തളിര്‍വെറ്റിലയുണ്ടോ വരദക്ഷിണവെയ്ക്കാന്‍'

Monday, 24 September 2018 02:37 By KJ KERALA STAFF
ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് എസ്.പി. വെങ്കിടേഷ് സംഗീതം പകര്‍ന്ന് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ആലാപനം ചെയ്ത ഈ സിനിമാഗാന വരി വെറ്റിലയും മലയാളിയും തമ്മിലുള്ള ജൈവിക ബന്ധത്തിന് ഉത്തമ ഉദാഹരണമാണ്.
നമ്മുടെ കുരുമുളക് ചെടിയുടെ കുടുംബക്കാരിയാണ് വെറ്റിലയും. ഔഷധഗുണത്തിലും ഇരുവരും ഒന്നിനൊന്നു മെച്ചം. വെറ്റിലയും അടയ്ക്കയും നമ്മുടെ സാമൂഹിക - മതാചാരങ്ങളില്‍ ഒഴിവാക്കാനാകാത്ത ഘടകങ്ങള്‍. 

നാലുംകൂട്ടിയുള്ള മുറുക്കില്‍ ഒന്നാം സ്ഥാനക്കാരിയായ വെറ്റിലയ്ക്ക് കൂട്ടുകാരായ അടയ്ക്കയും ചുണ്ണാമ്പും പുകയിലയും കാരണം വരാനിടയുള്ള വായിലെ ക്യാന്‍സര്‍ബാധയുടെ പഴി കേള്‍ക്കേണ്ടിയും വരുന്നുണ്ട്. എന്നാല്‍, പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇക്കാര്യത്തില്‍ വെറ്റില നിരപരാധിയെന്നു മാത്രമല്ല, ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ശേഷികൂടിയുണ്ടെന്നാണ്. ഒരുപക്ഷേ, മുറുക്കാനിലെ മറ്റു മൂന്നു കൂട്ടുകാരും വരുത്തുന്ന കുഴപ്പങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുന്നത് നമ്മുടെ വെറ്റിലയുടെ ഔഷധഗുണങ്ങള്‍ തന്നെയാകാം. 

വെറ്റിലയില്‍ അടങ്ങിയിരിക്കുന്ന ബി - കരോട്ടിന്‍, എ - ടോകോഫിറോള്‍ എന്നീ ഘടകങ്ങളാണ് ക്യാന്‍സറിനെയും ട്യൂമറിനെയും പ്രതിരോധിക്കുന്നതിന് പാവം വെറ്റിലയെ സഹായിക്കുന്നത്. വെറ്റിലച്ചാറും നാട്ടുമഞ്ഞള്‍ പൊടിയും ചാലിച്ച് ഒരു ടീസ്പൂണ്‍ വീതം ദിവസേനെ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ആന്തരികാവയവങ്ങളില്‍  വരാനിടയുള്ള ഇതര അസുഖങ്ങളെയും ഇത് പ്രതിരോധിക്കും. 

beetel leaves

വെറ്റിലച്ചാറില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന് നവോന്മേഷം പകരും. വിഷനാശിനികളായ അനവധി എന്‍സൈമുകളും വെറ്റിലയില്‍ അടങ്ങിയിട്ടുണ്ട്. ഇതൊക്കെ മനസ്സിലാക്കിയാണ് മുത്തശ്ശിമാര്‍ വെറ്റിലച്ചെല്ലത്തില്‍ നിന്നു തളിര്‍വെറ്റിലകള്‍ പേരക്കുട്ടികളുടെ വായില്‍ വാത്സല്യത്തില്‍ ചാലിച്ചു തിരുകിയിരുന്നത്. 

കേരളം പൊതുവെ വെറ്റിലക്കൃഷിക്ക് അനുയോജ്യമാണ്. നല്ല വളക്കൂറും നീര്‍വാഴ്ചയുമുള്ള മണ്ണാണ് നല്ലത്. ഭാഗികമായി തണല്‍ ഇഷ്ടപ്പെടുന്ന ചെടിയായതിനാല്‍ നമ്മുടെ തെങ്ങിന്‍തോപ്പുകളും കമുകിന്‍തോട്ടങ്ങളും ഇവയുടെ കൃഷിക്ക് നല്ലതാണ്. 
തുളസി, അരിക്കൊടി, കല്‍ക്കൊടി, വെണ്‍മണി, കരീലാഞ്ചി, ചെലന്തികര്‍പ്പൂരം, അമരവിള, കൊറ്റക്കൊടിനാടന്‍, പെരുങ്കൊടി എന്നിവയാണ് പ്രധാന ഇനങ്ങള്‍. പ്രദേശങ്ങള്‍ക്കനുസരിച്ച് ഇനങ്ങളോടുള്ള താത്പര്യവും വ്യത്യാസപ്പെട്ടിരിക്കും. മേയ് - ജൂണ്‍ മാസത്തില്‍ കൃഷിയാരംഭിക്കുന്ന ഇടവക്കൊടിയും ആഗസ്റ്റ് - സെപ്റ്റംബറില്‍ കൃഷിയാരംഭിക്കുന്ന തുലാക്കൊടിയുമാണ് വിള സീസണുകള്‍. 

ആവശ്യത്തിന് തണലുള്ള സ്ഥലം കണ്ടെത്തി 75 സെന്റീമീറ്റര്‍ വീതിയിലും ആഴത്തിലും കിളച്ച് പരുവപ്പെടുത്തണം. ഇതില്‍ നന്നായി ഉണങ്ങിപ്പൊടിച്ച ചാണകവും പച്ചിലവളവും ചാരം എന്നിവ ചേര്‍ത്തിളക്കിയെടുക്കണം. വെറ്റിലയ്ക്ക് ജൈവവളം നല്ല അളവില്‍ നല്‍കേണ്ടതുണ്ട്. ഇവയുടെ വേരുപടലത്തിന്റെ ശരിയായ വളര്‍ച്ചയ്ക്ക് ഇത് അത്യന്താപേഷിതമാണ്. ഇങ്ങനെ പരുവപ്പെടുത്തിയ തടത്തിലാണ് വെറ്റില വള്ളികള്‍ നടേണ്ടതാണ്.

രണ്ടുമൂന്നു വര്‍ഷം പ്രായമുള്ളതും കീട - രോഗ ബാധയേല്‍ക്കാത്തതുമായ വെറ്റിലക്കൊടിയുടെ തലപ്പ് ഒരു മീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്ത് നടീലിനായി ഉപയോഗിക്കാം. രണ്ട് മുട്ട് മണ്ണിനടിയില്‍ ഒരു മുട്ട് മണ്ണിനു മേല്‍ഭാഗത്തോട് ചേര്‍ന്ന് എന്ന തരത്തിലാവണം നടേണ്ടത്. മണ്ണ് നന്നായി അമര്‍ത്തിക്കൊടുക്കുകയും വേണം. തെങ്ങോല, കമുകോല എന്നിവകൊണ്ട് തണല്‍ നല്‍കാം. നന്നായി നനയ്‌ക്കേണ്ടതുണ്ട്. രാവിലെയും വൈകുന്നേരവുമാണ് ജലസേചനത്തിന് നന്ന്. അമിത നന ഒഴിവാക്കണം. 
ഒരു മാസത്തിനുള്ളില്‍ വള്ളികള്‍ മുളച്ചു തുടങ്ങും. ഇതിനിടയില്‍ പന്തല്‍ നിര്‍മാണം തുടങ്ങിയിരിക്കണം. പന്തലിന് താങ്ങുകാലുകളായി കിളിഞ്ഞില്‍, പഞ്ഞിമരം, തഴപ്പായ ചെടിയുടെ മുട്ടുകള്‍ എന്നിവ ഉപയോഗിക്കാം. ഇവയെ മുളക്കീറുകളും കയറുകളും ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച് വേണ്ട ഉറപ്പുവരുത്തണം. ഈ പന്തലിലേക്ക് വള്ളികളെ പടര്‍ത്തി കൊടുക്കണം. 
ഉണക്കയില പൊടിഞ്ഞത്, ചാരം, ചാണക സ്ലറി എന്നിവ ഇടവിളകളനുസരിച്ച് തടത്തില്‍ നല്‍കണം. കൊന്നയില, മാവില തുടങ്ങിയവ നല്‍കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും. 

മൂന്നാം മാസം മുതല്‍ വിളവെടുത്തു തുടങ്ങാം. ആറാം മാസം മുതല്‍ ശരിയായ വിളവ് ലഭിച്ചു തുടങ്ങും. എട്ടു ദിവസത്തിലൊരിക്കല്‍ വിളവെടുക്കുന്നതാണ് നല്ലത്. ശരിയായ കണ്ണി പൊട്ടിയില്ലെങ്കില്‍ വള്ളി ഇടയ്ക്ക് ഇറക്കി പതിയ്‌ക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ മൂന്നു മീറ്ററിനു മേല്‍ വളര്‍ന്നുകഴിഞ്ഞാല്‍ വളര്‍ച്ച മന്ദഗതിയിലാകാറുണ്ട്. ഇത് പരിഹരിക്കാനും വള്ളി ഇറക്കി പതിച്ചെടുക്കണം. ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളാണ് ഇതിന് അനുയോജ്യം. 
നീരൂറ്റിക്കുടിക്കുന്ന ചെറുപ്രാണികള്‍, ശല്‍ക്ക കീടങ്ങള്‍ തുടങ്ങിയവ വെറ്റിലയെ ആക്രമിക്കാറുണ്ട്. ഔഷധം, മുറുക്കാന്‍ എന്നീ ആവശ്യങ്ങള്‍ക്കായി വെറ്റില ഉപയോഗിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ ഒഴിവാക്കേണ്ടതുണ്ട്.

മീനെണ്ണ, സോപ്പുമിശ്രിതം, ഇതര ജൈവകീടനാശിനികള്‍ എന്നിവയുപയോഗിച്ച് കീടങ്ങളെ പ്രതിരോധിക്കാം. ബാക്ടീരിയ ബാധമൂലമുള്ള ഇലപ്പുള്ളി രോഗങ്ങള്‍ക്കെതിരേ 1 ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം സ്‌പ്രേ ശരിയായി പ്രതിരോധിക്കാവുന്നതാണ്. കോട്ടയം ജില്ലയില്‍ വാഴൂര്‍ ഇളപ്പുങ്കല്‍ തെക്കേമുറിയില്‍ ടി.ടി. വര്‍ഗീസ് ചെറുപ്പകാലം മുതല്‍ വെറ്റിലക്കൃഷി നടത്തിവരുന്നുണ്ട്. മികച്ച ജൈവ കര്‍ഷകനായ വര്‍ഗീസ് ഇതര ഭക്ഷ്യവിളകള്‍ക്കൊപ്പമാണ് ഇരുപത് സെന്റില്‍ കുറയാത്ത ഇടം വെറ്റിലക്കൊടിയ്ക്കും നല്‍കിവരുന്നത്. ശാസത്രീയ - പാരമ്പര്യ കൃഷിമുറകള്‍ സംയോജിപ്പിച്ചാണ് കൃഷി. രാസവളം പൂര്‍ണമായും ഒഴിവാക്കും. തോട്ടത്തിലെ വൃത്തി പരമപ്രധാനം. വെറ്റിലക്കൃഷി 'സത്യമുള്ള കൃഷിയെന്നാണ്' വര്‍ഗീസ് പറയുന്നത്. തോട്ടത്തിന്റെ വൃത്തിക്കൊപ്പം വ്യക്തിശുചിത്വവും പാലിച്ചുകൊണ്ടു മാത്രമേ കൃഷിപ്പണികള്‍ക്കിറങ്ങാവൂ എന്നും വര്‍ഗീസ് പറഞ്ഞുവെച്ചു. 

എട്ടു ദിവസത്തിലൊരിക്കല്‍ വിളവെടുക്കാം. പാമ്പാടി, കോട്ടയം ചന്തകള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. വലുപ്പം, ആകൃതി, വൃത്തി എന്നിവയുടെ അടിസ്ഥാനത്തില്‍ 30 വെറ്റകളെ കെട്ടുകളാക്കി വൃത്തിയുള്ള വാഴനാരില്‍ കെട്ടിയൊരുക്കുന്നു. വെള്ളം നനച്ച് പച്ചവാഴയിലയില്‍ എട്ടുദിവസം വരെ സൂക്ഷിക്കാനാകും. ഒരു വെറ്റയ്ക്ക് ശരാശരി രണ്ടു മുതല്‍ 2.50 രൂപ വരെ നിലവിലുണ്ട്. 

ക്ഷമയും സഹനശേഷിയുമുള്ള കര്‍ഷകര്‍ക്ക് ധൈര്യപൂര്‍വം തെരഞ്ഞെടുക്കാവുന്ന പരിശുദ്ധ വിളയാണ് വെറ്റിലയെന്ന് തെക്കേമുറിയില്‍ വര്‍ഗീസ് എന്ന അന്‍പത്തേഴുകാരന്‍ പറയുന്നു. തീര്‍ച്ചയായും വിശ്വസിക്കാം - നാല്പ്പത് വര്‍ഷത്തെ അനുഭവപാരമ്പര്യം ഈ മാതൃകാകര്‍ഷകന് ഇക്കാര്യത്തിലുണ്ട്. വെറ്റിലക്കൃഷിയെക്കുറിച്ച് കൂടുതലായറിയുവാന്‍ ദയവായി വിളിക്കുക. വര്‍ഗീസ് ഫോണ്‍: 9400658122
എ.ജെ. അലക്‌സ് റോയ്
അസി. കൃഷി ഓഫീസര്‍
കൃഷിഭവന്‍, ചിറക്കടവ്, കോട്ടയം ജില്ല. 
9446275112

CommentsMORE ON FEATURES

മാലിന്യ സംസ്കരണത്തിന് പന്നിവളർത്തലും കോഴിവളർത്തലും: മൃഗസംരക്ഷണ വകുപ്പിന് പുതിയ പദ്ധതി

കേരളത്തിൽ വർദ്ധിച്ചു വരുന്ന വീട്ടു മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് എളുപ്പവഴിയായി സർക്കാർ പന്നിവളർത്തലും കോഴി വളർത്തലും പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുന്നു.

October 17, 2018

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സാക്ഷാത്കരിച്ച് കിഴക്കമ്പലം

സ്വാശ്രയ സ്വയംപര്യാപ്ത ഗ്രാമം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു. ഇന്ത്യയിലെ ഏഴരലക്ഷത്തിലേറെ വരുന്ന ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിലൂടെ ഭാരതം ആഗോളശക്തിയാകുമെന്നും ആര്‍ക്കും തോല്പ്പി…

October 15, 2018

സമൃദ്ധി സന്തോഷം സ്വാശ്രയത്വം ഇത് കിഴക്കമ്പലം മാതൃക

സമൃദ്ധി സന്തോഷം സ്വാശ്രയത്വം ഇത് കിഴക്കമ്പലം മാതൃക വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെയും വികസനവാദികളായ നേതാക്കളെയും മാറ്റിനിര്‍ത്തി ട്വന്റി 20 ക്രിക്കറ്റ് സ്റ്റൈലില്‍ ഒരു പുതിയ …

October 10, 2018

FARM TIPS

ഈച്ചശല്യം അകറ്റാൻ പൊടിക്കൈകൾ

October 20, 2018

കേരളത്തിൽ പ്രളയനാന്തരം വന്നുചേർന്ന മറ്റൊരു അപകടമാണ് ഈച്ചശല്യം. ജൈവ അജൈവ മാലിന്യങ്ങളും അവശിഷ്ടങ്ങളും കുന്നുകൂടുകയും ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയാതെ…

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?


CopyRight - 2018 Krishi Jagran Media Group. All Rights Reserved.