Features

വൈഗ 2018; കുളവാഴയിൽ വിസ്മയമൊരുക്കി ആലപ്പുഴ എസ്.ഡി കോളേജിന്റെ സ്റ്റാൾ

kulavaazha
പ്രളയാനന്തരം ജലാശങ്ങളിൽ അടിഞ്ഞു കൂടിയ കുളവാഴയും പായലും നീക്കം ചെയ്യാൻ ചെലവ് കുറഞ്ഞ രീതിയുമായി ആലപ്പുഴ എസ്.ഡി. കോളേജ്. കുളവാഴ നീക്കാന്‍ ലക്ഷക്കണക്കിന് രൂപ വെള്ളത്തിലൊഴുക്കുന്നതിനുപകരം അതുപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തീർത്താണ് ആലപ്പുഴ എസ്.ഡി. കോളേജിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ അക്വാട്ടിക് റിസോഴ്സ് വിഭാഗം ശ്രദ്ധയാകാർഷിച്ചത്. സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന വൈഗ 2018 - മൂന്നാമത് അന്താരാഷ്ട്ര കാർഷികശില്പശാലയും പ്രദർശനവും-എന്നതിലാണ് പുതുമയും വ്യത്യസ്തമാർന്നതുമായ  എസ്.ഡി. കോളേജിന്റെ സ്റ്റാൾ പ്രദർശിപ്പിച്ചിരിക്കുന്നത്‌.  കുളവാഴ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. 

മുട്ട വയ്ക്കാനുപയോഗിക്കുന്ന ട്രേ മുതൽ മ്യൂറൽ പെയിന്റിങ് ചെയ്യാൻ കഴിയുന്ന ക്യാൻവാസ് വരെ പ്രദർശനത്തിനുണ്ട്. എത്ര വലിയ ശബ്ദം പോലും കടത്തിവിടാൻ കഴിയാത്ത തരത്തിൽ നിർമ്മിച്ചിരിക്കുന്ന സൗണ്ട് അബ്സോർബിങ്ങ് ബോർഡ്, പാത്രങ്ങൾ, മീനുകൾക്കുള്ള ഭക്ഷണം, ജൈവവളമായി മാറ്റാവുന്ന ചെടിച്ചെട്ടികൾ, പ്രകൃതിദത്തമായ പെയിന്റ്,  എന്ന് വേണ്ട മുൻ രാഷ്ട്രപതി എ. പി.ജെ. അബ്ദുൾ കലാമിന്റെ ശിൽപ്പം വരെ പുതുമ നിറഞ്ഞതായി.

ജലാശയങ്ങൾ അധികമായ സ്ഥലങ്ങളിലെ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോൾ കുളവാഴ, ആഫ്രിക്കൻ പായൽ എന്നിവയിൽ നിന്ന് വികസിപ്പിച്ചെടുക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രസക്തി കൂടും. പ്രളയത്തിൽ അടിഞ്ഞു കൂടിയ വസ്തുക്കൾ നീക്കം ചെയ്യുക മാത്രമല്ല, ഗ്രാമീണമേഖലയിലുള്ളവർക്ക് ഇതൊരു സ്വയംതൊഴിലുമാവുമെന്ന് കോളജിൽ ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന അസോസിയേറ്റ് പ്രഫ. ജി. നാഗേന്ദ്ര പ്രഭു. എഗ്ഗ് ട്രേ ഉൾപ്പടെയുള്ള വസ്തുക്കൾ പ്ലാസ്റ്റിക്ക് കൊണ്ടു നിർമ്മിക്കുമ്പോൾ ശരിയായ സംസ്‌കരണം ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ കുളവാഴ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ ഉൽപ്പന്നങ്ങൾ ജൈവികമായി നശിപ്പിക്കപ്പെടുന്നവയാണ്. ഇത് ഇവയുടെ സാധ്യത ഇരട്ടിയാക്കുന്നു. മൃദുവായ ഉൽപ്പന്നങ്ങൾ മുതൽ ദൃഢമായ ഉത്പന്നങ്ങൾ വരെ ഇങ്ങനെവികസിപ്പിച്ചെടുക്കാൻ കഴിയും. കുളവാഴ പള്‍പ്പാക്കിമാറ്റി അതുപയോഗിച്ച് കൗതുകവസ്തുക്കള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഫയല്‍ ബോര്‍ഡ്, ട്രേ തുടങ്ങിയവ നിര്‍മിക്കാം. ചാണകവറളിയുടെ കൂടെ കത്തിക്കാനായി ഉപയോഗിക്കാനും കൂണ്‍ വളര്‍ത്താന്‍ വൈക്കോലിനുപകരമായും ചെടി വളര്‍ത്താന്‍ പ്ലാസ്റ്റിക് ഗ്രോ ബാഗുകള്‍ക്ക് പകരമായും കുളവാഴ ഉത്പന്നങ്ങള്‍ ഉപയോഗിക്കാം. ഉത്പന്നങ്ങൾക്കനുസൃതമായിരിക്കും നിർമ്മാണചെലവ്.

ഇരുപത് വർഷം മുമ്പാണ് ഡോ.ജി. നാഗേന്ദ്രപ്രഭുവിന്റെ നേതൃത്വത്തിലുള്ള ടീം കുളവാഴയിൽ നിന്ന് അസംസ്‌കൃത വസ്തുക്കൾ എന്ന പരീക്ഷണത്തിന് തുടക്കമിടുന്നത്. 2011ൽ എസ്.ഡി കോളേജിൽ ജലവിഭവഗവേഷണ കേന്ദ്രം ആരംഭിച്ചതോടെ കൂടുതൽ സൗകര്യമൊരുങ്ങി. തുച്ഛമായ ചെലവിൽ ആർക്കും ഇത്തരം വസ്തുക്കൾ നിർമ്മിക്കാമെന്നതായതോടെ പ്രചാരമേറി. ആലപ്പുഴ നഗരസഭ, മുഹമ്മ പഞ്ചായത്ത്, കൊല്ലം കോർപ്പറേഷൻ, വിവിധ എൻ.ജി.ഒ കൾ എന്നിവയുടെ സഹകരണത്തോടെ പരിശീലനക്ലാസുകൾ ആരംഭിച്ചു. സാധാരണക്കാർക്കൊപ്പം അംഗപരിമിതർക്കും ആലപ്പുഴ സബ് ജയിൽ അന്തേവാസികൾക്ക് കൂടി പരിശീലനം നൽകുന്നുണ്ട്. പ്രദർശനങ്ങളിൽ നിന്ന് ലഭിക്കുന്ന തുക പരിശീലനത്തിനായി നീക്കി വെക്കുന്നു. കേരള സർക്കാരിന്റെ 2016 ലെ ഗ്രാമീണ സാങ്കേതിക വിദ്യ അവാർഡ് കോളേജിന്റെ ഈ പ്രോജക്ടിനായിരുന്നു. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേളിലെ മൂന്ന് എം.ടെക് വിദ്യാർത്ഥികൾ ഇവരുടെ പദ്ധതി മുൻനിർത്തി എക്കോലൂപ് 360 എന്ന പേരിൽ ഒരു ആപ്പും ആരംഭിച്ചിട്ടുണ്ട്.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox