Features

ഇനി ആർക്കുവേണമെങ്കിലും  കുറ്റിക്കുരുമുളക് കൃഷി ചെയ്യാം

കുരുമുളക് കൃഷിയിലെ വിജയിച്ച കൃഷി രീതിയാണ് കുറ്റിക്കുരുമുളക് കൃഷിരീതി. സ്ഥലപരിമിതികൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് വീട്ടാവശ്യത്തിന് കുരുമുളക് ലഭിക്കാനുള്ള എളുപ്പവഴിയാണ് 'കുറ്റിക്കുരുമുളക്' (ബുഷ് പെപ്പര്‍). ചെടിച്ചട്ടികള്‍, പഴയ ബക്കറ്റ്, പ്ലാസ്റ്റിക് ബക്കറ്റ്, ചാക്കുകള്‍, വീഞ്ഞപ്പെട്ടികള്‍ ഇവയിലെല്ലാം കുരുമുളക് നടാം.

വീട്ടില്‍ സൗകര്യപ്രദമായി എവിടെയും വെക്കാം എന്നത് ഗുണകരമാണ്. ടെറസ് കൃഷി നടത്തുന്നവർക്കും കൃഷി ചെയ്യാൻ സാധിക്കും. വീട്ടമ്മമാര്‍ കുറച്ച് താത്പര്യമെടുത്താല്‍, കുറ്റിക്കുരുമുളക് തൈകള്‍ വീട്ടില്‍തന്നെ തയ്യാറാക്കാം. തൈകള്‍ നട്ടുപരിചരിച്ചാല്‍ ആദ്യ കൊല്ലംതന്നെ നല്ലവണ്ണം കായ്ച്ചുതുടങ്ങും. ഒരു ചെടിയില്‍നിന്ന് കുറഞ്ഞത് 250 ഗ്രാം മുളകെങ്കിലും കിട്ടും. നന്നായി കായ്പിടുത്തമുള്ള കുരുമുളക് ചെടിയുടെ പ്രധാന തണ്ടില്‍നിന്നും വശങ്ങളിലേക്കു വളരുന്ന പാര്‍ശ്വശിഖരങ്ങള്‍ മൂന്നുമുതല്‍ അഞ്ചുവരെ മുട്ടോടുകൂടി മുറിച്ചെടുത്ത് അതിലെ ഇലകള്‍ ഞെട്ടല്‍പ്പം നിര്‍ത്തി മുറിക്കണം.

നന്നായി വിളവേകുന്നതും 8-10 വര്‍ഷത്തോളം മൂപ്പുള്ളതുമായ മാതൃകൊടിയില്‍നിന്ന് ഒരുവര്‍ഷം പ്രായമായ ശിഖരങ്ങളാണ് മുറിച്ചെടുത്ത് വേരോട്ടമുണ്ടാക്കാന്‍ നടേണ്ടത്.നല്ല, വിസ്താരമേറിയ ഉദ്ദേശം 45 സെന്റീമീറ്റര്‍ ഉയരവും 30 സെന്റീമീറ്റര്‍ വ്യാസവുമുള്ള ചെടിച്ചട്ടിയുടെ അടിഭാഗത്ത് ദ്വാരമിട്ട് ചരല്‍, ഓട്ടുകഷ്ണം ഇവ നിരത്തിയിടണം. ശരിയായ നീര്‍വാര്‍ച്ച കിട്ടാനിതുവഴി പറ്റും. 2:1:1 എന്നയനുപാതത്തില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി ഇവ കലര്‍ത്തിയ മിശ്രിതം ചട്ടിയില്‍ നിറയ്ക്കണം. ഇങ്ങനെ നടീല്‍മിശ്രിതം, നിറച്ചുവെച്ച ചട്ടിയില്‍ പാര്‍ശ്വശിഖരങ്ങള്‍ നടാം. നഴ്സറിയില്‍നിന്നും പോളിബാഗില്‍ നട്ടിരിക്കുന്ന ബുഷ് പെപ്പര്‍ നടീല്‍ തൈകള്‍ ലഭിക്കും. ഇതു വാങ്ങി ചട്ടിയുടെ നടുഭാഗത്തിറക്കിവെച്ച് കവര്‍ ബ്ലേഡിനാല്‍ മുറിച്ചുനീക്കി നല്ല ബലത്തില്‍ ചട്ടിയില്‍ നടണം. സ്വന്തമായി നമ്മുടെ വീട്ടുപറമ്പില്‍തന്നെ കുറ്റിക്കുരുമുളക് തൈകള്‍ തയ്യാറാക്കുമ്പോള്‍ വേരുപിടിക്കാനല്‍പ്പം അമാന്തമുണ്ടാവാറുണ്ട്. ഇതിന് പരിഹാരമായി പാര്‍ശ്വശിഖരങ്ങള്‍ മുറിച്ചയുടനെ വേരുപിടിക്കുന്ന ഹോര്‍മോണില്‍ മുക്കി നട്ടാല്‍മതി.

ഹോര്‍മോണ്‍ ലായനിയിലോ ഹോര്‍മോണ്‍ പൊടിയിലോ പാര്‍ശ്വശിഖരത്തിന്റെ ചുവട് മുക്കി നടണം. ഇന്‍ഡോര്‍ ബ്യൂട്ടറിക്കാസിഡ്, സെറാഡിക്‌സ് ബി-2, കെരാഡിക്‌സ്, റൂട്ടെക്‌സ് എന്നീ പേരിലെല്ലാം വേരുപിടിത്തഹോര്‍മോണ്‍ ലഭ്യവുമാണ്. അഗ്രോവെറ്റ് പുറത്തിറക്കുന്ന അപ്പിക്കാറൂട്ടെക്‌സും പ്രചാരത്തിലുണ്ട്. 45 സെക്കന്‍ഡ് നേരം ലായനിയില്‍ കമ്പു മുക്കിയിട്ടാണ് നടേണ്ടത്. ചെടിച്ചട്ടിയില്‍ വേരുവന്നതിനുശേഷം മൂന്നു മാസത്തിലൊരിക്കല്‍ കാലിവളം 50 ഗ്രാം വീതം മണ്ണിലിളക്കി ചേര്‍ക്കണം. മണ്ണിരവളം ചേര്‍ക്കുന്നതു നല്ലതാണ്. മാസത്തിലൊരിക്കല്‍ എന്‍.പി.കെ.: 10:4:4 രാസവളമിശ്രിതം, 20 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, ചുവട്ടില്‍ ഒഴിച്ചിളക്കുന്നത് നല്ലതാണ്. എന്നാല്‍, രാസവളം ഏറെ നല്‍കാന്‍ പാടില്ല. ഇനി രാസവളം ഒഴിവാക്കുന്നവര്‍ സ്യൂഡോമോണസ് ലായനി ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ട്രൈക്കോഡെര്‍മ-വേപ്പിന്‍പ്പിണ്ണാക്ക് മിശ്രിതം ഇടയ്ക്ക് ചേര്‍ക്കുന്നതും നല്ലതാണ്.ചെടി വളര്‍ന്നുവരുന്നതിനനുസരിച്ച് വശത്തേക്ക് വളരുന്ന ശാഖകള്‍, മുറിച്ചു നേരെനിര്‍ത്തി, കുറ്റിരൂപത്തില്‍ (ബുഷ്) നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. വീട്ടാവശ്യം നിറവേറ്റാന്‍ 3-4 ചെടിച്ചട്ടിയില്‍ കുറ്റിക്കുരുമുളക് നട്ടാല്‍ മതി


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox