<
Features

Dear Guppy: പ്രിയമുള്ള ഗപ്പിയും രസതന്ത്രം അധ്യാപികയും

Rathikumari
രതികുമാരി

സ്‌ഫടികപാത്രങ്ങളിൽ പലനിറത്തിലുള്ള ചിറകുകൾ വീശി ഒഴുകി നടക്കുന്ന അലങ്കാരമത്സ്യങ്ങൾ എന്നും ഏവർക്കും കൗതുകം തന്നെയാണ്. ഇതേ കൗതുകം തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാനസികോല്ലാസത്തിനൊപ്പം സാമ്പത്തികമായ നേട്ടവും കൈവരിച്ച് നാടിനും വീടിനും അഭിമാനമായ വനിത. പദാർത്ഥങ്ങളുടെ സവിശേഷതകൾ, ചലനങ്ങൾ, മാറ്റങ്ങൾ തുടങ്ങിയ പ്രകൃതിശാസ്ത്രത്തിന്റെ ലോകത്ത്..  നീണ്ട 15 വർഷത്തോളം കുട്ടികൾക്ക് അറിവ് പകർന്നുകൊടുത്ത രസതന്ത്രം അധ്യാപിക. തുടങ്ങി നിരവധി വിശേഷണങ്ങൾക്ക് അർഹയായ വനിതാരത്നമാണ് ശ്രീമതി. രതികുമാരി. അലങ്കാരമത്സ്യത്തോട് ചെറുപ്പം മുതലേയുള്ള താത്പര്യം രതികുമാരിയെന്ന അധ്യാപികയെ മികച്ച സംരംഭകയാക്കി മാറ്റിയിരിക്കുന്നു. അധ്യാപനജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുതിയ ലോകത്തിലേക്കുള്ള പ്രചോദനാത്മകമായ യാത്രയെപ്പറ്റി കൂടുതൽ അറിയാം.

പാഷനിൽ നിന്നും പ്രൊഫഷനിലേക്ക്

അലങ്കാരമത്സ്യത്തോടുള്ള കൗതുകവും താത്പര്യവും ചെറുപ്പം മുതലേ മനസ്സിൽ സൂക്ഷിച്ചിരുന്ന രതികുമാരി തന്റെ അധ്യാപന ജീവിതത്തിന് വിരാമമിട്ടു കൊണ്ടാണ് ഈ മേഖലയിലേക്ക് വരുന്നത്, 2017 ലായിരുന്നു അത്. അപ്പോൾ തന്നെ തന്റെ പാഷനെ പ്രൊഫഷനാക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ അന്നുവരെ തികച്ചും വിനോദത്തിനു വേണ്ടി മാത്രം ചെയ്തുവന്നിരുന്ന അലങ്കാരമത്സ്യം വളർത്തലിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങി.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ തിരഞ്ഞെടുത്തത് ഗപ്പികളെയാണ്. പഴയ ഫ്രിഡ്ജിന്റെ ബോക്സിലായിരുന്നു തുടക്കത്തിൽ ഗപ്പികളുടെ ആവാസം. ഇവ വളർത്തിയും പരിചരിച്ചും തന്റെ ഒഴിവുസമയങ്ങളെ അവർ കൂടുതൽ ആനന്ദകരമാക്കി മാറ്റി. അങ്ങനെ കൂടുതൽ മത്സ്യക്കുഞ്ഞുങ്ങൾ ആയപ്പോൾ പരിചയക്കാർക്കും ബന്ധുക്കൾക്കും കൊടുക്കാൻ തുടങ്ങി. ആവശ്യക്കാരേറി വരുകയും നന്നായി പരിചരിച്ച് വളർത്തിയാൽ കൂടുതൽ പ്രജനനത്തിന് സാധ്യതയുമുണ്ടെന്നും മനസിലാക്കിയ രതികുമാരി എന്തുകൊണ്ട് ഇതൊരു വരുമാനമാർഗമാക്കി കൂടാ എന്നുചിന്തിച്ചു തുടങ്ങി. അങ്ങനെ 2019-ഓടെ, തന്റെ ഹോബി ഒരു മുഴുവൻ സമയ തൊഴിലാക്കി മാറ്റി. ഇതിന്റെ തുടക്കമെന്നോണം മത്സ്യപ്രജനനം ചെറിയ ഫ്രിഡ്ജ് ബോക്സുകളിൽ നിന്ന് ടാങ്കുകളിലേക്ക് മാറി. തുടക്കത്തിൽ ബന്ധുക്കളും പരിചയക്കാരും രതിയുടെ പക്കൽ നിന്ന്  അലങ്കാരമത്സ്യങ്ങളെ വാങ്ങിത്തുടങ്ങി. ഇത് അവരുടെ സംരംഭകത്വ വിജയത്തിന് വഴിത്തിരിവായി. അങ്ങനെ ഗപ്പിയിൽ തുടങ്ങിയ ഈ യാത്ര ഇന്ന് അഞ്ചിനം മത്സ്യങ്ങളിലെത്തി നിൽക്കുന്നു. ഗപ്പി ഫിഷ് (പിയോസിലിയ റെറ്റികുലേറ്റ), ഏഞ്ചൽ ഫിഷ് (റ്റെറോഫൈലം സ്കലാറെ), സിക്ലിഡ്സി (ക്ലിഫോംസ്), സയാമീസ് ഫൈറ്റിംഗ് ഫിഷ് (ബെറ്റ സ്പ്ലെൻഡൻസ്), കോയ് കാര്‍പ് (സൈപ്രിനസ് കാര്‍പിയോ -കോയി വിഭാഗം) തുടങ്ങിയവയാണ് ഇന്ന് രതിയുടെ കൈവശമുള്ള അലങ്കാരമത്സ്യങ്ങൾ. കഠിന പരിശ്രമവും തികഞ്ഞ അർപ്പണബോധവും ഇന്ന് രതിയെ മികച്ച സംരംഭകയാക്കി മാറ്റിയിരിക്കുന്നു.

ഗപ്പികളെ തരം തിരിക്കുന്നു
ഗപ്പികളെ തരം തിരിക്കുന്നു

തന്റെ വിജയത്തിൽ CMFRI യിലെ ഉദ്യോഗസ്ഥരുടെ പിന്തുണ എന്നും കൂടെ ഉണ്ടായിരുന്നു. കൂടാതെ 2022-ൽ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റിൽ (KIED) നടത്തിയ 15 ദിവസത്തെ പരിശീലന പരിപാടിയിലും പങ്കെടുത്തു. ഹൈദരാബാദിലെ നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡ് (NFDB), പരിപാടി സംഘടിപ്പിച്ചത്. ഈ പരിശീലനം മത്സ്യകൃഷിയുടെ സാങ്കേതിക വിദ്യകളെക്കുറിച്ചും അതിൻ്റെ വിപണനത്തെക്കുറിച്ചും കൂടുതലറിയാൻ സഹായിച്ചു. മത്സ്യകൃഷി കൂടുതൽ ഗൗരവത്തോടെ തുടരാനുള്ള അറിവും ആത്മവിശ്വാസവും നൽകുകയും ചെയ്തു. തന്റെ യാത്രയിലുടനീളം സഹായവും പരിപൂർണപിന്തുണയും നൽകിയ സ്ഥാപനങ്ങളെയും അവിടെയുള്ള നല്ലവരായ ഉദ്യോഗസ്ഥരെയും രതികുമാരി നന്ദിപൂർവം സ്മരിക്കുന്നു.

2022 - 2023 കാലഘട്ടത്തിൽ, കേരള സർക്കാർ ഏറ്റെടുത്ത മീഡിയം സ്കെയിൽ അലങ്കാര മത്സ്യ പരിപാലന യൂണിറ്റ് (മറൈൻ, ശുദ്ധജല മത്സ്യം) എന്ന പദ്ധതിയുടെ ഭാഗമായി. ഈ പദ്ധതിയ്ക്കായി രതി എട്ട് ലക്ഷം രൂപ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പ്രകാരം 60 ശതമാനം സബ്‌സിഡിയിൽ വായ്പയെടുത്തു. അങ്ങനെ ഗപ്പി വളർത്തലിലൂടെ തുടക്കം കുറിച്ചതിനാൽ "Dear Guppy" എന്നു പേരിട്ടിരിക്കുന്ന തന്റെ സംരംഭം അഞ്ചു സെന്റ് സ്ഥലത്ത് 50,000 ലിറ്റർ ടാങ്കിൽ എത്തി നിൽക്കുന്നു. അലങ്കാര മത്സ്യവളർത്തലിലുള്ള രതികുമാരിയുടെ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടാണ് ഇത് സാധ്യമായത്.

കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും കുമിൾരോഗങ്ങൾക്കും സാധ്യത കുറവുള്ള ഇനങ്ങളെ തിരഞ്ഞെടുക്കാൻ രതി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അലങ്കാരമത്സ്യ വളർത്തലിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് സാധ്യമാക്കുന്നത്. മത്സ്യക്കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് മികച്ച ഗുണനിലവാരമുള്ള ജലം ലഭ്യമാക്കാന്‍ ബയോ ഫിൽറ്ററുകൾ പോലെയുള്ള നൂതന സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിട്ടുമുണ്ട്. അസുഖങ്ങളില്ലാത്ത ആരോഗ്യമുള്ള മത്സ്യങ്ങളെ തിരഞ്ഞെടുക്കുകയും വെള്ളത്തിന്റെ ഗുണമേന്മ നിലനിർത്തുന്നതിനായി യഥാസമയം അക്വേറിയത്തിലെ മാലിന്യം നീക്കം ചെയ്യുകയും അക്വേറിയത്തിലെ വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്യാൻ രതികുമാരി പ്രത്യേകം ശ്രദ്ധിക്കുന്നു. 

തുടക്കത്തിൽ ചില്ലറവ്യാപാരം നടത്തിയിരുന്ന രതികുമാരി ഇന്ന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൊത്തവ്യാപാരത്തിലാണ്. 5,000 മുതൽ 10,000 വരെ മത്സ്യക്കുഞ്ഞുങ്ങളുടെ വിൽപന ഒരേ സമയം സാധ്യമാകുന്നതുകൊണ്ടു തന്നെ വിപണനം വെല്ലുവിളിയാകുന്നില്ല. കൂടാതെ, കൊറിയർ വഴിയും മത്സ്യക്കുഞ്ഞുങ്ങളെ അയച്ചുകൊടുക്കാറുണ്ട്. കേരളത്തിനു പുറമേ, കർണാടക പോലെയുള്ള സംസ്ഥാനങ്ങളിലേക്കും മത്സ്യക്കുഞ്ഞുങ്ങളെ അയക്കാറുണ്ടെന്നും രതികുമാരി പറയുന്നു. പ്രതിവർഷം 5 ലക്ഷം വരുമാനം തരുന്ന തന്റെ സംരംഭം ഭാവിയിൽ ഇതിലും മികച്ച രീതിയിൽ വിപുലീകരിക്കാനും ഈ രസതന്ത്ര അധ്യാപിക പദ്ധതിയിടുന്നത്.

രതികുമാരിയുടെ പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ് അംഗീകാരങ്ങൾ തേടിയെത്താൻ തുടങ്ങിയ വർഷമാണ് 2024. ഈ വർഷത്തെ വനിതാദിനത്തിൽ മത്സ്യമേഖലയിലെ സംഭാവനയ്ക്കുള്ള അംഗീകാരം രതികുമാരിയെ തേടിയെത്തി. CMFRI യിൽ നടന്ന വനിതാദിനാഘോഷ ചടങ്ങിൽ വച്ചാണ് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അംഗീകാരപത്രം നൽകി ആദരിച്ചത്. CMFRI യുടെ സയൻസ്-ടെക്‌നോളജി ഇന്നൊവേഷൻ ഹബ്ബ് (STI) പദ്ധതിയുടെ ഗുണഭോക്താവ് കൂടിയാണ് ഇവർ. കൂടാതെ മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2024 ലെ മികച്ച അലങ്കാരമത്സ്യസംരംഭക എന്ന നിലയിലും അംഗീകരിക്കപ്പെട്ടു.

Rathikumari with Family
ഭർത്താവ് അജിത് കുമാർ മക്കളായ ആദിത്യൻ, ശ്രീരാമൻ എന്നിവർക്കൊപ്പം രതികുമാരി

മത്സ്യങ്ങളുടെ പരിചരണത്തിലും "Dear Guppy" യുടെ പ്രവർത്തനങ്ങളിലും പരിപൂർണ പിന്തുണ നൽകി രതികുമാരിയുടെ കുടുംബവും കൂടെത്തന്നെയുണ്ട്. കൃഷിവകുപ്പിൽ നിന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസറായി വിരമിച്ച ശ്രീ. അജിത് കുമാർ സി. എസ്സാണ് രതികുമാരിയുടെ ഭർത്താവ്. രണ്ട് ആൺമക്കൾ ആദിത്യനും ശ്രീരാമനും. ഇവരുടെയൊക്കെ പരിപൂർണ പിന്തുണയും തന്റെ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.. രതികുമാരി പറയുന്നു.

നൂതനസാങ്കേതികവിദ്യകളുടെ ഉപയോഗവും മത്സ്യപരിചരണവും സംബന്ധിച്ച് എല്ലാവിധ കാര്യങ്ങളിലും ശരിയായ പരിശീലനം നേടി മാത്രമേ തുടക്കം കുറിയ്ക്കാവൂ എന്നാണ് ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരോട് രതികുമാരിയ്ക്ക് പറയാനുള്ളത്. മത്സ്യങ്ങളുടെ ജീവശാസ്ത്രം, ആഹാരരീതികള്‍, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള ഗ്രാഹ്യം ഈ രംഗത്തേക്ക് കടന്നുവരുന്നതിനു മുമ്പ് നിർബന്ധമായും ഉണ്ടായിരിക്കണം. അതുപോലെതന്നെ കൃത്യമായ ഇടവേളകളിൽ ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുക, രോഗം ബാധിച്ച മത്സ്യങ്ങളെ ഉടനടി നീക്കം ചെയ്യുക തുടങ്ങി ഓരോ ചെറിയ കാര്യങ്ങളിലും ജാഗരൂകരാകേണ്ടതുണ്ട്. മത്സ്യകൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉപദേശങ്ങൾ നൽകാനും അവർ തയ്യാറാണ്.

രസതന്ത്ര അധ്യാപികയിൽ നിന്ന് പ്രശസ്തയായ അലങ്കാരമത്സ്യകൃഷിസംരംഭക എന്ന പദവിയെക്കുള്ള യാത്ര തികച്ചും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. തീക്ഷ്ണമായ പരിശ്രമം, കഠിന പ്രയത്നം, നൂതന കാര്യങ്ങളോട് അനുകൂലമായ മനോഭാവം, സ്ഥിരോത്സാഹം എന്നീ ഗുണങ്ങളുടെ ഉത്തമ ഉദാഹരണമാണ് രതികുമാരി. ദീർഘകാലം താൻ തുടർന്നുപോന്നിരുന്ന പ്രവർത്തനമേഖലയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംരംഭത്തിലെത്തി അതിൽ വിജയക്കൊടി പാറിച്ച ഈ അധ്യാപികയുടെ സംരംഭക മനസ് ആർക്കും മാതൃകയാക്കുവന്നതാണ്.  


English Summary: Dear Guppy and Chemistry teacher

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds