Features

അനീഷ് അല്പം 'ഹൈടെക്' ആണ്

"ദൈവം തന്ന അംഗീകാരമാണ്‌ ഈ അവാര്‍ഡ്. ജീവിക്കാനുള്ള ഏക വരുമാനമാര്‍ഗ്ഗമാണ്‌ എനിക്ക്‌ കൃഷി". സംസ്ഥാനത്തെ മികച്ച ഹൈടെക്‌ കര്‍ഷകനായ അനീഷിന്റെ വാക്കുകള്‍. പതിനഞ്ച്‌ വര്‍ഷത്തോളം ബിസിനസ്‌ ഡവലപ്‌മെന്‍റ്‌ മാനേജരായി നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അനീഷിന്‌ കോര്‍പ്പറേറ്റ്‌ മല്‍പ്പിടുത്തത്തില്‍ ജോലി നഷ്ടമായി. പിന്നെ അനീഷിന്‌ ജീവിതത്തില്‍ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു കൃഷി. 'ദൈവം എല്ലാം കണ്ടോണ്ടിരിക്കുന്നുണ്ട്‌ അനീഷേ' എന്ന്‌ കൃഷിയില്‍ തന്റെ ഗുരുനാഥനായ ടോണിസാറിന്റെ വാക്കുകള്‍ എന്നും നിധിപോലെ അനീഷ്‌ ചേര്‍ത്ത്‌ വയ്ക്കുന്നു. 

ഇന്ന് വീട്ടിൽ എല്ലാത്തരം കൃഷിയും ഉണ്ട്‌. വലുതും ചെറുതുമായ മൂന്ന്‌ പോളി ഹൗസുകളിലായി പയറും പടവലവും പാവലും വെണ്ടയും വഴുതനയും മുളകും തക്കാളിയും എല്ലാം കൃഷിചെയ്‌തു വരുന്നു. ഇത്‌ കൂടാതെ ക്യാരറ്റും ക്യാബേജും ബ്രോക്കോളിയും സെലറിയും ലെറ്റൂസും പാര്‍സെലിയും പുതിനയും മല്ലിയും തുടങ്ങി ഷമാം വരെ അനീഷിന്റെ കൃഷിയിടത്തിലുണ്ട്‌. polyhouse

മിനി പോളിഹൗസില്‍ തക്കാളി കൃഷി തന്നെ പരീക്ഷിച്ചു. പോളിഹൗസില്‍ തക്കാളിച്ചെടിക്ക്‌ പരാഗണം അത്രവിജയകരമല്ലെങ്കിലും അനീഷ്‌ തേനീച്ചയുടെ സഹായത്താല്‍ അതും സാധ്യമാക്കി. അതും തികച്ചും ജൈവരീതിയില്‍ തന്നെ. അവിടെയും തീരുന്നില്ല, മട്ടുപ്പാവിലെ പോളിഹൗസില്‍ മാത്രം നൂറിലധികം ഗ്രോബാഗുകളിലായി തുള്ളിനന കൃഷി. ചീരയും മല്ലിയും പുതിനയും പാലക്കും ലെറ്റൂസും മുളകും എല്ലാം ഇവിടെയുണ്ട്‌. അഞ്ചല്‍ ബ്ലോക്ക്‌.

കൃഷിഭവന്റെ ഡെമോ പ്ലോട്ടും ഇതുതന്നെ. ഏറെ ശ്രദ്ധയോടെയാണ്‌ അനീഷ്‌ ഇവയെ പരിപാലിക്കുന്നത്‌. ഒരു ജലദോഷമോ പനിയോ വന്നാല്‍ പോലും ആരും പോളിഹൗസിനുള്ളില്‍ കയറില്ല. പുറത്തുനിന്നുള്ള ആരെയും തന്നെ അതിനുള്ളില്‍ കയറ്റില്ല എന്നുതന്നെ. അവയ്‌ക്ക്‌ കേട്‌പാടുകൾ ഉണ്ടാകരുതല്ലോ. അത്ര ശ്രദ്ധിച്ചാണ്‌ ഓരോന്നിനെയും പരിചരിക്കുന്നത്‌. തന്റെ കൃഷിയിടത്തില്‍ വിളയുന്ന പച്ചക്കറികള്‍ വീട്ടാവശ്യകഴിഞ്ഞ്‌ മാത്രമേ വില്‌പന നടത്താറുള്ളൂ. അതിനാല്‍ തന്നെ ഇതുവരെ വിലയെക്കുറിച്ച്‌ അധികം ആലോചിച്ചിട്ടില്ല. 

aneesh farm

ഒന്നര ഏക്കര്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇരുപത്തഞ്ച്‌ സെന്റായി. അര ഏക്കര്‍ നെല്‍പ്പാടമുണ്ടെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഇതുവരെ അവിടെ കൃഷിയിറക്കാന്‍ അനീഷിന്‌ കഴിഞ്ഞിട്ടില്ല. പക്ഷേ അക്വാപോണിക്‌സിലൂടെ നെല്‍കൃഷി ചെയ്‌ത്‌ അനീഷ്‌ ആ സങ്കടവും നികത്തി. വയലില്‍ ഇന്ന്‌ ചേനയും ചേമ്പും മഞ്ഞളുമൊക്കെ സമൃദ്ധിയായി വളരുന്നു. 
എല്ലാത്തിനുമുപരി വീട്ടുമുറ്റത്തെ പടുതാക്കുളത്തില്‍ മീനും വളര്‍ത്തുന്നുണ്ട്‌. അവിടെ തിലോപ്പിയയും അനാബിസും കരിമീനും ഓടിക്കളിക്കുന്നു. 

പത്താം തരത്തിനുശേഷം കൃഷിപാഠങ്ങള്‍ (വി.എച്ച്.എസ്.ഈ. അഗ്രികൾച്ചർ) പഠിക്കാനിറങ്ങിയ അനീഷ്‌ ഒടുവില്‍ കൃഷിയിലേക്ക്‌ തന്നെ ഇറങ്ങിയത്‌ യാഥൃശ്ചികം മാത്രം. കൊല്ലം അഞ്ചൽ സ്വദേശിയായ അനീഷിന്‌ അച്ഛന്‍ നടരാജന്‍ പിള്ളയും അമ്മ വിലാസിനി അമ്മാളും ഭാര്യ അര്‍ച്ചനയും മകള്‍ മഹാലക്ഷ്‌മിയും പിന്തുണയുമായി എന്നും കൂടെയുണ്ട്‌.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox