ഉദ്യാന കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കി നീതു..
പൂക്കളോടുള്ള ഇഷ്ടമാണ് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലുള്ള നീതുവിനെ മികച്ച സംരംഭകയായി മാറ്റിയത്. പൂക്കളിൽ നീതുവിന് ഏറ്റവും പ്രിയപ്പെട്ടത് താമരയും ആമ്പലുമാണ്. ഈ ഇഷ്ടത്തെ ജീവിത സപര്യയുടെ ഭാഗമാക്കിയിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും ഇതൊരു ബിസിനസ് സംരംഭമെന്ന രീതിയിൽ ഉയർത്തിയത് കോവിഡ് സമയത്താണ്.
രണ്ടുവർഷം മുൻപ് ഒരു താമര അല്ലെങ്കിൽ ആമ്പൽ വീട്ടിൽ വളർത്തണമെന്ന് ആഗ്രഹത്തിന്റെ ഭാഗമായി മാത്രം തുടങ്ങിയതാണ് ഈ സംരംഭം. ഇതിൻറെ ഭാഗമായി അടുത്തുള്ള കായലുകളിൽ കാണുന്ന താമരയും ആമ്പലും വീട്ടിൽ കൊണ്ടു നട്ടുവളർത്തി പരീക്ഷണം നടത്തിയിട്ടുണ്ട്. പക്ഷേ അതെല്ലാം ഒരു പരാജയമായിരുന്നു. പിന്നീടാണ് സുഹൃത്തുക്കൾ വഴി വീട്ടിൽ വളർത്താൻ കഴിയുന്ന ഹൈബ്രിഡ് ഇനത്തിലുള്ള താമരകൾ വിപണിയിൽ ഉണ്ടെന്നുള്ള കാര്യം തിരിച്ചറിയുന്നത്. പിന്നീട് ഒരു താമര നട്ട് കൃത്യമായി അതിൻറെ പരിചരണമുറകൾ അവലംബിച്ചു. അതൊരു വിജയമായി മാറുകയും ചെയ്തു. പരീക്ഷണ -നിരീക്ഷണങ്ങളിലൂടെ നീതു കണ്ടെത്തിയ അറിവുകൾ തുടർ കൃഷിയിൽ അവലംബിച്ച് ഉദ്യാന കൃഷിയിൽ വേറിട്ടൊരു പാത നീതു ഇന്ന് സൃഷ്ടിച്ചിരിക്കുന്നു.
ഏതൊരു ബിസിനസ്സും ഉയർച്ചയുടെ പാതകൾ താണ്ടുമ്പോൾ നിരവധി പ്രതിസന്ധികൾ വന്നുപ്പെടുന്ന പോലെതന്നെ നീതുവിനും തുടക്ക സമയത്ത് ചെറിയ തരത്തിലുള്ള പാളിച്ചകൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ഈ മേഖലയിലെ ഏറ്റവും വലിയ ഗുരുതരമായ പ്രശ്നമായി നീതി ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമാണ് നാടൻ താമര വിത്തുകൾ ഹൈബ്രിഡ് ബൗൾ താമര വിത്തുകൾ എന്ന വ്യാജേനെ ചിലർ സോഷ്യൽ മീഡിയ വഴി വിൽക്കുന്നുവെന്നത്. ഇത്തരത്തിലുള്ള വിത്തുകൾ നീതുവും വാങ്ങാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്.
അതുകൊണ്ടുതന്നെ താമര കൃഷിയിലേക്ക് ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കിഴങ്ങുകൾ വാങ്ങുന്നതു തന്നെയാണെന്ന് നീതു പറയുന്നു. സമൂഹ മാധ്യമങ്ങൾ വഴി വൻ വിലക്കുറവിൽ നാടൻ വിത്തിനങ്ങൾ വിൽക്കുമ്പോൾ ഹൈബ്രിഡ് താമര/ ആമ്പൽ ഇനങ്ങൾ കൃഷി ചെയ്യുന്നവർക്ക് ഇതൊരു വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ഹൈബ്രിഡ് ഗണത്തിൽപെട്ട താമര /ആമ്പൽ കിഴങ്ങുകൾ 250 രൂപയിൽ തുടങ്ങി 25000 രൂപ വരെ വിപണിയിലുണ്ട്. എന്നാൽ ഹൈബ്രിഡ് ഇനത്തേക്കാൾ വിലക്കുറവുള്ള നാടൻ ഇനങ്ങൾ വളരെ ചെറിയ വിലയ്ക്ക് വിൽക്കുമ്പോൾ കൂടുതൽ പേരും ഇതു വാങ്ങുകയും, ചതിക്കുഴിയിൽപ്പെടുന്ന അവസ്ഥയും സംജാതമാകുന്നു. കൂടാതെ കൊറിയർ സർവീസ് വഴിയാണ് പലരും ഇതിന്റെ കിഴങ്ങുകൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നത്. അതുകൊണ്ടുതന്നെ കൃത്യസമയത്ത് ഉപഭോക്താവിന്റെ കയ്യിൽ ഇത് എത്താതെ വരുമ്പോൾ പണം തിരിച്ചു നൽകേണ്ട അവസ്ഥയോ, വേറെ കിഴങ്ങുകൾ അയച്ചു കൊടുക്കേണ്ട അവസ്ഥയും നിലവിൽ വരുന്നു. ഇതും സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന കാര്യങ്ങളാണെന്ന് നീതു പറയുന്നു. കൂടാതെ താമര കൃഷിയിൽ പ്രധാനമായും കണ്ടുവരുന്നതാണ് ഒച്ചുകളുടെ ശല്യം. അതുകൊണ്ടുതന്നെ ഒച്ചുകളുടെ ശല്യം നിയന്ത്രണവിധേയമാക്കാൻ വിവിധ പ്രതിരോധമാർഗങ്ങൾ അനുവർത്തിക്കേണ്ടതുണ്ട്.
ഇത്തരത്തിലുള്ള ചെറിയ പ്രശ്നങ്ങൾ ഒഴിച്ചുനിർത്തിയാൽ ജലസസ്യങ്ങൾ വളർത്തൽ ആദായകരമാണെന്നാണ് യുവ സംരംഭകയുടെ അഭിപ്രായം. ഇതിനോടൊപ്പം ഗപ്പി വളർത്തൽ അല്ലെങ്കിൽ ചെറിയ രീതിയിൽ മീൻ കൃഷി ചെയ്യുകയാണെങ്കിൽ ഇത് കൂടുതൽ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കാരണമാകുമെന്നും നീതു പറയുന്നു. നീതുവിന്റെ കൃഷി പൂർണ്ണമായിട്ടും മട്ടുപ്പാവിൽ ആണ്. 100 ഇൽ അധികം ഇനം താമരകളും, 60 ഇനം ആമ്പലുകളും ഇന്ന് നീതുവിന്റെ കൈവശമുണ്ട്. ലേഡി ബിങ്ലി , റെഡ് പി യോനി, ബുച്ച, വൈറ്റ് പി യോനി ലിറ്റിൽ റെയിൻ, ബുദ്ധ സീറ്റ്, ഗ്രീൻ ആപ്പിൾ, പിങ്ക് ക്ലൗഡ്, മിറക്കിൾ സ്നോവൈറ്റ്, പീക്ക് ഓഫ് പിങ്ക്, അമിരി കമെലിയ തുടങ്ങി ഹൈബ്രിഡ് ഇനത്തിൽപ്പെട്ട വിവിധതരത്തിലുള്ള ജല റാണിമാർ നീതുവിൻറെ കൈവശം ഇന്ന് ഭദ്രം. നേരത്തെ പറഞ്ഞ പോലെ പൂർണ്ണമായും നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് നീതു കിഴങ്ങുകളുടെ വിപണനം കാര്യക്ഷമമായി നടത്തുന്നത്. താമരയുടെയും ആമ്പലിന്റെയും മറ്റു ജല സസ്യങ്ങളുടെയും വലിയൊരു ശേഖരം കാത്തുസൂക്ഷിക്കുന്നതിന് ഒപ്പം ഇവയുടെ കിഴങ്ങുകൾ ആവശ്യക്കാർക്ക് കൃത്യസമയത്ത് കൊറിയർ ചെയ്തു നൽകുന്നുമുണ്ട്. 300 രൂപ മുതൽ 15,000 രൂപവരെയുള്ള ജലസസ്യങ്ങൾ ഇന്ന് ഇവിടെയുണ്ട്.പുതിയ ഇനങ്ങൾ കണ്ടെത്തുവാനും, ഈ മേഖലയിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ അറിയുവാനും കൂടുതൽ നേരവും പൂക്കളുടെ വിപണനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗമാവുകവെന്നത് ഏറെ പ്രാധാന്യത്തോടെ നോക്കി കാണേണ്ട വസ്തുതയാണെന്ന് നീതു തന്റെ അനുഭവത്തിലൂടെ പറയുന്നു.
കുറഞ്ഞ പരിചരണവും കൂടുതൽ ആദായം നേടിത്തരുന്ന ഈ ബിസിനസ് മേഖല നിരവധി പേർക്ക് തൊഴിൽ കണ്ടെത്താനുള്ള മികച്ച ഇടമാണ്. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട നിരവധി പേർക്ക് മികച്ച വരുമാനം നേടിത്തരുന്ന ഈ തൊഴിൽ മേഖലയുടെ സാധ്യതകൾ അറിയാനും, മികച്ച ഹൈബ്രിഡ് ഇനത്തിൽപ്പെട്ട താമരയുടെയും ആമ്പലിന്റെയും കിഴങ്ങുകൾ വാങ്ങിക്കുവാനും താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക.
നീതു സുനീഷ്
9961936210
നീതു സുനീഷിന്റെ കൈവശമുള്ള വിവിധതരത്തിലുള്ള ജലസസ്യങ്ങളുടെ ഫോട്ടോകൾ കാണുവാൻ താഴെ കാണുന്ന ഇൻസ്റ്റാഗ്രാമിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.instagram.com/aquafloralover/?utm_medium=copy_link
English Summary: bowl lotus cultivation
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments