<
Features

ഭൂസൂചകങ്ങള്‍

സ്കോച്ച് വിസ്കി
സ്കോച്ച് വിസ്കി

ഭൂസൂചകങ്ങള്‍

- തയ്യാറാക്കിയത് - എ.മുഹമ്മദ് ഫൈസല്‍ ,കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥന്‍,ഗവേഷക വിദ്യാര്‍ത്ഥി,മൊബൈല്‍- 9746718755

' സ്വിസ് വാച്ചെ'ന്നും ' സ്‌കോച്ച് വിസ്‌കി' യെന്നും 'കാഞ്ചീപുരം പട്ട് സാരി' എന്നും ' ആറന്മുള കണ്ണാടി' എന്നും ' ആലപ്പുഴ കയര്‍' എന്നും ഒക്കെ കേള്‍ക്കാത്തവര്‍ നമുക്കിടയില്‍ ഇല്ലെന്നുതന്നെ പറയാം. സാധാരണയായി നമ്മുടെ നാട്ടില്‍ കിട്ടുന്ന വാച്ചിനോ വിസ്‌ക്കിക്കോ പട്ട് സാരിക്കോ കണ്ണാടിക്കോ ഒന്നുമില്ലാത്ത ഏതോ ചില സവിശേഷതകള്‍ ഇവയ്ക്കുണ്ടെന്ന് ഈ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് തോന്നുന്നു. ഇവയ്‌ക്കൊക്കെ ഭൗമസൂചിക പദവി ( ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍) ലഭിച്ചിട്ടുണ്ടെന്നും ഇവയൊക്കെ ' ഭൂസൂചകങ്ങള്‍' (ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേറ്റേഴ്‌സ്) ആണെന്നും നമ്മില്‍ പലര്‍ക്കും അറിയുകയും ചെയ്യാം. അപ്പോള്‍ എന്താണ് ഈ ഭൂസൂചകങ്ങളും ഭൂസൂചികാപദവിയുമൊക്കെ?

 

സ്വിസ് വാച്ച്
സ്വിസ് വാച്ച്

ഭൂസൂചകങ്ങള്‍

ഒരുല്‍പ്പന്നത്തിന് , അത് കാര്‍ഷികമോ വ്യാവസായികമോ കരകൗശലമോ എന്തുമാകട്ടെ, അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ,ഉത്പാദകരുടെ കരവിരുത്, നിര്‍മ്മാണശൈലി, പരമ്പരാഗതമായി കൈമാറി വരുന്ന അറിവ് എന്നിവ സമഞ്ജസമായി സമ്മേളിച്ചു വരുമ്പോള്‍ ഒരു സവിശേഷ ഗുണമേന്മ കൈവരുന്നു. ഉദാഹരണത്തിന് ഒരു കാര്‍ഷികോത്പ്പന്നം എടുക്കുക. അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കൃഷി ചെയ്യപ്പെടുന്ന പ്രദേശത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി,മണ്ണ്,ജലം,വളപ്രയോഗങ്ങള്‍,പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന കൃഷി രീതികള്‍ അല്ലെങ്കില്‍ മറ്റ് ജൈവ ഘടകങ്ങള്‍ ഇവ കാരണമായി മറ്റ് പ്രദേശങ്ങളില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന സമാന ഉത്പ്പന്നങ്ങളില്‍ നിന്നും വിഭിന്നമായ ഒരു ഗുണമേന്മ കൈവരുന്നു. അത് രുചിയിലാകാം,മണത്തിലാകാം, നിറത്തിലോ രൂപത്തിലോ ഒക്കെയാകാം. ഇവിടെ ഈ സവിശേഷ ഗുണമേന്മയ്ക്ക് കാരണമാകുന്നത് പ്രകൃതി ഘടകങ്ങള്‍ അല്ലെങ്കില്‍ ജൈവഘടകങ്ങളാണെന്ന് നമുക്ക് മനസിലാക്കാം.

 

കാഞ്ചീപുരം സാരി
കാഞ്ചീപുരം സാരി

ഒരു ഭൂസൂചകത്തെ സംബ്ബന്ധിച്ച് അതിന്റെ രണ്ട് കാര്യങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഒന്ന്, അതിന്റെ ഉത്ഭവനാമം ( അപ്പലേഷന്‍ ഓഫ് ഒറിജിന്‍),രണ്ട്, അതിന്റെ നിര്‍മ്മാണ ഘടകങ്ങള്‍ അല്ലെങ്കില്‍ ചേരുവകകള്‍. ഒരു ഉത്പ്പന്നം ഭൂസൂചകമാകണമെങ്കില്‍ അതിന്റെ ഉത്ഭവപ്രദേശത്തിന്റെ / മേഖലയുടെ/രാജ്യത്തിന്റെ പേര് ഉള്‍ക്കൊണ്ടുവരണം. ഉദാഹരണത്തിന് സ്വിസ് വാച്ചിലെ 'സ്വിസ്',മലബാര്‍ കുരുമുളകിലെ 'മലബാര്‍', ഡാര്‍ജിലിംഗ് തേയിലയിലെ ' ഡാര്‍ജിലിംഗ് ' എന്നിവ. ഈ സ്ഥലനാമങ്ങള്‍ അതാത് ഭൂസൂചകങ്ങളുടെ ഉത്ഭവ നാമത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. അതുപോലെ ഉത്പ്പാദനത്തിന് അവലംബമായ നിര്‍മ്മാണ ഘടകങ്ങള്‍, ചേരുവകകള്‍ എന്നിവയൊക്കെ അതിന്റെ ഉത്ഭവപ്രദേശത്തിന്റെ തനതായ ഭൗതിക സവിശേഷതകള്‍ ഗുണപരമായി ഉള്‍ക്കൊണ്ടിരിക്കണം. ഉദാഹരണത്തിന് റോഖ്‌ഫോര്‍ട്ട് വെണ്ണ, സ്‌കോച്ച് വിസ്‌കി,ഷാംപെയ്ന്‍ തുടങ്ങിയവ. ഇവയുടെയൊക്കെ നിര്‍മ്മാണ ഘടകങ്ങള്‍ അല്ലെങ്കില്‍ ചേരുവകകള്‍ യഥാക്രമം റോഖ്‌ഫോര്‍ട്ട് മേഖലയുടെയും സ്‌കോട്ട്‌ലാന്റിന്റെയും ഫ്രാന്‍സിലെ ഷാംപെയ്ന്‍ പ്രദേശത്തിന്റെയുമൊക്കെ തനതായ കാലാവസ്ഥ, ഭൂപ്രകൃതി,മറ്റ് ഭൗതിക സവിശേഷതകള്‍ എന്നിവ ആഴത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതായി കാണാം.

 

ആലപ്പുഴ കയര്‍
ആലപ്പുഴ കയര്‍

ഭൂസൂചകങ്ങള്‍ ബൗദ്ധിക സ്വത്ത്

ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (1948) ആര്‍ട്ടിക്കിള്‍ 27 പ്രകാരം ബൗദ്ധിക സ്വത്ത് (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ) മനുഷ്യാവകാശത്തില്‍ പെടുന്നതും സംരക്ഷണം അര്‍ഹിക്കുന്നതുമാണ്. ബൗദ്ധിക സ്വത്ത് മനുഷ്യന്റെ ഇതര സ്വത്തുപോലെ ഉടമസ്ഥാവകാശം ഉള്ളതാകുന്നു. ബൗദ്ധിക സ്വത്തിന്റെ ഉടമസ്ഥന് തന്റെ സ്വത്ത് പേറ്റന്റ് ,ട്രേയ്ഡ് മാര്‍ക്ക്,പകര്‍പ്പവകാശം (കോപ്പി റൈറ്റ് ) തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ തനിക്ക് മാത്രം അവകാശപ്പെട്ടതാക്കി മാറ്റാവുന്നതാണ്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനായുള്ള രാജ്യാന്തര സംഘടന( WIPO) ഭൂസൂചകങ്ങളെ ഇന്ന് ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിലാക്കി അംഗീകരിച്ചിട്ടുണ്ട. ലോക വ്യാപാര സംഘടന(WTO) ഭൂസൂചകങ്ങളെ ഒരു സവിശേഷ ബ്രാന്‍ഡായി കണക്കാക്കുകയും രാജ്യാന്തര തലത്തില്‍ തന്നെ അവയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ക്യൂബന്‍ സിഗാറിലെ 'ക്യൂബ' ,കാഞ്ചീപുരം പട്ടുസാരിയിലെ 'കാഞ്ചീപുരം', ബാലരാമപുരം കൈത്തറിയിലെ 'ബാലരാമപുരം' തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂസൂചകങ്ങള്‍ക്ക് അവയ്ക്ക് മാത്രം അവകാശപ്പെട്ട ചിഹ്നം (ബ്രാന്‍ഡ് സിംബല്‍) അനുവദിച്ചു കിട്ടുന്നു. ഇപ്രകാരം ചിഹ്നം ലഭിച്ച് സംരക്ഷിതമായ ഭൂസൂചകങ്ങളെ നിയമപരമായ കൈവശാധികാരം ഉള്ള ഉത്പ്പാദകര്‍ക്കല്ലാതെ മറ്റാര്‍ക്കും ഉത്പ്പാദിപ്പിച്ച് വിപണിയിലിറക്കാന്‍ സാധ്യമല്ല. അങ്ങിനെ ചെയ്യുകയാണെങ്കില്‍ അത് കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നു. ഉദാഹരണത്തിന്, ആറന്മുള കണ്ണാടി എടുക്കുക. അത് ഉത്പ്പാദിപ്പിക്കാന്‍ നിയമപരമായ അധികാരമുള്ള ആറന്മുളയിലെ ചില കുടുംബങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും അത് ആറന്മുള കണ്ണാടി എന്ന പേരില്‍ ഉത്പ്പാദിപ്പിച്ച് വിപണിയിലിറക്കാന്‍ സാധ്യമല്ല. എന്നാല്‍ ആറന്മുളകണ്ണാടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയും ലോഹക്കൂട്ടുകളുമുപയോഗിച്ച് ആര്‍ക്കും എവിടെയും നിലക്കണ്ണാടി ഉണ്ടാക്കി വിപണിയിലിറക്കാം. എന്നാല്‍ അതൊന്നും ആറന്മുളകണ്ണാടി എന്ന പേരില്‍ ആകരുതെന്നുമാത്രം. കാരണം ആറന്മുള കണ്ണാടി ഒരു ഭൂസൂചകമായതിനാല്‍ അതൊരു സവിശേഷ ബ്രാന്‍ഡും ബാന്‍ഡ് സിംബലുമുള്ള ഉത്പ്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നു.

 

ആറന്മുള കണ്ണാടി
ആറന്മുള കണ്ണാടി

ഭൂസൂചകങ്ങളുടെ സംരക്ഷണം

ഭൂസൂചകങ്ങളുടെ വിശേഷ ഗുണങ്ങള്‍ മനസിലാക്കി എന്ത് വില നല്‍കിയും അവ വാങ്ങാന്‍ ഉപഭോക്താക്കള്‍ മുന്നോട്ടുവരുന്നത് ഭൂസൂചകങ്ങളുടെ കമ്പോളസാധ്യതകള്‍ ഇന്ന് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വ്യാജന്മാരും രംഗത്തെത്തിയിരിക്കുന്നു. സ്വാഭാവികമായും ഭൂസൂചകങ്ങളെ വ്യാജന്മാരില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഭൂസൂചകങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് പ്രധാനമായും മൂന്ന് മാര്‍ഗ്ഗങ്ങളില്‍ കൂടിയാണ്. 1) പ്രത്യേക സംരക്ഷണ മാര്‍ഗ്ഗം, 2) സര്‍ട്ടിഫിക്കേഷന്‍,3) ഭരണ-നിയമ മാര്‍ഗ്ഗങ്ങള്‍

 

ക്യൂബന്‍ സിഗാര്‍
ക്യൂബന്‍ സിഗാര്‍

പ്രത്യേക സംരക്ഷണ മാര്‍ഗ്ഗം പ്രധാനമായും ഉപഭോക്താക്കളെ വ്യാജന്മാരില്‍ നിന്നും രക്ഷിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. ഉദാഹരണത്തിന് ആര്‍ഗന്‍ എണ്ണ എടുക്കുക. മൊറോക്കയുടെ തെക്ക് പടിഞ്ഞാറന്‍ വരണ്ട മരുപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു തരം വൃക്ഷങ്ങളാണ് ആര്‍ഗന്‍. 200 വര്‍ഷം വരെ അതിജീവനശേഷിയുള്ള ഈ വൃക്ഷങ്ങള്‍ക്ക് മൊറോക്കയുടെ പരിസ്ഥിതി സന്തുലനത്തെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതിനുള്ള പങ്ക് നിസ്തുലമാണ്. ഈ വൃക്ഷത്തിന്റെ കുരുവില്‍ നിന്ന് ഉത്പ്പാദിപ്പിക്കപ്പെടുന്ന എണ്ണയാണ് ആര്‍ഗന്‍ എണ്ണ. പോഷക സമൃദ്ധമായ ഈ എണ്ണ പലവിധ ത്വക്-രക്തരോഗങ്ങള്‍ക്കുള്ള ഔഷധം കൂടിയാണ് . മൊറോക്കന്‍ സ്ത്രീകള്‍ അവര്‍ക്ക് തലമുറകളായി കൈമാറികിട്ടുന്ന അറിവ്, സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് ഗുണമേന്മയുള്ള ആര്‍ഗന്‍ എണ്ണ സംസ്‌കരിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഉദ്ദേശിക്കുന്ന ഗുണമേന്മ കിട്ടണമെങ്കില്‍ ആര്‍ഗന്‍ മരങ്ങള്‍ മൊറോക്കയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് വളരുന്നവ തന്നെയാകണം. മറ്റേതെങ്കിലും പ്രദേശത്തായാല്‍ ഉദ്ദേശിക്കുന്ന ഗുണമേന്മ ലഭിക്കുകയില്ല. ' പ്രത്യേക സംരക്ഷണ മാര്‍ഗ്ഗം' ആര്‍ഗന്‍ എണ്ണയുടെ ഗുണമേന്മ പരിശോധിക്കുകയും പ്രത്യേക പദവി നല്‍കി അതിനെ വ്യാജന്മാരില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

 

മലബാര്‍ കുരുമുളക്
മലബാര്‍ കുരുമുളക്

സര്‍ട്ടിഫിക്കേഷനാകട്ടെ ഉത്പാദകരുടെ അനുമതിയില്ലാതെ വ്യാജഭൂസൂചകങ്ങള്‍ വിപണിയിലിറക്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതില്‍ നിന്നും യഥാര്‍ത്ഥ ഭൂസൂചകങ്ങളെയും ഉപഭോക്താക്കളെയും രക്ഷിക്കുന്നു. ഭൂസൂചകങ്ങള്‍ക്ക് ട്രേയ്ഡ് മാര്‍ക്ക് നല്‍കിയും പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കിയുമാണ് ഇത് സാധിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ ഇഡാഹോ ആപ്പിളും ചൈനയിലെ പ്യുവര്‍ ചായയും ഒക്കെ സര്‍ട്ടിഫിക്കേഷനിലൂടെ സംരക്ഷിക്കപ്പെടുന്ന ഭൂസൂചകങ്ങളാണ്. പ്രത്യക്ഷമായും പരോക്ഷമായും ഭൂസൂചകങ്ങളെ സംരക്ഷിക്കാനായി രാജ്യങ്ങളും സര്‍ക്കാരുകളും അവലംബിക്കുന്നവയാണ് കമ്പനി നിയമവും ഉപഭോക്തൃ സംരക്ഷണ നിയമവും ഉത്പ്പന്ന സംരക്ഷണ നിയമവുമൊക്കെ .

 

അര്‍ഗാന്‍ എണ്ണ
അര്‍ഗാന്‍ എണ്ണ

കേരളത്തിലെ ഭൂസൂചകങ്ങള്‍

ആറന്മുള കണ്ണാടി,ആലപ്പുഴ കയര്‍,മലബാര്‍ കുരുമുളക്,പാലക്കാടന്‍ മട്ട അരി,ആലപ്പുഴ പച്ച ഏലം, പൊക്കാളി അരി,വാഴക്കുളം കൈതച്ചക്ക,മധ്യ തിരുവിതാംകൂര്‍ പതിയന്‍ ശര്‍ക്കര, ജീരകശാല അരി, ഗന്ധകശാല അരി, ഞവര അരി,പാലക്കാടന്‍ മദ്ദളം, തഴവയിലെ തഴപ്പാ, കുത്താമ്പുള്ളി സാരി, പയ്യന്നൂര്‍ പവിത്രമോതിരം, ചേന്ദമംഗലം മുണ്ട്, ബാലരാമപുരം കൈത്തറി, കാസര്‍ഗോഡ് സാരി, കൈപാട് അരി,ചങ്ങാലിക്കോടന്‍ നേന്ത്രപ്പഴം, എടയൂര്‍ മുളക്, തിരൂര്‍ വെറ്റില,നിലമ്പൂര്‍ തേക്ക്, മറയൂര്‍ ശര്‍ക്കര എന്നിവയൊക്കെ കേരളത്തിലെ ഭൂസൂചകങ്ങളാണ്. കുട്ട്യാട്ടൂര്‍ മാമ്പഴം(നമ്പ്യാര്‍ മാമ്പഴം),അട്ടപ്പാടി തുവര,ആട്ടുകൊമ്പ് അമര,ഓണാട്ടുകര എള്ള് തുടങ്ങിയവയൊക്കെ ഭൂസൂചക പട്ടികയില്‍ ഇടം പിടിക്കാന്‍ തീവ്രശ്രമത്തിലാണ്.
അടുത്ത കാലത്ത് കേരളത്തില്‍ നിന്നും ഭൂസൂചകപദവി ലഭിച്ച ഉത്പ്പന്നങ്ങളെ മനസിലാക്കാം.

 

ചങ്ങാലിക്കോടന്‍ നേന്ത്രന്‍
ചങ്ങാലിക്കോടന്‍ നേന്ത്രന്‍

ചങ്ങാലിക്കോടന്‍ നേന്ത്രപഴം

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി-കേച്ചേരി നദീതട പ്രദേശങ്ങളില്‍പെടുന്ന കൈപറമ്പ്, മുണ്ടൂര്‍,എരുമപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷി ചെയ്യപ്പെടുന്ന ഒരിനം നേന്ത്രനാണ് ചങ്ങാലിക്കോടന്‍ നേന്ത്രന്‍. ഈ വാഴയിനം ആദ്യമായി കാണപ്പെട്ട ' ചെങ്ങഴിക്കോട് ' ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് ചങ്ങാലിക്കോടന്‍ എന്ന നാമം വന്നത്. തിളങ്ങുന്ന മഞ്ഞനിറത്തില്‍ ചുവപ്പ് ഡിസൈനോടുകൂടിയ ഈ നേന്ത്രപ്പഴം നിറത്തില്‍ മാത്രമല്ല രുചിയിലും പടലയുടെ ആകൃതിയിലും മറ്റ് നേന്ത്രപഴങ്ങളില്‍ നിന്നും വേറിട്ട്ു നില്‍ക്കുന്നു. ഗുരുവായൂര്‍ ഉള്‍പെടെയുള്ള ക്ഷേത്രങ്ങളില്‍ ഓണത്തിനും മറ്റ് വിശേഷാവസരങ്ങളിലും കാഴ്ചകുലകളായി സമര്‍പ്പിക്കപ്പെടുന്നത് ചങ്ങാലിക്കോടനാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രത്യേക പരിചരണം നല്‍കി ജൈവവളങ്ങള്‍ മാത്രമുപയോഗിച്ചാണ് ചങ്ങാലിക്കോടന്‍ കൃഷി ചെയ്‌തെടുക്കുന്നത്. പഴത്തിന് ആകര്‍ഷക നിറം കിട്ടാന്‍ കര്‍ഷകര്‍ ഉണങ്ങിയ വാഴയിലകള്‍ കൊണ്ട് കുല പൊതിഞ്ഞാണ് വളര്‍ത്തുന്നത്. ഏഴെട്ട് ദിവസം വരെ കോടുപാടൊന്നും കൂടാതെ ഇരിക്കുന്ന ഇവയില്‍ മുപ്പത് ശതമാനം വരെ പഞ്ചസാരയും ചെറിയ അളവില്‍ അമ്ലവും അടങ്ങിയിരിക്കുന്നു. മേല്‍പറഞ്ഞ പ്രദേശങ്ങളിലെ ഭൂപ്രകൃതി, പരമ്പരാഗതമായി അനുവര്‍ത്തിച്ചു വരുന്ന കൃഷിരീതികള്‍,ജൈവവളപ്രയോഗം എന്നിവയൊക്കെയാണ് ചങ്ങാലിക്കോടന് ഈ സവിശേഷ ഗുണമേന്മ നല്‍കുന്നത്.

 

എടയൂര്‍ മുളക്
എടയൂര്‍ മുളക്

എടയൂര്‍ മുളക്

മലപ്പുറം ജില്ലയില്‍പെട്ട കല്‍പകഞ്ചേരി,വളാഞ്ചേരി,എടയൂര്‍,അങ്ങാടിപ്പുറം തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷി ചെയ്യപ്പെടുന്ന ഒരു വ്യത്യസ്തയിനം മുളകാണ് എടയൂര്‍ മുളക്. ഇവ എടയൂര്‍ പ്രദേശത്ത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്നതിനാല്‍ എടയൂര്‍ മുളകെന്ന് അറിയപ്പെടുന്നു. ഇതിന്റെ വിത്തുകള്‍ മലേഷ്യയില്‍ നിന്നായിരുന്നു ആദ്യം കൊണ്ടുവന്നത്. അതിനാല്‍ ആദ്യകാലത്ത് ഇതിനെ മലായിമുളകെന്നാണ് വിളിച്ചിരുന്നത്. മാംസ്യം, നാരുകള്‍,വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഈ മുളകില്‍, മുളകുകള്‍ക്ക് എരിവ് നല്‍കുന്ന ക്യാപ്‌സയിന്റെ അളവ് കുറവായതിനാല്‍ എരിവും കുറവാണ്. മുളക് കൊണ്ടാട്ടമുണ്ടാക്കാന്‍ എടയൂര്‍ മുളക് വ്യാപകമായി ഉപയോഗിച്ചുവരുന്നത് ഇതിന്റെ വിപണന സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ജൈവസമ്പുഷ്ടിയുള്ള മണ്ണ് ,ഭൂപ്രകൃതി,ജൈവവളപ്രയോഗം,തലമുറകളായി അനുവര്‍ത്തിച്ചുവരുന്ന കൃഷിരീതികള്‍ എന്നിവയൊക്കെയാണ് എടയൂര്‍ മുളകിന്റെ സവിശേഷ ഗുണമേന്മയ്ക്ക് കാരണമെന്നു കാണാം.

 

തിരൂര്‍ വെറ്റില
തിരൂര്‍ വെറ്റില

തിരൂര്‍ വെറ്റില

മലപ്പുറം ജില്ലയില്‍ തിരൂര്‍,താനൂര്‍,തിരൂരങ്ങാടി,കുറ്റിപ്പുറം,വേങ്ങര തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷി ചെയ്യപ്പെടുന്ന ഒരു സവിശേഷയിനം വെറ്റിലയാണ് തിരൂര്‍ വെറ്റില. ഇതില്‍ വര്‍ദ്ധിച്ച അളവില്‍ ഹരിതകവും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. തിരൂര്‍ വെറ്റിലയുടെ സവിശേഷ രാസജൈവഘടകങ്ങള്‍ കാരണമായി ഇതിന് മണവും നിറവും കൂടുതലും ചവയ്ക്കുമ്പോള്‍ എരിവ് കുറവുമാണ്. തിരൂരും മറ്റ് പ്രദേശങ്ങളിലും കൃഷി ചെയ്യപ്പെടുന്ന നാലിനം വെറ്റിലകള്‍ക്ക് കേരളത്തിന്റെ ഇതരപ്രദേശങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നവയെ അപേക്ഷിച്ച്്, ഉയര്‍ന്ന തോതിലുള്ള യൂജിനോള്‍ അടങ്ങിയിരിക്കുന്നതായി കാണാം. ഔഷധനിര്‍മ്മാണ രംഗത്ത് വന്‍ഡിമാന്‍ഡുള്ള തിരൂര്‍ വെറ്റില ചുമയ്ക്കും ദഹനത്തിനും എന്നുവേണ്ട കാന്‍സറിനുവരെ മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. വെറ്റിലകൊടിയുടെ വള്ളിയാകട്ടെ ,രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നുകളുടെ നിര്‍മ്മാണത്തിനും കീടനാശിനികളുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. തിരൂരെയും മറ്റ് പ്രദേശങ്ങളിലെയും ഭൂപ്രകൃതി,മണ്ണ്,കാലാവസ്ഥ,പരമ്പരാഗതമായി തുടര്‍ന്നുവരുന്ന കൃഷിരീതികള്‍,വെറ്റിലകൊടിയുടെ സവിശേഷ ജൈവഘടന ഇവയൊക്കെ കാരണമായി തിരൂര്‍ വെറ്റിലയ്ക്ക് അന്യാദൃശമായ ഗുണമേന്മയും കാണപ്പെടുന്നു.

 


English Summary: Geographical Indications

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds