Features

വെളിച്ചെണ്ണ വിപണി വ്യാജന്മാര്‍ അടക്കി വാഴുമ്പോള്‍

mannan oil

മലയാളിയുടെ തേച്ചുകുളിയിലും ഭക്ഷണശീലങ്ങളിലും ഒഴിവാക്കാന്‍ കഴിയാത്ത അനിവാര്യതയാണ് വെളിച്ചെണ്ണ. മുഖസൗന്ദര്യോപാധി എന്ന നിലയിലും മുടിവളര്‍ച്ചയ്ക്കുള്ള എണ്ണ എന്ന നിലയിലും ദൈനംദിന ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് വെളിച്ചെണ്ണയ്ക്കുള്ളത്. ആയുർവ്വേദ ചികിത്സയിലും പകരംവെക്കാനില്ലാത്ത അത്യമൂല്യ ഉൽപ്പന്നമാണ് നാളികേരത്തിൽനിന്നും ലഭിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ .വിളക്കിൽ ഒഴിച്ച് തിരിയിട്ടു തെളിയിച്ചാൽ വെളിച്ചം ലഭിക്കുന്നതുകൊണ്ടുതന്നെയാവാം വിളക്കെണ്ണ എന്ന പേര് വീണതും പിന്നീടത് വെളിച്ചെണ്ണയായിമാറിയതും .കാലം പരിഷ്ക്കരിച്ചതോടെ വെർജിൻ കോക്കനട്ട് ഓയിൽ , കോക്കനട്ട് ഓയിൽ എന്നൊക്കെയായി ആധുനിക നാമങ്ങളും വന്നു ചേര്‍ന്നു.

പണ്ടുകാലത്ത് വീട്ടമ്മമാർ സദ്യവട്ടങ്ങൾക്കുള്ള ആവശ്യങ്ങൾക്കു പുറമെ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിനും മറ്റുമായി ഉരുക്കുവെളിച്ചെണ്ണ വീട്ടിൽതന്നെ ഉണ്ടാക്കി ഉപയോഗിക്കുമായിരുന്നു .ഫ്‌ളാറ്റ്‌ ജീവിതത്തിനിടയിൽ പലരും ബേബി ഒയിലിലേക്ക് ചുവട് മാറിഎന്നത് മറ്റൊരു സത്യം .വെളിച്ചെണ്ണ നിർമ്മാണം തൊഴിലായി സ്വീകരിച്ച പ്രത്യേക ജനവിഭാഗത്തെ ചക്കാട്ട് വാണിയർ എന്നായിരുന്നു പണ്ട് വിളിച്ചിരുന്നത് .''ചെട്ടിയാനും ചെട്ടിച്ചിയും തമ്മിൽ എണ്ണത്തുണികൊണ്ടുള്ള ഏറുപോലെ '' - ഫലിതപ്രിയരായ പഴമക്കാർ നേരമ്പോക്കായി പറയുന്ന വാചകവും മലബാറുകാർക്ക് പുതിയതല്ല .ഭക്ഷ്യഉപയോഗത്തിനു പുറമെ ആയുർവ്വേദ വിധിപ്രകാരമുള്ള മരുന്നുനിർമ്മാണത്തിനും എണ്ണകൾ, തൈലം തുടങ്ങിയവയ്ക്കും ശുദ്ധമായ വെളിച്ചെണ്ണ അന്നും ഇന്നും അവശ്യവസ്‌തുതന്നെ.

നാളികേരത്തിൻറെ ഉൾക്കാമ്പ് വെട്ടിനുറുക്കി ഉണക്കി പാകപ്പെടുത്തി മരച്ചക്കിലിട്ട് ആട്ടി ഊറ്റിയരിച്ചെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയുടെ ആകർഷകമായ ഗന്ധവും ഗുണമേന്മയും എക്കാലത്തും മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവമായിരുന്നു. എന്നാൽ മരണം പതിയിരിക്കുന്ന ആഹാരസാധനങ്ങളിൽ മുൻനിരയിലാണ് ഇന്ന് വെളിച്ചെണ്ണയുടെ സ്ഥിതിഎന്നത് എത്രയും ഖേദകരം.ജനങ്ങളെ വിഷം തീറ്റിക്കുന്നവരായി എത്രയോ വ്യാജ വെളിച്ചെണ്ണ നിർമ്മാതാക്കൾ അരങ്ങുവാഴുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത് .ഗുണനിലവാരമാനദണ്ഡങ്ങൾ അശേഷം പാലിച്ചില്ലെന്ന പേരിൽ ഭക്ഷ്യ സുരക്ഷാവിഭാഗം അധികൃതർ പരിപൂർണ്ണ നിരോധനം ഏർപ്പെടുത്തിയ നിരവധി ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണകൾ വിപണിയിൽ സജീവമാകുന്നുവെന്നുതന്നെയാണ് സമീപകാല വാർത്തകളിൽനിന്നും വ്യക്തമാകുന്നത് .
ഗുണനിലവാരമില്ലാത്ത പൂത്ത കൊപ്രയിൽനിന്നും വേർതിരിച്ചെടുത്ത ദുർഗന്ധമയമുള്ള വെളിച്ചെണ്ണ എളുപ്പം കേടാവുമെന്നതിൽ തർക്കമില്ല .എന്നാൽ ഇത്തരം വെളിച്ചെണ്ണകളിൽ പ്രത്യേക രാസവസ്‌തുക്കൾ ചേർത്ത് ഉപയോഗപ്രദമാക്കിമാറ്റിക്കൊണ്ട് മാർക്കെറ്റിലെത്തിക്കുകയാണ് ലാഭക്കൊതിയന്മാരായ ചില വെളിച്ചെണ്ണ കമ്പനിക്കാർ .

വ്യാജ വെളിച്ചെണ്ണകളിൽ പതിവായുപയോഗിക്കുന്ന വിഷലിപ്‌തമായ രാസപദാർത്ഥങ്ങളായ ഇ .319 പോലുള്ള ആൻറി ഓക്സിഡന്റുകളെ പരാമർശിച്ചുകൊണ്ടുള്ള വാർത്തകൾ മുടങ്ങാതെ വരുന്നുണ്ടെങ്കിലും പൂർവ്വാധികം വ്യാപകമാവുകയാണ്കമ്പോളത്തിൽ വ്യാജന്മാരുടെ കടന്നുകയറ്റം .ഗുണനിലവാരമുള്ള വെളിച്ചെണ്ണകളിൽ അയഡിൻ വാല്യൂ 7 .5 മുതൽ 10 വരെയെന്നും ആസിഡ് വാല്യൂ ആറി ൽ താഴെയാണെന്നും സാങ്കേതിക വിദഗ്ധർ സമ്മതിക്കുന്നു .എന്നാൽ മായം ചേർത്ത വെളിച്ചെണ്ണയിൽ അയഡിൻ ഉയർന്ന അളവിൽ ചേരുന്നതുകൊണ്ട് തന്നെ ഇത്തരം വെളിച്ചെണ്ണ ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതം വരാനുള്ള സാധ്യതവളരെ കൂടുതലാണെന്നും വിദഗ്ധ ഡോക്ടമാർ സമ്മതിക്കുന്നു .

തമിഴ്‌നാട്ടിൽനിന്നുമെത്തുന്ന മായം ചേർത്തവെളിച്ചെണ്ണ നിരവധി ബ്രാൻഡുകളിലായി കേരളത്തിലെ മാർക്കറ്റിൽ അതിവേഗം വിറ്റഴിയുന്നു.
ഇത്തരം വെളിച്ചെണ്ണകൾ ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ച സമയങ്ങളിലെല്ലാം മറ്റു പുതിയ പേരുകളിൽപുറത്തിറക്കി ലാഭം കൊയ്യുകയാണ് വ്യാജന്മാർ .
പാം ഓയിൽ ,ആർജിമോൺ ഓയിൽ ,നിലക്കടലഎണ്ണ ,പരുത്തിക്കുരു എണ്ണ തുടങ്ങി ഏറ്റവും ആദായത്തിൽ ലഭിക്കുന്നതും ഗുണനിലാവാരമില്ലാത്തതുമായ എണ്ണകളാണ് ഇത്തരം ലാഭക്കൊതിയന്മാർ വെളിച്ചെണ്ണയിൽ മിക്സ് ചെയ്‌തു വിപണിയിലെത്തിക്കുന്നത്

കൊപ്ര ആട്ടുമ്പോൾ പരമാവധി എണ്ണ ഊറ്റി യെടുത്തുകൊണ്ട് വെളിച്ചെണ്ണയുടെ അളവ്‌ കൂട്ടാൻ ചേർക്കുന്ന കെമിക്കലിന്റെ പേരാണ്‌ ഹെക്സൈൻ . മനുഷ്യശരീരത്തിന് അങ്ങേയറ്റം ഹാനികരമാണിത്. ആരോഗ്യവിഭാഗം ലാബ് ടെസ്റ്റ് നടത്തിയാൽപോലും ഈ തട്ടിപ്പ് എളുപ്പം കണ്ടെത്താനാവില്ലെന്ന് കച്ചവടക്കാർ പറയുന്നു .വാഹനങ്ങളിൽ എൻജിൻ ഓയിൽ ആയി ഉപയോഗിച്ച ശേഷം ബാക്കിയാകുന്ന കരിഓയിൽ റിഫൈൻ ചെയ്തു നിറമില്ലാത്ത മിനറൽ ഓയിലാക്കി മാറ്റുന്നു.ആർ ബി ഡി അഥവാ റിഫൈൻ ബ്ളീച്ച് ആൻഡ് ഡീഒഡറൈസ് റിഫൈൻഡ് ഓയിലിലേക്ക് കൊപ്ര ചിപ്‌സ് ചേർത്ത് ഇളക്കുകയോ ഇരുപതു ശതമാനം നല്ല വെളിച്ചെണ്ണ കലർത്തുകയോ ചെയ്താൽ യഥാർത്ഥ വെളിച്ചെണ്ണയുടെ മണവും നിറവും ലഭിക്കുമത്രേ .ക്രൂഡോയിൽ സംസ്‌കരിക്കുമ്പോൾ ലഭിക്കുന്ന മെഴുക് അഥവാ പാരഫിൻ വാക്സിൻറെ തുടർച്ചയായ ഉപയോഗം മൂലം കുടലിൽ ക്യാൻസർ വരാനുള്ള സാദ്ധ്യത വളരെയാണെന്ന് വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുമ്പോഴും വിപണിയിൽ വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക് കൂടുകയല്ലാതെ കുറയുന്നുമില്ല . ശുദ്ധമായ വെളിച്ചെണ്ണ എന്നപേരിൽ വിൽക്കുന്നതിൽ വലിയപങ്കും ഭക്ഷ്യ എണ്ണ മിക്‌സ് ചെയ്‌ത ബ്ലെൻഡിങ്‌ ഓയിൽ .

ഇതിനിടയിലും ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ നൂറുശതമാനം പാലിച്ചുകൊണ്ട് ശുദ്ധമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി മികവിന്റെ സാക്ഷിപത്രങ്ങൾ ഏറ്റുവാങ്ങിയ നിരവധി നിർമ്മാതാക്കളും അംഗീകൃത ബ്രാൻഡുകളും വിപണിയിലുണ്ടെന്നത് മാത്രമാണ് ഉപയോക്താക്കളുടെ മനഃസമാധാനംവും പ്രതീക്ഷയും .ഒരു കുപ്പിഗ്ളാസ്സിൽ ഒന്നോ രണ്ടോ ഔൺസ് വെളിച്ചെണ്ണ ഒഴിച്ച് തുടർച്ചയായി ഒന്നോ രണ്ടോ മണിക്കൂർ നേരം ഫ്രിഡ്ജിൽ വെക്കുക .ഫ്രീസറിൽ അരുത് . ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും മിക്‌സ് ചെയ്‌തതുമാണെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല.മുകളിൽ നേരിയ പാടപോലെ ഉറക്കാതെ കിടക്കും . ഉപഭോക്താക്കള്‍ കടകളില്‍ പോയി ഏതെങ്കിലും കവറില്‍ കിട്ടുന്ന വെളിച്ചെണ്ണയല്ല വാങ്ങേണ്ടത്, ഗുണമേന്മയുള്ളവയാണ് എന്നുറപ്പാക്കി തന്നെ വാങ്ങുക.

- ദിവാകരന്‍ ചോമ്പാല


English Summary: Fake coconut oil in market

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox