Features

'ഗ്രീന്‍ ഗ്രാമ' പഴങ്ങളുടെ വിളനിലം

യുവശാസ്ത്രജ്ഞനായ ഡോ. ഹരിമുരളീധരന്‍ കൊട്ടാരക്കരയിലെ തന്റെ വീടിനോട് ചേര്‍ന്നുള്ള 60 സെന്റ് സ്ഥലത്ത് പഴവര്‍ഗസസ്യങ്ങളുടെ ഒരു കാട് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. 'ഗ്രീന്‍ ഗ്രാമ' എന്ന് പേരിട്ടിരിക്കുന്ന ഈ കൊച്ചു കാട്ടില്‍ അമേരിക്ക, ആമസോണ്‍ മഴക്കാടുകള്‍, ഇന്തോനേഷ്യ, മെക്‌സിക്കോ തുടങ്ങി പല രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നു നട്ടുപിടിപ്പിച്ച ഫലവര്‍ഗച്ചെടികളാണിവിടെ.

കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ചാര്‍ട്ട് തയാറാക്കിയപ്പോഴാണ് ഇത്രയേറേ പഴങ്ങള്‍ ഉള്ളതായി മനസ്സിലാകുന്നത്. അങ്ങനെയാണ് സ്വന്തമായി ഒരു പഴത്തോട്ടം നിര്‍മിക്കുന്നതിനെക്കുറിച്ച് ഹരി ആലോചിക്കുന്നത്. ശാസ്ത്രസാങ്കേതിക വകുപ്പിനുവേണ്ടി കൃഷിക്കാവശ്യമുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച അനുഭവവും ആത്മവിശ്വാസമേകി. സോഷ്യല്‍ മീഡിയയും സുഹൃത്തുക്കളുമാണ് ചെടികള്‍ എത്തിക്കുന്നതിന് ഹരിയെ സഹായിച്ചത്. സീഡ് ട്രാന്‍സ്ഫര്‍ പെര്‍മിറ്റ് ഇല്ലാതെ ചെടികള്‍ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് അതിനു വേണ്ടിയുള്ള പരിശ്രമം തുടങ്ങി. അങ്ങനെ വിദേശികളായ സുഹൃത്തുക്കള്‍ വഴി ചെടികള്‍ സംഘടിപ്പിച്ചു.

ലോകത്തിലെ ഏറ്റവും മധുരമുള്ള പഴമായ ഫ്‌ലാവസ് ആഫ്രിക്കയില്‍ നിന്നാണ് കൊണ്ടുവന്നത്. ഇതിന് പഞ്ചസാരയെക്കാള്‍ പതിനായിരം മടങ്ങ് മധുരമുണ്ടെന്ന് പറയപ്പെടുന്നു. അതുപോലെതന്നെ പഞ്ചസാരയെക്കാള്‍ മൂവായിരം മടങ്ങ് മധുരമുള്ള കദംബ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നാണ് ലഭിച്ചത്. ഇന്തോനേഷ്യയില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും വലിയ മാവായ മാഗ്നിഫ്ര പജാങ്, കാമറൂണ്‍ വനങ്ങളില്‍ കാണപ്പെടുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ പഴമായ ജംഗിഷ് സോപ്, നൈജീരിയയിലെ ഫ്‌ലുട്ടഡ് പംഗിന്‍, ചൈനീസ് പൈനാപ്പിള്‍ എന്നിവയും ഇവിടെയുണ്ട്.

മലേഷ്യയില്‍ നിന്നുള്ള പിലി നട്ട്, വിയറ്റ്‌നാമില്‍ മാത്രം കണ്ടുവരുന്ന ഗാക്ക്, കിഴക്കനേഷ്യയിലെ സില്‍വര്‍ ബെറി, അമേരിക്കയിലെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരുന്ന ബറാബ, അര്‍ജെന്റീനിയന്‍ പീനട്ട് ബട്ടര്‍ ഫ്രൂട്ട്, റെഡ് ലേഡി, മേമീസപ്പോട്ട, ആഫ്രോമമം, ജംഗിള്‍സോപ്, ആഫ്രിക്കയില്‍ നിന്നുവന്ന കോളനട്ട്, കുപ്പാസു, സഫോയു, തരാപ്പ, ആഫ്രിക്കന്‍ ബ്രെഡ് നട്ട്, ബുഷ് മാഗോ, ഫ്‌ലൂട്ടെഡ് പീപ്കിന്‍, അക്കുമ, അലിഗേറ്റര്‍ പെപ്പെര്‍, കുപൈ, അരസ്സ ബോയി, ബുഷ് ബട്ടര്‍, ജമൈക്കന്‍ സ്റ്റാര്‍ ആപ്പിള്‍, മിറക്കിള്‍ ഫ്രൂട്ട്, ഒയസ്‌റെര്‍ നട്ട്, മെക്‌സിക്കന്‍ സ്‌ട്രോബെറി, സെനഗലില്‍ നിന്നുള്ള മാഡ് ഫ്രൂട്ട്, തെക്കേ ആഫ്രിക്കയില്‍ മദ്യം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പഴച്ചെടിയായ മറുല, ലാറ്റിന്‍ അമേരിക്ക, പെറു, ഇക്വഡോര്‍, ബ്രസീല്‍, മെക്‌സിക്കോ, അര്‍ജന്റീന, ആമസോണ്‍ മഴക്കാടുകള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഇന്‍കാ പീനട്ട്, വാമ്പീ, ട്രോപ്പിക്കല്‍ ആപ്രിക്കോട്ട്, അബിയു, ഒലോസൊപ്പൊ, മാമേആപ്പിള്‍, സിന്നമോണ്‍ ആപ്പിള്‍, മഡ്രോണോ, സ്പാനിഷ് ലൈീ, പീനട്ട് ബട്ടര്‍, റംഡോള്‍, വെള്ളഞാവല്‍, ബ്രസീല്‍ നട്ട്, മെക്‌സിക്കന്‍ കോയ, മടാസിയ, ലക്കൂച്ചാ, ബാകുപാരി, കബെലൂട, കോകീ, സന്‍ഡ്രോപ്പ്, കാംബൂസി, സ്പാനിഷ് തമരിന്‍ഡ്, മള്‍ച്ചി, ഉട്ടു, ബോറോജോ, മരാങ്ങ്, കംബുക്ക, ഗോള്‍ഡ് ആപ്പിള്‍, എട്ടു തരത്തിലുള്ള ജബോട്ടികാബ എന്ന മരമുന്തിരികള്‍. ചെമ്പടാക്ക്, ക്വയ്മുഖ്, കുബാള്‍, എല്‍മേറി, എങ്ങ്കാല, നാംനാം, താമ്പോയി, മഫായി, റഫായി, കോവാ മന്‍ഗോസ്ടിന്‍ ഉവേറിയ, മക്കോട്ടാ ദേവ, ചുവന്ന ദുരിയന്‍, ചാമിലിയാങ്, ഫിജിയന്‍ ലോങ്ങാന്‍, ഡുക്കോന്‍ങ്ങ്, പിങ്ക് ലോന്‍ഗന്‍, റൂബിലോന്‍ഗന്‍, ബകുരി, ബകുരിപാരി, ഗോള്‍ഡ് ഫ്രൂട്ട്, ബ്ലാക്ക്‌ബെറി ജാം ഫ്രൂട്ട്, ബൊളീവിയന്‍ അച്ചാരച്ചു, കേസുസു, സ്വീറ്റ് സാന്തോള്‍ തുടങ്ങി 560 ഓളം പഴവര്‍ഗച്ചെടികലാണ് ഗ്രീന്‍ ഗ്രാമയിലുള്ളത്.

ബോണിയോ ഐലന്റ്, ആമസോണ്‍ മഴക്കാടുകള്‍, തായ്‌ലാന്‍ഡ്, പെറു, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, നൈജീരിയ, മെക്‌സിക്കോ, അര്‍ജന്റീന, കാമറൂണ്‍, തുടങ്ങി എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള പഴച്ചെടികള്‍ ഇവിടെയുണ്ട്. ലക്ഷങ്ങള്‍ വിലയുള്ള വിദേശ ചെടികള്‍ ഹരി ഗ്രീന്‍ ഗ്രാമിലെത്തിച്ചിട്ടുണ്ട്.

ഗ്രീന്‍ ഗ്രാമയെക്കുറിച്ച് കേട്ടറിഞ്ഞ് സ്വദേശികളും വിദേശികളുമടക്കമുള്ള വിനോദസഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. ചെടികളുടെ വില്പനയും ചെറിയതോതില്‍ ഇവിടെ നടത്തുന്നുണ്ട്. ഇത് കൂടുതല്‍ വിപുലമാക്കാനുള്ള ആലോചനയിലാണ് ചെന്നൈ മുരുഗപ്പ റിസര്‍ച്ച് സെന്ററിലെ മുന്‍ സീനിയര്‍ സയന്റിസ്റ്റായിരുന്ന ഈ യുവ ശാസ്ത്രജ്ഞന്‍.


English Summary: "Green Grama": Home of fruits

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox