<
Features

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി

കേരളത്തിൽ ഹൈറേഞ്ചുകളിൽ വിപുലമായി കൃഷിചെയ്യുന്ന നാണ്യവിളയാണ് ഏലം. വളരെ ശ്രദ്ധയും കൃത്യമായ പരിചരണവും ഏലം കൃഷിക്ക് ആവശ്യമാണ്.ഇന്ത്യയില്‍ കേരളം, കര്‍ണ്ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഏലം കൃഷി ചെയ്തു വരുന്നു. ഏലം ഒരു സുഗന്ധവ്യഞ്ജനം എന്നതിലുപരി നല്ല ഔഷധവുമാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് പൊടിച്ചെടുത്ത ഏലക്കായ്കള്‍ക്കൊപ്പം ഇഞ്ചിയോ ഗ്രാമ്പുവോ ശീമജീരകമോ ചേര്‍ത്ത് ഉപയോഗിക്കുന്നത് ആശ്വാസദായകമാണ്. മൂത്രം കൂടുതലായി പോകുന്നതിനും, വായുക്ഷോഭത്തിനും ഉത്തേജകമായും ഏലം ഉപയോഗിക്കുന്നുണ്ട്. മനംപിരട്ടലും ഛര്‍ദ്ദിയും ഒഴിവാക്കാന്‍ ഏലം നല്ലതാണ്. ഹൃദയത്തിന് ഉത്തേജനം നല്‍കുന്നതിനും മനോവിഷമത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഏലക്കായ് ഉപയോഗിക്കാവുന്നതാണ്.

ഏലക്കയുടെ കൃഷി രീതിയും വളപയോഗവുമെല്ലാം എങ്ങനെയാണെന്ന് നോക്കാം.

വിത്തുകൾ തയ്യാറാക്കുന്ന വിധം

നല്ല ആരോഗ്യമുള്ളതും രോഗകീടങ്ങളില്ലാത്തതുമായ മാതൃസസ്യങ്ങളില്‍ നിന്നും തട്ടകള്‍ വേരോടെ വേര്‍പ്പെടുത്തിയെടുക്കണം. ഇത്തരംതട്ടകളില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ 1-2 ചിനപ്പുകളും വളര്‍ന്നു വരുന്ന 1-2 ചിനപ്പുകളും ഉണ്ടായിരിക്കേണ്ടതാണ്. വിത്ത് മുളപ്പിച്ച് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഒന്നാം തവണയും രണ്ടാം തവണയും അനിവാര്യമാണ്.

fresh cardamom

നടീല്‍ രീതി

ഏലച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് മഴക്കാലത്തിന്റെ ആരംഭത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ്. ചെറിയ മഴചാറ്റല്‍ ഉള്ള ദിവസങ്ങളാണ് നടീലിന് ഉത്തമം. വളരെയധികം ആഴത്തില്‍ ചെടി നട്ടാല്‍ പുതിയ തണ്ടുകളുടെ വളര്‍ച്ച തടസ്സപ്പെടാം. നട്ടതിനു ശേഷം ചെടിക്ക് കാറ്റില്‍ നിന്നും സംരക്ഷണ ലഭിക്കാന്‍ കുറ്റി മണ്ണില്‍ താഴ്ത്തി കെട്ടി വയ്ക്കണം. തൈകളുടെ ചുവട്ടില്‍ ഉണങ്ങിയ ഇലകള്‍ ഉപയോഗിച്ച് പുതയിടണം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.താഴ്‌വാരങ്ങളിലും ചെറിയ ചരിവും ഉയര്‍ന്ന മഴ ലഭിക്കുന്ന പ്രദേശങ്ങളിലും, ഏലച്ചെടികളുടെ മധ്യത്തില്‍ 45 സെന്റിമീറ്റര്‍ താഴ്ചയും 30 സെന്റിമീറ്റര്‍ വീതിയുമുള്ള ചാലുകള്‍ ജൂണ്‍ മാസത്തില്‍ കീറിക്കൊടുക്കണം. വെള്ളം കെട്ടിക്കിടക്കുന്നതായി കണ്ടാല്‍ ഒഴുകിപ്പോകാന്‍ വഴിയൊരുക്കണം. നീര്‍ക്കുഴികള്‍ കൃത്യമായി വൃത്തിയാക്കി വെള്ളമൊഴുക്ക് ഉറപ്പാക്കണം.

plant cardamom

വളരെയധികം വെയിലേറ്റാല്‍ തളര്‍ന്നുകരിഞ്ഞു പോകുമെന്നതിനാല്‍ തണല്‍ ക്രമീകരണം ഏലത്തോട്ടങ്ങളില്‍ അത്യാവശ്യമാണ്. അധികം തണലായാല്‍ ശരങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകും. കായ് പിടിക്കുന്നതും കുറയും. മികച്ച വളര്‍ച്ചയ്ക്കും കായ് പിടുത്തത്തിനും 45 മുതല്‍ 65 ശതമാനം വരെ സൂര്യപ്രകാശം ലഭിക്കുന്നതിന് തണല്‍ മരങ്ങളിലെ താഴ്ന്നു കിടക്കുന്ന കമ്പുകള്‍ മഴയ്ക്ക് മുമ്പായി കോതിക്കളയണം. മേയ്-ജൂണ്‍ മാസങ്ങളില്‍ കോതല്‍ നടത്തുന്നതാണ് ഉത്തമം. കുടപിടിച്ചതുപോലെ തണല്‍ തോട്ടങ്ങളില്‍ നിലനിര്‍ത്താം.തുറസ്സായ സ്ഥലങ്ങളില്‍ നന്നായി ശാഖകളുണ്ടാകുന്നതും ചെറിയ ഇലകളുള്ളതുമായ തണല്‍ മരങ്ങള്‍ നടുന്നതാണ് ഉത്തമം. മുരിക്ക്, വാക, ചന്ദനവയന, ഞാവല്‍, പ്ലാവ് തുടങ്ങിയവ തണല്‍ മരങ്ങളായി ഉപയോഗിക്കാന്‍ അനുയോജ്യമാണ്.ഏലച്ചെടികളുടെ മൂത്തതും ഉണങ്ങിയതുമായ തണ്ടുകളും ഇലകളും കോതിക്കളഞ്ഞാല്‍ ആവശ്യത്തിന് സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിക്കും. ഇലപ്പേന്‍, മുഞ്ഞ എന്നിവ കുറയുകയും ചെടി ആകെ കരുത്തോടെ വളരുകയും ചെയ്യും. മഴക്കാലത്തിന് മുന്‍പേ ചെടികളിലെ കോതല്‍ പൂര്‍ത്തിയാക്കണം. പൂങ്കുലകള്‍ പുതയ്ക്ക് മുകളിലാണെന്ന് ഉറപ്പാക്കുകയും വേണം.

വളപ്രയോഗം

നനവേണ്ട പ്രദേശങ്ങളില്‍ മേയ് മാസാവസാനത്തിലോ ജൂണ്‍ മാസാരംഭത്തിലോ ഒന്നോ രണ്ടോ മഴ ലഭിച്ചതിനുശേഷം ഹെക്ടറൊന്നിന് 90 കിലോ യൂറിയ, 207 കിലോ റോക്ക് ഫോസ്‌ഫേറ്റ്, 137 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കാം. ഇതേ പ്രക്രിയ സെപ്റ്റംബര്‍-ഒക്‌ടോബറിലും ഡിസംബര്‍-ജനുവരിയിലും ആവര്‍ത്തിക്കേണ്ടതാണ്.വളമിടന്നതിനു മുമ്പ് തടത്തിലുള്ള പുത നീക്കണം. പൂങ്കുലകള്‍ പുതയ്ക്ക് പുറത്താണെന്ന് ഉറപ്പാക്കണം. വളം നല്‍കുന്നത് 15 സെന്റിമീറ്റര്‍ വീതിയില്‍ വൃത്താകൃതിയില്‍ തടത്തില്‍ നിന്ന് 30 സെന്റിമീറ്റര്‍ അകലെയായിരിക്കണം. വളം നല്‍കിയതിനുശേഷം പുത നല്‍കേണ്ടതാണ്.മെയ്-ജൂണ്‍ മാസങ്ങളില്‍ ജൈവവളങ്ങളായ ചാണകം, കംപോസ്റ്റ് എന്നിവ ചെടിയൊന്നിന് 5 കിലോ എന്ന തോതില്‍ റോക്ക്‌ഫോസ്‌ഫേറ്റിനും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിനുമൊപ്പം ചേര്‍ത്തു കൊടുക്കാം. വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, മണ്ണിരവളം എന്നിവയിലേതെങ്കിലും ചെടിയൊന്നിന് ഒരു കിലോ വീതം ചേര്‍ത്തുകൊടുത്താല്‍ ചെടികള്‍ക്ക് വളര്‍ച്ചയും വേരോട്ടവുമുണ്ടാകും.

കീടനിയന്ത്രണ മാർഗ്ഗങ്ങൾ

തണ്ടുതുരപ്പന്റെ ആക്രമണം നിരീക്ഷിച്ചാല്‍ ക്വിനാല്‍ഫോസ് പോലെയുള്ള കീടനാശിനികള്‍ നൂറുലിറ്ററില്‍ 200 മില്ലിലിറ്റര്‍ എന്ന തോതില്‍ തളിച്ചുകൊടുക്കാം. ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ നിമാവിരകളുടെ ആക്രമണമുണ്ടായാല്‍ ചെടിയൊന്നിന് 250 ഗ്രാം വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തുകൊടുക്കാം.
അഴുകല്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ എന്ന നിലയില്‍ കാലവര്‍ഷം തുടങ്ങുന്ന സമയത്ത് ജൂണില്‍ 0.25 ശതമാനം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ചെടിയുടെ തടത്തില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുകയും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചുകൊടുക്കുകയും ചെയ്യാം. മഴക്കാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇവ ആവര്‍ത്തിക്കാം. അനുയോജ്യമായ മാധ്യമത്തില്‍ വളര്‍ത്തിയെടുത്ത ട്രൈക്കോഡെര്‍മ ഹാര്‍സിയാനം ചെടിയൊന്നിന് ഒരു കിലോ എന്ന തോതില്‍ മേയ് മാസത്തില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്. എന്നാൽ രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ചെടികള്‍ അപ്പാടെ പിഴുതെടുത്ത് നശിപ്പിച്ചു കളയണം.

ഏലം വിളവെടുപ്പ്

നടീല്‍വസ്തുക്കളുടെ സ്വഭാവമനുസരിച്ച് ഏലച്ചെടികള്‍ നട്ട് രണ്ട് അഥവാ മൂന്നാം വര്‍ഷം മുതല്‍ പുഷ്പിച്ചു തുടങ്ങും. ജൂണ്‍-ജൂലൈ മുതല്‍ ജനുവരി-ഫെബ്രുവരി വരെയാണ് കേരളത്തിലും തമിഴ്‌നാട്ടിലും വിളവെടുപ്പുകാലം. എന്നാല്‍ കര്‍ണാടകയില്‍ വിളവെടുപ്പ് ആഗസ്റ്റ് മുതല്‍ ഡിസംബര്‍-ജനുവരി മാസങ്ങള്‍ വരെയാണ്. 15-30 ദിവസം ഇടവിട്ട് 6-7 തവണകളായി മാത്രമേ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. വിളവെടുത്ത കായ്കള്‍ നന്നായി വെള്ളത്തില്‍ കഴുകി വൃത്തിയാക്കി സൂര്യപ്രകാശം മൂലമോ ഡ്രൈയര്‍ ഉപയോഗിച്ചോ ഉണക്കാവുന്നതാണ്.


English Summary: Cardamom farming method

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds