ബെന്നിയുടെ കൃഷി പരീക്ഷണശാല

മനസ്സുണ്ടെങ്കില്‍ എത്ര കുറഞ്ഞ സ്ഥലത്തും കൃഷിയില്‍ നേട്ടമുണ്ടാക്കാം എന്ന് തെളിയിക്കുകയാണ് കോഴിക്കോട് കൂടരഞ്ഞി പാറമ്പുഴ ബെന്നി സെബാസ്റ്റ്യന്‍ എന്ന കര്‍ഷകന്‍. വിലത്തകര്‍ച്ചയില്‍ മനസ്സ് മടുത്തിരിക്കുന്ന കര്‍ഷകരില്‍ നിന്ന് വ്യത്യസ്തനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് കൃഷി ഒരു ശീലമാണ്. പിതാവ് പകര്‍ന്ന് കൊടുത്ത കൃഷിപാഠങ്ങള്‍ ഇന്നും മറക്കാതെ പിന്തുടരുന്ന കര്‍ഷകന്‍. തന്‍റെ കൈകളിലെത്തിയ വിവിധ വിത്തുകള്‍ നഷ്ടപ്പെടാതെ വര്‍ഷങ്ങളായി അത് തന്നെ കൃഷി ചെയ്തു വരുന്ന കര്‍ഷകന്‍. ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് തുടങ്ങി കൃഷിയിലെ നൂതന സാങ്കേതികവിദ്യകളിലെ പ്രാവീണ്യമൊക്കെയും വര്‍ഷങ്ങള്‍ക്ക് മുന്നേ സ്വായത്തമാക്കിയിട്ടുണ്ട് ഇദ്ദേഹം.

കൂടരഞ്ഞി ടൗണിനോട് ചേര്‍ന്ന പാല്‍ സൊസൈറ്റി കുന്നിന് മുകളിലാണ് ഇദ്ദേഹത്തിന്‍റെ വീടും കൃഷിയിടവും. ഇരുപത്തിമൂന്ന് സെന്‍റ് സ്ഥലം, അതിനു നടുക്ക് വീട്. വീടിനു ചുറ്റും ഒരിഞ്ചു സ്ഥലവും പാഴാക്കാതെ വിവിധ തരം കൃഷികള്‍. ഒരു നിമിഷം പോലും വെറുതെയിരിക്കാറില്ലാത്ത ഇദ്ദേഹം വീടിനു ചുറ്റും നൂറുകണക്കിന് കൂടുകളില്‍ വിവിധ ഇനം തൈകള്‍ പരിപാലിച്ചു വരുന്നു. കുരുമുളക് വള്ളികളും പ്ലാവ്,മാവിന്‍ തൈകളും ബഡ്ഡിംഗിനും ഗ്രാഫ്റ്റിംഗിനുമായി ഇവിടെ തയ്യാറായി നില്പ്പുണ്ട്. കൂടാതെ വീടിനു ചുറ്റും പഴങ്ങളും പച്ചക്കറികളും കിഴങ്ങു വര്‍ഗ്ഗങ്ങളും വലുതും ചെറുതുമായി കൃഷി ചെയ്തിട്ടുണ്ട്.



കൊളുബ്രിനത്തിന്‍റെ ശാഖകളുടെ മുട്ട് ഭാഗം മണ്ണില്‍ വളര്‍ത്തിയാല്‍ പെട്ടെന്ന് വേരു പിടിക്കും എന്ന് മനസ്സിലാക്കി ആ രീതിയിലാണ് കൊളുബ്രിനം കവറുകളില്‍ വളര്‍ത്തുന്നത്. ഗ്രാഫ്റ്റിംഗ് നടത്തിയതിനു ശേഷം പോളിത്തീന്‍ കവറുകൊണ്ടു മൂടി വായു സഞ്ചാരം ഒഴിവാക്കി ഇരുപത്തിയഞ്ച് ദിവസം വെച്ചാല്‍ മുള പൊട്ടും. കവറുകൊണ്ട് മൂടുമ്പോള്‍ മണ്ണിലെ ജലം ബാഷ്പീകരിച്ച് അന്തരീക്ഷം അനുയോജ്യമായ അവസ്ഥയിലെത്തുന്നതു കൊണ്ടാണ് ഈ രീതി അവലംബിക്കുന്നത്. അതുകൊണ്ട് ഗ്രാഫ്റ്റിംഗ് ഏതു സമയത്തും ചെയ്യാമെന്ന് കവറുകൊണ്ടു മൂടിയ തൈകള്‍ കാണിച്ചുകൊണ്ടു ബെന്നി പറയുന്നു. ഇവിടെ ഗ്രാഫ്റ്റ് ചെടികളുടെ ഉയരം ആവശ്യത്തിനനുസരിച്ച് വ്യത്യസ്ഥമാണ്.ചതുപ്പു സ്ഥലങ്ങളില്‍ നടാന്‍ ഉയരം കൂടുതലും അല്ലാത്ത സ്ഥലത്ത് നടാന്‍ ഉയരം കുറഞ്ഞതുമായ തൈകള്‍ ഇവിടെ നിന്നും ലഭിക്കും. കൂടാതെ വ്യത്യസ്ഥ വലിപ്പത്തിലുള്ള കവറുകളില്‍ തയ്യാറാക്കിയ തൈകളും ലഭിക്കും. ഗ്രാഫ്റ്റിംഗ് കൂടാതെ നാഗപതി സമ്പ്രദായത്തിലും കൂടുതല്‍ കുരുമുളക് തൈകള്‍ ഉണ്ടാക്കുന്നുണ്ട്.


1986 മുതല്‍ കൃഷി ചെയ്ത് വരുന്ന ഇഞ്ചി വിത്താണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നുള്ള മഞ്ഞള്‍ വിത്ത് 1994 മുതല്‍ ഉപയോഗിച്ച് വരുന്നു. പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇവ കൃഷി ചെയ്യുന്നത്. 1983 മുതലുള്ള പാവല്‍ വിത്തും അതോടൊപ്പം വര്‍ഷങ്ങളായി കയ്യിലുള്ള ചേന വിത്തും കാച്ചിലും കപ്പയുമൊക്കെ പാട്ടത്തിന് കൃഷി ചെയ്യാന്‍ സമയം കണ്ടെത്തുന്നു ഈ കര്‍ഷകന്‍.

ഒരു ചെമ്പരത്തിച്ചെടിയില്‍ അഞ്ച് നിറങ്ങളിലുള്ള ചെമ്പരത്തിയുടെ ബഡ്ഡുകള്‍ ഒട്ടിച്ച് വിജയിപ്പിച്ചുണ്ട്. അഞ്ചെണ്ണവും വളരെ സൂക്ഷ്മതയോടെ സമയമെടുത്ത് തന്നെയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
കുരുമുളക് മണി പാകി പുതുതായി വികസിപ്പിച്ചെടുത്ത പേരിടാത്ത ഇനം കുരുമുളക് ഉണ്ട് ഇവിടെ. മാതൃചെടിയേക്കാളും വലുപ്പമുള്ള മണികളാണ് ഈ പുതിയ ഇനത്തിനുള്ളതെന്ന് ബെന്നി പറഞ്ഞു.
പച്ചക്കറിക്കൃഷി ആരംഭിക്കുന്നതിനു മുന്‍പേ മണ്ണ് കിളച്ച് കുമ്മായം തൂളിയിടും. എട്ട് ദിവസം കഴിഞ്ഞ് തടം തുറക്കും. അതില്‍ കരിയില കൂട്ടിയിട്ട് കത്തിച്ച് രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് മുളപ്പിച്ച തൈകള്‍ നടും. തുടര്‍ന്ന് ഈ തൈകള്‍ക്ക് ചാണകപ്പൊടിയും കോഴിക്കാഷ്ടവും വളമായി നല്‍കും.
പാവലിന്‍റെയും പയറിന്‍റെയും തൈകള്‍ വളര്‍ന്നു വരുമ്പോള്‍ നിരവധി പ്രശ്നങ്ങള്‍ കൃഷിയിടത്തില്‍ നേരിടേണ്ടി വരും ഇലവെട്ടിക്കളയുന്ന ഓന്തും മറ്റു ജീവികളും കൃഷിയിടത്തില്‍ പ്രശനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇവയെ നേരിടാന്‍ ഇദ്ദേഹം തന്നെ കണ്ടെത്തിയ ഒരു രീതിയുണ്ട്. മുളപ്പിച്ച തൈകള്‍ മണ്ണില്‍ നടുമ്പോള്‍ ഒപ്പം രണ്ടു കമ്പുകള്‍ ക്രോസ്സ് ആകൃതിയില്‍ അതിനടുത്ത് നാട്ടി വെയ്ക്കുക. ഇല വെട്ടാനായി വരുന്ന ജീവികള്‍ ഈ കമ്പില്‍ കൂടി കയറി അറ്റത്തെത്തുമ്പോള്‍ കമ്പു ചെരിഞ്ഞുകിടക്കുന്നതിനാല്‍ അവയ്ക്ക് വെട്ടാനെത്താതെ വരും. വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടെത്തിയ ഈ രീതി വിജയകരമായി ഇന്നും അദ്ദേഹം പിന്തുടരുന്നു.
വിഷമാലിന്യമില്ലാത്ത പച്ചക്കറി ഉണ്ടാക്കണമെന്ന തിരിച്ചറിവ് അദ്ദേഹത്തെ കീടനാശിനി പ്രയോഗത്തില്‍ നിന്നെല്ലാം അകറ്റി. കീട നിയന്ത്രണത്തിനായി ഇഞ്ചി, വെളുത്തുള്ളി, ചെറുകാന്താരി, വേപ്പെണ്ണ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ജൈവക്കൂട്ട് തികച്ചും ഫലപ്രദമായ ഒന്നാണെന്നും വിഷമടിക്കാതെ തന്നെ കീടങ്ങളെ നിയന്ത്രിക്കാമെന്നും തന്‍റെ കൃഷിയിലൂടെ ബെന്നി തെളിയിക്കുന്നു. പാവല്‍ കൃഷിയില്‍ വിഷമടിക്കാതെ കായീച്ചയെ അകറ്റാന്‍ പോളിത്തീന്‍ കവര്‍ ഉപയോഗിക്കുന്ന ബെന്നി ആ കവര്‍ തന്നെ തുടര്‍ന്നുള്ള വിളവിനും ഉപയോഗപ്പെടുത്തി ചിലവു കുറഞ്ഞ കീട നിയന്ത്രണം സാധ്യമാക്കുന്നു.
കൃഷിയിടം സന്ദര്‍ശിച്ചും അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടരഞ്ഞി കൃഷിഭവന്‍ പ്രോത്സാഹനം നല്‍കുന്നു. പരിശ്രമമുണ്ടെങ്കില്‍ എന്തും വിളയിച്ചെടുക്കാമെന്നും സാങ്കേതിക ഉപദേശം കൃഷിയിടത്തില്‍ ലഭ്യമാണെങ്കില്‍ അതു സാധ്യമാണെന്നും നമ്മള്‍ കൃഷി ചെയ്താല്‍ കൃഷി ഉദ്യോഗസ്ഥര്‍ നമ്മെ തേടി വരും എന്നതില്‍ സംശയമില്ലെന്നും താന്‍ കൃഷിഭവനിലേക്ക് പോയതു കൊണ്ടല്ല തനിക്ക് സഹായങ്ങള്‍ ലഭിച്ചത് മറിച്ച് തേടി വന്നതാണെന്നും ബെന്നി പറയുന്നു.
English Summary: Benny's farm, an agricultural lab, expert in budding,grafting,layering,pepepr,nutmeg,tapioca,ginger,vegetables
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments