Features

കേരളത്തില്‍ വാണിജ്യ പഴക്കൃഷിക്ക് വേണം വിദേശമാതൃക

home grown

അഭിമുഖം: ജോസ് ജേക്കബ്ബ് / ധന്യ. എം.ടി


മനുഷ്യന്‍ ജന്മനാ ഫ്രൂട്ടേറിയന്‍ അഥവാ പഴങ്ങളും കിഴങ്ങുകളും കഴിച്ച് ജീവിച്ചിരുന്നവരാണ്. ഈ ഭക്ഷണ പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിയാനമാണ് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതെന്ന് പ്രകൃതിചികിത്സകര്‍ അടക്കമുള്ള വിദഗ്ദ്ധര്‍ പറയുന്നു. കൃഷിയുടെ പാരമ്പര്യം നമുക്ക് കൈമോശം വന്നു. നാണ്യവിളകള്‍ക്കുവേണ്ടി മറ്റ് കൃഷികളെ കൈവിട്ടപ്പോള്‍ എല്ലാത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലായി മലയാളികള്‍. ഒപ്പം കൃഷി ആദായകരവുമല്ലാതായി. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് പഴക്കൃഷിയിലെ വാണിജ്യസാധ്യതയുടെ സമവാക്യവുമായി ഹോംഗ്രോണ്‍ എത്തുന്നത്. തനത് പഴങ്ങള്‍ മാത്രമല്ല, ഋതുക്കള്‍ക്കും കാലവര്‍ഷത്തിനും അനുസൃതമായി കൊല്ലം മുഴുവന്‍ പഴങ്ങള്‍ ലഭ്യമാക്കുന്ന, കര്‍ഷകനെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പര്യാപ്തമാക്കുന്ന വിദേശ ഇനങ്ങളും ഉള്‍ക്കൊള്ളുന്ന കാര്‍ഷിക സമ്പ്രദായമാണ് ഹോംഗ്രോണ്‍ മുന്നോട്ടു വെയ്ക്കുന്നത്. ദശാബ്ദങ്ങള്‍ നീളുന്ന പാരമ്പര്യത്തിന്റെ കണ്ണികളില്‍ നിന്ന് സംഭരിച്ച ശക്തിയുമായി ഹോംഗ്രോണ്‍ വിപണിയിലേക്ക് ഇറങ്ങിയപ്പോള്‍ അത് ചരിത്രപരമായ ഒരു നാഴികക്കല്ലായി. പഴവിപണിയെയും കേരളത്തില്‍ അതിന്റെ സാധ്യതകളെയും കുറിച്ച് ഹോംഗ്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ ജോസ് ജേക്കബ്ബ് മനസ്സു തുറക്കുന്നു.

ഹോഗ്രോണ്‍ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ച എങ്ങനെ വിലയിരുത്തുന്നു?

ഹോംഗ്രോണ്‍ 2007 ലാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്നുള്ള 11 വര്‍ഷക്കാലം ഉണ്ടായ മാറ്റം തൃപ്തി നല്‍കുന്നതാണ്. കാരണം, തലമുറകളായി നാണ്യവിളകള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന സംസ്ഥാനമായിരുന്നു കേരളം. പഴക്കൃഷി എന്ന പുതിയ ആശയം ഉള്‍ക്കൊള്ളാന്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. കൃഷിഭൂമിയില്‍ നിന്ന് ഒരുഭാഗം പഴക്കൃഷിക്കായി ഉപയോഗിക്കുക എന്നത് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതാണ് ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. വിദേശരാജ്യങ്ങളിലും കര്‍ണ്ണാടക പോലുള്ള ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പഴക്കൃഷി പരിചിതമാണ്; കേരളത്തില്‍ അപരിചിതവും. അതിന് ഒരു മാറ്റം വരണമെങ്കില്‍ മുന്നില്‍ നിന്ന് ചെയ്തു കാണിച്ചുകൊടുക്കണം. പഴക്കൃഷിയിലൂടെയുള്ള സാമ്പത്തികനേട്ടം കര്‍ഷകന് ബോദ്ധ്യപ്പെടണം. ഞങ്ങള്‍ ചെയ്തത് അതാണ്. പഴക്കൃഷി എന്താണെന്നും അതിലൂടെയുള്ള സാമ്പത്തികനേട്ടം എന്താണെന്നും ഞങ്ങള്‍ കാണിച്ചുകൊടുത്തു. അതൊരു മാറ്റത്തിന് തുടക്കമായി. പഴയതിനേക്കാളും കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നുവന്നു. പണ്ട്, വര്‍ഷത്തില്‍ പത്തോ പതിനഞ്ചോ കര്‍ഷകരെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്ന സമയത്ത് ഇന്ന് നൂറുകണക്കിന് കര്‍ഷകര്‍ മുന്നോട്ടു വരുന്നു. കൃഷിയിലെ മൊത്തത്തിലുള്ള സാഹചര്യത്തില്‍ വന്ന മാറ്റവും മാറി ചിന്തിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു. റബ്ബര്‍ പോലുള്ള പല കൃഷികളും പരാജയപ്പെട്ടപ്പോള്‍ കര്‍ഷകര്‍ ജീവിക്കാന്‍ വേണ്ടി പുതിയ സാധ്യതകള്‍ ആരാഞ്ഞതും ഒരു പരിധി വരെ ഞങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളും വിജയത്തിന് കാരണമായി.

homegown

കാലാവസ്ഥയും അനുബന്ധ സാഹചര്യങ്ങളും ബോധ്യപ്പെടാതെ ഒരു ഞാണിന്മേല്‍ക്കളി നടത്താന്‍ എങ്ങനെ തോന്നി?

ഒരു പ്രദേശത്ത് പുതിയൊരു കൃഷി തുടങ്ങുമ്പോള്‍ ആ പ്രദേശത്തിന്റെ കാലാവസ്ഥ ആദ്യം പഠിക്കണം. ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ പ്രദേശമാണ് കേരളം. ഈ കാലാവസ്ഥയില്‍ മാത്രം വളരുന്നവയാണ് റംബുട്ടാന്‍, മാങ്കോസ്റ്റിന്‍, ദൂരിയാന്‍ പോലുള്ള വിദേശ പഴങ്ങളെല്ലാം. ഇതേ കാലാവസ്ഥ നിലനില്‍ക്കുന്ന മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി പരീക്ഷിച്ച് വിജയിച്ച പഴത്തോട്ടങ്ങളും അവയില്‍ തന്നെ വളരെ പ്രാചീനമായ ഇനങ്ങളുമുണ്ട്. ഇതൊന്നും ഞങ്ങളായിട്ട് കണ്ടുപിടിച്ചതല്ല. ഉദാഹരണമായി ഞങ്ങള്‍ ഇവിടെ പരീക്ഷിച്ച് വിജയിച്ച പഴമാണ് റംബുട്ടാന്‍. ഇത് മുള്ളന്‍പഴം എന്ന പേരില്‍ വര്‍ഷങ്ങളായി ഈ നാട്ടിലുണ്ട്. ഞങ്ങള്‍ അതിന്റെ ഏറ്റവും ഗുണമേന്മയുള്ള ഉല്പാദനശേഷിയുള്ള ഇനം കണ്ടെത്തി നാട്ടിലെത്തിച്ചു, പ്രചരിപ്പിച്ചു എന്ന് മാത്രമേയുള്ളൂ. ആര്‍ദ്രതയുള്ള ഉഷ്ണമേഖല എന്നതിന്റെ വിശദാംശങ്ങള്‍ അറിയേണ്ടതാണ്. നാലു ഘടകങ്ങളാണ് ഇതിലുള്ളത്. (1) വര്‍ഷത്തില്‍ 200 സെ.മീറ്ററില്‍ കൂടുതല്‍ മഴ (2) 22 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അന്തരീക്ഷ താപനില (3) 65 ശതമാനത്തില്‍ കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രത (4) ഒരു വര്‍ഷത്തില്‍ 120 ദിവസങ്ങള്‍ക്കു മുകൡ മഴയുള്ള ദിവസങ്ങള്‍. ഈ നാലു ഘടകങ്ങളും ഒത്തുവന്നാല്‍ ആ സ്ഥലത്തെ മണ്ണിന്റെ അമ്ലത 5.5 മുതല്‍ 6.5 വരെയായിരിക്കും. ഈ മണ്ണിന് കുമിള്‍-ബാക്ടീരിയ ബാധ കൂടുതലാണ്. എങ്കിലും അമ്ലത കൂടിയ ഇത്തരം മണ്ണിലാണ് പഴങ്ങള്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നത്. ഈ കാര്യങ്ങള്‍ മുഴുവന്‍ ഒത്തുവരുന്ന കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ രണ്ടു ശതമാനത്തില്‍ താഴെ മാത്രമേയുള്ളൂ. നമുക്ക് ലഭിച്ചിരിക്കുന്ന ഈ അനുകൂല ഘടകങ്ങള്‍ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം.


വിദേശപഴങ്ങള്‍ കൊണ്ടുവരാനുള്ള ആശയം എങ്ങനെയായിരുന്നു?


Rambutan

75 വര്‍ഷം മുന്‍പ് എന്റെ തറവാട്ടില്‍ നിന്നിരുന്ന റംബുട്ടാനാണ് ഞാന്‍ ഈ കൃഷിയിലേക്ക് വരാന്‍ കാരണം. ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ് ഞാന്‍. കൃഷി എപ്പോഴും രക്തത്തിലുണ്ട്. അതുകൊണ്ടാണ് വളരെ യാദൃശ്ചികമായി അതില്‍ ശ്രദ്ധ പതിഞ്ഞത്. കാഡ്ബറി ഇന്ത്യയുമായി ചേര്‍ന്ന് കൊക്കോ സംഭരിച്ച് സംസ്‌ക്കരിക്കുന്ന ബിസിനസ്സാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ആ സമയത്താണ് ഈ മരം ശ്രദ്ധിക്കുന്നത്. എല്ലാ വര്‍ഷവും പ്രത്യേക പരിചരണങ്ങളൊന്നും കൂടാതെ തന്നെ കൃത്യമായി പഴങ്ങളുണ്ടാകും. പക്ഷേ, പുളിയോടുകൂടിയ അതിന്റെ രുചി അത്ര ഹൃദ്യമായിരുന്നില്ല. എന്നാല്‍ ഇതിന്റെ മധുരമുള്ള നല്ല ഇനങ്ങള്‍ ഉണ്ടാകുമല്ലോ എന്ന് 20 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ചിന്തയാണ് മേന്മയേറിയ മറുനാടന്‍ പഴങ്ങളിലേക്കുള്ള അന്വേഷണത്തിലേക്ക് നയിച്ചത്. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയുള്ള കൃഷികള്‍ കണ്ടു. കര്‍ഷകരെ പരിചയപ്പെട്ടു. അങ്ങനെയാണ് വിദേശപഴങ്ങളുടെ കൃഷി എന്ന ആശയത്തിലേക്ക് കടന്നുവന്നത്.

ചെമ്പടാക്ക് കേരളത്തില്‍ കൊണ്ടുവന്നത് ഹോംഗ്രോണ്‍ ആണല്ലോ. ഇത് കേരളത്തില്‍ അനുയോജ്യമാണെന്ന് എങ്ങനെ കണ്ടെത്തി?

ചെമ്പടാക്ക് കൊണ്ടുവന്നെങ്കിലും അതൊരു വിജയമായി തോന്നുന്നില്ല. കാരണം, കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അത് യോജിക്കുന്നില്ല. ചെമ്പടാക്ക് ഞങ്ങള്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യുന്നു. മലേഷ്യയില്‍ ഇത് നന്നായി വളരുന്നുണ്ടെങ്കിലും കേരളത്തിലെ മണ്‍സൂണും അവിടങ്ങളിലെ മണ്‍സൂണും വ്യത്യാസമുണ്ട്. അതായത്, കേരളത്തില്‍ ജൂണ്‍-ജൂലൈ മാസം എല്ലാ മഴയും ഒറ്റയടിക്ക് പെയ്യും. ചെമ്പടാക്ക് കുമിള്‍ വേഗം ബാധിക്കുന്ന ഒന്നാണ്. പ്ലാവിനെ പോലെ പ്രതിരോധശേഷി ഇല്ല. ഞങ്ങളുടെ ഗവേഷണ വിഭാഗം കേരളത്തിലെ മണ്ണിന് അനുയോജ്യമായ പുതിയ ഇനം കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

പുതിയ അത്യുല്പാദനശേഷിയുള്ള ഉഷ്ണമേഖലാ ഇനങ്ങള്‍?

പഴങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലുള്ള പ്രാധാന്യവും ഫാം ടൂറിസവും കണക്കിലെടുത്ത് അത്യുല്പാദനശേഷിയുള്ള ഉഷ്ണമേഖലാ ഇനങ്ങളാണ് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ദുരിയാന്‍ ഇനങ്ങള്‍, കേരളത്തിന്റെ സീസണ്‍ അനുസരിച്ച് കൃഷി ചെയ്യാവുന്ന ലോങ്ങന്‍, തനിവിളയായും തേയിലയിലും കാപ്പിയിലും ഇടവിളയായും ചെയ്യാവുന്ന അബിയു, ലിച്ചി, അവക്കാഡോ തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച അവക്കാഡോ ഇനങ്ങള്‍ ഞങ്ങള്‍ ഉടന്‍തന്നെ വിപണിയിലിറക്കും. അന്തര്‍ദേശീയ വിപണിയില്‍ അവക്കാഡോയ്ക്ക് ഉണ്ടാകേണ്ട ഗുണമേന്മ പലര്‍ക്കും അറിഞ്ഞുകൂടാ. അതിന്റെ എണ്ണയുടെ അംശം, രുചി തുടങ്ങിയവ അന്താരാഷ്ട്ര വിപണിയില്‍ പ്രധാനപ്പെട്ടതാണ്. ഇത്തരം കാര്യങ്ങളൊന്നും ചിന്തിക്കാതെയാണ് നമ്മള്‍ ഇത് കൃഷി ചെയ്യുന്നത്. മൂന്ന് തരം അവക്കാഡോ ഇനങ്ങള്‍ വിദേശവിപണിയില്‍ നല്ല ഡിമാന്റ് ഉള്ളതാണ്.

കേരളത്തിലെ കാലാവസ്ഥ പഴക്കൃഷിക്ക് അനുയോജ്യമാണോ?

പഴകൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.ഇവിടെ സാധ്യതയുള്ള ഉഷ്ണമേഖലാ ഇനങ്ങള്‍ തരം തിരിച്ച് പഠിക്കണം. കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി വാണിജ്യകൃഷിയില്‍ അനുയോജ്യമായ ഇനങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്തണം. അതിനു മുമ്പ് മനസ്സിലാക്കേണ്ടത് കേരളത്തിന്റെ കാലാവസ്ഥാ പ്രത്യേകതയാണ്. ആര്‍ദ്ര ഉഷ്ണമേഖല കൂടാതെ പ്രകൃതിദത്തമായ നാല് ഋതുക്കളുണ്ട്. റംബുട്ടാന്‍ ഒരു ഉദാഹരണമായെടുക്കാം. ഒന്ന്, കാസര്‍ഗോഡ്, നിലമ്പൂര്‍, ചാലക്കുടി, കുട്ടനാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ വിളവെടുപ്പ് നടത്താം. ഇവിടെ നേരത്തെ വിളവെടുക്കാം. രണ്ടാമതായി കേരളത്തിന്റെ മറ്റു ഭാഗങ്ങള്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ പകുതി വരെ റംബുട്ടാന്‍ കായ്ക്കും. മൂന്ന്, വയനാട്. സെപ്റ്റംബര്‍ പകുതി മുതല്‍ ഒക്ടോബര്‍ വരെയാണ് വിളവെടുപ്പ് കാലം. നാലാമതായി ഇടുക്കിയിലേക്ക് വരുമ്പോള്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ് വിളവെടുപ്പ് കാലം. ഇത് കേരളത്തിന്റെ കാലാവസ്ഥാ വൈജാത്യമാണ്. മികച്ച പഴങ്ങള്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ട് മാസങ്ങളില്‍ ലഭ്യമാക്കാന്‍ പറ്റും. ഈ രീതിയില്‍ വേണം കൃഷി ആസൂത്രണം ചെയ്യാന്‍. ഈ രീതിയില്‍ കൃഷി ചെയ്താല്‍ നാല് സ്ഥലങ്ങളിലെ നാല് വ്യത്യസ്ത കാലഘട്ടത്തിലൂടെ കേരളത്തിലുടനീളം വര്‍ഷത്തില്‍ എല്ലാ കാലത്തും പഴം ലഭ്യമാക്കാവുന്നതാണ്. ഈ രീതിയിലാണ് ഞങ്ങള്‍ കൃഷി ആസൂത്രണം ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതും. പഴങ്ങള്‍ പല സ്ഥലങ്ങളിലും പല രീതിയിലാണ് വിളവ് തരുന്നത്. ഉദാഹരണം മാങ്കോസ്റ്റിന്‍ കൃഷി താഴ്ന്ന പ്രദേശങ്ങളില്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. വയനാട്, ഇടുക്കി ജില്ലകളിലും ജലസേചനസൗകര്യമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് ഏറ്റവും അനുയോജ്യം. മാങ്കോസ്റ്റിന്റെ ഗുണമേന്മ, കാമ്പ്, രുചി, വലിപ്പം ഇതെല്ലാം കൂടിയ അളവില്‍ ലഭ്യമാകുന്നത് ഉയര്‍ന്ന പ്രദേശങ്ങളിലാണ്.

പഴങ്ങളുടെ കച്ചവടം ഇപ്പോഴും ഉണ്ടോ?

ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. ഞങ്ങള്‍ അത് ചെയ്തത് ഒരു മാതൃകയായാണ്. ഇതെല്ലാം ചെയ്യാന്‍ കേരളത്തിലെ കര്‍ഷകര്‍ക്കും സാധിക്കും എന്ന് ചെയ്ത് കാണിച്ചു. എങ്കിലും ശ്രദ്ധയൂന്നുന്നത് ഏറ്റവും ഗുമേന്മയുള്ള ചെടികള്‍ കര്‍ഷകന് കൊടുക്കുന്നതിലാണ്. ഇന്ന് നിരവധി സര്‍ക്കാര്‍ പദ്ധതികളിലൂടെ കര്‍ഷകന് തൈകള്‍ കിട്ടുന്നുണ്ട്. മാത്രമല്ല, എവിടന്ന് തൈകള്‍ വിലകുറച്ച് കിട്ടിയാലും ജനങ്ങള്‍ വാങ്ങി വയ്ക്കും. ഇത് എവിടന്ന് വരുന്നു, അതിന്റ വിത്ത് എങ്ങനെ, ഗുണമെന്ത്, പരിപാലനം എങ്ങനെ എന്നെല്ലാം ആരും നോക്കുന്നില്ല. വിലക്കുറവുള്ള സാധനം നോക്കി വാങ്ങുന്നു. നൂറോ ഇരുന്നൂറോ വര്‍ഷം നിലനില്‍ക്കുന്ന, മൂന്ന് തലമുറയ്ക്ക് ഉതകുന്ന സാധനം പോലും 50 രൂപ വിലക്കുറവിന് വേണ്ടി ഉപേക്ഷിക്കും. ഈ പ്രവണത മാറണമെങ്കില്‍ നഴ്‌സറികള്‍ക്ക് ഗുണനിലവാരം വേണം.

ഹോംഗ്രോണ്‍ തൈകള്‍ എവിടെയൊക്കെ ലഭ്യമാണ്? എങ്ങനെ തിരിച്ചറിയാം? കയറ്റുമതിയുടെ വിശദാംശങ്ങള്‍?
കോട്ടയം വിഴിക്കിത്തോടിലെ പ്രധാനതോട്ടം ഉള്‍പ്പെടെ കാഞ്ഞിരപ്പള്ളി, അടിമാലി, തിരുവല്ല എന്നിവിടങ്ങളിലായി നാല് ശാഖകളാണുള്ളത്. കേരളത്തിലുടനീളം നേരിട്ടുള്ള വില്പനാ സംവിധാനം ഇപ്പോഴില്ല. മറ്റ് നഴ്‌സറികളുമായി സഹകരിച്ച് തൈകള്‍ കേരളം മുഴുവന്‍ ലഭ്യമാക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഞങ്ങളുടെ തൈകള്‍ തിരിച്ചറിയാന്‍ ഓരോ ചെടിയിലും സെക്യൂരിറ്റി ടാഗ്, ചെടിയുടെ വിശദാംശം ഉള്‍പ്പെടുത്തിയ ഫോട്ടോ കാര്‍ഡ്, ഹോളോഗ്രാം ടാഗ് എന്നിവയുണ്ട്. കൂടാതെ കേരളത്തിലെ മുക്കിലും മൂലയിലും ഹോംഗ്രോണ്‍ തൈകള്‍ ലഭ്യമാക്കാന്‍ സംവിധാനം ഭാവിയിലുണ്ടാകും. കേരളത്തിനു പുറത്ത് കര്‍ണ്ണാടക, രാജ്യത്തിന് വെളിയില്‍ ബംഗ്ലാദേശ്, എന്നിവിടങ്ങളില്‍ ഹോംഗ്രോണ്‍ തൈകള്‍ ലഭ്യമാണ്. ഇപ്പോള്‍ യു എസ്സില്‍ നിന്നും മറ്റും മണ്ണില്ലാതെ കൃഷി ചെയ്യാവുന്ന തരം ഇനങ്ങള്‍ക്ക് നിറയെ ആവശ്യക്കാരുണ്ട്. ഞങ്ങളുടെ ഗവേഷണ വിഭാഗം അതിന്റെ പണിപ്പുരയിലാണ്. 2020 തോടെ ഇത്തരത്തില്‍ കൃഷി ചെയ്യാവുന്ന തൈകള്‍ ഞങ്ങള്‍ കയറ്റി അയക്കും.

വില്പനാനന്തര സേവനം?

കര്‍ഷകര്‍ക്കായി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ട്. ഈ ഗ്രൂപ്പിലൂടെ ഏത് സംശയങ്ങള്‍ക്കും ഉടനടി മറുപടിയും പരിഹാരനിര്‍ദ്ദേശവും നല്‍കുന്നു. അതോടൊപ്പം ഫോണിലൂടെയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. വളരെ അടിയന്തിര ഘട്ടങ്ങളില്‍ നേരിട്ട് പോയി വേണ്ട പരിഹാരങ്ങള്‍ ചെയ്യും. ഞങ്ങളുടെ ചെറിയ ചെറിയ വീഡിയോകള്‍ വഴിയും ഇത്തരം സഹായ സേവനങ്ങള്‍ നല്‍കുന്നു.

research wing
ഗവേഷണ വികസന വിഭാഗത്തിന്റെ പ്രവര്‍ത്തനം?
രണ്ടുമൂന്ന് കാര്യങ്ങളിലാണ് ഞങ്ങള്‍ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. അമിതമായ രാസവളപ്രയോഗമാണ് കേരളത്തില്‍ ഇന്ന് നടത്തുന്നത്. ഇത് മാറണം. മണ്ണിനെ സ്വാഭാവിക ജനിതകഘടനയിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നു. സ്വന്തമായി ഒരു പശുവെങ്കിലും ഉള്ള കര്‍ഷകന് ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മണ്ണിന്റെ ജൈവഘടന നിലനിര്‍ത്താം. അമിത രാസവളപ്രയോഗം തടഞ്ഞ് കര്‍ഷകന്  അതിനുവേണ്ട ബോധവത്കരണം കൊടുക്കും. ട്രൈക്കോഡര്‍മ്മ പോലുള്ളവയിലൂടെ മണ്ണിനെ പരിപോഷിപ്പിക്കുന്ന പദ്ധതി വികസിപ്പിക്കുന്നു. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് മണ്ണിനെ രോഗ കീടങ്ങളെ പ്രതിരോധിക്കാന്‍ പറ്റുന്ന തരത്തിലാക്കും. മിത്രകീടങ്ങളെ ഉപയോഗിച്ച് മണ്ണ് തന്നെ അതിനെ പ്രതിരോധിക്കുന്ന വിധത്തിലേക്ക് മാറ്റിയെടുക്കും. ജൈവരീതിയിലുള്ള മണ്ണില്‍ ഉല്പാദിപ്പിക്കുന്ന, കുമിള്‍ബാധയെ ചെറുക്കാന്‍ ശേഷിയുള്ള തൈകളാണ് ഞങ്ങള്‍ വില്‍ക്കുന്നതും. 
 
വികസന പദ്ധതികള്‍?
ഗവേഷണവിഭാഗത്തിന്റെ കീഴില്‍ കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം കൊടുക്കുന്ന ഒരു പരിശീലന കേന്ദ്രം, പരീക്ഷണശാല തുടങ്ങിയ സംവിധാനം ഒരുക്കുക. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുതകുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. വലിയ നിക്ഷേപം വേണ്ടതുകൊണ്ട് ഘട്ടം ഘട്ടമായാണ് അത് ചെയ്യുന്നത്. 
 
സ്ഥാപനത്തിന്റെ ദൗത്യവും കാഴ്ചപ്പാടും?
ലോകശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ കേരളത്തെ ഉഷ്ണമേഖലാ പഴക്കൃഷിയുടെ കേന്ദ്രമാക്കി മാറ്റുക. സമൂഹത്തിന് ഏറ്റവും ഗുണമേന്മയുള്ള ഉല്പന്നം കൊടുക്കുക. ഉഷ്ണമേഖലാ ഫലവൃക്ഷങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ദീര്‍ഘായുസ്സാണ്. 70-200 വര്‍ഷം വരെ ആയുസ്സുണ്ട് പലതിനും. ഒരു ചെടി തന്നെ പല തലമുറകളിലൂടെയും കടന്നു പോകും. അപ്പോള്‍ അത്രയും തന്നെ ഉത്തരവാദിത്തം സമൂഹത്തോട് ഞങ്ങള്‍ക്കുണ്ട്. ഏറ്റവും ഗുണമേന്മയുള്ള ദീര്‍ഘകാലം നിലനില്‍ക്കുന്ന, വിളവ് തരുന്ന കേടില്ലാത്ത തൈകള്‍ സമൂഹത്തിന നല്‍കുക.
 
പഴക്കൃഷിയിലെ വിദേശമാതൃകയെ എങ്ങനെ കാണുന്നു?
വിദേശരാജ്യങ്ങളില്‍ കഴിഞ്ഞ 60 വര്‍ഷത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ കൊണ്ട് വികസിപ്പിച്ചെടുത്തതാണ് പഴക്കൃഷി സംസ്‌കാരം. അവര്‍ വികസിപ്പിച്ചെടുത്ത വ്യത്യസ്ത ഇനങ്ങള്‍, അത്യുല്പാദനശേഷിയുള്ള ഇനങ്ങള്‍ എല്ലാത്തിന്റെയും ഏറ്റവും മികച്ചത് ഇവിടെയുണ്ട് എന്നതാണ് നമ്മുടെ നേട്ടം. കേരളം ഏറ്റവും ഗുണമേന്മയുള്ള ഉഷ്ണമേഖലാ ഫലവൃക്ഷങ്ങളുടെ കേന്ദ്രമായി മാറ്റണം. ഇതാണ് കേരളത്തെ കുറിച്ചുള്ള ഞങ്ങളുടെ സ്വപ്നം. കാരണം നമുക്ക് നാല് സീസണ്‍ ഉണ്ട്. എട്ടു മാസത്തോളം വിദേശ വിപണിയിലും സ്വദേശ വിപണിയിലും വില്പന സാധ്യതയുണ്ട്. ഓരോ ഇനവും ഏതൊക്കെ പ്രദേശത്താണ് ഏറ്റവും നന്നായി വളരുക, അവിടെ കൃഷി ചെയ്യണം. ഈ രീതിയില്‍ പ്രോത്സാഹിപ്പിക്കണം.  വിദേശരാജ്യങ്ങളില്‍ അങ്ങനെയാണ്. ഒരു തായ്‌ലന്റ് മാതൃക പറയാം. അവിടെ 40 വര്‍ഷം മുന്‍പ് രാമാ 2 എന്ന രാജാവ് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പഴച്ചെടികള്‍ കൊണ്ടുവന്ന് എല്ലാ പ്രവിശ്യകളിലും വച്ചുപിടിപ്പിച്ചു. മികച്ച, ഗുണമേന്മയുള്ള പഴം ഏത് പ്രവിശ്യയില്‍ ഉണ്ടായോ അവിടെ ആ പഴക്കൃഷി പ്രോത്സാഹിപ്പിച്ചു. അതിനാവശ്യമായ സഹായങ്ങളും പദ്ധതികളും നടപ്പാക്കി. അന്താരാഷ്ട്ര ശ്രദ്ധ നേടി. അവിടെ ഇന്ന് പല പ്രവിശ്യകളും അറിയപ്പെടുന്നത് പഴങ്ങളുടെ പേരിലാണ്. ലോകത്തെ ഏറ്റവും വലിയ ദുരിയാന്‍ ഫെസ്റ്റിവല്‍ നടക്കുന്നത് ചന്ദാപുരി എന്ന അവിടത്തെ ഒരു പട്ടണത്തിലാണ്. ഇത്തരത്തില്‍ കൃഷി വളര്‍ന്നാല്‍ വിപണി സാധ്യത കൂടുതലാകും. പഴ-മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഫാക്ടറികള്‍ വരും. സംഭരണ സംവിധാനങ്ങള്‍ വരും. നിലവാരം വിലയിരുത്താനുള്ള കേന്ദ്രങ്ങള്‍ വരും. സാമ്പത്തികനില മെച്ചപ്പെടും. രാജ്യം വികസിക്കും. കേരളത്തില്‍ ഇടുക്കിക്കും വയനാടിനും വേണ്ടി അത്തരമൊരു പാക്കേജ് ഉണ്ടാക്കാവുന്നതാണ്. ഇങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കണം. ഇങ്ങനെ വന്നാല്‍ ലോകത്തില്‍ തന്നെ ഏറ്റവും ഗുണമേന്മയുള്ള പഴങ്ങള്‍ ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറും. ഒരു സ്വകാര്യ സ്ഥാപനമായ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിമിതിയുണ്ട്. എന്നിട്ടും ആവുന്നത് ചെയ്യുന്നു.
 
വിയറ്റ്‌നാം മാതൃക വിശദീകരിക്കാമോ?
 
വിയറ്റ്‌നാം സ്വീകരിച്ചിരിക്കുന്ന ഒരു രീതിയാണ് ഹീപ്പ് പ്ലാന്റിംഗ് അഥവാ കൂന കൂട്ടല്‍. നമ്മുടെ പാടത്ത് വരമ്പ് കോരുന്നതിന്റെ പരിഷ്‌ക്കരിച്ച രൂപം തന്നെയാണിത്. മരം നടുന്നതിന്റെ ദൂരം അനുസരിച്ച് കുഴി ഉണ്ടാക്കും. ആ കുഴിയിലെ മണ്ണ് ഉപയോഗിച്ച് മണ്ണ് കൂന കൂട്ടി തറനിരപ്പില്‍ നിന്ന് രണ്ടും മൂന്നും അടി പൊക്കത്തില്‍ കൂന കൂട്ടും. അതിന്റെ നടുവില്‍ ചെടി നടും. പ്രളയം രണ്ടുതരത്തില്‍ ചെടികളെ ബാധിക്കും. ഒന്ന്, വെള്ളം കയറി ചെടി പെട്ടെന്ന് നശിക്കും. രണ്ട്, വെള്ളം കെട്ടി നിന്ന് മരങ്ങളുടെ വേര് ചീഞ്ഞ് രോഗം വന്ന് നശിക്കും. ഈ രണ്ട് നാശത്തെയും അവര്‍ തടയുന്നത് ഉയര്‍ന്ന കൂനകള്‍ വഴിയാണ്. കനത്ത മഴ വരുമ്പോള്‍ അവര്‍ കൂന പ്ലാസ്റ്റിക് കൊണ്ട് മൂടിയിടും. മൂടിയിടുമ്പോള്‍ വെള്ളം കെട്ടിനിന്ന് ചെടി നശിക്കില്ല. മുകളിലുള്ള വേരുകള്‍ ഈ കൂനയ്ക്കുള്ളിലാകും. മഴ കഴിയുമ്പോള്‍ പ്ലാസ്റ്റിക് മാറ്റും. വിയറ്റ്‌നാമില്‍ ഇത് സംയോജിത കൃഷിയാണ്. മഴ പെയ്യുമ്പോഴുള്ള വെള്ളം ഒഴുകി കുഴികളിലെത്തും. ഈ കുഴികളില്‍ അവര്‍ മീന്‍ വളര്‍ത്തും. 
 
പഴക്കൃഷി വ്യാപനത്തിനായി സര്‍ക്കാര്‍ എന്തുചെയ്യണമെന്നാണ് താങ്കള്‍ പറയുന്നത്?
മുപ്പത് കര്‍ഷകര്‍ ഒന്നിച്ച് കൂടുന്ന ഇടങ്ങളിലെല്ലാം പഴക്കൃഷിയുടെ സാധ്യതകളെകുറിച്ച് ബോധവത്കരണ ക്ലാസ്സുകളും സെമിനാറുകളും ഞങ്ങള്‍ സംഘടിപ്പിക്കുന്നു. ഈ പുതിയ കൃഷിരീതി പരിചയപ്പെടുത്തുന്നു. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ കാര്‍ഷിക സര്‍വ്വകലാശാലകളും സര്‍ക്കാരും ഇത്തരം കൃഷി പ്രോത്സാഹിപ്പിക്കണം. മറ്റു കൃഷികള്‍ക്കെന്നപോലെ സര്‍ക്കാര്‍ സബ്‌സിഡി കൊടുക്കാന്‍ തയ്യാറാകണം. തോട്ടങ്ങളില്‍ ഭക്ഷ്യവിളകള്‍ കൃഷിചെയ്യണം. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കണം.സര്‍ക്കാര്‍ ചക്കയെ പ്രോത്സാഹിപ്പിച്ചു. പക്ഷേ, ഈ പോക്ക് പോയാല്‍ കേരളം ചക്ക കൊണ്ട് മടുക്കും. വിദേശരാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ ഓരോ ഉല്പന്നത്തിനും പറ്റിയ ചക്ക ഇനങ്ങള്‍ ഏതെന്ന് കണ്ടെത്തി വികസിപ്പിക്കണം. എന്നാലേ അന്താരാഷ്ട്ര വിപണിയില്‍ ശ്രദ്ധ കിട്ടൂ. ഓരോ ഇനങ്ങളിലും ബ്രാന്‍ഡിംഗ് നടത്തണം. ഞങ്ങള്‍ അത് ചെയ്യുന്നുണ്ട്. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി, ഡാങ് സൂര്യ എന്നിങ്ങനെ. ഉല്പാദനക്ഷമത നോക്കണം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നോട്ട് വരണം.
 
പ്രളയാനന്തര കേരളത്തോട് പറയാനുള്ളത്?
കാലാവസ്ഥ നമുക്ക് നിയന്ത്രിക്കാനാവില്ല. കൃഷി നിയന്ത്രിക്കാം, കൃഷിരീതി നിയന്ത്രിക്കാം. ഉള്ള സൗകര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൃഷിയില്‍ ഉപയോഗിക്കുക. കൃഷിയില്‍ ആസൂത്രണം വേണം. പ്രളയത്തില്‍ പഴച്ചെടികള്‍ ചിലത് വെള്ളം കയറിയ പാടെ നശിച്ചുപോയി. ചിലത് ദിവസങ്ങളോളം വെള്ളം കയറി കിടന്നിട്ടും നശിച്ചുപോയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന നിരവധി വിദേശമാതൃകകള്‍ ഉണ്ട്. വിയറ്റ്‌നാം ഒരു മാതൃകയാണ്. ഇന്ന് കേരളം നേരിട്ടതിലുമധികം പ്രകൃതിദുരന്തങ്ങള്‍ നേരിടുന്ന രാജ്യമാണ് വിയറ്റ്‌നാം. എന്നിട്ടും പഴത്തോട്ടങ്ങളാല്‍ ലോകം ശ്രദ്ധിക്കുന്ന രാജ്യമാണ് വിയറ്റ്‌നാം. അതും ഉഷ്ണമേഖലാ പഴങ്ങള്‍.  അവര്‍ക്കത് സാധിച്ചെങ്കില്‍ നമുക്കും പറ്റും. വര്‍ഷങ്ങളായി അവര്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ പ്രളയത്തെ അതിജീവിക്കുന്ന പഴങ്ങള്‍ തിരഞ്ഞെടുത്ത് കൃഷിചെയ്തു.കുട്ടികളെ വിദ്യാഭ്യാസത്തോടൊപ്പം കൃഷിയും പഠിപ്പിക്കണം. ഒന്നാംക്ലാസ് മുതല്‍ കൃഷിയറിവ് പകര്‍ന്നു നല്‍കണം. ജലസംരക്ഷണവും പഠിപ്പിക്കണം.
 
പുതുതലമുറയോട് പറയാനുള്ളത്?
ഒരു രാജ്യം പടുത്തുയര്‍ത്തുന്നതിന്റെ കാതലായ ഭാഗമാണ് കൃഷി. അതിലേക്ക് വരുമ്പോള്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയും പുതിയ കണ്ടെത്തലുകളും ഉപയോഗിക്കുക. എല്ലാ മേഖലകളും മാറ്റത്തിന് വിധേമാകുമ്പോള്‍ കൃഷിമേഖല ഇപ്പോഴും പാരമ്പര്യത്തെ മുറുകെ പിടിക്കുന്നു. മാറ്റം കൃഷിരംഗത്തും വരണം. കൃഷി ആകര്‍ഷകമാകണം. വളരെ രസകരമായൊരു വെല്ലുവിളിയായി കൃഷിയെ ഏറ്റെടുക്കണം. ഈ മാറ്റം വന്നാല്‍ യുവതലമുറ കൃഷിയിലേക്ക് വരും. 
 

English Summary: commercial cultivation of fruits necesary in kerala.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox