<
Features

കൃഷി നഷ്ടമായതിന്റെ പൊള്ളുന്ന കഥയുമായി പ്രദീപ് നന്മ

പ്രദീപ്  ഏത്തന് കോയ്ത്തിന് ശേഷം
പ്രദീപ് ഏത്തന് കോയ്ത്തിന് ശേഷം

കേരളമൊട്ടാകെ ഒരു ലക്ഷം വേപ്പിന്‍ തൈ വച്ചുപിടിപ്പിക്കുക എന്ന യത്‌നവുമായി മുന്നോട്ടുപോകുന്ന നന്മ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി പ്രദീപ് ഒരു യുവ കര്‍ഷകനാണ്. ഇപ്പോള്‍ കൃഷി ഉപേക്ഷിച്ച് ഇനി എന്ത് എന്ന ചിന്തയിലേക്ക് പ്രദീപ് എത്തിയ കഥ ഇങ്ങനെ.

വിഷം കലര്‍ന്ന പച്ചക്കറിയില്‍ നിന്നും കുറച്ചെങ്കിലും ആശ്വാസമാകട്ടെ എന്നു കരുതി ജൈവകൃഷിയിലേക്കിറങ്ങിയ കര്‍ഷകനാണ് പ്രദീപ്. പയറും വെള്ളരിയുമൊക്കെ ആദ്യം എഴുപത് ശതമാനം ജൈവവും 30 ശതമാനം രാസവളവും എന്ന നിലയിലായിരുന്നു കൃഷി.പിന്നീട് പൂര്‍ണ്ണമായും ജൈവകൃഷിയായി. ജൈവകൃഷി നടത്തുമ്പോള്‍ ഉത്പ്പന്നത്തിന് രാസവളമിട്ടു വളര്‍ത്തിയ ഉത്പ്പന്നത്തിന്റെ മുഴുപ്പും ഭംഗിയും ഉണ്ടാകില്ല. കീടനാശിനി പ്രയോഗിക്കാത്തതിനാല്‍ ചെറിയ തോതിലെങ്കിലും കീടശല്യത്തിന്റെ അടയാളവും കാണും. ഈ ഉത്പ്പന്നം എടുക്കാന്‍ കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മടിയാണ്. ജൈവം ഇന്നേറെ തെറ്റിദ്ധരിക്കപ്പെടുന്ന പദമാണ്. പലരും പറ്റിക്കുകയോ പറ്റിക്കപ്പെടുകയോ ചെയ്യുന്ന കമ്പോളം. നമുക്ക് ജൈവകൃഷി സര്‍ട്ടിഫിക്കേഷന് അനുയോജ്യമായ ഒരു ലാബ് ആവശ്യമാണ്, പ്രദീപ് പറയുന്നു. കാറില്‍ പച്ചക്കറിയുമായി ശംഖുമുഖത്തും മെഡിക്കല്‍ കോളേജിലും പട്ടത്തുമൊക്കെ വന്നിട്ടുണ്ട് പ്രദീപ്. മാക്‌സ് ലൈഫില്‍ താത്ക്കാലിക ജോലിയുള്ളപ്പോള്‍ അവിടത്തെ ജീവനക്കാര്‍ ജൈവപച്ചക്കറി വാങ്ങുമായിരുന്നു.

 

പ്രദീപ് വാഴത്തോട്ടത്തില്‍
പ്രദീപ് വാഴത്തോട്ടത്തില്‍

ജൈവവാഴകൃഷിയിലാണ് പ്രദീപിന് അടിപറ്റിയത്. പാട്ടത്തിനെടുത്ത ആറേക്കര്‍ പറമ്പില്‍ അയ്യായിരം വാഴകളുണ്ടായിരുന്നു. നട്ട് രണ്ടുമാസം കഴിഞ്ഞപ്പോള്‍ കഠിനമായ വെയില്‍ വന്നു. മൂന്ന് മാസം കഴിഞ്ഞ് തോരാമഴയും. ചാണകവും വേപ്പിന്‍ പിണ്ണാക്കുമിട്ടായിരുന്നു കൃഷി. കുറേ വാഴകള്‍ക്ക് രോഗവും ബാധിച്ചു.വാഴക്കന്നില്‍ നിന്നും വന്നതാണ് രോഗം. മാര്‍ത്താണ്ഡത്ത് തോട്ടത്തില്‍ പോയി പരിശോധിച്ച് വാങ്ങിയതാണ്. എന്നിട്ടും അക്കിടിപറ്റി. തടപ്പുഴുവിന്റെ ആക്രമണമുണ്ടായി . അത് മേന്മ ഉപയോഗിച്ച് പരിഹരിച്ചു. മിത്രനികേതന്‍ കെവികെ നല്ല പിന്‍തുണ നല്‍കി. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കോറാജനും എക്കാലക്‌സുമൊക്കെയാണ് ശുപാര്‍ശ ചെയ്തത്. പക്ഷെ രാസകീടനാശിനി ഉപയോഗിച്ചില്ല. 9 കിലോ ശരാശരി തൂക്കം വരുന്ന കുലകള്‍ കിട്ടി. 13-14 കിലോ ഒക്കെ വരും ഫാക്ടഫോസും ഒക്കെ ഉപയോഗിച്ചാല്‍.

 

വാഴത്തോപ്പിന്‍റെ മറ്റൊരു ദൃശ്യം
വാഴത്തോപ്പിന്‍റെ മറ്റൊരു ദൃശ്യം

മാര്‍ക്കറ്റില്‍ കിലോയ്ക്ക് 26-30 രൂപയാണ് കിട്ടിയത്. ഒരു മൂട് ഏത്തന്‍ നട്ടുപാകമാകുമ്പോള്‍ കുറഞ്ഞത് 230 രൂപ ചിലവ് വരും. വിഎഫ്പിസികെ വിപണിയില്‍ പോലും നല്ല വില കിട്ടിയില്ല. ഹോര്‍ട്ടികോര്‍പ്പ് സഹായവും കിട്ടിയില്ല. പാട്ടത്തുക കൊടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. 5 ലക്ഷമാണ് വാഴകൃഷിയിലൂടെയുണ്ടായ നഷ്ടം. നാല് മാസമായി ഒരു കൃഷിയും ചെയ്യുന്നില്ല. പാട്ടത്തിനെടുത്ത സ്ഥലങ്ങള്‍ തരിശായി കിടക്കുന്നു. ഉടമയ്ക്ക് പാട്ടം കൊടുത്തേകഴിയൂ. എങ്ങിനെ കൊടുക്കും ?

സമൃദ്ധമായ കപ്പകുല
സമൃദ്ധമായ കപ്പകുല


പ്രദീപിന്റെ നിരീക്ഷണങ്ങള്‍
1. ജൈവകൃഷിയിലൂടെ കര്‍ഷകര്‍ ഉണ്ടാക്കുന്ന ഉത്പ്പന്നങ്ങള്‍ ന്യായവില നല്‍കി സര്‍ക്കാര്‍ അംഗീകൃത ഇക്കോഷോപ്പുകള്‍ വഴി കച്ചവടം ചെയ്യണം.
2. ജൈവകൃഷി സര്‍ട്ടിഫിക്കേഷനും ടെസ്റ്റിംഗ് ലാബും ഉണ്ടാവണം
3. ഹോര്‍ട്ടികോര്‍പ്പ് കേരളത്തിലെ കര്‍ഷകന്റെ മുഴുവന്‍ ഉത്പ്പന്നങ്ങളും വാങ്ങുന്ന രീതി നടപ്പാക്കണം
4. കീടാക്രമണം ഉള്‍പ്പെടെയുള്ള വിളനാശത്തിന് ന്യായമായതും വേഗത്തില്‍ ലഭ്യമാകുന്നതുമായ വിള ഇന്‍ഷുറന്‍സ് ഉറപ്പാക്കണം
5.ചിങ്ങമാസത്തില്‍ പ്രാദേശികമായി കര്‍ഷകനെ ആദരിക്കുന്ന ചടങ്ങ് അര്‍ഹരായവരെ കണ്ടെത്തി നല്‍കുന്ന രീതി നിലവില്‍ വരണം. ഇപ്പോള്‍ ആദരിക്കണം എന്നു കാണിച്ച് അപേക്ഷ നല്‍കുന്നവരെയാണ് പരിഗണിക്കുന്നത്. ഇത് ആദരവല്ല, അനാദരവാണ്
6. സബ്‌സിഡി കൂടുതലും അനര്‍ഹര്‍ക്കാണ് പോകുന്നത്. സബ്‌സിഡി അര്‍ഹര്‍ക്ക് മാത്രമായി ലഭിക്കണം
7. ആവശ്യമില്ലാത്തവര്‍ക്കുപോലും വിത്ത് വിതരണം ചെയ്ത് ടാര്‍ജറ്റ് തികയ്ക്കുന്ന സംവിധാനം അവസാനിപ്പിക്കണം. വിത്തിന് നല്‍കുന്ന നെല്ലും പയറുമൊക്കെ ഭക്ഷണമാക്കി ഉപയോഗിച്ച് പലര്‍ക്കും ഭക്ഷ്യവിഷബാധ എല്‍ക്കുകപോലും ഉണ്ടാകുന്നു. ശക്തമായി നിരീക്ഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്. ( പ്രദീപിന്റെ നമ്പര്‍--9847084229)

 


English Summary: A story of an young farmer who burned his hand in banana cultivation

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds