Features

ജയചന്ദ്രന് കൃഷി ഒരു തപസ്യ

jayachandran

ജൈവകര്‍ഷകനായ തൃക്കാരിയൂര്‍ പിണ്ടിമന സ്വദേശി ജയചന്ദ്രന്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൃഷി ഒരു ജീവനോപാധി അല്ല. അതിനുമപ്പുറമാണ്. ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന തന്റെ കൃഷി അറിവുകള്‍ . ആര്‍ക്കു വേണമെങ്കിലും പറഞ്ഞു കൊടുക്കാന്‍ ജയചന്ദ്രന്‍ തയ്യാറാണ്. തന്റെ അറിവുകള്‍ നല്‍കുമ്പോള്‍ തിരിച്ചും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. മുറതെറ്റാതെ കൃഷിഭവന്റേയും മറ്റു കര്‍ഷക സംഘടനകളുടേയും ക്ലാസ്സുകളിലും പങ്കെടുത്ത് എപ്പോഴും സ്വയം അറിവുകള്‍ നേടും. ഏതൊരു പുതിയ ഇനം ചെടിയും അത് ഫലവൃക്ഷമോ, പച്ചക്കറിയോ, ഔഷധസസ്യമോ എന്തുമാകട്ടെ കൊണ്ടുവന്ന് തന്റെ പുരയിടത്തില്‍ നട്ടു പരിപാലിക്കും. അതിന്റെ വിത്തുകള്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കും.

പനങ്ങാട് മാടവന ജംഗ്ഷനില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ചേപ്പനം എന്ന സ്ഥലത്ത് താമസിക്കുന്ന കോതമംഗലം തൃക്കാരിയൂര്‍ പിണ്ടിമന സ്വദേശിയായ ജയചന്ദ്രനെയും അദ്ദേഹത്തിന്റെ കൃഷിരീതികളും പരിചയപ്പെടാം.

കുമ്പളം ചേപ്പനത്തെ കൃഷിയിനങ്ങള്‍.

ചേപ്പനത്തെ വീടിന്റെ മട്ടുപ്പാവില്‍ ഇരുപത്തഞ്ചോളം വെണ്ട, മൂന്നു തരം പടവലം, പാവല്‍, പയര്‍, ചീര, നിത്യവഴുതിന, കോവല്‍ എന്നിവയും ഔഷധച്ചെടികളായ കുറ്റിമുല്ല, പനിക്കൂര്‍ക്ക, ജര്‍ബെറ, കട്ട് റോസ് പുതിന, ഞൊട്ടാഞൊടിയന്‍, കയ്യുന്ന്യം ഇവയെല്ലാം പരീക്ഷണാര്‍ത്ഥം വളര്‍ത്തുന്നുണ്ട്. തൊടിയില്‍ വെറ്റില, കുരുമുളക്, വാനില, അന്നാര, പൈനാപ്പിള്‍ എന്നിവയും പരീക്ഷണാര്‍ത്ഥം കൃഷി ചെയ്തിട്ടുണ്ട്. കറിവേപ്പ്, കാന്താരി, പച്ചമുളക്, പയര്‍, റെഡ് ലേഡി പപ്പായ, മാതളനാരകം, ഓറഞ്ച്, ചക്ക, റമ്പൂട്ടാന്‍, പേര, വഴുതിന, കപ്പ, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചില്‍ ഇവയെല്ലാം ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന കാഴ്ച. കൂടാതെ തെങ്ങ്, കായ്ചു കിടക്കുന്ന പലയിനം മാവുകള്‍ എന്നിങ്ങനെയുള്ള കാഴ്ചകള്‍ കാണാന്‍ ജയചന്ദ്രന്റെ വീട്ടില്‍ത്തന്നെ വരേണ്ടി വരും. വന്‍മരങ്ങളായി മുപ്പതോളം മഹാഗണി, പല പ്രായത്തിലും വലിപ്പത്തിലുമുള്ള നിലമ്പൂര്‍തേക്ക്, ആഞ്ഞിലി, പ്ലാവ് എന്നിവയും കൂടാതെ കടപ്ലാവ്, ചെറുനാരകം, കറിനാരകം അതോടൊപ്പം നെല്‍വയലും അക്വാകള്‍ച്ചര്‍ കൃഷിരീതി, കൂണ്‍കൃഷി, സര്‍വ്വ സുഗന്ധി, കറുവാപ്പട്ട, അസോള വളര്‍ത്തിയ മൂന്ന് കുളങ്ങളും. കുളങ്ങളില്‍ മീനും വളര്‍ത്തുന്നു ചേപ്പനത്തെ ഈ എഴുപത് സെന്റ് സ്ഥലത്ത്. അതിനടുത്തു തന്നെ മുപ്പത് സെന്റ് സ്ഥലവുമുണ്ട് ജയചന്ദ്രന്. കൃഷിയിലുള്ള താല്‍പര്യം കാരണം ഇവിടെയും കൃഷിയാണ്. മറ്റൊരു നാല്‍പതു സെന്റ് സ്ഥലമുണ്ട്.. അവിടെ ഇഷ്ടയിനമായ പൊക്കാളി കൃഷി ചെയ്യുന്നു.

കോതമംഗലത്തെ കൃഷി രീതികള്‍.

ജയചന്ദ്രന്റെ സ്വന്തം വീടായ കോതമംഗലത്തെ ഒന്നരയേക്കര്‍ സ്ഥലത്താണ് ഏറ്റവും കൂടുതല്‍ കൃഷി ആഴ്ചയില്‍ രണ്ട് ദിവസം ജയചന്ദ്രന്‍ കോതമംഗലത്തെത്തും വിത്തും വളവും കൃഷിയുപകരണങ്ങളുമായി. ഈ പറമ്പില്‍ ഇടതൂര്‍ന്ന് വളര്‍ന്ന് നില്കുന്ന മഹാഗണി, തേക്ക്, ആഞ്ഞിലി എന്നിവ നാട്ടില്‍ ഒരു കാടിന്റെ തോന്നലുണ്ടാക്കും. ഇവിടെയും നിറയെ തെങ്ങും തെങ്ങിന്‍ തൈകളും, വാഴയിനങ്ങളായ ചുണ്ടില്ലാ ക്കണ്ണന്‍, പൂവന്‍, കദളി, പാളയംതോടന്‍,ഞാലിപ്പൂവന്‍, ചാരപ്പൂവന്‍ എന്നിവ വളര്‍ത്തിയിട്ടുണ്ട്. പര്‍പ്പിളും പച്ചയും നിറമുളള നീളന്‍ പയര്‍, ചുരയ്ക്ക, കൂവളം, നെയ് കുമ്പളം, പാവയ്ക്ക, വെണ്ട, വഴുതിന, ചേന, ചേമ്പ്, നെയ് കുമ്പളം, വഴുതിന, പടവലം, ചേന, ചേമ്പ്, മഞ്ഞള്‍, മാവ്, പേര, നാരകം, മുപ്പതോളം കറിവേപ്പ്, ഔഷധസസ്യങ്ങളും ഒപ്പം കൂവളവും തുളസിയും സര്‍വ്വ സുഗന്ധിയും
കോതമംഗലം പിണ്ടിമനയില്‍ ഒന്നര ഏക്കറും പനങ്ങാട് ഒരേക്കറുമാണ് ജയചന്ദ്രന്റെ കൃഷി ഗവേഷണങ്ങള്‍ക്കുള്ള പുരയിടങ്ങള്‍. കോതമംഗലത്തെ തറവാട്ടില്‍ 23 മഹാഗണിയും ചെറുതും വലുതുമായി 10 മാവുകളും നിലമ്പൂര്‍ തേക്കുള്‍പ്പെടെ 85 തേക്ക് മരങ്ങളും 30 ഓളം ജാതിയും അടയ്ക്ക, തേന്‍വരിക്കപ്ലാവ്, പേര, ചാമ്പ, 40 തെങ്ങ് ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളും പൈനാപ്പിള്‍ തോട്ടവും, മീന്‍ കുളവും വാഴയും ചേമ്പ്, ചേന, കാച്ചില്‍, പയര്‍, പാവല്‍, വഴുതന, പടവലം തുടങ്ങിയ പച്ചക്കറികളുമടങ്ങിയ ഒരു വന്‍ കൃഷിത്തോട്ടവുമുണ്ട്. തമ്പകം, നാടന്‍ മുരിങ്ങ, കറിവേപ്പ്, പ്ലാവ്, വാനില, ഇഞ്ചി, മഞ്ഞള്‍, ഞാറ്റുവേലയ്ക്ക് കൃഷിയിറക്കാന്‍ പാകത്തില്‍ കുരുമുളക്, ഇടതൂര്‍ന്ന് നില്‍ക്കുന്ന മാവിലും മഹാഗണിയിലും പടര്‍ത്തിയ വാനില ഒരു നല്ല കാഴ്ചയാണ്. എഴുപതോളം മഹാഗണി, അതില്‍ത്തന്നെ നാല്‍പ്പത്തിമൂന്ന് വര്‍ഷം പഴക്കമുള്ള മഹാഗണി വൃക്ഷങ്ങള്‍ ആകാശംമുട്ടെ വളര്‍ന്ന് നില്‍ക്കുന്നു. പഞ്ഞിക്കായ്കള്‍ പൊഴിച്ചു നില്‍ക്കുന്ന പഞ്ഞിമരം ഇവയെല്ലാം കൂടി കോതമംഗലത്തെ വീട് ഉച്ചവെയിലിലും രാത്രിയുടെ പ്രതീതിയാണ് പകരുന്നത്.

 

കൃഷിരീതി.

വെച്ചൂര്‍ പശുവിന്റെ ചാണകത്തില്‍ പൊതിഞ്ഞ് ഉണക്കാനിട്ട ഇഞ്ചി, മഞ്ഞള്‍ വിത്ത്, കാഞ്ഞിരത്തിന്റെ ഇലകള്‍, മാവില, പാണല്‍ ഇല, വേപ്പില, എന്നിവ കൊണ്ട് മൂടിയിടുന്നതിനാല്‍ പ്രാണിയും ഈച്ചയും ആ ഭാഗത്തേയ്ക്ക് കടക്കില്ല. പനങ്ങാട് നിന്നും കോതമംഗലത്ത് ആഴ്ചയില്‍ 2 ദിവസം ജയചന്ദ്രന്‍ എത്തും. വിള പരിപാലനത്തിനും കൃഷിയിട കാര്യങ്ങള്‍ നോക്കാനും.

ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ മഹാഗണിയുടേയും ആഞ്ഞിലിയുടേയും വിത്തുകള്‍ പിണ്ടി മനയില്‍ നിന്ന് കൊണ്ടുവന്ന് വൈറ്റില ചേപ്പനത്തെ റസിഡന്റ്‌സ് അസോസിയേഷനെ ഏല്പിച്ചു. പ്രകൃതി സൗഹൃദമായ ഒരു റസിഡന്റ്‌സ് ഏരിയ ആക്കി മാറ്റാന്‍ വേണ്ടിയാണ് ഇത് എന്നാണ് ജയചന്ദ്രന്റെ പക്ഷം. കുമ്പളം കൃഷിഭവനിലെ കൃഷി ഓഫീസറും കുമ്പളം പഞ്ചായത്തും ഒരു പോലെ ജയചന്ദ്രന് കൃഷിയില്‍ പ്രോത്സാഹനം നല്‍കുന്നു. പഞ്ചായത്തിന്റെ പുരയിട കൃഷി, സംയോജിത കൃഷിയിലും പുരയിട കൃഷിയിലുമുള്ള സമ്മാനം ജയചന്ദ്രന് ലഭിച്ചിട്ടുണ്ട്. ജയചന്ദ്രന്റെ കൃഷിയിടത്തെ ഒരു മോഡല്‍ കൃഷിയിടമായി ആത്മ തെരഞ്ഞെടുത്തു. കൂണ്‍കൃഷിയുടെ പ്രാധാന്യം മനസിലാക്കി ജയചന്ദ്രന്‍ അതിനുള്ള തയ്യാറെടുപ്പുകളും നടത്തുന്നു. ചാണകവും ചാരവും ഗോമൂത്രവും ചേര്‍ന്ന മിശ്രിതം വിതറി മണ്ണിനെ എപ്പോഴും ഫലഭൂയിഷ്ഠമാക്കി വയ്ക്കും. എയര്‍ ഫോഴ്‌സില്‍ നിന്നും എയര്‍ക്രാഫ്റ്റ് എഞ്ചിന്‍ ഫിറ്ററായി പിരിഞ്ഞു പോന്ന ജയചന്ദ്രന്‍ കൃഷി പഠനവുമായി മുന്നേറുന്നു. അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കൂണ്‍കൃഷി പരിശീലനം, ടിഷ്യൂകള്‍ച്ചര്‍ പരിശീലനം എന്നിവ നേടിയിട്ടുണ്ട്. കൂണ്‍ കൃഷിയിലെ പരിശീലനം അദ്ദേഹത്തിന് കൂണ്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ യോഗ്യനാക്കി. 2000 കാലഘട്ടത്തില്‍ കൃഷി മതിയാക്കി ഗള്‍ഫില്‍ പോയ ഇദ്ദേഹം 2015ല്‍ തിരികെയെത്തി മികച്ച രീതിയില്‍ കൃഷി ആരംഭിച്ചു. ഭാര്യയും 2 മക്കളും ഭാര്യയുടെ അമ്മയുമടങ്ങിയ ജയചന്ദ്രന്റെ കുടുംബമാണ് കൃഷിയില്‍ ഇദ്ദേഹത്തിന്റെ പ്രചോദനം. റസിഡന്റ്‌സ് അസോസിയേഷനിലെ അംഗങ്ങളുടെ പ്രോത്സാഹനവും ജയചന്ദ്രനെ കൂടുതല്‍ കൂടുതല്‍ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.

കെ.ബി ബൈന്ദ,

ആലപ്പുഴ ചീഫ് ബ്യൂറോ, ഫോണ്‍ : 9995219529


Share your comments