Features

കാര്‍ഷിക പരിഷ്‌ക്കരണത്തിന്റെ ഓര്‍മ്മയില്‍

മലയാളികളുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഏറ്റവും നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിയ രാഷ്ട്രീയ നേതാവാണ് ഇ. ചന്ദ്രശേഖരന്‍ നായര്‍. അദ്ദേഹം ഭക്ഷ്യമന്ത്രിയായിരിക്കുമ്പോഴാണ് കേരളത്തില്‍ മാവേലി സ്റ്റേറുകള്‍ തുടങ്ങിയത്. 1957 ല്‍ ഭൂപരിഷ്‌ക്കരണം കൊണ്ടുവന്ന ആദ്യ നിയമസഭയില്‍ തന്നെ അംഗമായിരുന്ന ഈ കമ്യൂണിസ്റ്റ് നേതാവ് കേരളത്തിലെ അഴിമതിയുടെ കറപുരളാത്ത ഏറ്റവും സത്യസന്ധനായ ജന നേതാവാണ്. ഭക്ഷ്യം, സിവില്‍ സപ്ലൈസ്, നിയമം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെ മന്ത്രി എന്ന നിലയില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുളള  ഇ. ചന്ദ്രശേഖരന്‍ നായര്‍, കൃഷിയും കൊയ്ത്തും ഒക്കെ നിറഞ്ഞുനിന്ന തന്റെ കൃഷിഓര്‍മ്മകള്‍ കൃഷിജാഗ്രൻ മാസികയുമായി പങ്കുവെച്ചത് .  

പണ്ട് കൃഷിഭൂമി കര്‍ഷകരുടെ കൈയിലായിരുന്നു. അവര്‍ കൃഷിക്കാരല്ല, പാട്ടക്കാരായിരുന്നു. 40 ഏക്കര്‍ ഭൂമിയാണ് എന്റെ തറവാട്ടില്‍ കൃഷിക്കായി ഉണ്ടായിരുന്നത്. അതില്‍ കൃഷി ചെയ്തിരുന്നതും പാട്ടക്കുടിയാന്മാരായ കൃഷിക്കാരായിരുന്നു. അന്ന് ജന്മി-കുടിയാന്‍ വ്യവസ്ഥയില്‍ കൃഷിക്കാര്‍ കുടികിടപ്പുകാരായിരുന്നു. കൃഷിചെയ്യുന്ന കുടിയാന്മാര്‍ ജന്മിക്ക് പാട്ടം കൊടുത്തുകഴിഞ്ഞാല്‍ കൈയില്‍ കാര്യമായൊന്നും ഉണ്ടാവില്ല. 1957 ല്‍ ഒഴിപ്പിക്കല്‍ നിരോധന നിയമം വന്നതോടെയാണ് അതിന് വ്യത്യാസം വന്നത്. അതോടെ കുടിയാന്മാര്‍ക്ക് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ താല്പര്യമായി. 
കാലക്രമേണ കൃഷിയില്‍ നാണ്യവിളകള്‍ക്ക് പ്രാധാന്യമേറി. തെങ്ങും റബ്ബറും വ്യാപകമായി. അന്നുണ്ടായിരുന്ന കശുമാവ് കൃഷിയും മരച്ചീനി കൃഷിയും പതുക്കെ പതുക്കെ കുറഞ്ഞുതുടങ്ങി. താമസിയാതെ ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങള്‍ കൃഷിരംഗത്ത് വന്നുതുടങ്ങിയതോടെ കൃഷിയില്‍ ഉല്പാദനം വര്‍ദ്ധിച്ചു. എന്നാല്‍ നമ്മുടെ കൃഷിയില്‍ അപ്പോഴും ഇപ്പോഴും വളരെ ശാസ്ത്രീയമായി സാദ്ധ്യതകള്‍ ഉപയോഗിക്കാനുളള ശ്രമം നടന്നിട്ടില്ല. 

കൃഷിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ പലതും നിറവേറ്റപ്പെടുന്നില്ല എന്നതാണ്. പ്രധാനമായും വിളനാശം വന്നാല്‍ അതിന്റെ ധന നഷ്ടം നികത്താന്‍ അവര്‍ക്ക് ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ വേണം. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാനുളള സംവിധാനം വേണം. കാര്‍ഷിക ഉല്പന്നങ്ങള്‍ ഉപയോഗിച്ചുളള ഉല്പാദന വ്യവസായങ്ങള്‍ ഉണ്ടാകണം. മാത്രമല്ല, ഉല്പന്നം ശേഖരിക്കാന്‍ പ്രാദേശികമായി കുടുംബശ്രീയെ നിയോഗിക്കാം. പ്രാദേശിക കര്‍ഷകരില്‍നിന്ന് ഇവര്‍ ശേഖരിക്കുന്ന പച്ചക്കറികളും മറ്റും സഹകരണ സംഘങ്ങളില്‍ സംഭരിക്കണം. ഇതിനായി സഹകരണ സംഘങ്ങളില്‍ ശീതസംഭരണി ഏര്‍പ്പെടുത്തിയാല്‍ നന്നായിരിക്കും. വിളവ് അധികമായി ഉണ്ടായാലും ഈ സംവിധാനമുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് നഷ്ടം വരില്ല. 

കേരളത്തിലെ കര്‍ഷകര്‍ നടത്തുന്ന ജലസേചനം വേണ്ടത്ര കാര്യക്ഷമമല്ല. 28 ശതമാനം ഭൂമിയിലേ ജലസേചന സൗകര്യം ഉളളൂ. അതുകൊണ്ട് ജലം സംഭരിക്കാനും സംഭരിക്കുന്ന ജലം കണികാജലസേചന സംവിധാനം ഉപയോഗിച്ച് നനയ്ക്കാനുളള മാര്‍ഗ്ഗവും ഒരുക്കണം. അങ്ങനെയായാല്‍ വിളവ് കൂടുതലുണ്ടാകും. മഴ കുറയുന്നു. പെയ്യുന്ന മഴവെളളമാകട്ടെ സംഭരിക്കാനുളള സംവിധാനമില്ല. വെളളം ഒലിച്ചുപോയി കായലിലും കടലിലും ചെന്ന ചേരുന്നു. മഴവെളളം പാഴാക്കാതെ സംഭരിക്കണം. സംഭരിച്ച മഴവെളളം പമ്പ്‌ചെയ്ത് കൃഷിയിടങ്ങളില്‍ എത്തിക്കണം. ഈ വെളളം ശുദ്ധീകരിച്ചാല്‍ കുടിവെളളത്തിനും ഉപയോഗിക്കാം. 

ഇപ്പോള്‍ ജനങ്ങള്‍ക്ക് ജൈവപച്ചക്കറി കൃഷിയില്‍ താല്പര്യമായിത്തുടങ്ങി. ധാരാളം ആളുകള്‍ വീടുകളിലും ഉളള ചെറിയ സ്ഥലങ്ങളിലും പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നു. പക്ഷേ, അവിടെയും പ്രശ്‌നം വേണ്ട വിധത്തില്‍ വില്പന നടത്താനുളള സംവിധാനം ഇല്ലാത്തതാണ്. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടണം. 

പണ്ടത്തെ കൃഷിരീതിയില്‍ നിന്ന് ഇന്നത്തെ കൃഷിരീതിക്ക് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അന്ന് പരിപൂര്‍ണ്ണമായ ജൈവവളപ്രയോഗമാണ് ഉണ്ടായിരുന്നത്. രാസവളങ്ങളും രാസ കീടനാശിനികളും ഉപയോഗിച്ചിരുന്നില്ല. നെല്‍ക്കൃഷിയിലും മറ്റും കീടാക്രമണവും കുറവായിരുന്നു. 

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഭക്ഷ്യസുരക്ഷ. അത് പരിഹരിക്കണമെങ്കില്‍ കാര്‍ഷികോല്പാദനം ഗണ്യമായി വര്‍ദ്ധിക്കണം. ജനങ്ങള്‍ കൂടുതലായി കൃഷിയിലേക്ക് വരണം. പുതിയ തലമുറ ഇന്ന് കൃഷിയിലേക്ക് വരുന്നുണ്ട്. സ്‌കൂളുകളിലും മറ്റും വിദ്യാര്‍ത്ഥികള്‍ കൃഷിചെയ്യുന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. ഇത് കാര്‍ഷികമേഖലയില്‍ ഉണ്ടാകുന്നത് ഒരു ഉണര്‍വ്വിന്റെ ലക്ഷണമാണ്.
എം .ടി  ധന്യ 

Share your comments