Features

സസ്‌നേഹം അരീക്കാടന്‍ അസീസ്

ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെ മട്ടും ഭാവവും.... ഭൂനിരപ്പില്‍ നിന്ന് 300 അടി ഉയരം... മലപ്പുറം ജില്ലയിലെ രണ്ടാം ദിവസം യുവസംരംഭകനും കര്‍മ്മനിരതനും യുവകര്‍ഷകനുമായ അസീസിനെ കാണാനായിരുന്നു എന്റെ യാത്ര. എടയൂര്‍ കൃഷി ആഫീസര്‍ ശ്രീലേഖ നേരത്തെ അസീസിനെ വിളിച്ച് ഞങ്ങളുടെ വരവ് അറിയിച്ചിരുന്നു. കോഴിക്കുന്നിലേയ്ക്കുളള യാത്ര അവസാനിച്ചത് മലമുകളില്‍ നോക്കെത്താദൂരം പരന്നു കിടക്കുന്ന വിസ്തൃതവിശാലമായ പുല്‍ത്തോട്ടത്തിലായിരുന്നു.

ഒരാള്‍പൊക്കത്തില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന വിശാലമായ തീറ്റപ്പുല്‍ തോട്ടം. മീനച്ചൂട് കത്തിനില്‍ക്കുകയാണെങ്കിലും കോഴിക്കുന്നില്‍ കാലാവസ്ഥ അത്ര അസഹ്യമായിരുന്നില്ല. മുന്നൂറടി ഉയരത്തിന്റെ മേന്മ. മാത്രമല്ല മാനം കറുത്താല്‍ അവിടമാകെ ചൂട് വളരെ കുറഞ്ഞ് നല്ല തണുത്ത കാറ്റ് വീശാനും തുടങ്ങും. ഞാന്‍ ചെല്ലുമ്പോള്‍ സുമുഖനായ അസീസ് ഡയറീഫാമില്‍ പൂവാലികളെ പരിചരിക്കുന്ന തിരക്കിലായിരുന്നു.

രണ്ടു വര്‍ഷമായി അസീസും ജ്യേഷ്ഠന്‍ കുഞ്ഞിമൊയ്തീനും കൂടെ കോഴിക്കുന്നിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തുടങ്ങിയിട്ട്. 'തൃക്കണാപുരം ക്ഷേത്രമാണ് ഇവിടെയടുത്ത്. ഒരു വലിയ കുളം ഉണ്ടായിരുന്നു ഇവിടെ.... ധാരാളം കാട്ടുകോഴികള്‍ ഉണ്ടായിരുന്ന സ്ഥലം.... കോഴിക്കുളം എന്നായിരുന്നു അതിന്റെ പേര്.... കുളക്കോഴികളുടെ സൈ്വരവിഹാരകേന്ദ്രം.... ഇപ്പോള്‍ അത് അമ്പലക്കുളമാണ്. കോഴിക്കുളത്തിന്റെ അടുപ്പം തന്നെയാവണം ഈ കുന്നിന് 'കോഴിക്കുന്ന്' എന്ന് പേര് കിട്ടാനും കാരണം.....'

azeez

കോഴിക്കുന്നിന്റെ ചരിത്രം പറഞ്ഞ് ഞങ്ങള്‍ വര്‍ത്തമാനം തുടങ്ങി. പശുവിനെയും എരുമയെയും ഒക്കെ ധാരാളം വളര്‍ത്തിയിരുന്ന കര്‍ഷകകുടുംബത്തിലാണ് അസീസിന്റെയും ജനനം. കുടുംബത്തിന്റെ നിത്യനിദാനച്ചെലവുകള്‍ക്ക് ആ മിണ്ടാപ്രണികളായിരുന്നു ആശ്രയം. കൂടാതെ നെല്‍കൃഷിയും മറ്റും പ്രവാസിയായിരുന്ന ജ്യേഷ്ഠന്‍ കുഞ്ഞിമൊയ്തീന്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ വകയായ കോഴിക്കുന്നിലെ മൂന്നേകാല്‍ ഏക്കര്‍ സ്ഥലം തീറ്റപ്പുല്‍ വളര്‍ത്താനും കന്നുകാലി പരിപാലനത്തിനുമായി നീക്കി വയ്ക്കുന്നത്.

ഇതില്‍ രണ്ടേക്കറും ഹരിതാഭമായ തീറ്റപ്പുല്‍ തോട്ടം തന്നെ. 60 സെന്റ് സ്ഥലത്ത് ഡയറീ ഫാമും. കേരളത്തിലെ കാലാവസ്ഥയില്‍ കൃഷിയിറക്കാന്‍ യോജിച്ച അധിക വിളവു തരുന്ന സി.ഓ-5 തീറ്റപ്പുല്ലാണിവിടെ. തണ്ട് കരിമ്പു പോലെ മധുരമുളളതായതിനാല്‍ കാലികള്‍ക്കും പ്രിയങ്കരം. രോഗകീടബാധകളും ഇല്ല. ഒരു കടയ്ക്ക് 75 പൈസ വീതം നല്‍കി കെ. എല്‍. ഡി ബോര്‍ഡിന്റെ ധോണി ഫാമില്‍ നിന്നാണ് സി.ഓ-5 തീറ്റപ്പുല്ല് കൃഷിയ്ക്ക് വാങ്ങിയത്. 

കിടാരികള്‍ ഉള്‍പ്പെടെ ആകെ 85 പശുക്കള്‍. ഇതില്‍ 25 എണ്ണം ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍. കൂടാതെ ഗിര്‍, ജഴ്‌സി എന്നിവ വേറെയും. തമിഴ്‌നാട്ടിലെ ഈറോഡ് മാര്‍ക്കറ്റിലും ബാംഗ്ലൂരും നിന്നാണ് പശുക്കളെ വാങ്ങിയത്. 'കാലിവളര്‍ത്തലില്‍ ഏറ്റവും ശ്രദ്ധവയ്‌ക്കേണ്ടത് തീറ്റക്കാര്യത്തിലാണ്. പച്ചപ്പുല്ല് തന്നെയാണ് പ്രധാനം.... തീറ്റ നല്‍കുമ്പോള്‍ യൂറിയ അധികമുളള തിരിത്തീറ്റ നല്‍കാറില്ല... ഇപ്പോള്‍ കൊടുക്കുന്നത് തെല്ല് വിലകൂടുതലാണെങ്കിലും ഗോദ്‌റെജിന്റെ തീറ്റയാണ്... അതില്‍ യൂറിയ കുറവാണെന്ന് പറയുന്നു... പുറമേ തീറ്റപ്പുല്ലും ചോളവും.....'

azeez farm

അസീസ് പറഞ്ഞു. രണ്ടു നേരമാണ് കറവ; രാവിലെയും വൈകുന്നേരവും. ഒരു പശുവില്‍ നിന്ന് രണ്ടു നേരവും കൂടെ 15-16 ലിറ്റര്‍ പാല്‍ കിട്ടും. ആകെ ഒരു ദിവസം 350-400 ലിറ്റര്‍ പാല്‍, ദിവസവും മുന്നൂറോളം വീടുകളില്‍ പാല്‍ നേരിട്ടെത്തിക്കുന്നത് പതിവു ദിനചര്യ. പ്ലാസ്റ്റിക് കവറുകള്‍ പാടേ ഒഴിവാക്കി നല്ല സ്ഫടിക കുപ്പിയിലാണ് അസീസിന്റെ പാല്‍ വില്‍പന. പ്രകൃതി സൗഹൃദ വില്പനരീതി. ലിറ്ററിന് 60 രൂപയാണ് ഓര്‍ഗാനിക് മില്‍ച്ചിന്റെ വില.100 ശതമാനവും ഗുണമേന്മയും പരിശുദ്ധിയും ഉറപ്പാക്കിയ പാല്‍ അരീക്കാടന്‍സ് ഓര്‍ഗാനിക് മില്‍ച്ച് ഡയറീ ഫാമിന്റെ പിക്കപ്പില്‍ എല്ലായിടത്തും മുടങ്ങാതെ എത്തിച്ചേരും. കറന്നെടുത്ത് ഒരു മണിക്കൂറിനുളളില്‍ ഉപഭോക്താവിന് നേരിട്ട് വീട്ടിലെത്തിക്കുന്നു. നേരം പരപരാ വെളുക്കുമ്പോള്‍ തന്നെ ഓര്‍ഗാനിക് മില്‍ച്ച് തയ്യാര്‍. വളാഞ്ചേരിയിലും പൂക്കാട്ടിരി പ്രദേശങ്ങളിലുമെല്ലാം ഓര്‍ഗാനിക് മില്‍ച്ചിന്റെ നറുംപാലുമായി എത്തുന്ന പിക്കപ്പ് ആളുകള്‍ക്ക് നയനാനന്ദകരമായ കാഴ്ചയാണിന്ന്. വളാഞ്ചേരി കണികണ്ടുണരുന്ന നന്മ; അതാണ് ഇവിടുത്തുകാര്‍ക്ക് അരീക്കാടന്‍സ് മില്‍ച്ച്. ഒരു നല്ല ദിവസത്തിന്റെ മേന്മയേറിയ തുടക്കവും. കൂടാതെ മില്‍മയ്ക്കും പാല്‍ നല്‍കുന്നുണ്ട്. 

വളാഞ്ചേരിയിലും ചുറ്റുവട്ടത്തും ജൈവ പാല്‍ എന്ന ആശയം പ്രചരിപ്പിക്കുന്നതില്‍ അസീസിന്റെ പങ്ക് വളരെ നിര്‍ണായകമാണ്. പാല്‍ ഉല്പാദനത്തിലും വിതരണത്തിലും മാത്രം ഒതുങ്ങുന്നില്ല അസീസിന്റെ പ്രവര്‍ത്തന വൈവിധ്യം. ചാണകം പിഴിഞ്ഞ് വെളളം എടുത്ത് സ്ലറിയാക്കിയതും പശുക്കളുടെ ചാണകവും മൂത്രവും കലര്‍ന്ന സ്ലറി പ്രത്യേക ബാരലിലാക്കിയതും വില്‍ക്കുന്നുണ്ട് ഇവിടെ. ഒരു ബാരലില്‍ സ്ലറിയ്ക്ക് 200 രൂപയാണ് വില. 'ഗ്രീന്‍ കൈരളി' എന്നാണ് ഇതിനു പേര്. കൂടാതെ പഞ്ചഗവ്യവും തയ്യാറാക്കുന്നു.

ചാണകം പൊടിയാക്കുന്ന യന്ത്രം അരീക്കാടന്‍സ് ഡയറി ഫാമിലുണ്ട്. ചാണകം ഉണക്കിപ്പൊടിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നു. ഒരു ടിന്‍ ചാണകപ്പൊടിയ്ക്ക് 30-35 രൂപ വരെ ലഭിക്കും. കൂടാതെ  50 കിലോ, 10 കിലോ പാക്കറ്റുകളിലും വില്‍ക്കുന്നു. ഇതിനും ആവശ്യക്കാര്‍ ഏറെ. ജൈവകൃഷിയിലേക്ക് ചുവടുമാറ്റിയ കര്‍ഷകര്‍ക്ക് അസീസിന്റെ വിവിധ ജൈവവളങ്ങള്‍ വലിയ സഹായമാണ്. 

' കൃഷിയാവശ്യങ്ങള്‍ക്ക് ധാരാളം പേര്‍ ഇവിടെ നിന്ന് സ്ലറിയും ചാണകപ്പൊടിയും ഒക്കെ നിരന്തരം വാങ്ങിപ്പോകാറുണ്ട്.....' 

അസീസ് പറയുന്നു. യന്ത്രത്തില്‍ പൊടിച്ചെടുക്കുന്നതിനാല്‍ ഫംഗസ്് ബാധ ഉണ്ടാകാറില്ല എന്ന അധികമേന്മയുമുണ്ടിതിന്. തണ്ട് നല്ല കട്ടിയുളള സി.ഓ 5 തീറ്റപ്പുല്ല് കൊത്തിയരിഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി പശുക്കള്‍ക്ക് കൊടുക്കാന്‍ ചാഫ് കട്ടറും ഫാമില്‍ സജ്ജീകരിച്ചിട്ടുണ്ട്. വെറും 30-40 മിനിട്ടുകൊണ്ട് ഒരു ടണ്‍ വരെ തീറ്റപ്പുല്ല് മുറിയ്ക്കാവുന്ന 'വിധാത' ചാഫ് കട്ടറാണിത്. കൂടാതെ പാല്‍ കൂടുതല്‍ കിട്ടുമെന്നതിനാല്‍ തന്റെ കന്നുകാലികളുടെ തീറ്റയില്‍ ചോളത്തിനും അസീസ് മുന്തിയ പ്രാധാന്യം നല്‍കിയിരിക്കുന്നു. ചോളമാകുമ്പോള്‍ കുല മൂക്കുന്നതിനു മുമ്പു തന്നെ തീറ്റയായി കൊടുക്കണം. കുല ചേര്‍ത്താണ് ചോളച്ചെടി തീറ്റ നല്‍കുക. 

കോഴിക്കുന്നിനു പുറമെ വളാഞ്ചേരി കാവുമ്പുറത്ത് നാലേക്കറില്‍ തീറ്റപ്പുല്ലും ഇരിമ്പിളിയത്ത് നാലേക്കറില്‍ ചോളവും വളര്‍ത്തുന്നുണ്ട്. ഇത് അധികവും പാട്ടത്തിനെടുത്ത സ്ഥലമാണ്. കൂടാതെ വലിയകുന്ന് അമ്പാളിലും മീന്‍പാറയും നെല്‍ക്കൃഷിയും.

പശുക്കള്‍ക്ക് പുറമെ അസീസ് ആടും എരുമയും വിത്തുകാളയുമൊക്കെയുണ്ട്. ഫാമില്‍ കറവയന്ത്രം ഉപയോഗിക്കുന്നതിനാല്‍ ഒരു സമയം എട്ട് പശുക്കളെ വരെ കറക്കാന്‍ കഴിയുന്നു.തീറ്റപ്പുല്ല്, ചോളം, ഗോദ്‌റേജ് വെജ് പെല്ലറ്റ് എന്നിവ കൂടാതെ കപ്പയും ബിയര്‍ വേസ്റ്റും അസീസ് കാലികള്‍ക്ക് തീറ്റയായി നല്‍കാറുണ്ട്. തൊഴുത്തില്‍ ചൂട് കുറയ്ക്കാന്‍ ഇടയ്ക്ക് വെളളം അതിനേര്‍മ്മയുളള തുളളികളായി സ്‌പ്രേ ചെയ്യുക പതിവാണ്. 

'ഞങ്ങളുടെ കൃഷി കാര്യങ്ങള്‍ക്കും ഫാമിനും ശക്തമായ പിന്തുണയാണ് എടയൂര്‍ കൃഷി ആഫീസര്‍ ശ്രീലേഖ നല്‍കുന്നത്..... ഫാമിലേക്ക് വിദ്യുച്ഛക്തി ലഭ്യമാക്കിയതും  കൃഷി ആഫീസറുടെ മുന്‍കൈ പ്രവര്‍ത്തനം വഴി മാത്രമാണ്. പിന്നീടുളള ഫാമിന്റെ പുരോഗതിയ്ക്ക് ഇത് വളരെ സഹായമാകുകയും ചെയ്തു......'

പത്തു പശുവിന്റെ യൂണിറ്റിന് ക്ഷീരവികസന വകുപ്പില്‍ നിന്ന് നല്‍കുന്ന മൂന്നര ലക്ഷം രൂപ സഹായം അസീസിനു ലഭിച്ചു. ഡയറി ഫാമിന് പുതിയ മുഖം നല്‍കാനുളള നൂതന സങ്കേതങ്ങളും ഇദ്ദേഹം യാഥാര്‍ത്ഥ്യമാക്കുന്നു. ഇതിന്റെ ഭാഗമായാണ് ഹൈഡ്രോപോണിക്‌സ് യന്ത്രം സ്ഥാപിച്ചത്. സാധാരണ പ്രദര്‍ശനങ്ങളിലും മറ്റും നാം കാണുന്ന ചെറിയ യന്ത്രമല്ല ഇവിടെയുളളത്. ഒരേ സമയം ഏതാണ്ട് 800 മുതല്‍ 1000 േ്രട വരെ തീറ്റപ്പുല്ല് വളര്‍ത്തല്‍ പര്യാപ്തമായ ഭീമന്‍ ഹൈഡ്രോപോണിക്‌സ് സംവിധാനം. ഇത് ശാസ്ത്രീയരീതിയില്‍ ഡിസൈന്‍ ചെയ്തും തയ്യാറാക്കിയതും അസീസും ജ്യേഷ്ഠന്‍ കുഞ്ഞുമൊയ്തീനും കൂടെ തന്നെ. പച്ചതീറ്റപ്പുല്ല് വാങ്ങാനും അരീക്കാടന്‍സ് ഫാമില്‍ ധാരാളം പേര്‍ എത്തുന്ന പതിവുണ്ട്.  കിലോയ്ക്ക് 3 രൂപ നിരക്കിലാണ് വില്‍പന. 

ഏറ്റവും മികച്ച ഡയറിഫാമിനുളള ജില്ലാതല പുരസ്‌കാരവും തീറ്റപ്പുല്‍കൃഷിയ്ക്കുളള സംസ്ഥാന തല പുരസ്‌കാരവും അസീസിന് ലഭിച്ചിട്ടുണ്ട്. എംങ്കിലും 38 കാരനായ അസീസിന്റെ ഈ മേഖലയിലെ വിശ്രമമറിയാത്ത മുന്‍കൈപ്രവര്‍ത്തനങ്ങള്‍ ഇനിയും എത്രയോ അംഗീകാരങ്ങള്‍ നേടാനിരിക്കുന്നു എന്ന് എനിക്ക് തോന്നി. അസീസിന്റെ ഓരോ ദിവസവും പുലരുന്നതും അസ്തമിക്കുന്നതും അരീക്കാടന്‍സ് ഡയറീഫാമില്‍ തന്നെ. തീറ്റപ്പുല്ലിന്റെ പരിചരണം, പശുപരിപാലനം, പാല്‍ വില്‍പന, ഹൈഡ്രോപോണിക്‌സ് കഷിയുടെ മേല്‍നോട്ടം തുടങ്ങി പശുവിന്റെ പ്രസവം എടുക്കുന്നതില്‍ വരെ അസീസ് വൈദഗ്ധ്യം നേടിക്കഴിഞ്ഞു. കോഴിക്കുന്നിലെ ഉദയാസ്തമനങ്ങള്‍ അസീസിന് ഇന്ന് ദിനചര്യയുടെ ഭാഗമാണ്. 

അസീസും ജ്യേഷ്ഠന്‍ കുഞ്ഞിമൊയ്തീനും കൂടെയാണ് ഡയറിഫാം നടത്തുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും. അസീസിന്റെ ഭാര്യ ഉമ്മകുല്‍സു, മൂന്നു കുട്ടികള്‍. കുഞ്ഞിമൊയ്തീന്റെ ഭാര്യ നൂര്‍ജ. അഞ്ചു കുട്ടികള്‍. രണ്ടു കുടുംബാംഗങ്ങള്‍ക്കും. പ്രധാന പ്രവര്‍ത്തന മേഖലയും വരുമാന മാര്‍ഗവും ഡയറി ഫാമും കൃഷിയും തന്നെ. 

മൃഗസ്‌നേഹികൂടെയാണ് അസീസ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളായാലും വളര്‍ത്തു മൃഗങ്ങളായാലും അപകടമോ മറ്റോ പറ്റിയാല്‍ അസീസ് ഉടനെ അവിടെ എത്തും. പലര്‍ക്കും അസീസിന്റെ നമ്പര്‍ അറിയാം. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ എവിടെ നടന്നാലും അസീസിന് വിളി വരും; ബാക്കി കാര്യങ്ങളൊക്കെ ചികിത്സയ്ക്കും വേണ്ടി വന്നാല്‍ ശസ്ത്രക്രിയയും മരുന്നു വാങ്ങലും ഒക്കെ- അസീസിന്റെ ചുമതലയിലാകും.

' മനുഷ്യരാശിയ്ക്ക് യാതൊരു വിധ ദോഷവും ഉണ്ടാക്കാത്ത ജൈവകൃഷിയിലേക്ക് സമൂഹം തിരിയണം. അതിനുളള ചെറിയ ശ്രമങ്ങളാണ് ഞാനും നടത്തുന്നത്....'

അസീസ് പറയുന്നു. വിദേശരാജ്യങ്ങളില്‍ നന്നായി നടത്തുന്ന ഏതെങ്കിലും ഡയറിഫാമുകള്‍ സന്ദര്‍ശിക്കണം- ഇങ്ങനെയൊരാഗ്രഹവും ഈ യുവാവ് മനസ്സില്‍ സൂക്ഷിക്കുന്നു. അവിടുത്തെ ആധുനികവല്‍ക്കരണവും പുതിയ നടത്തിപ്പുരീതികളും ഒക്കെ നേരില്‍ കണ്ടറിയാനും കഴിയുന്നിടത്തോളം ഇവിടെ പ്രാവര്‍ത്തികമാണ്.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കോഴിക്കുന്നിനുമീതെ മീനച്ചൂടിലും കാര്‍മേഘപടലങ്ങള്‍ നിരക്കാന്‍ തുടങ്ങിയിരുന്നു. നല്ല തണുത്ത കാറ്റും നോക്കെത്താദൂരത്തോളം ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പച്ചപ്പുല്‍ തോട്ടം കാറ്റിന്റെ ഗതിയ്ക്കനുസരിച്ച് തിരമാല പോലെ ഒഴുകി വീശുന്നു. പശ്ചാത്തലത്തില്‍ തൊഴുത്തില്‍ നിര്‍ന്നിമേഷരായി അയവെട്ടുന്ന പൂവാലികളും.


സുരേഷ് മുതുകുളം, എഡിറ്റര്‍, കൃഷിജാഗരണ്‍, മലയാളം

English Summary: azeez success story

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox