Features

മടങ്ങാം നമുക്ക് പരിസ്ഥിതി സൗഹൃദ ജീവിതത്തിലേക്ക്

മടങ്ങാം നമുക്ക് പരിസ്ഥിതി സൗഹൃദ ജീവിതത്തിലേക്ക്

ടി. ശ്രീനിവാസന്‍
(മുന്‍ വൈസ് ചെയര്‍മാന്‍, വടകര നഗരസഭ /ചെയര്‍മാന്‍, മഹാത്മ ദേശസേവ ട്രസ്റ്റ്)

പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റുമ്പോള്‍ പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരടക്കം സമസ്തജന്തുക്കളുടെയും സസ്യങ്ങളുടെയും ജീവിതത്തിലും പ്രകടമായ നിലയിലുള്ള മാറ്റങ്ങള്‍ ഉണ്ടാകും. അത് ചില ജീവികളുടെയും സസ്യങ്ങളുടെയും വംശനാശത്തിലേക്ക് നയിക്കും. ചില പ്രദേശങ്ങളെ മരുഭൂമികളാക്കുകയും പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കിടയാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.നാം ജീവിക്കുന്ന പ്രദേശത്ത്, വീടിനും തൊഴിലിടത്തിനും ചുറ്റുമുള്ള സസ്യങ്ങളും വെള്ളക്കെട്ടുകളും ഇല്ലാതാക്കുക വഴി നമുക്കാവശ്യമായ ജീവവായു ഇല്ലാതാക്കുകയാണ് നമ്മള്‍ ചെയ്തത്. റേഡിയേഷന്‍ ഇഫക്ടുള്ള കല്ലുകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണിലെ സുക്ഷ്മ ജീവികളെ കൊന്നൊടുക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ശുചീകരണവും, കേടുകൂടാതെ ഭക്ഷണസാധനങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള കൃത്രിമകൃഷി അടക്കമുള്ള ഒട്ടനവധി നടപടികള്‍, മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തിന് സാരമായ ക്ഷതമേല്‍പ്പിച്ചിരിക്കുകയാണ്.
അമേരിക്കയുടെ ഇടപെടല്‍
ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനായി ധാരാളം ആശുപത്രികള്‍ നിര്‍മ്മിക്കുക, രാസവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നയങ്ങളാണ് ആഗോളതലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.അന്തരീക്ഷമലിനീകരണം തടയുന്നതിനും, പ്രകൃതിയെയും മാനുഷികസംസ്‌കാരങ്ങളെയും കാത്തുരക്ഷിക്കുവാനുള്ള ഭൂമിയുടെ കഴിവിന് എന്ത് സംഭവിക്കുന്നു എന്ന് കണ്ടെത്തുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള പഠനവും റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടുവെങ്കിലും അമേരിക്ക ഏകപക്ഷീയമായി തടഞ്ഞതിന്റെ ദുരന്തങ്ങളാണ് നാമിന്ന് ലോകമൊട്ടാകെ അനുഭവിക്കുന്നത്.
കേരളം പ്രതിസന്ധിയില്‍
ലോകത്തെയാകമാനം ആകര്‍ഷിച്ച ജൈവവൈവിധ്യസംസ്‌കൃതിയുടെ ഉറവിടമായ ഭാരതത്തിലും അന്തരീക്ഷ താപനിലയുടെ വ്യതിയാനം ജീവിതസാഹചര്യം ആകെ മാറ്റിമറിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ പകലുകളുടെ ദൈര്‍ഘ്യംപോലും കുറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ സ്വന്തംനാട് എന്ന് വിശേഷിപ്പിച്ചിരുന്ന കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. അനുസ്യൂതമായ നിലയിലുള്ള വികസനത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി കേരളത്തിലേക്ക് ധാരാളം പണം ഒഴുകിയെത്തുമ്പോഴും ആരോഗ്യ സുരക്ഷാ പദ്ധതികളുടെ വൈപുല്യം വന്‍തോതില്‍ നടക്കുന്നുണ്ടെങ്കിലും മലയാളികളുടെ വംശനാശം എന്ന നിലയിലേക്ക് കേരളത്തിലെ ജനങ്ങള്‍ ആരോഗ്യ മേഖലയില്‍ കടുത്ത പ്രതിസന്ധി നേരിടുന്നു.3000 മി.മി. മഴ ലഭിച്ചിരുന്ന കേരളത്തില്‍ മഴ 1000 മി.മി. ആയി കുറഞ്ഞതിനാല്‍ കാര്‍ഷിക ഉല്‍പാദനരംഗത്ത് സൃഷ്ടിച്ചിരിക്കുന്ന പ്രത്യാഘാതം മൂലം ശുദ്ധജലവും, ശുദ്ധഭക്ഷണവും, ശുദ്ധവായുവും അപ്രാപ്യമാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
പുതുതലമുറയെ രക്ഷിക്കാന്‍
63% വിദ്യാര്‍ത്ഥികള്‍ കായികക്ഷമത കുറഞ്ഞവരാണെന്ന് പഠനങ്ങള്‍ പറയുന്നു. മറ്റൊരു പഠന റിപ്പോര്‍ട്ടില്‍ ഇന്ന് വിദ്യാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ തലമുറകളേക്കാള്‍ 60% ഐക്യു കുറവാണെന്ന് കണ്ടെത്തിയിരിക്കുന്നു. കുടുംബാസൂത്രണം ഇല്ലാതിരുന്ന കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് ഒരു കുടുംബത്തില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമേ ഉള്ളൂ. എന്നിട്ടും ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും പ്രായോഗിക ബുദ്ധിയും കായികക്ഷമതയും കുറവാണെന്ന വിദഗ്ദാഭിപ്രായം നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോള്‍ ജനിക്കുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും തലച്ചോര്‍ സംബന്ധ രോഗങ്ങളായ ഓട്ടിസം, സെറിബ്രല്‍ പാള്‍സി പോലുള്ള അപകടകരമായ രോഗങ്ങള്‍ പിടിപെട്ടവരാണ്. ഇത്തരം കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ നാട്ടില്‍ വ്യാപകമായി വന്നുകെണ്ടിരിക്കുന്നു. ഇതിനൊക്കെ പുറമെ നാലില്‍ ഒരാള്‍ മാനസിക ആരോഗ്യ വൈകല്യമുള്ളവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനറിപ്പോര്‍ട്ടില്‍ വന്നിരിക്കുന്നു.
ആഹാരം ഔഷധം
ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയും നിത്യരോഗികളും കിടപ്പുരോഗികളും വര്‍ദ്ധിക്കുകയും പാലിയേറ്റീവ് സെന്ററുകളും ഡയാലിസിസ് സെന്ററുകളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും കൂണു പോലെ മുളച്ചു പൊന്തുകയുമാണ്.ഇത്തരമൊരു പശ്ചാത്തലത്തില്‍ നിന്നുവേണം നാം ജൈവകൃഷിയെ വിലയിരുത്തേണ്ടത്. കൃഷിയോടും ഭക്ഷണത്തോടുമുള്ള നമ്മുടെ തെറ്റായ സമീപനമാണ് നമ്മുടെ ആരോഗ്യം ഇത്രയും വഷളാക്കിയത്. ആഡംബര കാര്യങ്ങള്‍ക്കും മറ്റും ധാരാളം പണം ചെലവഴിക്കുന്നതിന് വലിയ ഉത്സാഹം കാണിക്കുമ്പോള്‍ ഭക്ഷണം വിലകുറച്ച് സൗജന്യമായി ലഭിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു.വിലകുറഞ്ഞ ആഹാരവസ്തുക്കളുടെ ഗുണമേന്മയെക്കുറിച്ച് ചിന്തിക്കാതെ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും അത് നല്‍കാനാണ് നമുക്ക് താല്‍പര്യം.
മുന്‍ഗാമികളെ കണ്ടുപഠിക്കാം
കഴിഞ്ഞ തലമുറയിലെ രക്ഷിതാക്കള്‍ മക്കള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്നതിനായി മണ്ണിന്റെ ഊര്‍വരതയെ ധന്യമാക്കി മഴവെള്ളം മണ്ണിലേയ്ക്കിറക്കി, ഉദിച്ചുയരുന്ന സൂര്യന്റെ വെയിലിനെ സ്വീകരിക്കുന്നതിനായി ചെടികളെ നട്ടുവളര്‍ത്തി വിളയുന്ന തേങ്ങയും, നെല്ലും, ചക്കയും, മാങ്ങയും, മുത്താറിയും, പയറും, ചേമ്പും, ചേനയും, ഇഞ്ചിയും, മഞ്ഞളും, കുരുമുളകും അങ്ങനെഎണ്ണിയാലൊടുങ്ങാത്ത സസ്യഫലങ്ങളും മത്സ്യവും ഇറച്ചിയും അടക്കം വൈവിധ്യമാര്‍ന്ന  ഭക്ഷണങ്ങള്‍ പാകം ചെയ്ത് നല്‍കി മിടുക്കന്മാരായി വളര്‍ത്തി. ലോകത്തിനാകെ പ്രിയപ്പെട്ടതാണ് മലയാളിയും, കേരളവും. അമേരിക്കക്കാര്‍ക്കും യൂറോപ്യന്മാര്‍ക്കും ഗള്‍ഫുകാര്‍ക്കുമെല്ലാം പ്രിയം മലയാളികളോടാണ്. കേരളത്തിന്റെ ആവാസവ്യവസ്ഥയിലെ ജൈവവിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെട്ട ലോകം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷണം കേരളത്തിന് നല്‍കി.
മടങ്ങാം ജൈവകൃഷിയിലേക്ക്
ഇതൊന്നും പൂര്‍ണ്ണമായും തിരിച്ചുപിടിക്കാന്‍ സാധിക്കുകയില്ലെങ്കിലും കുഞ്ഞുങ്ങളെ സ്‌നേഹിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ പ്രകൃതിയെയും ജൈവകൃഷിയെയും സ്‌നേഹിക്കാന്‍ സാധിക്കണം. രോഗം വന്നിട്ട് ചികിത്സിച്ച് മരണം വരെ ഔഷധസേവയും പരിശോധനയുമായി ആശുപത്രികള്‍ തോറും കയറിയിങ്ങുന്നതിനെക്കാള്‍ നല്ലത് രോഗം വരാതിരിക്കാനായി ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും കുട്ടികള്‍ക്ക് ലഭിക്കുന്നതിനായി പ്രകൃതിസൗഹൃദമായ ജൈവജീവിതം സാധ്യമാക്കുന്നതിന് പ്രകൃതിയോട് ഇണങ്ങിയ കൃഷിയെ പരിപോഷിപ്പിക്കുന്നതിനായുള്ള സാമൂഹ്യ കൂട്ടായ്മ വര്‍ദ്ധിപ്പിക്കലാണ്.വീട്ടുവളപ്പിലെ ജൈവകൃഷി എന്നു പറയുമ്പോള്‍ മുഖ്യപരിഗണന നല്‍കേണ്ടത് നമ്മുടെ പരമ്പരാഗതമായ ഉയരത്തില്‍ വളരുന്ന ദീര്‍ഘകാലം വിളവുതരുന്ന തെങ്ങിനാണ്. ലോകത്ത് ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട സസ്യഫലങ്ങളില്‍ ഏറ്റവും കൂടുതല്‍ കലോറിയുള്ളത് തേങ്ങക്കാണ്. 661 ആണ് തേങ്ങയുടെ കലോറി. പശുവിന്‍ നെയ്യിനെക്കാള്‍ കലോറിയുള്ളത് തേങ്ങയില്‍ നിന്നുള്ള വെളിച്ചെണ്ണക്കാണ്. 900 ആണ് വെളിച്ചെണ്ണയുടെ കലോറി.
രാസവസ്തുക്കളെ ഒഴിവാക്കാം
വലിയ പണച്ചെലവോ പരിചരണമോ ഇല്ലാതെ നല്ല വിളവുതരുന്ന പഴുത്താല്‍ നല്ല മണവും മധുരവുമുള്ള പാളയംകോടന്‍ വീട്ടില്‍ വെച്ച് പിടിപ്പിച്ചാല്‍ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ്. ശരീരത്തിലെത്തുന്ന വിഷത്തെ നിര്‍വീര്യമാക്കാന്‍ അത്യുന്നതമായ മഞ്ഞളും വീട്ടുവളപ്പില്‍ കൃഷിചെയ്യുവാന്‍ നാം ശ്രമിക്കണം.ജലം, അത് ശുദ്ധമായ ജലം എന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന് നമ്മുടെ നാട്ടില്‍ വ്യാപകമായി ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ടാങ്കുകളിലും , കുപ്പികളിലും ലഭിക്കുന്ന ബ്ലീച്ചിംഗ് പൗഡറിട്ട് ശുദ്ധീകരിച്ച ജലമാണ്. അന്തരീക്ഷതാപനില 40% വര്‍ദ്ധിക്കുകയാണ് കേരളത്തില്‍. ഇത് പ്ലാസ്റ്റിക്കില്‍ നിന്നും ഫൈബറില്‍ നിന്നും പി.വി.സി.പൈപ്പില്‍ നിന്നും ഡയോക്‌സിന്‍ എന്ന വിഷം സ്വാഭാവികമായും പുറത്തുവരുന്നതിനും വെള്ളത്തില്‍ കലരുന്നതിനും ഇടയാക്കും. അതേപോലെതന്നെ കക്കൂസും വീടും ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അമിതമായ ഉപയോഗം പലതരത്തിലാണ് വെള്ളത്തെ മലിനമാക്കുന്നത്. പ്രധാനമായും ഇത്തരം നടപടികള്‍ വീട്ടുവളപ്പിലെ കിണര്‍വെള്ളത്തെ വിഷമയമാക്കുകയാണ്. അങ്ങനെ കിണറിലെയും പൈപ്പിലെയും മലിനജലം ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ നാം ഒഴിവാക്കേണ്ടതുണ്ട്. മഴയുടെ അളവ് കുറഞ്ഞതും നാം കണക്കിലെടുക്കണം.
അമൃതാണ് ജലം
വെള്ളത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് ശ്രദ്ധ പതിപ്പിക്കുകയും, വീട്ടുവളപ്പില്‍ പെയ്തിറങ്ങുന്ന മഴവെള്ളത്തെ സമാഹരിച്ച് മണ്ണിലിറക്കി കിണറിലൂടെ ഉപയോഗിക്കുവാന്‍ ശ്രമിക്കേണ്ടതുണ്ട്. മണ്ണില്‍ നേരിട്ട് സൂര്യപ്രകാശം പതിപ്പിക്കുന്നത് കടുത്ത വരള്‍ച്ചക്ക് ഇടയാക്കും. പെയ്തിറങ്ങുന്ന മഴവെള്ളത്തെ മണ്ണിലേക്കിറക്കുന്നതിന് സഹായിക്കുന്ന ജീവികളെ ഇല്ലാതാക്കുകയും, മണ്ണിലെ ജലാംശത്തെ ബാഷ്പീകരിക്കുകയും ചെയ്യുന്നത് തടയുന്നതിന് എപ്പോഴും മണ്ണിനെ പൊതിഞ്ഞുവെക്കുന്നതിന് നാം പ്രത്യേകം ശ്രദ്ധപതിപ്പിക്കേണ്ടതാണ്. ശുചീകരണത്തിനായി രാസവസ്തുക്കള്‍-വിഷം എന്നിവ ഉപയോഗിക്കുന്നത് കര്‍ശനമായും തടയേണ്ടതാണ്.നമ്മുടെ നാടിന്റെ ജൈവവൈവിദ്ധ്യത്തിന്റെ പ്രത്യേകതയാല്‍ കിണര്‍വെള്ളം എന്നത് കാല്‍സ്യത്തിന്റെ കലവറയാണ്. നന്നായി വെയിലുകൊള്ളുന്ന ജോലിചെയ്യുന്നവര്‍ക്ക് പച്ചവെള്ളവും സംഭാരവും ഉള്ളിയും പഞ്ചസാരയും പഥ്യമാകുന്നത് അതുകൊണ്ടായിരുന്നു. കാല്‍സ്യത്തിന് പുറമെ മാഗ്നീഷ്യം അടക്കമുള്ള മൂലകങ്ങള്‍ കിണര്‍വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടായിരുന്നു. ഇങ്ങനെയുള്ള കിണര്‍വെള്ളം വിഷമയമാക്കി കാശുകൊടുത്ത് ഡയോക്‌സിന്‍ വെള്ളവും, ബ്ലീച്ചിംഗ് പൗഡര്‍ വെള്ളവും വാങ്ങിക്കുടിച്ച് രോഗികളായി ആശുപത്രികള്‍ തോറും കയറിയിറങ്ങുന്ന അവസ്ഥയെയും നാം മാറ്റിയെടുക്കേണ്ടതുണ്ട്.
ശുദ്ധവായുവിനായി കരുതാം
ഓക്‌സിജന്‍ അഥവാ ശുദ്ധവായു ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ദിവസങ്ങള്‍ തള്ളിനീക്കാമെങ്കിലും വായുവില്ലെങ്കില്‍ ഒരു നിമിഷംപോലും നിലനില്‍ക്കാന്‍ കഴിയില്ല. പ്രധാനമായും സസ്യങ്ങളില്‍ നിന്നും പരിസരപ്രദേശങ്ങളിലെ വെള്ളക്കെട്ടുകളില്‍ സൂര്യപ്രകാശത്താല്‍ വിഘടിച്ചുമാണ് നമുക്ക് ഓക്‌സിജന്‍ യഥേഷ്ടം ലഭിച്ചിരുന്നത്. ഇവ രണ്ടും ഇന്ന് നിശ്ശേഷം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് ഗണ്യമായ നിലയില്‍ കുറയുന്നത് മൂലമാണ് പ്രധാനമായും രോഗികളുടെ എണ്ണം ഗണ്യമായ നിലയില്‍ ഉയരുന്നത് എന്നത് വസ്തുതയാണ്. എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള ഇടപെടലിനേക്കാള്‍ പ്രധാനമാണ് ജീവവായു ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കലും എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

English Summary: High time to take organic farming, zero pollution to soil,air and water

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox