Features

നസീറയുടെ കൈയ്യൊപ്പോടെ ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍

naseera

പ്രത്യേകിച്ച് വികസ്വര ഏഷ്യൻ രാജ്യങ്ങളിൽ ഭക്ഷണം, ഫൈബർ, ഇന്ധനം, മരുന്ന് എന്നിവയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം കഴിവുള്ള ഒരു മേഖലയാണ് ബയോടെക്നോളജി. മികച്ച ക്ലോണുകളുടെ ബഹുജന ഗുണനം, നടീൽ വസ്തുക്കളിൽ രോഗം ഇല്ലാതാക്കുക, കാർഷിക വിളകളുടെ സൂപ്പർ ജനിതക രൂപങ്ങൾ സൃഷ്ടിക്കൽ, അങ്ങനെ പരമ്പരാഗത സസ്യപ്രജനന രീതികളിലൂടെ സാധ്യമല്ലാത്ത പലതും ഇവിടെ സാധ്യമാകുന്നു .

ഇന്ന് ധാരാളം യുവതിയുവാക്കൾ ബയോടെക്നോളജിയിലെ അത്ഭുതലോകത്ത് നിന്ന് പഠിച്ചിറങ്ങി പുതിയ സാങ്കേതികവിദ്യയിൽ പുത്തൻ ചരിത്രങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് പാലക്കാട് കാരൽമനയിലുള്ള ബയോടെക്നോളജി സ്റ്റാർട്ടപ്പ് ആയ "സെൽ ടെക് ടിഷ്യുകൾച്ചർ പ്ലാന്റ്സ് . ബിരുദാനന്തര ബിരുദം നേടി വാഴ ടിഷ്യുകൾച്ചറിൽ വിജയം കൈവരിച്ച യുവസംരംഭകയായ നസീറ.കെ. 2017ന്റെ രണ്ടാം പകുതിയിലാണ് ഈ സംരംഭം തുടങ്ങുന്നത് . പട്ടാമ്പിയിലെ റീജിയണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷനിൽ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെ പ്രോജക്ടിൽ റിസർച്ച് ഫെല്ലോ ആയി ജോലി ചെയ്യുമ്പോഴായിരുന്നു ഈ ഒരു ആശയം മനസ്സിലുദിച്ചത്. പട്ടാമ്പിയിലെ റീജിയണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷനിലെ പ്രൊഫസ്സർ ആയ ജ്യോതിയുടെ പ്രചോദനം ഈ സംരഭം തുടങ്ങാൻ കൂടുതൽ കരുത്തു പകർന്നു.

ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 1500 സ്‌ക്വയർഫീറ്റ് ഉള്ള ടിഷ്യു കൾച്ചർ ലബോറട്ടറി, ടിഷ്യു കൾച്ചർ പോളിഹൗസ് ,ഗ്രീൻഹൗസ് എന്നിവ സജ്ജമാക്കി. ഉപകരണങ്ങൾ ആയി സ്റ്റാൻഡേർഡ് ഗ്ലാസ്സ്‌വെയർ , ടിഷ്യു കൾച്ചർ റാക്കുകൾ, ക്ലീൻ-എയർ ബെഞ്ച്, ഓട്ടോക്ലേവ്, പിഎച്ച് മീറ്റർ, വെയ്റ്റിംഗ് ബാലൻസ്, സർജിക്കൽ-വെയർ എന്നിവ വാങ്ങിച്ചു.ടിഷ്യുവിന്റെ വളർച്ചയ്ക്ക് ആവശ്യമായ ബേസൽ മീഡിയം, സുക്രോസ്, ഗ്രോത്ത് ഹോർമോണുകൾ, ജെല്ലിംഗ് ഏജന്റുകൾ ആവശ്യാനുസരണം തയ്യാറാക്കി. തുടക്കം ആയതിനാൽ മുൻപരിചയമില്ലാത്ത സ്ത്രീകളെ പരിശീലനം നൽകി ഇവിടെ ജോലിക്കായി നിയമിച്ചു.

ആദ്യ കാലങ്ങളിൽ ബേസൽ മീഡിയം സ്റ്റാൻഡാര്‍ഡൈസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് വന്നെങ്കിലും പിന്നീട് രണ്ടു വർഷത്തെ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലും വിദഗ്ദ്ധ ഉപദേശങ്ങളും നേടി. അതിന്റെ ശാസ്ത്രീയ സാങ്കേതികത്വം മനസ്സിലാക്കി ഇന്ന് മികച്ച നിലവാരത്തിൽ ടിഷ്യു കൾച്ചർ ചെയ്യാൻ സാധിക്കുന്നു. ഇന്ന് സ്റ്റേറ്റ് ഹോർട്ടിക്കൽച്ചർ മിഷൻന്റെ സർട്ടിഫിക്കേഷനോട് കൂടി മികച്ച ഒരു ടിഷ്യുകൾച്ചർ ലാബായി ഇത് മാറിയിരിക്കുന്നു.

ഇവിടെ ടിഷ്യു കൾച്ചർ വാഴയെ വിവിധ ഘട്ടങ്ങളിലൂടെ ആണ് രൂപപ്പെടുത്തിയെടുക്കുന്നത്
(ഘട്ടം -1):

ഉപരിതല അണുവിമുക്തമാക്കിയ ചെടിയുടെ ആന്തരിക ടിഷ്യു വിഘടിപ്പിച്ചു വളർച്ചയുടെ മാധ്യമത്തിലേക്ക് മാറ്റുന്നു,

(ഘട്ടം 2 ):

ടിഷ്യു ഘട്ടം I ൽ വളർച്ച ആരംഭിച്ച് ഒരു ഷൂട്ട് രൂപപ്പെടുത്തുമ്പോൾ അത് വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകൾ അടങ്ങിയ മറ്റൊരു മാധ്യമത്തിലേക്ക് മാറ്റുന്നു (സെൽ ഡിവിഷൻ വർദ്ധിപ്പിക്കുന്നു).


(ഘട്ടം 3 ):

വളരുന്ന ഷൂട്ട് അനേകമടങ്ങാവുകയും 3-4 ചിനപ്പുപൊട്ടൽ രൂപപ്പെടുകയും ചെയ്യുന്നു. ആവശ്യാനുസരണമുള്ള വളർച്ചയ്ക്ക് ശേഷം അവയെ നാമ്പുണ്ടാവുന്നതിനും വേരൂന്നുന്നതിനും മറ്റൊരു മാധ്യമത്തിലേക്ക് മാറ്റുന്നു.

(ഘട്ടം 4 ):

വിവിധ ചേർന്നിരിക്കുന്ന ചിനപ്പുകളിൽ നിന്ന് , ഒറ്റ ചിനപ്പുപൊട്ടൽ വേർതിരിച്ച് ഒരു നാമ്പ് വളരാനും വേരൂന്നാനും ഉള്ള മാധ്യമത്തിലേക്ക് മാറ്റുന്നു .

(ഘട്ടം 5 ):

നാമ്പ് നീളമേറിയതും പുതിയ റൂട്ട് വന്നു 3-4 ആഴ്ചയ്ക്കുള്ളിൽ വേരൂന്നൽ നടക്കുന്നു.

:(ഘട്ടം 6 ):

ഹരിതഗൃഹത്തിലെ പ്രകൃതി പരിസ്ഥിതിയിലേക്ക് കുപ്പി വളർത്തുന്ന സസ്യങ്ങളെ മാറ്റുന്ന പ്രക്രിയ ആണിത്. ഇതിന് ഹാർഡനിങ് എന്നാണ് പറയുന്നത്. പ്രൈമറി ഹാർഡനിങ് ,സെക്കണ്ടറി ഹാർഡനിങ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളുണ്ട്. ഇവിടെ പ്രൈമറി ഹാർഡനിങ് കഴിഞ്ഞ വാഴ കൾച്ചറുകൾ അഞ്ച് രൂപ നിരക്കിൽ ഇടനിലക്കാർ മുഖേന മൈസൂർ ,ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് സെക്കണ്ടറി ഹാർഡനിങിനായി കൊണ്ടുപോകാറുണ്ട്. സെക്കണ്ടറി ഹാർഡനിങ് കഴിഞ്ഞവ കർഷകർക്ക് കൃഷിയിടത്തിൽ നടാനായി ഓർഡർ അനുസരിച്ചു 20 -25 രൂപ നിരക്കിൽ കൊടുക്കാറുണ്ട്.

ടിഷ്യു കൾച്ചർ വാഴയുടെ ഗുണങ്ങൾ
1 .ടിഷ്യു കൾച്ചർ ടെക്നോളജിയിൽ നിന്ന് ഉൽ‌പാദിപ്പിക്കുന്ന വാഴച്ചെടികൾ ഉയർന്ന വിളവ് നൽകുന്നു , മാത്രമല്ല വിവിധ ഇനങ്ങളുടെ ഏകീകൃതമായ മികച്ച ക്ലോണുകൾ വലിയ അളവിൽ ലഭ്യമാണ്.
2 .ഈ വാഴച്ചെടികൾ നടുന്ന സമയത്ത് രോഗരഹിതമാണ്. ശരിയായ വിള പരിപാലന രീതികളിലൂടെ അതേ അവസ്ഥകൾ (രോഗരഹിതം) നിലനിർത്താൻ കഴിയും.
3 .ടിഷ്യു കൾച്ചർ വാഴ തൈകൾ വർഷം മുഴുവൻ ലഭ്യമാണ്. അതിനാൽ ഒരു കുറവുമില്ലാതെ വാഴപ്പഴം വർഷം മുഴുവനും വളർത്താം.
4 .ടിഷ്യു സംസ്ക്കരിച്ച വാഴച്ചെടികൾ പഴങ്ങളുടെ ഏകീകൃത മൂപ്പെത്തുന്നു . അതിനാൽ വിളവെടുപ്പ് പ്രക്രിയ എളുപ്പമാക്കുകയും തൊഴിൽ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം.
5 .ടിഷ്യു കൾച്ചർ വാഴച്ചെടികളുടെ ഒരു പ്രത്യേകതയാണ് റാറ്റൂൺ വിള (റാറ്റൂണിംഗിന്റെ പ്രധാന ഗുണം സീസണിലെ തുടക്കത്തിൽ തന്നെ മൂപ്പെത്തുന്നു ).
6 .ടിഷ്യു കൾച്ചറിൽ നിന്ന് ഉൽ‌പാദിപ്പിക്കുന്ന വാഴപ്പഴം ഗുണനിലവാരവും ഏകീകൃത ആകാരവും നിലനിർത്തുന്നത് കാരണം വാഴപ്പഴത്തിന് വിപണിയിൽ മികച്ച വില നൽകുന്നു.
7 .നട്ട് ആദ്യത്തെ മാസം തന്നെ നല്ല വേഗത്തിലുള്ള വേരും വളർച്ചയും മൂന്നാമത്തെ മാസത്തിൽ ധാരാളം പുതിയ ഇലകളും ഉണ്ടാവുകയും ആറാം മാസത്തിൽ തന്നെ പൂവ് ഉണ്ടാവുകയും ചെയ്യുന്നതിനാൽ പത്താം മാസത്തിൽ തന്നെ വിളവെടുക്കാൻ കഴിയുന്നു. അങ്ങനെ ടിഷ്യുകൾച്ചർ കന്നുകൾ ഉപയോഗിച്ച് ഒരാൾക്ക് 30 മുതൽ 32 മാസം വരെ 3 വിളകൾ ലഭിക്കും, ഇതിനാൽ 4 മുതൽ 5 മാസം വരെ കൃഷി സമയം ലാഭിക്കാൻ കഴിയും.

മുകളിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ കാരണം ടിഷ്യു കൾച്ചർ വാഴച്ചെടികളോടുള്ള പ്രിയം അനുദിനം കർഷകർക്കിടയിൽ കൂടി വരുകയാണ്. അതിനാൽ ഇന്നിവിടെ ഏകദേശം എട്ട് തരം വാഴ കന്നുകൾ വികസിപ്പിച്ചെടുക്കുന്നു. ജി 9 റോബസ്റ്റ ,കോട്ടയം നേന്ത്രൻ ,മിന്റോളി നേന്ത്രൻ ,ചെങ്ങോലിക്കോടൻ ,മൊന്തൻ ,ആറ്റു നേന്ത്രൻ ,മഞ്ചേരി നേന്ത്രൻ ,കുട്ടികൾക്ക് കുറുക്കായി കൊടുക്കുന്ന കുന്നൻ ഇനവും ,കറിക്കായക്കുള്ള മൊന്തനും ഇവിടെ രൂപപ്പെടുത്തിയെടുക്കുന്നു. ഇന്ന് ഏകദേശം 3 ലക്ഷം വാഴകന്നുകൾ വികസിപ്പിച്ചെടുക്കാനുള്ള സൗകര്യം ഇവിടുത്തെ ലാബിനുണ്ട് .
മികച്ച ഗുണനിലവാരവും ലാഭകരമായ വിളവും ലഭിക്കുന്നതിനാൽ ഈ യുവസംരഭകയുടെ കൈയ്യടക്കത്തില്‍ രൂപപ്പെട്ട വാഴകന്നുകൾക്ക് ഇന്ന് ധാരാളം അഡ്വാൻസ് ബുക്കിങ് ആയി കഴിഞ്ഞു. വിത്ത് വിതരണം മനുഷ്യസമൂഹത്തിന് ദൈവം നൽകിയ വരദാനം ആകുമ്പോൾ അത് ജീവിതത്തിൽ പ്രവർത്തികമാക്കിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് നസീറ.

ഫോൺ - 9562805120 , 9061029511


English Summary: Tissue culture plantains by Nazeera

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox