Features

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സാക്ഷാത്കരിച്ച് കിഴക്കമ്പലം

Kizhakkambalam
സ്വാശ്രയ സ്വയംപര്യാപ്ത ഗ്രാമം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു. ഇന്ത്യയിലെ ഏഴരലക്ഷത്തിലേറെ വരുന്ന ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിലൂടെ ഭാരതം ആഗോളശക്തിയാകുമെന്നും ആര്‍ക്കും തോല്പ്പിക്കാനാകാത്ത സാമ്പത്തികശക്തിയാകുമെന്നും ഗാന്ധിജി വിഭാവന ചെയ്തു. ഈ ഗ്രാമസ്വരാജ് സങ്കല്പത്തിന് അദ്ദേഹം നല്‍കിയ പേര് തന്റെ ഇഷ്ടദൈവമായ ശ്രീരാമന്റെ പേരില്‍ രാമരാജ്യം എന്നായിരുന്നു. സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും മിശ്രണത്തിലൂടെ പുത്തന്‍ സാമ്പത്തികവ്യവസ്ഥ തേടിപ്പോയ സ്വാതന്ത്ര്യാനന്തര ഭരണകൂടം ഗാന്ധിജിയുടെ സ്വപ്നങ്ങളെ കണ്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം അണ്ണാഹസാരെ റലിഗാന്‍സിദ്ദി എന്ന ഗ്രാമം ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തി വികസിപ്പിച്ച അതേ പാതയില്‍ നമ്മുടെ കേരളത്തിലും ഒരു ഗ്രാമം പൂര്‍ണ്ണമായും സ്വയംപര്യാപ്തമാകുന്നു. അതും ഒരു വന്‍കിട വ്യവസായ സ്ഥാപനത്തിന്റെ സാമൂഹിക സുരക്ഷാപദ്ധതിയില്‍. ഒരു ഗ്രാമത്തെ പൂര്‍ണ്ണമായും സ്വയംപര്യാപ്തമാക്കുമ്പോള്‍ ഇവിടെ സാക്ഷാത്കരിക്കപ്പെടുന്നത് ഗാന്ധിജിയുടെ വികസനസ്വപ്നങ്ങളാണ്. 

എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്താണ് ഈ തരത്തില്‍ കിറ്റെക്‌സ് എന്ന വ്യവസായ സ്ഥാപനം ഏറ്റെടുത്ത് സ്വയംപര്യാപ്ത ഗ്രാമമായി വികസിപ്പിക്കുന്നത്. രണ്ടായിരത്തി ഇരുപതോടെ വികസനപദ്ധതി പൂര്‍ണ്ണമാകുമെന്നാണ് കിറ്റെക്‌സിന്റെ ഇപ്പോഴത്തെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം ജേക്കബ്ബ് പറയുന്നത്. അവികസിത പ്രദേശമായ കിഴക്കമ്പലത്ത് 1968 ലാണ് എം.സി. ജേക്കബ്ബ് അന്നാ അലൂമിനിയം കമ്പനി തുടങ്ങിയത്. പിന്നീട് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, സാറാസ് കറിപൗഡര്‍, ചാക്‌സണ്‍ തുടങ്ങി പല സ്ഥാപനങ്ങളായി അത് വളര്‍ന്നുപന്തലിച്ചു. തന്റെ സ്ഥാപനത്തിനോടൊപ്പം ഈ ഗ്രാമവും വളരണമെന്നും വികസിക്കണമെന്നും അദ്ദേഹം സ്വപ്നം കണ്ടു. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാണ് ഇപ്പോള്‍ മക്കളായ സാബു എം ജേക്കബ്ബും ബോബി എം ജേക്കബ്ബും ട്വന്റി 20 എന്ന ബൃഹത് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. 

poultry
ആകെ 19 വാര്‍ഡുകളാണ് കിഴക്കമ്പലം പഞ്ചായത്തില്‍. ട്വന്റി20 യുടെ കീഴില്‍ 8000 കുടുംബങ്ങളാണുള്ളത്. ഇതില്‍ 4000 കുടുംബങ്ങളെ കൃഷി അനുബന്ധ തൊഴിലുകളിലൂടെയും ബാക്കി നാലായിരം കുടുംബങ്ങളെ കാര്‍ഷികേതര തൊഴിലുകളിലൂടെയും സ്വയംപര്യാപ്തരാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഓരോ കുടുംബത്തിനും കൃഷി ചെയ്യാന്‍ ആവശ്യമായ വിത്ത്, വളം, ഉപകരണങ്ങള്‍, സാമ്പത്തികസഹായം എല്ലാം കമ്പനി തന്നെ നല്‍കുന്നു. അതോടൊപ്പം വിളവെടുപ്പിനുശേഷമുള്ള വിപണിയും ഒരുക്കുന്നു. നെല്‍കൃഷിക്ക് കൊയ്ത്ത്-മെതി യന്ത്രം ഉള്‍പ്പെടെയുള്ള സഹായവും സജ്ജമാക്കുന്നു. പഞ്ചായത്തിലെ 90 ശതമാനം തരിശുനിലത്തിലും നെല്‍ക്കൃഷിയിറക്കിക്കഴിഞ്ഞു. 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 850 ഏക്കറിലാണ് നെല്‍ക്കൃഷി നടത്തിയത്. നെല്‍ക്കൃഷിക്കു പുറമെ 200 ഏക്കറില്‍ പച്ചക്കറിയും കൃഷിചെയ്യുന്നു. ഇതോടൊപ്പം നാടന്‍ കോഴി, പശു, ആട്, പോത്ത്, താറാവ്, മുയല്‍, കാട, മീന്‍ തുടങ്ങി എല്ലാ കൃഷികളും വാര്‍ഡ് അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. ഓരോ വാര്‍ഡിനും എം.എസ്.ഡബ്ല്യു വിജയിച്ച ഒരാളെ മേല്‍നോട്ടത്തിനായി നിയമിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് നിര്‍മ്മാണപ്രവൃത്തികള്‍ ആവശ്യമായി വന്നാല്‍ അത് ചെയ്യാന്‍ സാങ്കേതിക വിദഗ്ദ്ധരുടെ സമിതിയുമുണ്ട്. 

കുടിവെള്ളപ്രശ്‌നവും ജലസേചനവും പരിഹരിക്കുകയായിരുന്നു ട്വന്റി 20 ആദ്യം ചെയ്തത്. അടഞ്ഞുകിടന്ന രണ്ട് തോടുകള്‍ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് ചെളിമാറ്റി വൃത്തിയാക്കിയെടുത്തു. 28 കിലോമീറ്റര്‍ നീളമുള്ള ഒരു തോടിന്റെ വശങ്ങളില്‍ സംരക്ഷണഭിത്തി കെട്ടുന്നത് തുടരുകയാണ്. കാരികുളം മുതല്‍ കടമ്പ്രയാര്‍ വരെയുള്ള മറ്റൊരു തോടിന്റെയും ഇത്തരത്തിലുള്ള പണി പുരോഗമിക്കുകയാണ്. ഈ രണ്ടു തോടുകളിലും 200 മീറ്റര്‍ ഇടവിട്ട് 40 തടയണകള്‍ നിര്‍മ്മിച്ചു. 140 തടയണകളാണ് ലക്ഷ്യം. ബാക്കി 100 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഉപയോഗശൂന്യമായി കിടന്ന കുളങ്ങളെല്ലാം വൃത്തിയാക്കി. പലതിലും മീന്‍ വളര്‍ത്തല്‍ ആരംഭിച്ചു. ഇതോടെ കിഴക്കമ്പലം ജലദൗര്‍ലഭ്യത്തില്‍ നിന്ന് ജലസമൃദ്ധിയിലേക്ക് മാറി. 

ആട്ഗ്രാമം പദ്ധതിയിലൂടെ 500 കുടുംങ്ങള്‍ക്ക് ആടിനെ വിതരണം ചെയ്തു. ഓരോ കുടുംബത്തിനും 5 ആടും ഒരു കൂടും വീതമാണ് കൊടുത്തത്. കോഴിഗ്രാമം പദ്ധതിപ്രകാരം  ഒരു കുടുംബത്തിന് 250 കോഴിയും 300 ചതുരശ്ര അടിയുള്ള കൂടുമാണ് നിര്‍മ്മിച്ചു കൊടുക്കുന്നത്. പഞ്ചായത്തിലെ 95 ശതമാനം കുടുംബങ്ങളും പദ്ധതിയുടെ കീഴിലുണ്ട്. 5880 കുടുംബങ്ങള്‍ക്ക് പച്ചക്കറിതൈകള്‍ അടങ്ങിയ ഗ്രോബാഗ് വിതരണം ചെയ്തു. ഒരു കുടുംബത്തിന് 10 ഗ്രോബാഗ് വീതമാണ് നല്‍കിയത്. ഓരോ പദ്ധതിയും വിഭാവന ചെയ്തിരിക്കുന്നത് ഒരു  കുടുംബത്തിന് കുറഞ്ഞത് മാസത്തില്‍ 7000-12000 രൂപ വീതം വരുമാനം ഉണ്ടാകത്തക്ക വിധത്തിലാണ്.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox