങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രമാണ് ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടിയത്.
ബന്ധപ്പെട്ട വാർത്തകൾ: പൊട്ടാതെ മുട്ട പുഴുങ്ങിയെടുക്കാം…
2019 ജനുവരി 4നാണ് ഈ മുട്ടയുടെ ചിത്രം ഇൻസ്റ്റഗ്രാം പോസ്റ്റായി പ്രത്യക്ഷപ്പെട്ടത്. 'നമുക്ക് ഒരുമിച്ച് ഒരു ലോക റെക്കോർഡ് സൃഷ്ടിക്കാം, ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്ത പോസ്റ്റാക്കി ഇതിനെ മാറ്റാം. കൈലി ജെന്നറുടെ (18 ദശലക്ഷം) എന്ന ലോക റെക്കോർഡ് മറികടക്കാം!' എന്ന കാപ്ഷനൊപ്പമാണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് പ്രതൃക്ഷപ്പെട്ടത്. (ഇന്‍സ്റ്റഗ്രാമില്‍ ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന അമേരിക്കന്‍ റിയാലിറ്റി ഷോ താരവും മോഡലുമാണ് കൈലി ജെന്നര്‍). ഏറ്റവും അധികം ലൈക്കുകൾ നേടിയ കൈലി ജെന്നറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ തോൽപ്പിക്കണമെന്നതായിരുന്നു ഇതുകൊണ്ട് ഉദ്ദേശിച്ചത്.
കോഴിമുട്ടയുടെ ചിത്രം പങ്കുവച്ച് പത്ത് ദിവസത്തിനുള്ളിൽ 30.5 മില്യൺ ലൈക്കുകളായിരുന്നു പോസ്റ്റ് നേടിയത്. അതായത്, മൂന്ന് കോടിയിലധികം ലൈക്കുകൾ. 2022ലേക്ക് എത്തിയപ്പോൾ ഈ പോസ്റ്റിന് 55.5 മില്യൺ ലൈക്കുകൾ ലഭിച്ചു. അഞ്ചരക്കോടി ലൈക്കുകൾ കരസ്ഥമാക്കിയ കോഴി മുട്ട അങ്ങനെ ഗിന്നസിൽ കയറിക്കൂടി.
The World Record Egg was posted three years ago today and is STILL the most liked picture on Instagram with 55.5 million likes!https://t.co/iUBaYADG08
— Guinness World Records (@GWR) January 4, 2022
ആഹ്വാനം ചെയ്ത പോലെ കൈലി ജെന്നറുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെയും തോൽപ്പിച്ച് മുട്ട വൈറലായി. കൈലി ജെന്നർ 2018ൽ പോസ്റ്റ് ചെയ്ത തനിക്കൊരു പെൺകുഞ്ഞ് പിറന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന്റെ റെക്കോർഡാണ് നിഷ്പ്രയാസം നിസ്സാരമായ ഈ കോഴിമുട്ട മറികടന്നത്.
വേൾഡ് റെക്കോർഡ് എഗ്ഗ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജിലാണ് കോഴിമുട്ടയെ പോസ്റ്റ് ചെയ്തത്. മൂന്ന് വർഷങ്ങൾക്കിപ്പുറവും ഈ മുട്ടയുടെ ചിത്രമല്ലാതെ മറ്റൊരു ചിത്രങ്ങളും ഈ ഇൻസ്റ്റഗ്രാം പേജിൽ ഇല്ല. എന്നാൽ റെക്കോഡ് കരസ്ഥമാക്കിയ മുട്ട അടങ്ങിയിട്ടുള്ള ഈ പേജിന് 4.8 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്.
ലൈക്കുകളിലും ഫോളോവേഴ്സിലും മാത്രമല്ല, കോഴിമുട്ട വൈറലായത്. ഷെയറുകളിലും കമന്റുകളിലും മുൻപത്തെ എല്ലാ റെക്കോഡുകളെയും തകർത്തെറിഞ്ഞ് കോഴിമുട്ട മുന്നേറി. എന്നുവച്ചാൽ 3.4 ദശലക്ഷം കമന്റുകകൾ കോഴിമുട്ടയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് സ്വന്തമാക്കി.
ഗിന്നസ് നേട്ടം സ്വന്തമാക്കിയ കോഴി മുട്ടയുടെ രഹസ്യത്തിന് പിന്നിലാരെന്നും അടുത്തിടെ ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ ഈ മുട്ട ഇട്ടതാരെന്ന് ഇതുവരെയും അറിയില്ലെങ്കിലും മുട്ടയ്ക്ക് ഒരു ഗിന്നസ് റെക്കോഡ് നേടാൻ വേണ്ടി പ്രൊമോഷൻ നൽകിയതിൽ ഇന്ത്യൻ വംശജനായ ഒരു 19കാരന്റെ പങ്കുണ്ട്. അതായത്, മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റായ ഇഷാൻ ഗോയലാണ് വേൾഡ് റെക്കോർഡ് എഗ്ഗ് ഇൻസ്റ്റഗ്രാം പോസ്റ്റിനെ വൈറലാക്കിയത്.
വെറുതെ ഇൻസ്റ്റഗ്രാമിൽ മാത്രമല്ല, പേപ്പർ മാഗസീൻ എന്ന പ്രമുഖ വാരികയുടെ കവർ പേജായും ഈ അത്ഭുതകരമായ നിസ്സാര കോഴിമുട്ട ഇടം പിടിച്ചിട്ടുണ്ട്.
Share your comments