<
Features

നീരയും ചാരായവും പിന്നെ സമസ്തവും

neera
neera

തെങ്ങിനെ കല്‍പ്പവൃക്ഷം എന്നു വിളിക്കുന്നത് വെറുതെയല്ല. അടിമുടി മനുഷ്യന് ഉപകാരപ്പെടുന്ന ഇത്തരമൊരു വൃക്ഷം വേറെയുണ്ടാവില്ല. ഈ വൈവിധ്യവത്ക്കരണം പൂര്‍ണ്ണമായും വാണിജ്യവത്ക്കരിച്ചാലെ നാളീകേര കൃഷിക്കാരെയും വ്യവസായികളെയും ശാക്തീകരിക്കാന്‍ കഴിയുകയുള്ളു. അതിനുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളില്‍ ചിലത് ഇവയാണ്.

Coconut Vinegar
Coconut Vinegar

വിനാഗിരി

തേങ്ങാവെള്ളത്തില്‍ നിന്നുമെടുക്കുന്ന വിനാഗിരിക്ക് പ്രത്യേക മണവും രുചിയുമുള്ളതിനാല്‍ കയറ്റുമതി വിപണിയില്‍ ഉന്നതസ്ഥാനമാണുള്ളത്. തേങ്ങാവെള്ളത്തില്‍ പഞ്ചസാരയും ഈസ്റ്റുമിട്ട് ആല്‍ക്കഹോളിക് ഫെര്‍മെന്റേഷന്‍ നടത്തിയ ശേഷം അസറ്റോബാക്ടര്‍ ബാക്ടീരിയ അടങ്ങിയ മാതൃവിനാഗിരി ചേര്‍ത്ത് ഏകദേശം മൂന്നാഴ്ച കഴിയുമ്പോള്‍ നാല് ശതമാനം വീര്യമുള്ള വിനാഗിരി കിട്ടും. അച്ചാര്‍ നിര്‍മ്മാണത്തില്‍ preservative ആയും ഭക്ഷ്യസംസ്‌ക്കരണ വ്യവസായത്തില്‍ flavouring agent ആയും ഇത് ഉപയോഗിക്കാം.

coco sap chiller
coco sap chiller

നീര

ഔഷധവീര്യവും രുചിയുമുള്ള നീര ഇന്നിപ്പോള്‍ പ്രിയങ്കരമായ ഒരു പ്രകൃതി പാനീയമായി മാറിക്കഴിഞ്ഞു. വളര്‍ച്ചയെത്തിയതും വിരിയാത്തുമായ തെങ്ങിന്‍ പൂക്കുല ചെത്തിയാണ് മധുരംവഴിയുന്ന നീര എടുക്കുന്നത്. 14.15 % പഞ്ചസാരയും 0.2 % മാംസ്യവും 0.2% അമിനോ ആസിഡുകളും(amino acids) പൊട്ടാസ്യം(pottasium),മഗ്നീഷ്യം(magnesium),ഫോസ്ഫറസ്(phosphorus),മാംഗനീസ്(manganese),സിങ്ക്(zinc),കോപ്പര്‍(copper),ഇരുമ്പ് എന്നീ മൂലകങ്ങളും ആന്റി ഓക്‌സിഡന്റുകളും(anti oxidants) പോളീ ഫീനോളുകളും(poly phenols) ബി,സി വിറ്റാമിനുകളും(vitamin B&C) അടങ്ങിയ ആരോഗ്യ കലവറയാണ് നീര. ഏകദേശം 40-45 ദിവസം വരെ ഒരു പൂങ്കുല ചെത്താന്‍ കഴിയും. ദിവസം ഒന്നരലിറ്റര്‍ എന്ന കണക്കില്‍ 60-70 ലിറ്റര്‍ വരെ നീര ഒരു കൂമ്പില്‍ നിന്നും ലഭിക്കും. സിപിസിആര്‍ഐ വികസിപ്പിച്ച കൊക്കോ സാപ്പ് ചില്ലര്‍(coco sap chiller) ഉപയോഗിച്ച് നീര ശേഖരിക്കാം.

Coconut jaggery
Coconut jaggery

നീര 115 ഡിഗ്രി ചൂടാക്കി ജലാംശം കളഞ്ഞ് സിറപ്പും തേനും ശര്‍ക്കരയും പഞ്ചസാരയും ഉത്പ്പാദിപ്പിക്കാന്‍ കഴിയും. നീര പഞ്ചസാരയും കൊക്കോബീനും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് അരച്ച് പലതരം ബാര്‍ ചോക്ലേറ്റുകള്‍(bar chocolates) തയ്യാറാക്കാം. ഡ്രിങ്കിംഗ് ചോക്ലേറ്റും(drinking chocolates) തയ്യാറാക്കാവുന്നതാണ് .

Coconut sugar
Coconut sugar

നീര സിറപ്പ്, നീര തേന്‍,നീര പഞ്ചസാര എന്നിവ ഉപയോഗിച്ച് കുക്കീസ്,ബിസ്‌ക്കിറ്റ്, മധുരപലഹാരങ്ങള്‍ എന്നിവയും തയ്യാറാക്കാം. നീര 3-4 മണിക്കൂര്‍ പുളിപ്പിച്ചാല്‍ ലഹരിക്കള്ളാകും. ഇതില്‍ 5-6 % ആള്‍ക്കഹോളുണ്ടാകും. ലഹരികള്ള് ഡിസ്റ്റിലേഷന്‍ ചെയ്താല്‍ ചാരായം കിട്ടും. പുളിച്ച നീര കുപ്പിയിലോ ഭരണിയിലോ ഒരു മാസം അടച്ചുവച്ചാല്‍ പ്രകൃതിദത്തമായ വിനാഗിരിയും ഉണ്ടാക്കാം.

Coir fibre
Coir fibre

ചകിരി ഉത്പ്പന്നങ്ങള്‍

തേങ്ങയുടെ തൊണ്ടില്‍ നിന്നാണ് ചകിരി വേര്‍തിരിക്കുന്നത്. ഉപ്പുവെള്ളത്തില്‍ അഴുകിയ പച്ചതൊണ്ടില്‍ നിന്നാണ് നീളം കൂടിയ മേല്‍ത്തരം വെള്ളനാരുകള്‍ ലഭിക്കുക. വെള്ളനാരുപയോഗിച്ച് ചൂടിയുണ്ടാക്കി കയറുകളും പലതരം കയറ്റുപായകളും നിര്‍മ്മിക്കാം. യന്ത്രസഹായത്താല്‍ ചതച്ച ഉണക്കതൊണ്ടില്‍ നിന്നാണ് തവിട്ട് നാര് ലഭിക്കുക. ഇതുപയോഗിച്ച് ബ്രഷ്,ചൂല്,കുഷന്‍,മെത്ത മുതലായവ നിര്‍മ്മിക്കാം. മണ്ണൊലിപ്പ് തടയാനായി റോഡ്,കനാല്‍,കുന്ന് എന്നിവയുടെ ചരിവുകളില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച്് ആഴത്തില്‍ വേരോട്ടമുള്ള പുല്ലുകളുടെ വിത്തും തൈകളും വളര്‍ത്തിയെടുക്കാറുണ്ട്. കയറില്‍ ലിഗിനിന്‍(lignin) എന്ന ജൈവപദാര്‍ത്ഥം അടങ്ങിയിട്ടുള്ളതിനാല്‍ ചണം ഉപയോഗിക്കുന്ന ഭൂവസ്ത്രത്തേക്കാള്‍ ഈടുനില്‍ക്കും എന്നതാണ് സവിശേഷത. കയര്‍ നിര്‍മ്മാണം കഴിയുമ്പോള്‍ തൊണ്ടില്‍ ബാക്കിയാകുന്ന ചകിരിചോറ് ജൈവവളമാണ്. ഇതുണ്ടാക്കാനായി പ്ലോറോട്ടസ് സജോര്‍ കാജു (pleurotus sajor-caju)എന്ന കുമിളിനെയാണ് ഉപയോഗിക്കുക.ചകിരിചോര്‍ ഇഷ്ടിക നിര്‍മ്മാണത്തിനും പൂചെടിചട്ടികളില്‍ ഈര്‍പ്പം നിലനിര്‍ത്താനും ഉപയോഗിക്കാറുണ്ട്. മണ്ണിന്റെ തൂക്കത്തിന്റെ രണ്ട് ശതമാനം ചകിരിച്ചോറ് ചേര്‍ത്താല്‍ മണ്ണിന്റെ ജലസംഗ്രഹണ ശേഷി 42% വര്‍ദ്ധിക്കും. ബയോഗ്യാസിനുവേണ്ടിയും ചകിരിചോര്‍ ഉപയോഗിക്കാറുണ്ട്. ചകിരിചോറിനെ കഴുകി അരിച്ച് പിഴിഞ്ഞുണക്കി കോംപാക് ആക്കി കൊക്കോപിറ്റുണ്ടാക്കാം.

Coconut shell
Coconut shell

ചിരട്ട ഉത്പ്പന്നങ്ങള്‍

ഇന്ധനമായി ഉപയോഗിക്കുന്നതിനു പുറമെ ചിരട്ടക്കരി,ആക്ടിവേറ്റഡ് കാര്‍ബണ്‍,ചിരട്ടപൊടി തുടങ്ങിയ ഉത്പ്പന്നങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ചിരട്ടയില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്നുണ്ട്. മൂപ്പെത്തിയ നാളികേരത്തിന്റെ ചിരട്ട ചുരുങ്ങിയ വായുസമ്പര്‍ക്കത്തില്‍ കത്തിച്ചാണ് ചിരട്ടക്കരി(charcoal) ഉണ്ടാക്കുന്നത്. ചുരുങ്ങിയ വായുസമ്പര്‍ക്കത്തില്‍ കത്തിക്കുമ്പോള്‍ ചിരട്ട എരിഞ്ഞ് ചാരമായി മാറാതെ കരിയായി തീരുകയാണ് ചെയ്യുന്നത്. സാധാരണയായി ചിരട്ടയുടെ തൂക്കത്തിന്റെ 30-32% മാത്രമെ ചിരട്ടക്കരി ലഭിക്കുകയുള്ളു. അതായത് 20,000 തേങ്ങയുടെ ചിരട്ടയില്‍ നിന്നും ഒരു ടണ്‍ കരി കിട്ടും. നിറം നല്‍കുന്ന വസ്തുക്കളും വാതകങ്ങളും ശുദ്ധീകരിക്കാനാണ് ചിരട്ട ചാര്‍കോള്‍ ഉപയോഗിക്കുന്നത്. ലോഹങ്ങള്‍ ഉരുക്കി പണിയുന്നതിനും തുണി തേക്കുന്നതിന് തേപ്പുപെട്ടിയുടെ ഇന്ധനമായും ഇതിനെ ഉപയോഗിക്കുന്നുണ്ട്. ചിരട്ടക്കരിയില്‍ നിന്നും activated carbon അഥവാ ഉത്തേജിപ്പിച്ച കാര്‍ബണും ഉണ്ടാക്കാം. ചിരട്ടകള്‍ ചെറുകഷണങ്ങളാക്കി ചില രാസവസ്തുക്കളും ചേര്‍ത്ത് ഉണക്കി കരിച്ചെടുക്കുന്നു. ഇതിനെ 900 ഡിഗ്രി സെല്‍ഷ്യസില്‍ നീരാവി കടത്തിവിട്ട് ആക്ടിവേറ്റ് ചെയ്യുന്നതിനോടൊപ്പം വായു കടത്തിവിട്ട് quenching ചെയ്ത് ആക്ടിവേറ്റഡ് കാര്‍ബണ്‍ ശേഖരിക്കുന്നു. ചിരട്ടപ്പൊടി കൃത്രിമ പശകളുടെയും Finolic moulding പൊടികളുടെയും നിര്‍മ്മാണത്തില്‍ യൗഗിക പൂരകമായിട്ടും ഉപയോഗിക്കുന്നു. ചിരട്ട ചെറുകഷണങ്ങളാക്കി മാറ്റി പൊടിച്ച്് (pulverize) 100-300 മെഷ് ഉള്ള പൊടിയാക്കും. എന്നിട്ട് ഒരു vibrating screen ഉപയോഗിച്ച് ഗ്രേയ്ഡ് പായ്ക്ക് ചെയ്യാം.

Coconut leaf
Coconut leaf

തെങ്ങോല

തെങ്ങോലയില്‍ ധാരാളമായി lignin,polyphenols എന്നിവ അടങ്ങിയിട്ടുണ്ട്. ഓലയില്‍ നിന്നും നാര് വേര്‍തരിച്ച് പല ഉത്പ്പന്നങ്ങളും ഉണ്ടാക്കാം. ഓലക്കാല്‍ സ്ട്രാ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. തെങ്ങോലയെ എളുപ്പത്തില്‍ തരിരൂപത്തിലുള്ള കമ്പോസ്റ്റാക്കി മാറ്റാന്‍ കഴിവുള്ള African Night crawler എന്നയിനം മണ്ണിരയോട് സാദൃശ്യമുള്ള നാടന്‍ മണ്ണിരയെ ഉപയോഗിച്ച് കമ്പോസ്റ്റ് ഉത്പ്പാദിപ്പിക്കാന്‍ ഉള്ള സാങ്കേതിക വിദ്യ CPCRI വികസിപ്പിച്ചിട്ടുണ്ട്. പ്രതിവര്‍ഷം ഒരു ഹെക്ടര്‍ തെങ്ങിന്‍ തോട്ടത്തില്‍ നിന്നും ലഭിക്കുന്ന ഓലകളുപയോഗിച്ച്് ഏതാണ്ട് നാല് ടണ്‍ മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാം. ചെടികള്‍ക്ക് പോഷകമൂലകങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ ഇത് ഉപകാരപ്പെടും. കൂടാതെ ഉപകാരികളായ സൂക്ഷ്മാണുക്കളും ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളും വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഓലയുടെ ഈര്‍ക്കില്‍ ബലവും ദൃഢതയുമുള്ളവയാണ്. അതുകൊണ്ടുതന്നെ ചൂല്്, ടൂത്ത് പിക്കിള്‍,ഫ്്‌ളവര്‍ വേയ്‌സ്, ബാസ്‌ക്കറ്റ് എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. തെങ്ങിന്റെ മടലില്‍ നിന്നു ലഭിക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള Sheath scale മുറിവേറ്റ ശരീര ഭാഗങ്ങളിലെ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഇതിന്റെ ശാസ്ത്രീയ വശം പഠനവിധേയമാക്കേണ്ടതുണ്ട്. തെങ്ങിന്റെ ജൈവാവശിഷ്ടങ്ങളായ ഓലമടല്‍,കൊതുമ്പ്, കുലച്ചില്‍,ഓലക്കാലുകള്‍,കുലയുടെ അവശിഷ്ടങ്ങള്‍ മുതലായവ ചേര്‍ന്ന മിശ്രിതം മാധ്യമമായി ഉപയോഗിച്ച് കൂണ്‍കൃഷി നടത്താനുള്ള ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യയും CPCRI വികസിപ്പിച്ചിട്ടുണ്ട്. ചിപ്പിക്കൂള്‍( Pleurotus sajor-caju) ഉപയോഗിച്ചാണ് കൂണ്‍ കൃഷി നടത്തുന്നത്.

Coconut wood
Coconut wood

തെങ്ങിന്‍ തടി

സംസ്‌ക്കരണം നടത്തി മാത്രമെ തെങ്ങിന്‍ തടി ഉപയോഗിക്കാന്‍ കഴിയൂ. ഇല്ലെങ്കില്‍ പെട്ടെന്ന് കേടാകും. സംസ്‌ക്കരണം നടത്തിയ തടി ഉപയോഗിച്ച് വിവിധതരം ഫര്‍ണിച്ചറുകള്‍,പാത്രങ്ങള്‍,മറ്റ് ഗാര്‍ഹികോപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍ മുതലായവ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ കഴിയും .

Coconut root ( Courtesy-shutterstock)
Coconut root ( Courtesy-shutterstock)

തെങ്ങിന്‍ വേര്

തെങ്ങിന്‍ വേര് ഔഷധഗുണമുളളതാണ്. വേരിന്റെ സത്ത് മൗത്ത് വാഷായും വേര് വറുത്തെടുത്ത് പല്‍പൊടിയായും ഉപയോഗിക്കാം.

CPCRI യുടെ കാസര്‍ഗോട്ടുള്ള അഗ്രി ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ വഴി സംരംഭകര്‍ക്ക് സാങ്കേതിക വിദ്യ കൈമാറ്റവും പരിശീലനവും നല്‍കുന്നുണ്ട്. ഫോണ്‍- 0499-4233895

നാളീകേര വികസന ബോര്‍ഡിന്റെ സൗത്ത്് വാഴക്കുളം സിഐടിയും പരിശീലനം നല്‍കാറുണ്ട്. ഫോണ്‍- 0484-2679680 (കടപ്പാട്- ഇന്ത്യന്‍ നാളീകേര ജേണല്‍)


English Summary: Coconut neera, arrack and other products

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds