ലോക് ഡൗൺകാലത്തെ ഒരു മുയൽകൃഷി വിജയകഥ.
ലോക്ക്ഡൗൺ കാലത്ത് കൃഷി വീഡിയോകൾക്കുമൊക്കെ നല്ല കാഴ്ചക്കാരായിരുന്നു. പലരും അതെല്ലാം കണ്ടു ആസ്വദിച്ചു മറന്നു കളഞ്ഞു. എന്നാൽ കഞ്ഞിക്കുഴി പത്താം വാർഡിലെ അരുൺദാസും രാധാകൃഷ്ണനും ഓം രാജു൦ വെറുതെ കണ്ടു മറന്നില്ല. തങ്ങൾ കണ്ട മുയൽ വളർത്തൽ വീഡിയോയിലെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ അവർ തീരുമാനിച്ചു. ഇന്നവർ മുയൽ കർഷകരാണ്. വെറും കർഷകരല്ല. നല്ല വരുമാനം നേടുന്ന കർഷകർ.
കഞ്ഞിക്കുഴിയിൽ മുയൽ കൃഷിയിൽ മുൻഗാമികളില്ലാത്തതിനാൽ അവർ തങ്ങളുടെ മുയൽ കൃഷി ചെയ്യാനുള്ള ആഗ്രഹം ചങ്ങനാശ്ശേരിയിലെ ബത്‌ലഹേം റാബിറ്റ് ഫാമിലെ നിധിൻ തോമസിനെ അറിയിച്ചു. സംശയങ്ങളൊക്കെ ചോദിച്ചു,20 മുയൽകുഞ്ഞുങ്ങളെയും വാങ്ങി വീട്ടിലെത്തി. രാധാകൃഷ്ണന്റെ വീട്ടിൽ കൂടുപണിതു. 50000 മുതൽ മുടക്കിൽ നിർമ്മിച്ച ആ കൂട്ടിൽ അവർ മുയൽ കുഞ്ഞുങ്ങളെ ഇട്ടു പരിപാലിച്ചു. മുയലിന്റെ ഇഷ്ടഭക്ഷണങ്ങളെല്ലാം വാങ്ങി കൊടുത്തു.
ഇഷ്ടഭക്ഷണങ്ങളെ ക്കുറിച്ചും അവയുടെ ഗർഭകാലത്തെക്കുറിച്ചുമെല്ലാം വായിച്ചും ചോദിച്ചും അറിഞ്ഞ വിവരങ്ങൾ വച്ചായിരുന്നു എല്ലാ പരിചരണവും. ആറ് മാസം കഴിഞ്ഞപ്പോൾ മുയലുകൾ പ്രസവിച്ചു. ഉണ്ടായ കുഞ്ഞുങ്ങളെ മുഴുവൻ അടുത്തുള്ളവർ വാങ്ങികൊണ്ടുപോയി. കൃഷി വിജയിച്ചു എന്ന് മനസ്സിലാക്കിയ അവർ കൃഷി ഒന്ന് വിപുലീകരിച്ചാലോ എന്നാലോചിച്ചു. അതിനായി കൂടുതൽ പണം വേണം. പെട്ടന്ന് കർഷകരെ എന്നും പ്രോത്സാഹിപ്പിക്കുന്ന കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിനെ കുറിച്ചാണ് അവർ ആലോചിച്ചത്. ബാങ്കിലെ പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാറിനെ പോയി കണ്ടു. സന്തോഷ്കുമാറിന്റെ പ്രോത്സാഹനവും ലഭിച്ചു, ബാങ്കിന്റെ വായ്‌പയും സുഭിക്ഷകേരളം പദ്ധതിയിൽ പെടുത്തി നൽകി. അങ്ങനെ കിട്ടിയ രണ്ട് ലക്ഷം രൂപയുമായി കൂടുതൽ വിപുലമായി കൂടൊരുക്കി. ഇത്തവണ അരുൺ ദാസിന്റെ വീട്ടിലാക്കി കൂട്. വൈറ്റ് ജയന്റ്, സോവിയറ്റ് ചിഞ്ചില എന്നീ ഇനങ്ങൾക്കൊപ്പം നാല് അംഗോറകളെയും വാങ്ങി. ഇതിൽ 20 എണ്ണത്തിനെ ആദ്യം ഇണ ചേർത്ത്. 30 ദിവസമാണ് ഗർഭകാലം. 100 കുഞ്ഞുങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. മുൻകൂർ ബുക്കിങ്ങുള്ളതിനാൽ കുഞ്ഞുങ്ങളെ വിൽക്കാനുണ്ട് എന്ന പരസ്യമൊന്നും വേണ്ട. മുയൽ കൃഷിയിൽ വിജയിക്കാനായത് കൂടുതൽ കൂടുതൽ ഇനങ്ങളുമായി കൃഷി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ഈ മൂവർ സംഘം.
English Summary: A rabbit farming success story during the lockdown.
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments