Features

'ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

food security

 

കാര്‍ഷിക യന്ത്രവത്ക്കരണത്തിലെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും പുതിയ പ്രവര്‍ത്തനങ്ങളും വേറിട്ട സമീപനങ്ങളുമായി മുന്നേറുകയാണ് ഭക്ഷ്യസുരക്ഷാ സേന. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് ഭക്ഷ്യസുരക്ഷാ സേന രൂപീകരിച്ച് പ്വവര്‍ത്തനങ്ങലളുമായി മുന്നേറുന്നത്.

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ്വ് നല്കി കൃഷിയുടെ വ്യാപനവും സുസ്ഥിരതയും സാദ്ധ്യമാക്കാന്‍ സജ്ജമായ ഭക്ഷ്യസുരക്ഷാ സേന എന്ന ആശയത്തിന്റെ സൂത്രധാരന്‍ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ മേധാവിയും കൃഷി വകുപ്പില്‍ കാര്‍ഷിക കര്‍മ്മ സേനയുടേയും കര്‍ഷക സേവന കേന്ദ്രത്തിന്റെയും സ്‌പെഷ്യല്‍ ഓഫീസറും സംസ്ഥാന കാര്‍ഷിക യന്ത്രവല്ക്കരണ മിഷന്റെ ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസറുമായ ഡോ. യു. ജയകുമാരന്‍ ആണ്.

ഭക്ഷ്യസുരാക്ഷാസേന - എന്തിന് ?

കാര്‍ഷിക മേഖലയില്‍ കര്‍ഷക തൊഴിലാളികളുടെ അഭാവം, വര്‍ദ്ധിച്ച കൂലി ചെലവ്, അമിത കീടനാശിനി പ്രയോഗം അദ്ധ്വാന കൂടുതല്‍ തുടങ്ങിയ വെല്ലുവിളികള്‍ക്ക് തടയിടാന്‍ ഭക്ഷ്യസുരക്ഷാ സേനയ്ക്ക് കഴിയും. കാര്‍ഷിക വൃത്തിക്ക് സജ്ജമായ ഒരു കൃഷി സേനയെ ഒരുക്കിയെടുക്കുക എന്നതാണ് ഭക്ഷ്യസുരക്ഷാ സേന എന്ന ആശയത്തിന്റെ കാതലായ ലക്ഷ്യം. അടുക്കും ചിട്ടയുമാര്‍ന്ന അച്ചടക്കമുള്ള കാര്‍ഷിക സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലൂടെ കൃഷിയിടങ്ങളെ വിളനിലങ്ങളാക്കി മാറ്റുന്നതു വഴി ഭക്ഷ്യസുരക്ഷയിലേക്കുള്ള പാത തുറക്കുക എന്നതാണ് ഭക്ഷ്യസുരക്ഷസേനയിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തില്‍ ജനപങ്കാളിത്ത്വത്തോടെ പ്രത്യേകിച്ചും യുവജനങ്ങളെ അണിനിരത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കൃഷിയിലേയ്ക്ക് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും കൃഷി സ്ഥലങ്ങളെ ഉപയോഗപ്പെടുത്തി ഉത്പാദന വര്‍ദ്ധനവ് സാധ്യമാക്കാനും യന്ത്രവത്കൃത കൃഷിക്ക് കൂടുതല്‍ ഊന്നല്‍ കൊടുത്ത് കൃഷി കാര്യങ്ങള്‍ സുതാര്യമാക്കാനും ഭക്ഷ്യസുരക്ഷാസേനക്ക് കഴിയുന്നുണ്ട്.

ഇന്ന് നമ്മുടെ സംസ്ഥാനത്ത് കാര്‍ഷിക യന്ത്രങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ ഈ യന്ത്രങ്ങള്‍ ഉപയോഗിക്കാനും അവയുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനും കഴിവുള്ളവര്‍ ഇല്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം നല്കുകയാണ് ഭക്ഷ്യസുരക്ഷാ സേനയുടെ ലക്ഷ്യങ്ങളില്‍ ഒന്ന്. ഇത്തരം യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനും അറ്റകുറ്റപണികള്‍ നടത്തുന്നതിനും പരിശീലനത്തിലൂടെ ആളുകളെ സൃഷ്ടിച്ചെടുക്കുന്നതും ഭക്ഷ്യസുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദ്ദേശ്, മഹാരാഷ്ട്ര, ആന്റമാന്‍- നിക്കോബര്‍ എന്നിവിടങ്ങളിലായി ഏകദേശം 3403 പുരുഷന്മാരും 2870 സ്ത്രീകളും അടക്കം 6273 പേര്‍ക്ക് ഭക്ഷ്യസുരക്ഷാ സേന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്കി. ഈ ഒരു പ്രവര്‍ത്തനം സ്ത്രീ ശാകതീകരണത്തിന് ഉത്തമ ഉദാഹരണം കൂടിയാണ്. യന്ത്രവല്ക്കരണത്തിലും നൂതന സാങ്കേതിക വിദ്യകളിലും ചിട്ടയായ പ്രവര്‍ത്തി പരിചയ പരിശീലനം ഭക്ഷ്യസുരക്ഷാ സേന പ്രസ്ഥാനത്തിലൂടെ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ലഭ്യമാണ്. ' ജയ്ജവാന്‍' 'ജയ്കിസാന്‍' എന്ന മുദ്രാവാക്യം അര്‍ത്ഥവത്താക്കി കൊണ്ടുള്ള പരിശീലന പരിപാടിയാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്.

പ്രവര്‍ത്തനം എങ്ങനെ ?

പരിശീലനം ലഭിച്ചവര്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് കാര്‍ഷിക യന്ത്ര പ്രവര്‍ത്തന സേവന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് സൗകര്യപ്പെടുത്തുകയും അതിനു നേതൃത്വം നല്കുകയും ചെയ്യുന്നതോടൊപ്പം ഭക്ഷ്യസുരക്ഷാ സേന കൃഷിയിട പരിശീലനം നല്കുന്നതിനാവശ്യമായ 'ചലിക്കുന്ന 'പരിശീലന യൂണിറ്റും, യന്ത്രങ്ങളൂടെ അറ്റകുറ്റപണികള്‍ യഥാസമയം ചെയ്തു നല്കുന്നതിന് 'ചലിക്കുന്ന അറ്റകുറ്റപണി യൂണിറ്റി'ന്റെ മാതൃകയും നടപ്പിലാക്കി. ഇത്തരത്തില്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളുടെ വിജയം അടിസ്ഥാനമാക്കി കേരള സര്‍ക്കാര്‍ കേരളത്തിലുടനീളം 35 ബ്ലോക്കുകളിലായി കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 2012-13 കാലഘട്ടത്തില്‍ 11.2 കോടി രൂപ വകയിരുത്തി. ഈ കാര്‍ഷിക സേവന കേന്ദ്രങ്ങളില്‍ ഓരോ ജില്ലയില്‍ നിന്നും ഒരെണ്ണം എന്ന നിലയില്‍ മാതൃകാ കാര്‍ഷിക സേവന കേന്ദ്രങ്ങളാക്കി മാറ്റി അവയുടെ പരിശീലനവും പ്രവര്‍ത്തന മേല്‍നോട്ടവും വഹിക്കുന്നതിന്റെ പങ്ക് കൃഷി വകുപ്പിനൊപ്പം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനുമുണ്ട്.

ഇന്ന് സര്‍ക്കാര്‍ കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നു. കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ ഇന്ന് കാര്‍ഷിക യന്ത്രവല്ക്കര്‍ണത്തിന്റെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന മാതൃകയാണ്. ഇതു കൂടാതെ 2013-14 കാലഘട്ടത്തില്‍ കാര്‍ഷിക സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന വിജയം ഉള്‍ക്കൊണ്ട് സഹകരണ വകുപ്പിന്റെ കീഴില്‍ 60 സഹകരണ ബാങ്കുകളില്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഈ കര്‍ഷക സേവന കേന്ദ്രങ്ങളിലെ അംഗങ്ങള്‍ക്ക് യന്ത്രവല്ക്കരണത്തിലും നൂതന സാങ്കേതിക വിദ്യകളിലുമുള്ള പരിശീലനം നല്കിയത് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഭക്ഷ്യസുരക്ഷാ സേനയാണ്.
വിദ്യാര്‍ത്ഥികളില്‍ കൃഷിയുടെ ആദ്യപാഠം പകര്‍ന്ന് പ്രവര്‍ത്തി പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളെ കാര്‍ഷിക മേഖലയിലേയ്ക്ക് തയ്യാറാക്കുന്ന ഒരു വിശാല പ്രസ്ഥാനമായ ഗ്രീന്‍ കാഡറ്റ് കോര്‍പ്പ്‌സ് അഥവാ ഹരിത കുട്ടി പട്ടാളം എന്ന പദ്ധതിക്ക് രൂപം കൊടുത്തതും നടപ്പിലാക്കിയതും ഭക്ഷ്യസുരക്ഷാ സേന പ്രസ്ഥാനത്തിലൂടെയാണ്.

വിജയകഥകള്‍ അനേകം

ഭക്ഷ്യ സുരക്ഷാ സേനയുടെ വിജയഗാഥകളാണ് പൊണ്ണമുത കോള്‍പടവില്‍ 300 ഏക്കര്‍ നെല്‍ വയല്‍ 5 ദിവസം കൊണ്ട് നടീല്‍ നടത്തിയ 'ഓപറേഷന്‍ പൊണ്ണമുത 300/5', കോള്‍ നിലങ്ങളില്‍ 350 ലക്ഷം രൂപ വിലമതിക്കുന്ന വൈക്കോല്‍ തികച്ചും നഷ്ടമായിരുന്നത് കെട്ടുകളാക്കുന്ന വൈക്കോല്‍ കെട്ടുന്ന യന്ത്രത്തിന്റെ ആവിര്‍ഭാവം എന്നിവ . അട്ടാട്ട് ഒന്‍പതു മുറി കോള്‍പടവില്‍ 83 ഏക്കര്‍ നെല്‍പ്പാടത്ത് തികച്ചും ജൈവ രീതിയില്‍ സമ്മിശ്ര കൃഷി, താറാവ്, മത്‌സ്യം, പച്ചക്കറി, പൂ കൃഷി എന്നിവയിലൂടെ നടപ്പിലാക്കി വിജയം കൈവരിച്ച'ജൈവം അമൃതം' എന്ന പദ്ധതി ഭക്ഷ്യ സുരക്ഷാ സേയുടേയും വിള നിരീക്ഷണ സേനയുടേയും സഹായത്തോടെയാണ് നടപ്പാക്കിയത്.

തരിശു കിടക്കുന്ന നെല്‍പ്പാടങ്ങള്‍ കൃഷി യോഗ്യമാക്കുന്ന ദൗത്യവും ഭക്ഷ്യ സുരക്ഷാ സേന ഏറ്റെടുത്തിരിക്കുന്നു. കോഴിക്കോട് പേരാമ്പ്ര ബ്ലോക്കില്‍ ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ 30 വര്‍ഷമായി തരിശു കിടന്നിരുന്ന 220 ഏക്കര്‍ നെല്‍വയല്‍ കൃഷി യോഗ്യമാക്കാന്‍ യന്ത്രവത്ക്കരണവും സാങ്കേതിക സഹായവും നല്കിയത് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഭക്ഷ്യ സുരക്ഷാ സേനയാണ്. തൃശ്ശൂര്‍ ജില്ലയില്‍ പുത്തൂര്‍ കായലില്‍ 20 ഏക്കര്‍ തരിശു ഭൂമി കൃഷിക്ക് അനുയോജ്യമാക്കുന്നതിനുള്ള കര്‍മ്മ പദ്ധതികളും നടത്തറ, ചിറക്കാക്കോട്, എന്നിവിടങ്ങളിലെ തരിശു ഭൂമി കൃഷിയോഗ്യമാക്കിയതും ഭക്ഷ്യസുരക്ഷാ സേന തന്നെ.
കണ്ണൂര്‍ ജില്ലയില്‍ മയ്യില്‍ പഞ്ചായത്തില്‍ 300 ഏക്കര്‍ നെല്‍ കൃഷിയില്‍ ആദ്യമായി സമ്പൂര്‍ണ്ണ യന്ത്രവല്ക്കരണം നടപ്പിലാക്കിയതും ഈ പ്രസ്ഥാനത്തിന്റെ വിജയത്തിന്റെ പൊന്‍ തൂവലുകളില്‍ ഒന്നാണ്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന കോള്‍ നിലങ്ങളില്‍ യന്ത്രവല്കൃത കൃഷി വ്യാപിപ്പിക്കുന്നതിനും ആധുനിക യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ട എല്ലാ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും നടത്തുന്നത് ഭക്ഷ്യസുരക്ഷാ സേനയാണ്.

ഇതോടൊപ്പം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരു ഗവേഷണ വികസന യൂണിറ്റും നിലവിലുണ്ട്. കര്‍ഷകരുടെ ആവശ്യമനുസരിച്ചും സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന യന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് ഈ ഗവേഷണ യൂണിറ്റാണ്. തെങ്ങിന്റെ തടം തുറക്കുന്ന യന്ത്രം, ജൈവ വളങ്ങള്‍ അരിച്ച് വൃത്തിയാക്കുന്ന യന്ത്രം, നവീകരിച്ച തെങ്ങു കയറ്റ യന്ത്രം, തേങ്ങതൊട്ടില്‍ എന്നിവയെല്ലാം ഈ ഗവേഷണ യൂണിറ്റിന്റെ സംഭാവനകളാണ്. 10 വിവിധതരം കാര്‍ഷിക വൃത്തികള്‍ ടില്ലറിലെ വിവിധ യന്ത്ര ഭാഗങ്ങള്‍ ഉപയോഗിച്ച് നടത്താന്‍ ശേഷിയുള്ള 'കുടുംബ പവര്‍ ടില്ലര്‍' എന്ന യന്ത്രവും ഈ പ്രസ്ഥാനത്തിന്റെ കീഴില്‍ വികസിപ്പിച്ചെടുത്തു.

കൂടാതെ വയലില്‍ ചേറിലിറങ്ങാതെ വരമ്പത്തിരുന്നു തന്നെ വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന പവ്വര്‍ ടില്ലര്‍, ഒറ്റകൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ബ്രഷ്‌കട്ടര്‍ എന്നിവയും ഭക്ഷ്യസുരക്ഷാസേന ഗവേഷണ യൂണിറ്റിന്റെ പുത്തന്‍ സംഭാവനകളാണ്.

കേരളത്തിലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കൃഷിയെ പുനരിജ്ജീവിപ്പിക്കുന്നതിലും ഭക്ഷ്യസുരക്ഷാ സേന സജീവമായി മുന്‍പന്തിയിലുണ്ട്. കോള്‍ നിലങ്ങളിലെ വെള്ളം വറ്റിക്കാനുപയോഗിക്കുന്ന പെട്ടി- പറ സംവിധാനത്തിന്റെ വെള്ളം കയറി കേടായ മോട്ടോറുകളുടെ അറ്റകുറ്റപണികള്‍ കൃഷി സ്ഥലങ്ങളില്‍ കൃഷി യോഗ്യമാക്കുന്നതിനുതകുന്ന യന്ത്രവല്ക്കരണ പ്രവര്‍ത്തനങ്ങള്‍, പുതിയ കൃഷിരീതി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ചുക്കാന്‍ പിടിക്കാന്‍ ഭക്ഷ്യസുരക്ഷാ സേന നേതൃനിരയിലുണ്ട്.

അന്യം നിന്നു പോയ നെല്‍പ്പാടങ്ങള്‍ പരമാവധി കൃഷി ചെയ്യാനും യുവാക്കളെ കൃഷിയിലേയ്ക്കാകര്‍ഷിക്കാനും യന്ത്രവത്ക്കരണത്തിലൂടെ കഴിയുന്നു. യന്ത്രവത്ക്കരണം ഉറപ്പാക്കുന്നതു വഴി കാര്‍ഷിക മേഖലയില്‍ ഒരു പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കാം; ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും സാധിക്കും

 

ഡോ. എ. ലത, പ്രൊഫസര്‍ & ഹെഡ്, കാര്‍ഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തി

 

 


Share your comments