1. Features

അമേരിക്കയിൽ ഇങ്ങനെയും ചില കർഷകരോ?-ഇത് അമിഷ് ജനതയുടെ ചരിത്രം

മൂന്നാം ലോകരാഷ്ട്രങ്ങളടക്കം വിവര സാങ്കേതിക വിദ്യയുടെ ചിറകിലേറി മുന്നോട്ട് കുതിക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ കമ്പോള മുതലാളിത്ത രാജ്യമായ അമേരിക്കയിൽ ഇന്നും നവീന ശാസ്ത്ര സാങ്കേതിക വിദ്യകൾ ഒന്നുംതന്നെ ഉപയോഗിക്കാത്ത, അതീവ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ഒരു ജനവിഭാഗം ഉണ്ട്. അവരത്രെ അമിഷ് (Amish ) ജനത.

Arun T
അമിഷ് (Amish ) ജനത
അമിഷ് (Amish ) ജനത

പ്രമോദ് മാധവൻ

മൂന്നാം ലോകരാഷ്ട്രങ്ങളടക്കം വിവര സാങ്കേതിക വിദ്യയുടെ ചിറകിലേറി മുന്നോട്ട് കുതിക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ കമ്പോള മുതലാളിത്ത രാജ്യമായ അമേരിക്കയിൽ ഇന്നും നവീന ശാസ്ത്ര സാങ്കേതിക വിദ്യകൾ ഒന്നുംതന്നെ ഉപയോഗിക്കാത്ത, അതീവ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ഒരു ജനവിഭാഗം ഉണ്ട്. അവരത്രെ അമിഷ് (Amish ) ജനത. ആശുപത്രികളെ ആശ്രയിക്കാതെ, വീടുകളിൽ തന്നെ പ്രസവിച്ചു, യന്ത്രങ്ങൾ ഒന്നും ഉപയോഗിക്കാതെ, കാളയേയും കുതിരയേയും ഉപയോഗിച്ച് കൃഷി ചെയ്ത് , ആധുനിക മോട്ടോർ വാഹനങ്ങളോ, ആധുനിക വൈദ്യശാസ്ത്ര രീതികളോ, മരുന്നുകളോ ഒന്നും ഉപയോഗിക്കാതെ തീർത്തും പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാണ് അമിഷ് ജനത. അമേരിക്കയിൽ ഏതാണ്ട് മൂന്നു ലക്ഷത്തിലധികം 'അമിഷന്മാർ' താമസിക്കുന്നു.

സ്വിസ്സ് - ജർമൻ ബന്ധങ്ങൾ ബന്ധങ്ങൾ അവകാശപ്പെടാവുന്ന, ക്രിസ്തീയ മതവിശ്വാസത്തിൽ പെടുന്നവരാണ് അമിഷ് ജനത. ലളിതമായ വസ്ത്രധാരണം, ജീവിത രീതികൾ പുത്തൻ സാങ്കേതിക വിദ്യകൾ സ്വീകരിക്കാനുള്ള വിമുഖത എന്നിവ ഇവരുടെ സവിശേഷതകൾ ആകുന്നു. അമേരിക്കയിലെ പെൻസിൽവേനിയ ഓഹിയോ, ഇൻഡ്യാന, കാനഡയിലെ ഒണ്ടേറിയോ ഇവിടങ്ങളിൽ ഇവരെ കാണാം. ഓരോ അമിഷ് കുടുംബത്തിലും ആറേഴു മക്കളെ കാണാം.വലിയ കുടുംബങ്ങളിൽ അവർ സന്തോഷം കണ്ടെത്തുന്നു. 1992നും 2017നും ഇടയ്ക്ക് അമേരിക്കൻ ജനസംഖ്യ വെറും 23 ശതമാനം മാത്രം വർധിച്ചപ്പോൾ അമിഷന്മാരുടെ എണ്ണം 149 ശതമാനം കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. അവർ കറണ്ട് ഉപയോഗിക്കാറില്ല, ടെലിഫോൺ സൗകര്യം, യന്ത്രവൽകൃത യാത്രാ വാഹനങ്ങൾ, ഫാഷനബിൾ ആയ വസ്ത്രങ്ങൾ, ആരോഗ്യ- ലൈഫ് ഇൻഷുറൻസ് എന്നിവയോടെല്ലാം മുഖം തിരിഞ്ഞു നിൽക്കുന്നു. കുടുംബ ഭദ്രതയ്ക്കും ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും മുന്തിയ പരിഗണന, കായികാധ്വാനത്തോട് കാട്ടുന്ന താല്പര്യം, വിനയം, സഹജീവി ബോധം, ദൈവവിശ്വാസം ഒക്കെ ആധുനിക സമൂഹത്തിന് അവരിൽ നിന്ന് പഠിക്കാം.

അമിഷ് വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാൻ പ്രവണതയുള്ള വരെ അവർ ഒഴിവാക്കുന്നു.എങ്കിൽ പോലും ഏതാണ്ട് 90% അമിഷ് കൗമാരക്കാരും, വിശ്വാസങ്ങൾക്ക്‌ അനുസരിച്ച് ജീവിക്കാൻ താല്പര്യമുള്ളവരാണെന്നത് നമ്മെ അത് അത്ഭുതപ്പെടുത്തും. എട്ടാം ക്ലാസ് ആകുമ്പോഴേക്കും അമിഷ് കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നിർത്തി ജീവിക്കാനുള്ള വിദ്യകളിലേക്ക് വഴിമാറും. വ്യക്തികേന്ദ്രീകൃത, മത്സരാധിഷ്ഠിത രീതികളിൽ നിന്നകന്ന് ശാന്തമായ ജീവിതം നയിക്കാൻ അവരി ഷ്ടപ്പെടുന്നു.

സ്വന്തം സമൂഹത്തിൽ നിന്നും മാത്രം വിവാഹം കഴിക്കുന്ന രീതി പിന്തുടരുന്നത് കൊണ്ട് ഇവരുടെ ഇടയിൽ ജനിതക വൈകല്യമുള്ള കുട്ടികളുടെ ശതമാനം അൽപം കൂടുതലാണ്. സാധാരണ അമേരിക്കക്കാരിൽ ഉള്ളതിനേക്കാൾ 37 ശതമാനം കുറവാണ് അമിഷന്മാരിൽ ഉള്ള ക്യാൻസർ നിരക്ക്. മറ്റുള്ളവരെക്കാൾ സൂര്യപ്രകാശം എൽക്കുന്നവർ ആണെങ്കിലും ത്വക് ക്യാന്സറും ഇവരിൽ വളരെ കുറവാണ്. പരന്ന തൊപ്പിയും നീണ്ട താടിയും കൈ മുഴുവൻ മറഞ്ഞുകിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഇവരെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കും. അവരുടെ ഇടയിൽ ആത്മഹത്യാ നിരക്കും അമേരിക്കൻ ശരാശരിയുടെ പകുതി മാത്രമാണ്. കുടുംബാസൂത്രണ മാർഗങ്ങൾ അവ ലംബിക്കുന്നതിൽ ഇവർ വൈമുഖ്യം കാണിക്കുന്നു. ഗർഭഛിദ്രത്തിനും അമിഷന്മാർ എതിരാണ്.

ഇനി അമിഷ് കൃഷിയിലേക്ക് വരാം.

അവരുടെ വിശ്വാസമനുസരിച്ച് കൃഷി ഏറ്റവും വിശുദ്ധമായ തൊഴിലാണ്. വളരെ കുറച്ചു മാത്രം ഊർജ്ജം ചെലവഴിച്ചു അവർ ഭേദപ്പെട്ട വിളവ് നേടുന്നു. കായികാധ്വാനത്തിലൂടെ മണ്ണിൽ പണിയെടുക്കുന്നതും കാലി- കോഴിവളർത്തലും ഒക്കെ ദൈവത്തിനൊപ്പം, ദൈവഹിതം പാലിക്കാൻ ഉള്ളതാണ് എന്ന് അവർ വിശ്വസിക്കുന്നു. അതുപോലെതന്നെ വിള പരിക്രമത്തിന്റെ(crop rotation ) പ്രാധാന്യം നന്നായി മനസ്സിലാക്കിയവരാണ് അമിഷന്മാർ. ചോളകൃഷി കഴിഞ്ഞാൽ ഓട്സ്, അതുകഴിഞ്ഞാൽ ഗോതമ്പ്, പിന്നെ സോയാബീൻ അങ്ങനെ. 1988 ലെ കണക്കനുസരിച്ച് ഒരു ശരാശരി അമേരിക്കൻ കർഷകന്റെ കൃഷിച്ചെലവ് ഏക്കർ ഒന്നിന് 393 ഡോളർ ആയിരുന്നപ്പോൾ അമിഷ് കർഷകന്റെ കൃഷിച്ചെലവ് വെറും 50 ഡോളർ ആയിരുന്നു.

ശാസ്ത്രത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്നത് നല്ലതാണോ മോശമാണോ എന്ന് വ്യക്തിനിഷ്ഠമായി വിലയിരുത്താം. എന്നാൽ പരിസ്ഥിതിക്ക് കേടുപറ്റാതെ ശാരീരിക അധ്വാനത്തിലൂടെ കൃഷി ലാഭകരമാകുന്നു എങ്കിൽ അമിഷന്മാരെ നമുക്കും മാതൃകയാക്കാം.

വാൽക്കഷ്‌ണം: ഇതുതന്നെയല്ലേ ശ്രീ സുഭാഷ് പലേക്കർ പറഞ്ഞ 'ചെലവില്ലാ കൃഷി'? പക്ഷേ ഇത് നടക്കണമെങ്കിൽ കായികാധ്വാനത്തിനു നമ്മൾ തയ്യാറാവണം എന്ന് മാത്രം. ലോകത്ത് വിയർപ്പ് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള കേരളീയർക്കു അമിഷന്മാരോട് ഒരുപക്ഷേ പുച്ഛം തോന്നിയേക്കാം ജീവിതാന്ത്യത്തിൽ, താൻ നയിച്ചത് ഒരു നല്ല ജീവിതമാണോ എന്ന് വിലയിരുത്തുമ്പോൾ കുറച്ചുകൂടി മൂല്യബോധത്തോടെ, പ്രകൃതിയോടിണങ്ങി, സമൂഹത്തിന് ഉതകുന്ന ആളായി ജീവിക്കാമായിരുന്നു എന്ന് പലർക്കും തോന്നാറുണ്ട്. പക്ഷെ അപ്പോഴേക്കും വൈകി പോയിട്ടുണ്ടാകാം.

"You live only once. But if you do it right, once is enough".

എന്നാൽ അങ്ങട്.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
കൊല്ലം ജില്ല
9496769074

English Summary: AMISH FARMERS WHO GO WITH TRADITIONAL FARMING

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds