Features

മനുഷ്യന് അന്തകനായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സയിഡിന്റെ അളവ് ഉയരുകയാണ്. വെള്ളപ്പൊക്കവും വരള്‍ച്ചയും കൊടങ്കാറ്റും ഉഷ്ണക്കാറ്റും സാധാരണമാവുകയാണ്. സമുദ്രജലനിരപ്പ് ഉയരുന്നു. ശുദ്ധജലം ഉപ്പുകയറി നശിക്കുന്നു. വിളനാശം സാര്‍വ്വത്രികമാകുന്നു. ഇതെല്ലാം ലോകത്തിന് പൊതുവെയും ഇന്ത്യയ്ക്ക് പ്രത്യേകിച്ചും വലിയ ഭീഷണിയാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മഴക്കെടുതി നേരിടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത്തരം അവസ്ഥകള്‍ ഇന്നു കാണുന്നതിനേക്കാള്‍ 5.4% കൂടുതലായി പ്രതീക്ഷിക്കേണ്ടി വരുമെന്ന് പഠനം വെളിപ്പെടുത്തുന്നു. റമോന്‍.ഇ.ലോപ്പസ്, വിനോദ് തോമസ്,പാബ്‌ളോ.എ.ട്രോന്‍കോസോ എന്നിവരാണ് പഠനം നടത്തിയത്. ക്ലൈമറ്റ്, ഡിസാസ്റ്റേഴ്‌സ് ആന്റ് ഡവലപ്‌മെന്റ് ജോര്‍ണലിന്റെ ജാനുവരി ലക്കത്തില്‍ വന്ന ഇംപാക്ട്‌സ് ഓഫ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എമിഷന്‍സ് ഓണ്‍ ഗ്ലോബല്‍ ഇന്റന്‍സ് ഹൈഡ്രോ മീറ്റിയോറളജിക്കല്‍ ഡിസാസ്‌റ്റേഴ്‌സ് എന്ന റിപ്പോര്‍ട്ടിലാണ് ഇതുള്ളത്.

 

ഇന്നത്തെ നിലയിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതള്ളല്‍ അവസാനിപ്പിച്ചാലും പ്രീ ഇന്‍ഡസ്ട്രിയല്‍ കാലത്തേക്ക് അന്തരീക്ഷ ഊഷ്മാവ് മടങ്ങിയെത്താന്‍ 1000 വര്‍ഷമെടുക്കുമെന്നാണ് മറ്റു ചില പഠനങ്ങള്‍ പറയുന്നത്.പ്രകൃതി കുഴപ്പമുണ്ടാക്കുന്ന ഈ അവസ്ഥയിലേക്ക് ലോകത്തെ എത്തിച്ചത് ഫോസില്‍ ഫ്യൂവലിന്റെ അമിത ഉപഭോഗവും സിമന്റ് നിര്‍മ്മാണവും തെറ്റായ ഭൂഉപയോഗവും വനനാശവുമാണ് എന്നതാണ് കണ്ടെത്തല്‍. ലോകത്തെ ദരിദ്രരാജ്യങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സയിഡ് എമിഷനിലും വളരെ പിന്നിലാണെങ്കിലും ഇതിന്റെ ദുരിതം കൂടുതലായി അനുഭവിക്കുന്നത് അവരാണ്. പ്രധാനപ്പെട്ട പത്ത് രാജ്യങ്ങള്‍ ചേര്‍ന്ന് പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആകെയുള്ളതിന്റെ 67.6 ശതമാനം വരും. കല്‍ക്കരി കൂടുതലായി ഉപയോഗിക്കുന്ന ചൈനയാണ് ഇപ്പോള്‍ മുന്നില്‍. എന്നാല്‍ വ്യക്തിഗത പുറന്തള്ളല്‍ നോക്കിയാല്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.

 

മനുഷ്യന്‍ ഉത്പ്പാദിപ്പിക്കുന്ന ഏറ്റവും വലിയ ഗ്രീന്‍ഹൗസ് ഗ്യാസാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്. മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, സള്‍ഫര്‍ ഹെക്‌സാ ഫ്‌ളൂറൈഡ്, ഹൈഡ്രോ ഫ്‌ളൂറോ കാര്‍ബണ്‍സ് ,പെര്‍ഫ്‌ളൂറോ കാര്‍ബണ്‍സ് എന്നിവയാണ് കുറഞ്ഞ അളവില്‍ ഉപദ്രവകാരികള്‍. ഇപ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എമിഷന്‍ ഒരു വര്‍ഷം 37077.404 മെട്രിക്ടണ്ണാണ് എന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോഴത്തെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പിപിഎം 400 ആണ് എന്നത് വലിയ ആശങ്കയാണുളവാക്കുന്നത്. ഇത് കഴിഞ്ഞ എട്ടു ലക്ഷം വര്‍ഷത്തിലെ ഉയര്‍ന്ന അളവാണ്.

 

ചൈനയുടെ സംഭാവന 25 ശതമാനമാകുമ്പോള്‍ അമേരിക്ക 15, യൂറോപ്പ് 10, ഇന്ത്യ 7, റഷ്യ 5 എന്ന നിലയില്‍ ദോഷകരമായ സംഭാവന ചെയ്യുന്നു. ഉയരുന്ന ചൂടിനെ 2100 ല്‍ 2 ശതമാനത്തിലേറെ വര്‍ദ്ധിക്കാതെ നിയന്ത്രിക്കുക എന്ന ശ്രമകരമായ ജോലിയാണ് നമുക്ക് നിര്‍വ്വഹിക്കാനുള്ളത്. ശാസ്ത്രജ്ഞന്മാരും പ്രകൃതി സ്‌നേഹികളും ഇതിനായി പ്രയത്‌നിക്കുമ്പോഴും അതെല്ലാം അധികാരികളുടെ ബധിര കര്‍ണ്ണങ്ങളിലാണ് വീഴുന്നത്. നിയന്ത്രണങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ ഊഷ്മാവ് 3.1 ഡിഗ്രി മുതല്‍ 3.7 വരെയും ഒരു പക്ഷെ 4.1 മുതല്‍ 4.8 വരെയും ഉയരാം. പുരോഗതിയും വളര്‍ച്ചയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എമിഷനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം.സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ വ്യവസായവും അടിസ്ഥാന സൗകര്യവും ജീവിതനിലവാരവും ഉയരണം. ഇതിന് ഉപയോഗിക്കുന്ന ഓരോ വസ്തുവും ഗ്രീന്‍ഹൗസ് ഇഫക്ട് കൂട്ടും എന്നതില്‍ സംശയമില്ല. പാരീസ് ഉടമ്പടി എല്ലാവരും അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്താലെ 2100 ല്‍ 2.6 ഡിഗ്രി മുതല്‍ 3.2 ഡിഗ്രിവരെ താപനില ഉയരുന്ന വിധത്തിലെങ്കിലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയൂ.

 

1900 ലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ രണ്ട് ബില്യണ്‍ ആയിരുന്നെങ്കില്‍ 2015ല്‍ അത് 36 ബില്യണായി. 2014-മുതല്‍ 17 വരെ ഏകദേശം സ്റ്റേബിളായി നിലനിന്ന പുറന്തള്ളലില്‍ 2018 ല്‍ 2.7 ശതമാനവും 2019 ല്‍ 0.6 ശതമാനവും വര്‍ദ്ധനവുണ്ടായി. വൈദ്യുതി ഉത്പാദനവും താപോര്‍ജ്ജവുമാണ് ഏറ്റവും വലിയ അന്തകര്‍. അന്‍പത് ശതമാനത്തിലേറെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും സംഭാവന ചെയ്യുന്നത് ഈ മേഖലയാണ്. ട്രാന്‍സ്‌പോര്‍ട്ടും മാനുഫാക്ചറിംഗും 20 ശതമാനവും റസിഡന്‍ഷ്യല്‍,കൊമേഷ്യല്‍, പബ്‌ളിക് സെക്ടര്‍ മേഖല 9 ശതമാനവും മറ്റ് മേഖലകള്‍ 1-2 ശതമാനവുമാണ് സംഭാവന ചെയ്യുന്നത്.

വലിയ കാഴ്ചപ്പാടുകളില്ലാതെയും വരും തലമുറയെകുറിച്ച് ചിന്തയില്ലാതെയും പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ ശാസ്ത്രജ്ഞരുടെയും പ്രകൃതി സ്‌നേഹികളുടെയും ആശങ്കകള്‍ക്ക് ചെവികൊടുത്തില്ലെങ്കില്‍ കോടിക്കണക്കിന് ജീവജാലങ്ങളും മനുഷ്യരും പട്ടിണി കിടന്നും പ്രകൃതി ക്ഷോഭത്തില്‍പെട്ടും മരിക്കുന്ന ഹൃദയഭേദകമായ കാഴ്ച അടുത്ത തലമുറയ്ക്ക് അനുഭവിക്കേണ്ടിവരും. പിന്നെ അവശേഷിക്കുന്നവര്‍ ചന്ദ്രനിലോ ചൊവ്വയിലോ വസിക്കാന്‍ കഴിയും വിധം അവിടം പാകപ്പെടുമോ എന്ന് കണ്ടുതന്നെ അറിയണം.

 


English Summary: CO2 may become the destoyer of human beings

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds