Features

ആത്മ വിശ്വാസത്തിന്റെ കരുത്തില്‍ ആന്റണി

Antony

ഒരു തുണ്ടു ഭൂമി പോലും തരിശിടാന്‍ പാടില്ല എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം പ്രാവര്‍ത്തികമാക്കുന്ന കൃഷിക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത് പലപ്പോഴും പൈനാപ്പിള്‍ കര്‍ഷകരാണ്. വാണിജ്യ പൈനാപ്പിള്‍ കൃഷി ചെയ്യാന്‍ അവര്‍ ഏക്കറുകളോളം ഭൂമി പാട്ടത്തിനെടുത്ത് അവിടുത്തെ പ്രദേശവാസികളുടേയും പ്രാദേശിക ഭരണ സംവിധാനത്തിന്റെയും അനുമതിയോടെ പാട്ടക്കരാര്‍ കാലാവധിയില്‍ തന്നെ കൃഷി ചെയ്ത് വിളവെടുക്കുന്നു. ദുഷ്‌കരമായ ഈ ജോലി ചെയ്ത് വിജയം കണ്ടെത്തുകയാണ് 32 വര്‍ഷത്തിലേറെയായി കൃഷി ഒരു സപര്യ പോലെ കൊണ്ടു നടക്കുന്ന വാഴക്കുളം മുല്ലപ്പുഴച്ചാലിലെ വെട്ടിയാങ്കല്‍ വീട്ടില്‍ വി. പി. ആന്റണി. ഇദ്ദേഹത്തിന് 2016 ല്‍ 'പൈനാപ്പിള്‍ ശ്രീ' പുരസ്‌കാരം ലഭിച്ചതില്‍ ഒട്ടും അതിശയോക്തി ഇല്ല. നിലവില്‍ കോട്ടയം, അടൂര്‍, പത്തനംതിട്ട, തൊടുപുഴ ഇങ്ങനെ വിവിധ സ്ഥലങ്ങളില്‍ തരിശുകിടക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് പൈനാപ്പിള്‍ കൃഷി ചെയ്യുന്നു ആന്റണി.

പാട്ടക്കൃഷിയിലെ പൊല്ലാപ്പുകള്‍ നിരവധിയാണ്. ഇങ്ങനെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളാവും വിജയകഥകളേക്കാളേറെ അവര്‍ക്ക് പറയാനുണ്ടാവുക.സംസ്ഥാനത്തങ്ങോളമിങ്ങോളം തരിശുകിടക്കുന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കി ഫലഭൂയിഷ്ഠമാക്കി കാലാവധി കഴിഞ്ഞ് പിന്മാറുക എന്നതാണ് മിക്ക കര്‍ഷകരും ചെയ്യുന്നത്. തരിശുകിടന്ന ആ ഭൂമി കൃഷിയോഗ്യമാക്കി ആ സ്ഥലത്തെ പ്രധാന കൃഷി, ചിലപ്പോള്‍ റബ്ബര്‍, ചിലപ്പോള്‍ തെങ്ങ് അങ്ങനെയുള്ള കൃഷിയെ ആ കാലാവധിയില്‍ നോക്കി പരിപാലിച്ച്, ആ പ്രദേശത്തെയുള്‍പ്പെടെ ഒന്നു പച്ച പിടിപ്പിച്ചിട്ടാണ് പൈനാപ്പിള്‍ കര്‍ഷകര്‍ ആ സ്ഥലത്തു നിന്നും പിന്‍മാറുന്നത്. ചിലര്‍ ആ ഭൂമി വീണ്ടും പാട്ടത്തിനെടുക്കും കൃഷി ചെയ്യും. പറയാന്‍ വളരെ എളുപ്പം. എന്നാല്‍ ഇതിനു പിന്നിലെ ചുവപ്പുനാടകളും മനുഷ്യ പ്രയത്‌നവും അത്ര എളുപ്പമല്ല. ശ്രീ. ആന്റണിക്ക് പറയാനുള്ളതും തന്റെ കാര്‍ഷിക ജീവിതത്തിലെ ഈ ദുര്‍ഘടവഴികളെക്കുറിച്ചാണ്.

എണ്ണപ്പനത്തോട്ടത്തിലെ പ്രതിസന്ധികള്‍
2016ല്‍ കൊല്ലം അഞ്ചലില്‍ ഓയില്‍ പാം ഇന്ത്യയുടെ സ്ഥലത്ത് ആന്റണി പൈനാപ്പിള്‍ കൃഷി ചെയ്യാനായി 3 വര്‍ഷത്തേയ്ക്ക്, ഓഗസ്റ്റ് സെപ്തംബറില്‍ ക്വട്ടേഷന്‍ വച്ചു എങ്കിലും അവര്‍ക്ക് എണ്ണപ്പനയുടെ പുതിയ തൈ നടാന്‍ പ്ലാറ്റ്‌ഫോം കെട്ടേണ്ടതിനാല്‍ നവംബറിലാണ് സ്ഥലം വിട്ടു കിട്ടിയത്. അപ്പോഴേക്കും മഴ മാറിയിരുന്നു. സാധാരണ കൃഷി സ്ഥലങ്ങളില്‍ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണിളക്കിയാണ് തൈ നടുക. എന്നാല്‍ സര്‍ക്കാരിന്റെ പാട്ട ഭൂമിയായ ഈ സ്ഥലത്ത് ഹിറ്റാച്ചി ഉപയോഗിക്കാന്‍ അധികൃതര്‍ സമ്മതിച്ചില്ല. മണ്ണൊലിപ്പുണ്ടാകും, എണ്ണപ്പനയ്ക്ക് ദോഷമാകും തുടങ്ങി തടസവാദങ്ങള്‍. അതിനാല്‍ ധാരാളം മനുഷ്യ പ്രയത്‌നവും മാസങ്ങളുമെടുത്തു സ്ഥലമൊന്ന് കൃഷിക്കനുയോജ്യമാക്കാന്‍.

അധികൃതരാകട്ടെ മുറിച്ച മാറ്റാതെ അവശിഷ്ടങ്ങള്‍ വശങ്ങളില്‍ കൂട്ടിയിട്ടു. അതൊക്കെ മാറ്റി സ്ഥലം കയ്യില്‍ കിട്ടിയപ്പോള്‍ നിറയെ കാടുകയറിയ സ്ഥിതിയിലായിരുന്നു. പുളിയറ എന്ന സ്ഥലത്തു നിന്ന് സ്ത്രീ തൊഴിലാളികളെ കൊണ്ടുവന്ന് കാട് വെട്ടിത്തെളിച്ചെടുക്കാന്‍ കുറേ ദിവസം എടുത്തു. ഇങ്ങനെ കൃഷിയോഗ്യമാക്കി എടുത്തപ്പോഴേക്കും പാട്ടക്കരാര്‍ കാലാവധിയില്‍ കുറച്ചധികം നഷ്ടം വേറെ.
പിന്നീട് ചാണകവും വളവുമൊക്കെ കൊണ്ടുവന്ന് നിലമൊരുക്കി. വേനലായതിനാല്‍ കൃത്രിമമായി കുളമുണ്ടാക്കി നനച്ചാണ് കൃഷി ചെയ്തത്. കൂടുതല്‍ കരുതലോടെ നോക്കിയതിന്റെ ഫലമായി വിളവെടുത്ത കൈതച്ചക്കയ്ക്ക് തൂക്കം കൂടി. പക്ഷെ ആ സമയത്ത് വില കുറവായിരുന്നു. ഇതൊക്കെ ഈ കൃഷിക്കിടയില്‍ നേരിടുന്ന ചുരുക്കം ചില പ്രശ്‌നങ്ങള്‍ മാത്രം.

കൃഷി ലാഭവും നഷ്ടവും

ഒരു സ്ഥലത്ത് കൃഷി ചെയ്യാനായി നിലമൊരുക്കി വളമിട്ട് ഒന്നാം വര്‍ഷം വിളവെടുക്കുമ്പോള്‍ കിട്ടുന്ന ഫലം തൊണ്ണൂറു ശതമാനവും 'എ' ഗ്രേഡ് ആയിരിക്കും. എന്നാല്‍ രണ്ടാം വര്‍ഷം കിട്ടുന്ന ഫലം മുഴുവന്‍ 'എ' ഗ്രേഡ് ആവണമെന്നില്ല. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് അറുപത് ശതമാനമായിരിക്കും 'എ' ഗ്രേഡ്. ഇത് കുറച്ച് സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് ബാധകമല്ല. അവര്‍ക്ക് ചിലപ്പോള്‍ മുഴുവനും 'എ' ഗ്രേഡ് കിട്ടാം. രണ്ടാം വര്‍ഷ വിളവെടുപ്പില്‍ ഗ്രേഡ് വീണ്ടും കുറയും. മൂന്നാം വര്‍ഷം അത് നാല്‍പത് ശതമാനമായി കുറയും. ഗ്രേഡ് കുറയുന്നതനുസരിച്ച് വിലയും കുറയും. എല്ലാ തോട്ടത്തില്‍ നിന്നും 'എ' ഗ്രേഡ് ചക്ക കിട്ടണമെന്നുമില്ല. ഇങ്ങനെയാണ് കൃഷി യുടെ ലാഭനഷ്ടം കണക്കാക്കുന്നത്.

കേരളം-മികച്ച വിപണി

ദില്ലി ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേയ്ക്കാണ് കൂടുതലും പൈനാപ്പിള്‍ കയറ്റി അയക്കുന്നത്. ഇവിടേക്ക് പോകുന്നതു മുഴുവന്‍ 'എ' ഗ്രേഡ് ചക്കകളാണ്. എന്നാല്‍
കേരളമാണ് കൈതച്ചക്കയുടെ ഏറ്റവും നല്ല മാര്‍ക്കറ്റ് എന്നതില്‍ സംശയമില്ല. ഇവിടെയാണ് ഏറ്റവും കൂടുതല്‍ വില്പനയും വിലയും ലഭിക്കുക.പഴുത്ത ചക്കയ്ക്കാണ് കേരളത്തില്‍ മാര്‍ക്കറ്റ്. കേരളത്തില്‍ പ്രധാനമായും തിരുവന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് കൂടുതല്‍ വില്പന. ദില്ലിയിലും മറ്റും പോകുന്നത് പച്ച ചക്കയാണ്. 6 ദിവസം വണ്ടിയില്‍ ഇരിക്കണമെന്നതിനാല്‍ പച്ച ചക്കയേ കയറ്റി അയക്കാനാകൂ. ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന അയല്‍നാടുകളില്‍ മുന്‍പന്തിയില്‍ ദില്ലിയും ജയ്പൂരും തന്നെ.

കര്‍ഷക കൂട്ടായ്മ പ്രധാനം
വാണിജ്യ പൈനാപ്പിള്‍ കൃഷി നാട്ടില്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷമേ ആയിട്ടുള്ളൂ. വാഴക്കുളം കേന്ദ്രമായാണ് കൂടുതലും പൈനാപ്പിള്‍ കൃഷി തുടങ്ങിയത്. വാഴക്കുളത്തു നിന്ന് ദൂരെ സ്ഥലങ്ങളില്‍ പോയി കൃഷി ചെയ്തവരാണ് മിക്ക ആളുകളും. അവരുടെ കൃഷിയും അതിന്റെ വിജയവും കണ്ടിട്ടാണ് അതാതു പ്രദേശത്ത് ആളുകളും പൈനാപ്പിള്‍ കൃഷി ചെയ്ത് തുടങ്ങിയത്. അങ്ങനെ കേരളം മുഴുവനും കുറേശ്ശെ പൈനാപ്പിള്‍ കൃഷി തുടങ്ങി. ഇവരില്‍ മിക്കവരും വാഴക്കുളം കേന്ദ്രമാക്കിയ അസോസിയേഷനില്‍ അംഗങ്ങളാണ്. കൂടാതെ വാഴക്കുളത്ത് പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും ഉണ്ട്. ഫാര്‍മേഴ്‌സ് അസോസിയേഷനിലും മര്‍ച്ചന്റ്‌സ് അസോസിയേഷനിലും ഭാരവാഹിയുമാണ് ആന്റണി.

കര്‍ഷക പാരമ്പര്യം തുണയായി
കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആന്റണി ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞയുടന്‍ 1986 ല്‍ കൃഷിയിലേയ്ക്കിറങ്ങി. പിന്നീടിന്നു വരെ കൃഷി മാത്രമാണ് ജീവനും ജീവിതവും. മുഴുവന്‍ സമയ കൃഷിയുടെ തിരക്കില്‍ വീടുവിട്ടു നില്‍ക്കേണ്ടി വരുമ്പോഴും ഭാര്യ ആനിയാണ് വീടിന്റെ ചുമതലയും മക്കളുടെ പഠന കാര്യങ്ങളും ശ്രദ്ധിക്കുന്നത്. മൂത്ത മകള്‍ അന്ന ബാംഗ്ലൂരില്‍ എം.എസ്.സി ക്ക് പഠിക്കുന്നു. ഇളയ മക്കള്‍ പോളും മാനുവലും എറണാകുളത്തും മൂവാറ്റുപുഴയിലും ഡിഗ്രി പഠനത്തിലും.മുഴുവന്‍ സമയകര്‍ഷകനായതിനാല്‍ പൈനാപ്പിള്‍ കൃഷിയില്‍, മാത്രമൊതുങ്ങുന്നില്ല. റബ്ബര്‍, തെങ്ങ്, റംബൂട്ടാന്‍ തുടങ്ങിയവ ചെറിയ തോതില്‍ കൃഷി ചെയ്യുന്നു.

 


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox