Features

കാല്‍ നൂറ്റാണ്ട് തരിശു ഇപ്പോള്‍ നൂറുമേനി

cheerakkavu

കേരള കാര്‍ഷിക സര്‍വകലാശാല സ്ഥിതിചെയ്യുന്ന വെളളാനിക്കരയുടെ സമീപ പ്രദേശമായ നടത്തറ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ചീരക്കാവ് പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് 2019 നിത്യസ്മരണീയ വര്‍ഷമാണ്. ഈ വര്‍ഷം അവര്‍ക്ക് മുണ്ടകന് ബമ്പര്‍ വിളവ് ലഭിച്ചു. ശരാശരി ഒരേക്കറിന് 2300 മുതല്‍ 2500 കി. ഗ്രാം വരെ നെല്ല്. കൃത്യമായ ആസൂത്രണവും സാങ്കേതിക പിന്‍ബലവും, പരമാവധി സംഘകൃഷി പ്രോത്സാഹിപ്പിക്കുന്ന നിലപാടും, കര്‍ഷകരുടെ ആത്മാര്‍ത്ഥ സഹകരണവും, അനുകൂലകാലാവസ്ഥയും മികച്ച വിളവിന് വഴിയൊരുക്കി.
ഞങ്ങളുടെ പാടശേഖരത്തില്‍ മൊത്തം 60 ഏക്കര്‍ കൃഷിസ്ഥലമുണ്ടെങ്കിലും 20 ഏക്കര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്റെ കൃഷിസ്ഥലമുള്‍പ്പെടെ അവിടവിടെയായി 20 ഏക്കര്‍ സ്ഥലം മാത്രമെ കൃഷി ചെയ്തിരുന്നുളളൂ. കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ സമീപത്തെ കാവുങ്ങല്‍ അഗ്രോടെക് എന്ന സ്ഥാപനത്തില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക ഉപദേശങ്ങള്‍ സൗജന്യമായി നല്‍കുന്ന കൃഷി വകുപ്പില്‍ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ശ്രീ. ജോസ് വര്‍ഗീസിന്റെ നിര്‍ദ്ദേശമനുസരിച്ച് രണ്ടാംവിള ചെയ്തു. 1500 കി. വിളവ് കിട്ടിയ സ്ഥാനത്ത് 2100 കി. ഗ്രാമായി വര്‍ദ്ധിച്ചു. ഈ വിള വര്‍ദ്ധന എന്റെ അയല്ക്കാരായ കര്‍ഷകര്‍ക്ക് അദ്ഭുതമായി. ബാക്കി തരിശുസ്ഥലം കൂടെ കൃഷിയിറക്കാന്‍ ഇത് പ്രേരകവുമായി.

25 വര്‍ഷം തരിശുകിടന്ന സ്ഥലം വീണ്ടും കൃഷി ചെയ്യുക തികഞ്ഞ വെല്ലുവിളിയായിരുന്നു. കൃഷി ചെയ്യാത്ത ഉടമകളില്‍ നിന്ന് പാട്ടത്തിനെടുത്ത പല കര്‍ഷകരും ഉണ്ടായിരുന്നു. കര്‍ഷകരുടെ കൂട്ടായ സഹകരണം മൂലം മൊത്തം 60 ഏക്കര്‍ സ്ഥലവും റോട്ടോവേറ്റര്‍ ഉപയോഗിച്ച് നല്ലവണ്ണം ഇളക്കി കൃഷി വകുപ്പില്‍ നിന്നും ലഭിച്ച കുമ്മായ വസ്തുക്കള്‍ ഒരു ഏക്കറിന് 175 കി. ഗ്രാം രണ്ടു പ്രാവശ്യം നല്‍കി. സീഡ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച ഉമ നെല്‍വിത്ത് കൂടുതല്‍ അങ്കുരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സൂക്ഷ്മ ജീവി സംയുക്തമായ 'അങ്കുര്‍' ഏക്കറിന് 100 മില്ലി 135 ലിറ്റര്‍ വെളളത്തില്‍ കലക്കി അതില്‍ 20 കി.ഗ്രാം വിത്ത് ഇട്ട് 12 മണിക്കൂറിനുശേഷം പായ് ഞാറ്റടിയില്‍ വിതച്ച് 18 മുതല്‍ 20 ദിവസത്തിനുളളില്‍ നടീല്‍ യന്ത്രം ഉപയോഗിച്ച് 60 ഏക്കര്‍ സ്ഥലവും സമയബന്ധിതമായി നട്ടു. ഏക്കറിന് 4500 രൂപയായിരുന്നു നടീല്‍ ചെലവ്.


നെല്‍കര്‍ഷകരായ ഞങ്ങള്‍ക്ക് ആവശ്യമായ സാങ്കേതികസഹായവും, കുറഞ്ഞ നിരക്കില്‍ ഉല്പാദനോപാധികളും നല്‍കുന്ന മണ്ണുത്തി കാവുങ്ങല്‍ അഗ്രോ ടെക്കിന്റെ നടപടികള്‍ തികച്ചും ശ്ലാഘനീയമാണ്. കേരളത്തില്‍ ഒരു രാസവളക്കടകളിലും ഇതുപോലെ ആവശ്യമായ നൂതന സാങ്കേതികവിദ്യ ലഭ്യമാകയില്ല. ഇത് കര്‍ഷകരായ ഞങ്ങള്‍ക്ക് തികച്ചും ആശ്വാസമാണ്. വളരെ വ്യത്യസ്തമായ കൃഷിമുറകളാണ് ചെയ്തത്. കളനിയന്ത്രണത്തിന് നട്ട 5 ദിവസത്തിനുളളില്‍ തരി രൂപത്തിലുളള 'സ്വച്ഛ' എന്ന കളനാശിനി 4 കി. ഗ്രാം, 10 കി.ഗ്രാം യൂറിയയുമായി ചേര്‍ത്ത് ഇട്ടു 5 ദിവസം വെളളം കെട്ടി നിര്‍ത്തി . നട്ട് 15 ദിവസം കഴിഞ്ഞ് ആദ്യവളം നല്‍കി. 16:16:16 എന്ന കോംപ്ലക്‌സ് രാസവളം ഏക്കറിന് 100 കി.ഗ്രാം പൊട്ടാഷ് 20 കി. ഗ്രാം യൂറിയ 15 കി.ഗ്രാം എന്നിവയും കൂടാതെ കീടങ്ങള്‍ക്കെതിരെ മുന്‍കരുതലായി ഫെര്‍റ്ററ എന്ന തരിരൂപത്തിലുളള കീടനാശിനി 4 കി. ഗ്രാമും കൂടുതല്‍ ചിനപ്പുകള്‍ ഉണ്ടാക്കാനും നെല്‍ച്ചെടികള്‍ ആരോഗ്യത്തോടെ വളരാനും ഫല്‍മിക്, അമിനോ അമ്ലങ്ങളുടെ സംയുക്തമായ ജൈവശക്തി 5 കി. നല്‍കി. ഇപ്രകാരം വളം നല്‍കിയതിന് 15 ദിവസത്തിനുശേഷം 19:19:19 എന്ന വെളളത്തില്‍ അലിയുന്ന രാസവളം ഒരു കി. ഗ്രാമും ജൈവശക്തി ലായനി 250 മില്ലിയും ചേര്‍ത്ത് 100 ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് നെല്‍ച്ചെടികളുടെ ഇലകളില്‍ തളിച്ചു വളര്‍ച്ച ത്വരിതഗതിയിലായി. ഇതിനുശേഷം 15 ദിവസം കഴിഞ്ഞ് യൂറിയ 20 കി.ഗ്രാം, പൊട്ടാഷ് 30 കി.ഗ്രാം, സൂക്ഷ്മമൂലകസംയുക്തമായ മൈക്രോസമ്പൂര്‍ണ്ണ 5 കി.ഗ്രാമും തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണത്തിനെതിരെ കാര്‍ട്ടാപ്പ് 5 കി. സംയുക്തമായി നല്‍കി.

 ഇത്രയുമായപ്പോള്‍ ചെടിയുടെ വളര്‍ച്ച വളരെ വേഗത്തിലാകുകയും ധാരാളം ചിനപ്പുകളല്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.പറിച്ചു നട്ട് 60 ദിവസമായപ്പോള്‍ എന്ന വെളളത്തില്‍ അലിയുന്ന 13.0.45 രാസവളം ഒരു കി.ഗ്രാം 100 ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു. 80 ദിവസമായപ്പോള്‍ തന്നെ കതിരുകള്‍ വന്നു തുടങ്ങി. വളരെ വേഗം കതിരു നിരന്നു. ഈ അവസരത്തില്‍ മണികള്‍ക്ക് തൂക്കത്തിനും കറുത്തമണികള്‍ ഉണ്ടാകാതിരിക്കാനും സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് എന്ന വളം ഒരു കി. ഗ്രാം സോലുബര്‍ 100 ഗ്രാം എന്നിവ സംയുക്തമായി 100 ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു. ഇത്രയും ചെയ്തപ്പോള്‍ അഭൂതപൂര്‍വമായ വിളവാണ് ഞങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്ന് മനസ്സിലായി. തീരെ പതിരില്ലാത്ത നെന്മണികളാണ് മിക്ക ചെടികളിലും ഉണ്ടായത്.

വിളവെടുപ്പ് ഞങ്ങള്‍ ഒരു ഉത്സവമാക്കി മാറ്റി. ഏക്കറിന് ശരാശരി 2300 മുതല്‍ 2500 കി. നെല്ല് കിട്ടി. ഞങ്ങളുടെ ജീവിതത്തില്‍ ഈ പാടശേഖരത്തില്‍ നിന്നും ഇത്രയും വിളവ് മുന്‍പെങ്ങും ലഭിച്ചിട്ടില്ല. കൂടാതെ ഏക്കറിന് 60-70 കെട്ട് വൈക്കോല്‍ ബെയിലര്‍ ഉപയോഗിച്ച് ലഭിച്ചു. ഒരു കെട്ട് വൈക്കോലിന് 150 മുതല്‍ 200 രൂപ വരെ കിട്ടി. നെല്ല് സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കി.ഈ പാടശേഖരത്തില്‍ കൃഷിചെയ്ത് നല്ല വിളവ് ഉണ്ടാക്കാമെന്ന് തെളിയിക്കാനാണ്. അടുത്തവര്‍ഷം സ്വന്തം സ്ഥലം പാട്ടത്തിന് കൊടുക്കില്ല എന്നും തങ്ങള്‍ തന്നെ കൃഷി ചെയ്യും എന്ന നിലപാടിലാണ് കര്‍ഷകര്‍. കൃഷിവകുപ്പില്‍ നിന്നുളള സബ്‌സിഡി ചേര്‍ത്ത് ഒരു ഏക്കറിന് ചിലവ് കഴിച്ച് 50,000 രൂപ വരുമാനം ലഭിച്ചു. കൂടാതെ ഓരോ കുടുംബത്തിനും ആവശ്യമായ അരി സ്വന്തമായി സംഭരിക്കുന്നതിനും സാധിച്ചു.
അടുത്തവര്‍ഷം മുതല്‍ രണ്ട് വിള എടുക്കുമെന്ന നിശ്ചയദാര്‍ഢ്യമാണ് ഞങ്ങള്‍ കര്‍ഷകര്‍ക്കുളളത്. മണലി പുഴയില്‍ നിന്നുളള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഏതാനും മാസങ്ങള്‍ക്കുളളില്‍ പൂര്‍ത്തിയാകും. ഈ ലിഫ്റ്റ് ഇറിഗേഷന്‍ പ്രയോജനപ്പെടുത്തി പുഞ്ച കൃഷിക്ക് ഒരുങ്ങുകയാണ് ഇവിടെ.

 

 

 

 


Share your comments