<
Features

വിളകൾക്കും ഇനി ആരോഗ്യകേന്ദ്രം

കർഷകർക്ക് ആശ്വാസമായി വിളകളെ ബാധിച്ചിക്കുന്ന രോഗ–കീടങ്ങളെ തുടക്കത്തിൽതന്നെ കൃത്യമായി തിരിച്ചറിയാനും അതിനു പരിഹാരം  കാണാനുമായി ഒരു ക്ലിനിക്. ഏതു വിളയുടെയും ആരോഗ്യപ്രശ്നങ്ങൾ കൃത്യതയോടെ മനസ്സിലാക്കി പരിഹാരം നിർദേശിക്കുന്ന വിള ആരോഗ്യകേന്ദ്രത്തിലൂടെ കർഷകരുടെ സങ്കടങ്ങൾക്ക് പരിഹാരം കാണുകയാണ് തൃശൂർ ജില്ലയിലെ പഴയന്നൂർ കൃഷിഭവൻ.

വ്യത്യസ്തവിളകളെ ബാധിക്കുന്ന രോഗ–കീടബാധകൾ തിരിച്ചറിയാൻ വിപുലമായ സന്നാഹമാണ് ഇവിടെ ഉള്ളത്  വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്തുന്നവർക്കും പുതുതലമുറയിൽ പെട്ട പാർട് ടൈം കൃഷിക്കാർക്കുമൊക്കെ ഈ സേവനം ലഭിക്കും. വിവിധ തരം സൂക്ഷ്മദർശിനികൾ, മണ്ണുപരിശോധനാസംവിധാനം, കീട–രോഗ ലക്ഷണങ്ങൾ വ്യക്തമാക്കുന്ന ചാർട്ടുകൾ എന്നിവ ഈ ക്ലിനിക്കിലുണ്ട്. സൂക്ഷ്മദർശിനിയുടെ സഹായത്തോടെ  ഏത് സൂക്ഷ്മജീവിയാണ് വിളയെ ആക്രമിക്കുന്നതെന്നു കൃത്യമായി തിരിച്ചറിഞ്ഞ് അതിനെതിരായ മരുന്ന് മാത്രം നൽകിയാൽ മതിയാവും. അനാവശ്യമായ മരുന്നുപ്രയോഗം ഒഴിവാക്കാൻ ഇതുവഴി സാധിക്കും.

കൃഷിക്കാർ രോഗബാധിതമായ വിളയുെട സാമ്പിളുമായി വന്നാൽ കൃത്യമായി രോഗനിർണയം നടത്തി പരിഹാരവുമായി തിരികെ പോകാം. വാട്സ് ആപ്, ഇമെയിൽ തുടങ്ങിയവയിലൂടെ രോഗലക്ഷണങ്ങൾ വ്യക്തമാക്കുന്ന പടം അയയ്ക്കുന്നവർക്കും ഈ സേവനം ലഭിക്കും. വിളകൾക്ക് ശാസ്ത്രീയമായി വളം നൽകുന്നതിനുള്ള സംവിധാനവും പഴയന്നൂർ ബ്ലോക്കിന്‍റെ കീഴിലുള്ള അഗ്രി ക്ലിനിക്കിൽ ലഭ്യമാണ്. സൂക്ഷ്മമൂലകങ്ങളുെട അപര്യാപ്തത വിളകളിലുണ്ടാക്കുന്ന മാറ്റം ചാർട്ടിൻ്റെ സഹായത്തോെട കണ്ടെത്താൻ ഇവിടെ സാധിക്കും. കുറവുള്ള മൂലകങ്ങൾ ചെടികൾക്ക് ലഭ്യമാക്കുന്നതിനുള്ള ജൈവ ഉപാധികളും ക്ലിനിക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

നെൽകൃഷിയിലെ വ്യത്യസ്തയിനം കളകളെ തിരിച്ചറിഞ്ഞു യോജ്യമായ പരിഹാരം ചെയ്യാനും ഇവിടെ സംവിധാനമുണ്ട്. പ്രധാന വിളകളുടെ രോഗ– കീടബാധ സംബന്ധിച്ച ലക്ഷണങ്ങൾ വർണചിത്രങ്ങളുടെ  സഹായത്തോടെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കാർഷികഗ്രന്ഥങ്ങളും മാസികകളുമൊക്കെ കിട്ടുന്ന കർഷക ലൈബ്രറിയും പഴയന്നൂരിലെ കൃഷിക്കാരുടെ അഭിമാനമായി ഈ ക്ലിനിക്കിനെ മാറ്റുന്നു.

എല്ലാ ബുധനാഴ്ചയുമാണ്  ക്ലിനിക്കിന്‍റെ പ്രവർത്തനം . എന്നാലും മറ്റ് ദിവസങ്ങളിലും ഈ സേവനം ലഭ്യമാണ്  പഴയന്നൂർ പഞ്ചായത്ത് കാര്യാലയത്തിൽ കൃഷിഭവനോടു ചേർന്നുള്ള വിശാലമായ മുറിയാണ് വിള ആരോഗ്യകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. കൃഷിക്കാരുടെ ചെറുസംഘങ്ങൾക്ക് ക്ലാസ് നടത്തുന്നതിനും ഇവിടെ സൗകര്യമുണ്ട്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 150 കൃഷിഭവനുകളിൽ ഇത്തരം കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

English Summary: Clinic for crops

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds