Features

വാണിജ്യ പ്ലാവ് കൃഷി പരാജയമോ?

'കല്പവൃക്ഷ'മെന്ന് വിശേഷിപ്പിക്കാവുന്ന പ്ലാവ് ഭക്ഷ്യസുരക്ഷ - സുരക്ഷിത ഭക്ഷണം എന്ന കാഴ്ചപ്പാടില്‍ പ്രധാന പങ്കുവഹിക്കുന്നു. ഒരു കുടുംബത്തിലെ എല്ലാവരുടെയും വിശപ്പടക്കാന്‍ കഴിവുള്ള ചക്കയ്ക്ക് വൈകിയാണെങ്കിലും 'സംസ്ഥാനഫല'മെന്ന അംഗീകാരം ലഭിച്ചത് തികച്ചും സ്വാഗതാര്‍ഹമാണ്. ബംഗ്ലാദേശാണ് ചക്ക ഔദ്യോഗിക ഫലമായ രാജ്യം. ബ്രസീലില്‍ ചക്ക ജനകീയമായ പഴമാണ്. ശ്രീലങ്കയില്‍ ഔദ്യോഗികഫലമല്ലെങ്കിലും ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന പഴം-പച്ചക്കറി ചക്കയാണ്. വാണിജ്യകരമായി കൃഷിചെയ്യാവുന്ന പ്രധാനം ഇനം കൂടിയാണ് പ്ലാവ്. 

വാണിജ്യപ്ലാവ് കൃഷി എന്ന പദ്ധതിയേക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ, പ്ലാവിന്റെ ഏത് ഇനമാണ് നടേണ്ടതെന്ന് വ്യക്തമായ ബോധ്യമുണ്ടാകണം. പ്ലാവ് കൃഷിയിലൂടെ വലിയ നേട്ടങ്ങള്‍ കൈവരിച്ച വിയറ്റ്‌നാം, മലേഷ്യ, തായ്‌ലന്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ നമുക്ക് മാതൃകയാണ്. കേരളത്തിലെപ്പോലെ, ആരാലും ശ്രദ്ധിക്കപ്പെടാതെ, തൊടിയിലെ ഒരപ്രധാനഭാഗത്തു നില്‍ക്കുന്ന പ്ലാവിന്റെ ചിത്രമല്ല ഈ രാജ്യങ്ങെളാക്കെ നമുക്ക് നല്‍കുന്നത്. പ്ലാവ് കൃഷിയും വിപണനവുമൊക്കെ ഇവിടങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ വ്യവസായമാണ്. പ്ലാവിന്റെ വാണിജ്യപ്രാധാന്യമുള്ള അനേകം ഇനങ്ങള്‍ ഓരോ രാജ്യത്തിനും സ്വന്തമായുണ്ടെങ്കിലും പ്രധാനമായും രണ്ട് ഇനങ്ങള്‍ മാത്രമാണ് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നതും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതും. മലേഷ്യയുടെ ജെ 33 യും വിയറ്റ്‌നാമിന്റെ സൂപ്പര്‍ ഏര്‍ലിയുമാണിവ. വ്യക്തമായ കര്‍മ്മപദ്ധതിയോടെ കാര്യങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ വാണിജ്യപ്ലാവ് കൃഷി വിജയിക്കുകയുള്ളു. അല്പം ശ്രദ്ധ ചെലുത്തിയാല്‍ അനായാസമായി പ്ലാവ് പിടിപ്പിച്ചെടുക്കാം. പരപരാഗണത്തിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട ചക്കയുടെ വിത്തുകള്‍ മുളച്ച് കേരളത്തിലുടനീളം വളരുന്ന പ്ലാവുകളാണ് ഇവയുടെ ഏറ്റവും വലിയ ജനിതക ശേഖരം. എന്നാല്‍, അവയില്‍ നിന്നും മികച്ച ഇനങ്ങള്‍ കണ്ടെത്തി, ആവശ്യമായ അളവില്‍ അവയുടെ നടീല്‍ വസ്തുക്കള്‍ ഉണ്ടാക്കാനും നമുക്ക് കഴിഞ്ഞിട്ടില്ല. 

മറ്റൊരു ഭക്ഷ്യവിളയ്ക്കും സാധ്യമല്ലാത്ത ഒരതുല്യത ചക്കയ്ക്കുണ്ട്. വളര്‍ച്ചയുടെ നാല് ഘട്ടങ്ങളില്‍ ചക്കയുടെ വിളവെടുപ്പ് നടത്തി വിവിധ രീതികളില്‍ ഉപയോഗപ്പെടുത്താമെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. ആദ്യത്തേത്, മൂപ്പുകുറഞ്ഞ ഇടിച്ചക്കയായി ഉപയോഗപ്പെടുത്തുന്നതാണ്. കുറെക്കൂടി ആഴ്ചകള്‍ വളരാന്‍ അനുവദിച്ച് 70 മുതല്‍  80 ശതമാനം വരെ മൂപ്പത്തെത്തിയശേഷം ഉപയോഗപ്പെടുത്തുന്നതാണ് രണ്ടാമത്തേത്. പ്രതിദിനം കേരളത്തില്‍ നിന്നും അന്യസംസ്ഥാനത്തേക്ക് കടക്കുന്ന അഞ്ച് കോടി രൂപയുടെ വിപണനം നടക്കുന്നത് ഈ ഘട്ടത്തിലുള്ളവയാണ്.

ഇനിയുള്ളത് നന്നായി മൂപ്പെത്തിയ ചക്കയാണ്. നാലാമത്തേത് നന്നായി പഴുത്ത ചക്കയാണ്. ആദ്യത്തെ മൂന്ന് വിഭാഗങ്ങളിലെ ചക്ക പച്ചക്കറിയായും അന്നജത്തിന്റെ ഏറ്റവും കലോറിമൂല്യം കുറഞ്ഞ വിഭവമായും ഉപയോഗപ്പെടുത്തന്നു. അടുത്തത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചക്കക്കുരുവാണ്. ബേക്കറി വ്യവസായത്തില്‍ വളരെയധികം ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ചക്കക്കുരു പ്രധാന ചേരുവയായി ഉപയോഗപ്പെടുത്തുന്നുണ്ട്. ''ഗ്ലൂട്ടന്‍ - അംശം'' ഒട്ടും തന്നെ ഇല്ലാത്ത ഭക്ഷ്യവിഭവങ്ങള്‍ വിപണിയില്‍ ലഭ്യമാക്കിയാല്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ 'ഗ്ലൂട്ടന്‍ അലര്‍ജി'യാല്‍ ക്ലേശിക്കുന്ന അനേകര്‍ക്ക് ആശ്വാസപ്രദമാണെന്നുള്ളതും നാം വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ഇതും നമുക്ക് വലിയ സാദ്ധ്യതകള്‍ നല്‍കുന്നുണ്ട്.

ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ വ്യവസായിക നിലയില്‍ നിര്‍മ്മിച്ച് വന്‍തോതില്‍ ലഭ്യമാക്കണമെങ്കില്‍ ഒരേ ഇനത്തിലുള്ള ചക്കയുടെ ലഭ്യത അതിപ്രധാനമാണ്. ഈ സാഹചര്യത്തിലാണ് നമ്മുടെ നാട്ടില്‍ത്തന്നെ ലോകോത്തര നിലവാരമുള്ള പ്ലാവിനങ്ങള്‍ തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഒരേസമയം ടേബിള്‍ സ്‌നാക്കായും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മിതിയ്ക്കായും ഉപയോഗപ്പെടുത്താവുന്ന ലോകോത്തര ഇനങ്ങളാണ് താഴെപ്പറയുന്നവ.

ജാക്ക് ജെ 33

jack 33 homegrown



തോട്ടമടിസ്ഥാനത്തിലുള്ള പ്ലാവ് കൃഷിയില്‍ ബഹുദൂരം മുന്നിലായ മലേഷ്യയുടെ മണ്ണില്‍ നിന്നും കണ്ടെത്തിയതാണ് ജെ 33 എന്ന ലോകോത്തര ഇനം. ചക്കയുല്‍പ്പാദനത്തില്‍ പുത്തനുണര്‍വിന് കാരണമായ ഈ ഇനം പതിനായിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്ത് ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കയറ്റുമതി ചെയ്ത് ധാരാളം വിദേശനാണ്യം നേടുന്നതില്‍ മലേഷ്യ വളരെ മുമ്പിലാണ്.

ആകര്‍ഷകമായ കടുംമഞ്ഞനിറത്തില്‍ നല്ല ദൃഢതയുള്ള ചുളകള്‍ക്ക് ജലാംശം താരതമ്യേന കുറവാണെന്നുള്ളത് ഈ ഇനത്തെ മറ്റുള്ളവയില്‍ നിന്നും അനന്യമാക്കുന്നു. മൂപ്പെത്തിയ ചക്കകള്‍ വിളവെടുത്തതിനുശേഷം, നന്നായി പഴുക്കുവാന്‍ മറ്റിനങ്ങളില്‍ നിന്നും വ്യത്യസ്തമായി, മൂന്ന് - നാല് ദിവസങ്ങള്‍ കൂടുതല്‍ വേണമെന്നുള്ളത് വളരെ ആകര്‍ഷകമായ ഘടകമാണ്. ദീര്‍ഘമായ സൂക്ഷിപ്പുകാലം വ്യാവസായികമേഖലയില്‍ പ്രയോജനപ്രദമാണ്.

ഈയിനത്തിനുള്ള മറ്റൊരു സവിശേഷത മലേഷ്യന്‍ കലാവസ്ഥയില്‍ വര്‍ഷം മുഴുവനും, ചക്ക വിളയുമെന്നുള്ളതാണ്. തോട്ടമടിസ്ഥാനത്തില്‍ ജെ 33 ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞു എന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു. മരങ്ങള്‍ തമ്മില്‍ 30 ഃ 30 അടി അകലമാണ് വേണ്ടത്.

വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി

jack vietnam

വിയറ്റ്‌നാമില്‍ വ്യാവസായികമായി കൃഷി ചെയ്യുന്ന മികച്ച ഇനമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ, നട്ട് വളരെ പെട്ടെന്ന് വളര്‍ന്ന് കായ്ഫലം തരുമെന്നതാണ് ഇതിന്റെ മേന്മ. വിയറ്റ്‌നാമില്‍ തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ചക്കയുടെ പ്രധാന ഇനവും ഇതുതന്നെ. പ്ലാവിന്റെ സാധാരണ ഇനങ്ങളില്‍ തടി മൂത്ത് മൂന്ന് - നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചക്ക വിളയുമ്പോള്‍ ഈ പ്രത്യേക ഇനം തടിമൂക്കുന്നതിനു മുമ്പുതന്നെ കായ്ക്കുന്നു. മറ്റ് പ്ലാവിനങ്ങളെക്കാള്‍ ഇലക്ക് വലുപ്പവും കടും പച്ചനിറവും താരതമ്യേന കൂടുതല്‍ കട്ടിയും, വരള്‍ച്ചയെ പ്രതിരോധിക്കുന്ന ക്യൂട്ടിക്കിളിന്റെ ഉയര്‍ന്ന തോതും ഇതിന്റെ പ്രത്യേകതകളാണ്. സാധാരണ പ്ലാവിനങ്ങള്‍ 30 അടി അകലത്തില്‍ നടുമ്പോള്‍ ഈ ഇനം 10 അടി അകലത്തില്‍ നടാവുന്നതാണ്. മറ്റിനങ്ങളെപ്പോലെ പടര്‍ന്ന് പന്തലിക്കാത്തതാണ് ഇതിന് കാരണം. അതിനാല്‍, നിബിഡകൃഷിക്ക് (ഹൈഡെന്‍സിറ്റി പ്ലാന്റിങ്ങ്) ഏറ്റവും യോജിച്ച ഇനമാണിത്. വിയറ്റ്‌നാമില്‍ ഈ ഇനം 10 അടി അകലത്തില്‍ 430 തൈകള്‍ വരെയാണ് ഒരു ഏക്കറില്‍ തോട്ടമടിസ്ഥാനത്തില്‍ നടുന്നത്. നട്ട് ഒരു വര്‍ഷത്തിനുശേഷം ചക്കകള്‍ ഉണ്ടാകുന്നതിനാല്‍ 'ഒരു വര്‍ഷ പ്ലാവ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. രണ്ടാം കൊല്ലം മുതല്‍ ചക്കകള്‍ കായ്ച്ചു കിടക്കുന്ന പ്ലാവുകള്‍ കാണാന്‍ വളരെ മനോഹരമാണ്. 

ചുളകള്‍ക്ക് ക്രഞ്ചിസ്വഭാവവും നല്ല മഞ്ഞ നിറവുമുണ്ട്. പഞ്ചസാരയുടെ അളവ് ഈ ഇനത്തിന് മറ്റു ഇനങ്ങളെ അപേക്ഷിച്ച് കുറവാണ് (ടി.എസ്.എസ്. : 15 ീേ 190 ബ്രിക്‌സ്). മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ഏറ്റവും യോജിച്ച ഇനമാണിത്. തായ്ത്തടി മൂക്കുന്നതിനു മുമ്പുതന്നെ, ചക്കകള്‍ ഒരു ഞെടുപ്പില്‍ കുലകളായി ഉണ്ടാകുന്നത് ഈ ഇനത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഒരു കുലയില്‍ ഉണ്ടാകുന്ന എല്ലാ ചക്കകളും മൂക്കാന്‍ അനുവദിക്കരുത്. ഇങ്ങനെ ചെയ്താല്‍ ഗുണമേന്മയില്ലാത്ത ചക്കകള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. സാധാരണയായി ഒരു ഞെടുപ്പില്‍ ഒരു ചക്ക മാത്രമേ മൂക്കാന്‍ അനുവദിക്കാവൂ. ബാക്കിയുള്ളവ ഇടിച്ചക്കയായി വിപണനം ചെയ്യാന്‍ കഴിയും. ഗുണനിലവാരം കുറഞ്ഞ ചക്കയെ അവയുടെ പുറത്തെ മുള്ളുകള്‍ നിരീക്ഷിച്ച് തിരിച്ചറിയാവുന്നതാണ്. ഇത്തരം ചക്കകള്‍ മുറിച്ചുനോക്കിയാല്‍ അവയുടെ ചകിണിയും ചിലപ്പോള്‍ ചുളയിലും കറുത്ത പാടുകള്‍ കാണാം. എന്നാല്‍ പച്ചക്കറിയെന്ന നിലയില്‍ ഇവ തികച്ചും ഉപയോഗയോഗ്യമാണ്. വളര്‍ന്നു വരുന്ന ചക്കകള്‍ നൈലോണ്‍ ബാഗ് ഉപയോഗിച്ച്  പൊതിഞ്ഞ് സൂക്ഷിച്ചാല്‍ ഈച്ചകളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാനും ഗുണനിലവാരമുള്ള ചക്കകള്‍ ഉത്പാദിപ്പിക്കാനും സാധിക്കും. ചക്ക തിരിയുന്ന ദിവസത്തെ തീയതിയില്‍ നിന്നും 110 ദിവസം കൂടി കൂട്ടി നൈലോണ്‍ ബാഗിലും ഞെടുപ്പിലും രേഖപ്പെടുത്തിയാല്‍ പാകമായ ചക്കകള്‍ എപ്പോള്‍ വിളവെടുക്കുവാന്‍ സാധിക്കുമെന്ന് ഏകദേശം നിര്‍ണ്ണയിക്കാവുന്നതുമാണ്.

ജാക്ക് ഡ്യാങ്ങ് സൂര്യ

homegrown
അസ്തമയ സൂര്യന്റെ അരുണപ്രഭയുടെ വര്‍ണവിന്യാസത്തില്‍ അലംകൃതമായ ഡ്യാങ്ങ് സൂര്യ ഇനം ചുവപ്പ് ഇനങ്ങളില്‍ ഏറെ മികച്ചതാണ്. ചുളകള്‍ക്ക് നല്ല ദൃഢതയും ജലാംശത്തിന്റെ അളവ് താരതമ്യേന കുറവും പെക്ടിന്റെ സാന്നിദ്ധ്യം കൂടുതലുമുള്ളതിനാല്‍ ചുളകളുടെ സൂക്ഷിപ്പു കാലം മറ്റിനങ്ങളെ അപേക്ഷിച്ച് കൂടുതലുണ്ട്. ചുളകളുടെ ചുവപ്പ് നിറത്തിന് കാരണമായ ലൈക്കോപ്പീന്‍ എന്ന സസ്യജന്യസംയുക്തത്തിന് ശരീരത്തിലുണ്ടാകുന്ന സ്വതന്ത്രറാഡിക്കലുകളെ നശിപ്പിച്ച് അര്‍ബുദത്തെ തടയാനുള്ള കഴിവുണ്ട്. ധാരാളം നിരോക്‌സീകാരങ്ങളുടെ കലവറയായ ചക്കപ്പഴം കഴിക്കുന്നതുവഴി പേശികളിലേയ്ക്കുള്ള രക്തത്തിന്റെയും ഓക്‌സിജന്റെയും പ്രവാഹം വര്‍ദ്ധിപ്പിച്ച് വാര്‍ദ്ധക്യത്തിന്റെ വരവിനെ മന്ദീഭവിപ്പിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇടത്തരം വലുപ്പമുള്ള ചുളകള്‍ക്ക് ദൃഢതയും ഹൃദ്യമായ സ്വാദും നല്ല മധുരവുമുണ്ട്. ചുവന്ന ഇനങ്ങളില്‍ ഏറ്റവും മികച്ച ഇനമാണിത്. മുകുളനം വഴി ഉരുത്തിരിച്ചെടുക്കുന്ന മരങ്ങള്‍ക്ക് അധികം വലുപ്പമില്ല. വളരെ ഒതുങ്ങി വളരുന്നതിനാല്‍ അകലം കുറച്ച് 25 ഃ 25 അടി പ്ലാവുകള്‍  നടാവുന്നതാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാനും ടേബിള്‍ സ്‌നാക്കായി ഉപയോഗപ്പെടുത്താനും വളരെ നല്ല ഇനം.

ഡോ. സണ്ണി ജോര്‍ജ്
ഡയറക്ടര്‍, റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ് 
ഹോംഗ്രോണ്‍ ബയോടെക്
ഫോണ്‍ : 8113966600, 04828-297001

English Summary: homegrown commercial jack fruit varieties

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds