Features

പരിസ്ഥിതി സൗഹൃദം: മുളക്ക് പ്രിയമേറുന്നു

bamboo

പ്ലാസ്റ്റിക് ഉപയോഗം കൊണ്ടുള്ള അനവധി പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയെന്നോണം മുളയ്ക്ക് പ്രിയമേറുന്നു. പുല്‍വര്‍ഗത്തിലെ ഏറ്റവും വലിയ സസ്യവും, ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജന്‍ പുറത്തുവിടാന്‍ ശേഷിയുള്ളതുമാണ് മുള. മുന്‍കാലങ്ങളില്‍ മുള കൊണ്ടായിരുന്നു വേലികൾ കെട്ടിയിരുന്നത്. ഓലകൊണ്ടും പുല്ലുകൊണ്ടുമുള്ള പുരനിർമ്മാണത്തിനും  മുള ഉപയോഗിച്ചിരുന്നു. മുളയരി പ്രധാന ആഹാരമായുമുപയോഗിച്ചിരുന്നു. മാത്രമല്ല കാര്‍ഷികോപകരണങ്ങള്‍, പണിയായുധങ്ങള്‍, അളവുപാത്രങ്ങള്‍, കുട്ട, വട്ടി, മുറങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് മുള പണ്ടുമുതലേ നാം ഉപയോഗിച്ചു വന്നിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം വസ്തുക്കൾ  പ്ലാസ്റ്റിക്ക്‌ കൊണ്ട്  നിര്‍മ്മിക്കുന്നത്, ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും രൂക്ഷമാക്കുന്നു. കെട്ടിടനിര്‍മാണത്തിന് കോണ്‍ക്രീറ്റിങ് സമയത്ത് താങ്ങുകാലുകളായും, പന്തല്‍, ചായ്പ്പ്, തൊഴുത്ത്, വള്ളം ഊന്നുന്നതിനുള്ള കഴുക്കോലായും ഉപയോഗിക്കുന്നു. വാഴകൃഷിക്ക് കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുളങ്കാലുകള്‍ അനിവാര്യമാണ്. ചിലതരം മത്സ്യബന്ധനോപകരണങ്ങളും കോഴിക്കൂടുമെല്ലാം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മുള കാര്‍ഷിക കേരളത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണിന്നും.  ചിലയിനം മുളകൊണ്ടാണ്  ഓടക്കുഴലും, മാറാല തട്ടുന്ന ചൂലും ഉണ്ടാക്കുന്നത് . മുളയുടെ തളിരും കൂമ്പും  ഭക്ഷണാവശ്യത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. പായസമുണ്ടാക്കാനുള്ള മുളയരിയാണ് നമ്മളില്‍ പലര്‍ക്കും ഏറെ പരിചയമുള്ള മുളവിഭവം.

bamboo fence

പ്ലാസ്റ്റികില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും പ്രകൃതിയില്‍ അലിഞ്ഞുചേരുന്ന വസ്തുവായതിനാല്‍ പരിസ്ഥിതി സൗഹൃദ വസ്തുവായി മുളയെ കണക്കാക്കുന്നു.കടലാസ് നിര്‍മാണത്തിന് മുള, വസ്ത്രനിര്‍മാണത്തിന് മുളനാര്, പ്ലാസ്റ്റിക്കിന് പകരം മുളകൊണ്ട്  എന്തെല്ലാം വസ്തുക്കള്‍ നിര്‍മിക്കാമെന്ന് അനുദിനം പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.ഫര്‍ണിച്ചറുകള്‍, സൈക്കിളുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ ഇത്തരം പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ പട്ടിക അനുദിനം വിപുലമായിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും  ഇവയ്ക്ക് പ്രിയവും വര്‍ധിച്ചു വരികയുമാണ്. മണ്ണൊലിപ്പ്, കരയിടിച്ചില്‍ എന്നിവ തടയുന്നതിന് പുഴയോരങ്ങളിലും, തോടുകളുടെ തീരത്തും മറ്റ് ജലപ്രവാഹങ്ങള്‍ ഉണ്ടാകാനിടയുള്ള ഇടങ്ങളിലുമാണ് സാധാരണയായി മുളകള്‍ നട്ടുപിടിപ്പിക്കുന്നത്.

കേരളത്തില്‍ കൃഷിചെയ്യുന്നത് ബാംബൂസ്, ഡെന്‍ഡ്രോക് കലാമസ്, ഓകല്‍ഡ്ര എന്നീ വിഭാഗത്തില്‍പ്പെട്ട മുളകളാണ്. പ്രകൃതിയോടിണങ്ങുന്നു എന്നതിലപ്പുറം കാഴ്ച്ചയ്ക്കും ഇവ മോശമല്ല എന്നതും പ്രചാരത്തിന് ഒരു കാരണമാണ്. മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇവകൊണ്ട് നിർമ്മിക്കുന്നു.

മുളകൊണ്ട് നിര്‍മിക്കുന്ന കൗതുക വസ്തുക്കള്‍ക്ക് നിറം കൊടുക്കാനും കൃത്രിമ ചായങ്ങളുടെ ആവശ്യമില്ല. 
മുള കൊണ്ടുള്ള വള, മാല, കമ്മല്‍, ബ്രേസ് ലെറ്റ്  ആഭരണങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹരമാണ്. ചെടിച്ചട്ടിയായി കളിമണ്‍ പാത്രങ്ങള്‍ക്ക് പകരം മുള കൊണ്ടുള്ള ചെടിച്ചട്ടികളാണ് പ്രകൃതിക്ക് കൂടുതല്‍ ഇണങ്ങുക എന്ന് നാം തിരിച്ചറിഞ്ഞു വരുന്നു.

കാടിൻ്റെ  പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുളങ്കൂട്ടങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണവും പാര്‍പ്പിടവും ചൂടില്‍നിന്നുള്ള സംരക്ഷണവും മുളങ്കൂട്ടങ്ങള്‍ നല്‍കുന്നു. ജീവിതത്തിലൊരിക്കല്‍ മാത്രമാണ് മുള പൂക്കുക. പൂത്ത് അരിയായി കഴിഞ്ഞാല്‍ മുളങ്കൂട്ടം നശിക്കാനാരംഭിക്കും. ഇതിനിടയില്‍ താഴെ വീഴുന്ന മുളയരികള്‍ തുണിയോ ഷീറ്റോ ഉപയോഗിച്ച്‌ ശേഖരിച്ചാണ് മുളയരി വിപണിയില്‍ എത്തിക്കുന്നത്.

പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന  പ്ലാസ്റ്റിക്കിന് പകരക്കാരനായും കെട്ടിടനിര്‍മാണം മുതല്‍ ഭക്ഷണം വരെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതാണ് മുളയുടെ  പ്രാധാന്യം. പ്രകൃതിയുടെ നിലനില്‍പ്പിന് പ്രധാനഘടകമായ മുളയെ സംരക്ഷിക്കുന്നതിൻ്റെ  ആവശ്യകത ഏറെയാണ്.


Share your comments