Features

ഡ്രാഗണ്‍ ഫ്രൂട്ട് കേരളത്തിലും കൃഷി ചെയ്യാം

പ്രാദേശിക വിപണിയിൽ അത്ര പരിചിതമല്ലാതിരുന്ന ഡ്രാഗൺ ഫ്രൂട്ടാണ് ഇപ്പോൾ പഴവിപണിയിലെ പ്രധാന താരം. കൊടുംചൂടിൽ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുമെന്നതിനാൽ ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരേറെയാണ് .വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് (Dragon fruit) അഥവാ പിത്തായപ്പഴം (Pitaya) ഇപ്പോള്‍ ഇന്ത്യയിലും കൃഷിചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. രൂപഭംഗികൊണ്ട് മനോഹരമായ ഈ പഴത്തിൻ്റെ ഉള്ളിലുള്ള മാസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. മെക്‌സിക്കോയും മദ്ധ്യദക്ഷിണ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശമെങ്കിലും ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമാണ് വിപണിയിലെ പ്രധാന ഉത്പാദകര്‍. ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഈ പഴത്തിന് ഡയബെറ്റിസ്, കൊളസ്‌ട്രോള്‍, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവ യും പഴങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട് .
dragon fruit
അതിവര്‍ഷമില്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗണ്‍ പഴത്തിന്റെ കൃഷിക്കു ചേരുന്നത്. ചൂടുള്ള കാലാവസ്ഥയും ജൈവാംശം ഉള്ള മണല്‍മണ്ണുമാണ് ഡ്രാഗണ്‍ ഫ്രൂട്ട്  വളര്‍ത്തുവാനുള്ള ഉത്തമമായ സാഹചര്യം. കൂടാതെ ആവശ്യത്തിന് ജലം ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. മൂപ്പെത്തിയ വള്ളികള്‍ മുട്ടുകളോടെ മുറിച്ച് മണല്‍ നിറച്ച ചെറുകവറുകളില്‍ നട്ടുവളര്‍ത്തി ഒരു വര്‍ഷം പരിചരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തികൃഷി ചെയ്യാം.

പിത്തായ കൃഷിക്കായി മണ്ണ് നന്നായി കിളച്ചു ജൈവവളം ചേര്‍ത്ത് ഒരുക്കാം. ചാണകപ്പൊടിയും കോഴിക്കാരവുമാണ് ഇതിന്റെ പ്രധാന ജൈവവളം. മണ്ണൊരുക്കിയതിന് ശേഷം 60 സെ. മീ നീളം, വീതി, താഴ്ച എന്ന അളവില്‍ കുഴിയെടുക്കണം, ശേഷം മേല്‍മണ്ണും തയ്യാറാക്കി വെച്ചിരിക്കുന്ന വളവും നന്നായി ഇളക്കി ചേര്‍ത്ത് കുഴി നിറക്കണം. കുഴികള്‍ തമ്മില്‍ ഏഴ് അടിയും വരികള്‍ തമ്മില്‍ ഒമ്പത് അടിയും വ്യത്യസത്തില്‍ വേണം ചെടികള്‍ നടാന്‍.
dragon fruit plant
ചെടി വളര്‍ന്നു തുടങ്ങിയാല്‍ പടര്‍ന്നു കയറാനായി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കണം. തുടര്‍ന്ന് ഓരോ തൂണുകള്‍ക്കും മുകളിലായി ക്രോസ്സ് ബാറിലോ ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയര്‍ സ്ഥാപിക്കണം. തൂണിനു മുകള്‍ഭാഗം വരെ വളര്‍ന്നെത്തിയ ചെടികള്‍ ഈ ടയറുകള്‍ക്കുള്ളിലൂടെ വളര്‍ന്ന് വരത്തക്കവിധം ഇതിനുള്ളിലൂടെ ബന്ധിക്കണം. വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴേക്ക് തൂങ്ങുന്ന വിധത്തിലായിരിക്കണം ചെടി പടര്‍ത്തേണ്ടത്. ഓരോ തൂണിലും രണ്ടു തൈകള്‍ വീതം നടാവുന്നതാണ്.

മറ്റുവിളകളെ അപേക്ഷിച്ചു ജലസേചനം കുറച്ച് മതിയെങ്കിലും വേനല്‍ക്കാലത്ത് ചെടികളില്‍ മതിയായ ജലം എത്തിക്കാന്‍ ശ്രമിക്കണം ഇതിനായി ഡ്രിപ് ഇറിഗേഷന്‍ രീതി അനുവര്‍ത്തിക്കാം. കരുത്തുള്ള മാതൃസസ്യത്തിന്റെ കാണ്ഡമാണ് പുതിയ സസ്യങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. വിത്തുകളെ ചുറ്റുമുള്ള മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ചും പുതിയ ചെടികള്‍ മുളപ്പിക്കാം.

നന്നായി പാകമായ പഴങ്ങളില്‍ നിന്നുവേണം വിത്തുകള്‍ ശേഖരിക്കാന്‍. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികള്‍ക്കുള്ള മണ്ണുമിശ്രിതത്തിലോ മുളപ്പിച്ചെടുക്കാം. വിതച്ച് 11 മുതല്‍ 14 വരെ ദിവസങ്ങള്‍ക്കകം വിത്തുകള്‍ മുളക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് ചെടികളില്‍ പൂക്കള്‍ ഉണ്ടാകുന്നത് ഡിസംബര്‍ ആകുമ്പോയേക്കും കായ്കള്‍ മൂത്ത് പാകമെത്തും.വര്‍ഷത്തില്‍ മൂന്നു മുതല്‍ ആറുവരെ പ്രാവശ്യം ഈ ചെടി പുഷ്പിക്കുന്നു. പൂവിട്ട് 30 മുതല്‍ 50 ദിവസങ്ങക്കകം ഫലം പാകമാകുന്നു. ആണ്ടില്‍ അഞ്ചോ ആറോ തവണ വിളവെടുപ്പുകള്‍ സാധ്യമാണ്.

Share your comments