Features

റംബുട്ടാന്‍ കൃഷിയിലെ നൂതന തന്ത്രങ്ങള്‍

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പ്രചാരമുള്ള ഫലവൃക്ഷങ്ങളിലൊന്നായ റംബുട്ടാന്‍ കേരളത്തിലെ തനതായ കാലാവസ്ഥയില്‍ വളരെ വിജയകരമായി കൃഷിചെയ്യാന്‍ സാധിക്കുമെന്ന്ഇവിടത്തെ കര്‍ഷകര്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ കുറ്റാലും പോലുള്ള ചിലഭാഗങ്ങള്‍, കര്‍ണ്ണാടകയിലെ മംഗലാപുരം, കുടക് എന്നീ പ്രദേശങ്ങളും മഹാരാഷ്ട്രയില്‍ കൊങ്കണ്‍പ്രദേശങ്ങളും റംബുട്ടാന്‍ കൃഷിയ്ക്ക് വളരെ യോജിച്ചതാണ്. കായ്കളുടെ വര്‍ണ്ണഭംഗിയാല്‍അലങ്കൃതമായ റംബുട്ടാന്‍ ഒരു അലങ്കാരവൃക്ഷമായിട്ടും വീട്ടുവളപ്പിലും തൊടിയിലുംനട്ടുവളര്‍ത്താവുന്നതാണ്. ഉള്‍ക്കാമ്പ് പ്രത്യേകതരം സ്വാദിനാല്‍ വളരെ മാധുര്യമേറിയതാണ്.വിവിധതരം വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, മറ്റ് സസ്യജന്യസംയുക്തങ്ങള്‍ എന്നീ പോഷകങ്ങളാല്‍ സമൃദ്ധമാണ് റംബുട്ടാന്‍ പഴങ്ങള്‍. ഇതിന്റെ പുറംതോടിലും പള്‍പ്പിലും അടങ്ങിയിരിക്കുന്ന നിരവധി ആന്റി-ഓക്‌സിഡന്റുകള്‍ ശരീരകോശങ്ങളെ കാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

 ട്രോപ്പിക്കല്‍ കാലാവസ്ഥ നിലനില്‍ക്കുന്ന ഏതൊരു പ്രദേശത്തും റംബുട്ടാന്‍ വളരുന്നതായി കാണുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും ഊഷ്മളമായ കാലാവസ്ഥയുമാണ് പ്രധാന ഘടകങ്ങള്‍. വര്‍ഷത്തില്‍ 150 മുതല്‍ 250 സെ.മീ വരെ മഴയും ആവശ്യമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മീ വരെ ഉയരമുള്ള സ്ഥലങ്ങളാണ് കൃഷിയ്ക്ക് യോജിച്ചത്. ഏറ്റവും അനുയോജ്യമായ താപനില 22 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ചെറിയ തോതിലുള്ള താപനില വ്യതിയാനം ചെടികളുടെ വളര്‍ച്ചയേയും വിളവിനെയും ഗൗരവമായി ബാധിക്കാറുമില്ല. എല്ലാത്തരം മണ്ണിലും റംബുട്ടാന്‍ വളരുമെങ്കിലും നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് നല്ല വളര്‍ച്ചയ്ക്കും മികച്ച വിളവിനും നല്ലത്. അമ്ലാംശവും ക്ഷാരാംശവും മിതമായിരിക്കണം (പി.എച്ച് മൂല്യം 4.5 മുതല്‍ 6.5 വരെ). വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൃഷി ഒഴിവാക്കേതാണ്. നല്ല സൂര്യപ്രകാശം ലഭ്യമാകുന്നതിനാല്‍ ചെരിവുള്ള സ്ഥലങ്ങളില്‍ മികച്ച വിളവ് പ്രതീക്ഷിക്കാം.
 
പുതുവിളകള്‍ പരീക്ഷിക്കുന്നതില്‍ താല്പര്യം കാണിക്കാറുള്ള മലയാളികള്‍ തങ്ങളുടെ തൊടികളില്‍ വളര്‍ത്തിയിരുന്ന ആദ്യകാല റംബുട്ടാന്‍ മരങ്ങള്‍ വിത്തില്‍ നിന്നും ഉണ്ടായതിനാല്‍ അവയെല്ലാം ഗുണമേന്മ കുറഞ്ഞ നാടന്‍ ഇനങ്ങളാണ്. മധുരം കുറഞ്ഞ്, പുളി കൂടിയും കുരു ഉള്‍ക്കാമ്പില്‍ നിന്ന്  വേര്‍പെടുത്താന്‍ കഴിയാത്തതും ഉള്‍ക്കാമ്പ് വളരെ ശുഷ്‌ക്കമായതും വലിയ കുരുവുമൊക്കെയുള്ള നാടന്‍ ഇനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ തീരെ യോജിച്ചതല്ല. ഇന്ത്യയിലും
വിദേശങ്ങളിലുമുള്ള ധാരാളം റംബുട്ടാന്‍ ഇനങ്ങളെ പഠനവിധേയമാക്കിയതിന്റെ വെളിച്ചത്തില്‍ ഗുണമേന്മയുള്ളതും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ ഏതാനും റംബുട്ടാന്‍ ഇനങ്ങളെ കെത്തുകയുായി. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നവയും വീട്ടുവളപ്പില്‍ കൃഷി ചെയ്യാവുന്നവയും ഇക്കൂട്ടത്തിലുണ്ട്. N 18, റോങ്‌റിയന്‍, സ്‌കൂള്‍ബോയ്, ബിന്‍ജായ്, മല്‍വാന സ്‌പെഷ്യല്‍ എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ചവയാണ്. വീട്ടുവളപ്പില്‍ വളര്‍ത്താവുന്ന ഇനങ്ങളാണ് E 35, കിങ്ങ് എന്നിവ.
 
N 18, E 35 തുടങ്ങിയ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തത് കോട്ടയം ആസ്ഥാനമായ ഹോംഗ്രോണ്‍ ബയോടെക് ആണ്. കൂടാതെ മലേഷ്യ, തായ്‌ലന്റ്, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിജയിച്ച ഇനങ്ങളായ റോങ്‌റിയന്‍, സ്‌കൂള്‍ബോയ്,ബിന്‍ജായ്, മല്‍വാന സ്‌പെഷ്യല്‍, കിങ്ങ് എന്നിവ കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നതും
വന്‍തോതില്‍ ഉല്പാദിപ്പിച്ച് കേരളത്തില്‍ ലഭ്യമാക്കിയതും ഹോംഗ്രോണ്‍ ആണ്.
 
സാപ്പിന്‍ഡേസി സസ്യകുടുംബത്തിലെ അംഗമായ റംബുട്ടാന്‍ നെഫേലിയം ലപ്പേസിയം (Nephelium lappaceum) എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. റംബുട്ട് എന്ന മലയന്‍ (മലായ്)പദത്തില്‍ നിന്നാണ് റംബുട്ടാന്‍ എന്ന വാക്കിന്റെ ഉത്ഭവം. രോമാവൃതം എന്നാണിതിന്റെ അര്‍ത്ഥം. ഫലങ്ങള്‍ ഉരണ്ടുതോ മുട്ടയുടെ ആകൃതിയിലുള്ളതോ ആകാം. അഞ്ചു മുതല്‍ 20 പഴങ്ങള്‍ വരെ ഒരു കുലയില്‍ ഉണ്ടാകുന്നത് സാധാരണമാണ്. തുകല്‍ പോലെ കട്ടിയുള്ള പുറംതൊലി രണ്ട് വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നു. കടും ചുവപ്പും മഞ്ഞയും നിറങ്ങളില്‍ പഴങ്ങള്‍ കുലകളായി വിന്യസിച്ചിരിക്കുന്നത്
കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. ഓരോ പഴത്തിലും തവിട്ടുനിറത്തിലുള്ള ഒരു വിത്ത് ഉണ്ടാകും ഇത് ഭക്ഷ്യയോഗ്യമല്ല.
 
റംബുട്ടാന്‍ മരങ്ങളില്‍ ആണ്‍ പെണ്‍ വ്യത്യാസമുള്ളതിനാല്‍ വിത്ത് മുളച്ചുണ്ടാകുന്ന തൈകള്‍ കൃഷിയ്ക്ക് ഉപയോഗിക്കരുത്. പകരം മുകുളനം (budding) വഴി ഉരുത്തിരിച്ചെടുക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള തൈകളാണ് ഉപയോഗിക്കേണ്ടത്. ഇത്തരം തൈകള്‍ നട്ട് മൂന്നാംവര്‍ഷം മുതല്‍ പുഷ്പിക്കുകയും നല്ല പരിചരണം നല്‍കിയാല്‍ ആറു മുതല്‍ എട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്ന വിളവ് ലഭിക്കുകയും ചെയ്യും. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കണ്ടത് മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്‍കുന്നതാണ്. ഇപ്രകാരം ഒരേക്കര്‍ സ്ഥലത്ത് 30 മുതല്‍ 35 തൈകള്‍ വരെ നടാം. ഒരു മീറ്റര്‍ സമചതുരത്തിലെടുത്ത കുഴിയില്‍ മേല്‍മണ്ണ്, മൂന്ന് കുട്ട ട്രൈക്കോഡെര്‍മ-സമ്പുഷ്ട ചാണകക്കൂട്ട്, ഒരു കിലോ റോക്ക് ഫോസ്‌ഫേറ്റ് എന്നിവ യോജിപ്പിച്ച് നിറയ്ക്കാം. തറനിരപ്പില്‍ നിന്നും ഒരടി ഉയരത്തിലും മൂന്നടി വ്യാസത്തിലും കൂന കൂട്ടി തൈകള്‍ നടുന്നത് മികച്ച നടീല്‍ രീതിയായി കണ്ടുവരുന്നു. അനുയോജ്യമായ പിള്ളക്കുഴി തയ്യാറാക്കി അതില്‍ ഒരു പിടി ചാണകക്കൂട്ടും ഒരു പിടി
റോക്ക് ഫോസ്‌ഫേറ്റും തൂകിയതിനുശേഷം പോളിത്തീന്‍ കവറിനുള്ളിലെ മണ്ണുടയാതെ വളരെ ശ്രദ്ധയോടെ കവര്‍ നീക്കി തൈകള്‍ നടാം. ചെടിയ്ക്കു ചുറ്റുമായി മൂന്നടി ചുറ്റളവില്‍ വൃത്താകൃതിയില്‍ തടമെടുക്കുന്നത് നനയ്ക്കുന്നതിനും തുടര്‍ന്ന് വളമിടുന്നതിനും സൗകര്യപ്രദമാണ്. ആറുമാസത്തിനു ശേഷം നിര്‍ദ്ദേശാനുസരണം വളപ്രയോഗം നടത്താം. വരണ്ട കാലാവസ്ഥയില്‍ ചെടികള്‍ നന്നായി നനയ്‌ക്കേതാണ്. കീടങ്ങള്‍ പെരുകി ഫലവൃക്ഷങ്ങളെ രോഗാതുരമാക്കുന്നതില്‍ കളകള്‍ക്ക് നല്ല പങ്കുള്ളതിനാല്‍ അവ യഥാസമയം നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കേതാണ്.
 
റംബുട്ടാന്‍ മരങ്ങള്‍ വളരെ പൊക്കംവച്ച് വളരാനുള്ള സ്വാഭാവിക പ്രവണതയുള്ളതിനാല്‍ ചെറുപ്രായത്തില്‍ തന്നെ മരങ്ങളെ രൂപപ്പെടുത്തിയെടുക്കേതാണ് (Plant Training). ചെടികള്‍ ഏകദേശം നാലടി ഉയരമെത്തുമ്പോള്‍ ശാഖകള്‍ കരുത്തോടെ മുളയ്ക്കാന്‍ രണ്ടര മുതല്‍ മൂന്നടി വരെ ഉയരത്തില്‍ വച്ച് മുറിച്ചു നിര്‍ത്തണം. മൂന്നോ നാലോ കരുത്തുള്ള മുളകള്‍ പല ദിശകളിലേക്ക് വളര്‍ന്നുവരുന്നതിനായി ബാക്കിയുള്ള മുളകള്‍ നുള്ളി നീക്കണം. ഇവ ഓരോന്നും വളര്‍ന്ന് രണ്ടടി
വരുന്ന മുറയ്ക്ക് വീണ്ടും മുറിച്ചു നിര്‍ത്തി ചെടികളെ ഒരു കുട പോലെ വളര്‍ത്തി കരുത്തുറ്റ ശാഖാ വിന്യാസം രൂപപ്പെടുത്തിയാല്‍ മികച്ച വിളവ് ലഭിക്കും. രണ്ടുവര്‍ഷം കൊണ്ട് ഈ രൂപപ്പെടുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കാവുന്നതാണ്.
 
വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന വൃക്ഷമാണ് റംബുട്ടാന്‍. തൈകള്‍ നട്ട് ആദ്യ നാമ്പുകള്‍ വന്ന് ഇല മൂത്തതിനുശേഷം വേണം വളമിടാന്‍. അഞ്ച് കിലോ കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ് വിതറി മണ്ണ് കൂട്ടിക്കൊടുക്കുന്നത് നല്ലതാണ്. ഒപ്പം ധാരാളം ഉണങ്ങിയ ഇലകള്‍ ഇട്ട് പുതയിടുന്നതും ഉപകാരികളായ സൂക്ഷ്മജീവികളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്ന ജീവാമൃതം പോലുള്ള ലായനികള്‍ അതിനു മുകളില്‍ ഒഴിച്ചുകൊടുക്കുന്നതും വളര്‍ച്ചയ്ക്ക് നന്ന്. എല്ലാ മാസവും ചെടികള്‍ക്ക് ജീവാമൃതം കൊടുക്കുന്നത് വരള്‍ച്ചയെ ഒരു പരിധിവരെ അതിജീവിക്കാന്‍ അവയെ സഹായിക്കും. കാലിവളം ട്രൈക്കോഡെര്‍മ സമ്പുഷ്ടമാക്കുന്നതും ഏറെ പ്രയോജനം ചെയ്യും.
 
വര്‍ഷത്തില്‍ മൂന്നു തവണ (കാലവര്‍ഷാരംഭത്തിനു തൊട്ടുമുമ്പും, തുലാവര്‍ഷാരംഭത്തോടെയും,അതിനുശേഷം വേനല്‍മഴയോട് അനുബന്ധിച്ചും) എന്‍.പി.കെ 18 കോംപ്ലക്‌സ് 100 ഗ്രാം വീതം നല്‍കിയാല്‍ ചെടികള്‍ കൂടുതല്‍ കരുത്തോടെ വളരുകയും ശാഖകളും ഉപശാഖകളും വളര്‍ന്ന് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അഗ്രശാഖകളെ പൂ പിടുത്തത്തിന് സജ്ജമാക്കുകയും ചെയ്യും. ആറു വര്‍ഷത്തിനുമേല്‍ പ്രായമുള്ള മരങ്ങള്‍ക്ക് ഒരു കിലോ 18 കോംപ്ലക്‌സ്, 30 കിലോ
ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ നല്‍കണം. വിളവെടുപ്പിനെ തുടര്‍ന്നുള്ള കമ്പു കോതലിന് ശേഷമാണ് വളമിടേത്. ഇപ്രകാരം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രമാണ് നൈട്രജന്‍ കലര്‍ന്ന സംയുക്ത വളങ്ങള്‍ നല്‍കേണ്ടത്. കമ്പുകോതലിനു ശേഷം വളര്‍ന്നുവരുന്ന കരുത്തുള്ള ചെറു ശാഖാഗ്രങ്ങളിലാണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. പൂ പിടുത്തത്തിന് തൊട്ടുമുന്‍പ് 300 ഗ്രാം മുതല്‍ ഒരു കിലോ വരെ പൊട്ടാഷ് നല്‍കുന്നത് വളരെ നല്ലതാണെന്ന് കണ്ടുവരുന്നു. വിളവെടുപ്പിന്
ഏകദേശം ഒരു മാസം മുന്‍പും ഇതേ അളവില്‍ പൊട്ടാഷ് നല്‍കിയാല്‍ ഗുണമേന്മയുള്ള പഴങ്ങള്‍
ലഭിക്കുന്നതാണ്.
 
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് കേരളത്തില്‍ റംബുട്ടാന്‍ പൂക്കാലം. കൊമ്പുകോതലിനെ തുടര്‍ന്നുള്ള വളപ്രയോഗത്തിലൂടെ ശാഖകള്‍ വളര്‍ന്ന് പന്തലിച്ച് ഇലകള്‍ നല്ല മൂപ്പെത്തിയതിനുശേഷം ഡിസംബര്‍-ജനുവരി മാസങ്ങളിലെ വരണ്ട കാലാവസ്ഥയില്‍ സജ്ജമായ അഗ്രശാഖകളിലാണ്പൂ ങ്കുലകള്‍ ഉണ്ടാകുന്നത്. കരുത്തുറ്റ അഗ്രശാഖകളില്‍ ഉണ്ടാകുന്ന പൂങ്കുലകള്‍ വികാസം പ്രാപിച്ച് പൂക്കള്‍ വിടരാന്‍ മരങ്ങളുടെ പ്രായവും വിളവുമനുസരിച്ച് നല്ല രീതിയിലുള്ള ജലസേചനം
ആവശ്യമാണ്. പരപരാഗണ സ്വഭാവമുള്ള ചെടിയായതിനാല്‍ തേനീച്ചകളുടെ സാന്നിധ്യം കായ്പിടുത്തത്തിന് അത്യന്താപേക്ഷിതമാണ്.
 
പരാഗണം നടന്ന് കായ്കള്‍ വികാസം പ്രാപിക്കാന്‍ ഏകദേശം മൂന്നാഴ്ച വേണ്ടിവരും. വീണ്ടും മൂന്നാഴ്ച കൂടി കഴിഞ്ഞാല്‍ വളര്‍ന്നുവരുന്ന ഫലങ്ങളെ സംരക്ഷിച്ച് ഗുണമേന്മയുള്ളതാക്കാന്‍ ചില  നൂതന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. പൂക്കള്‍ വിരിയുന്ന അവസരത്തില്‍ തന്നെ ചെറിയ മരങ്ങള്‍ക്ക് 25 ഗ്രാമും വലിയ മരങ്ങള്‍ക്ക് 50 ഗ്രാമും ബോറോണ്‍ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം.കായ്കള്‍ പയര്‍മണിയുടെ വലുപ്പമാകുമ്പോള്‍ സ്യൂഡോമോണസ് 10 മി.ലി ഒരു ലിറ്റര്‍ വെള്ളത്തില്‍
ലയിപ്പിച്ച് സ്‌പ്രേ ചെയ്യുന്നത് ഇരട്ടി ഗുണം ചെയ്യും. രോഗകാരികളായ സൂക്ഷ്മജീവികളെ ശിപ്പിക്കുന്നതോടൊപ്പം സസ്യജന്യ ഹോര്‍മോണുകള്‍ കായ്കള്‍ക്ക് ലഭ്യമാക്കുക കൂടി ചെയ്താല്‍ ഫലങ്ങള്‍ക്ക് ഗുണമേന്മയേറും. മൂന്നാഴ്ച ഇടവേളയില്‍ സ്യൂഡോമോണസ് സ്‌പ്രേ ചെയ്താല്‍ നന്ന്. സ്യൂഡോമോണസ് സ്‌പ്രേ ചെയ്ത് ഒരാഴ്ച കഴിഞ്ഞ് സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കുന്നതും വളരെ ഫലപ്രദമാണ്. ഇപ്രകാരം സ്യൂഡോമോണസ്-പൊട്ടാഷ് സ്‌പ്രേ മൂന്ന് അല്ലെങ്കില്‍ നാല് പ്രാവശ്യം ചെയ്താല്‍ ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കുന്നതോടൊപ്പം കായ്‌പൊഴിച്ചില്‍ ഒരു പരിധി വരെ തടയാവുന്നതുമാണ്. ഏതെങ്കിലും സൂക്ഷ്മ മൂലകങ്ങളുടെ അഭാവം ചെടികളില്‍ ഉണ്ടെങ്കിലും കായ് പൊഴിച്ചില്‍ സംഭവിക്കാം. ഇതിനായി സൂക്ഷ്മ മൂലകങ്ങള്‍ പത്രപോഷണം (Foliar Spray) വഴി നല്‍കുന്നത് വളരെ ഫലപ്രദമാണ്. ഓക്‌സിന്‍-സൈറ്റോകൈനിന്‍ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ ക്രമരഹിതമായാലും കായ് പൊഴിച്ചില്‍ സംഭവിക്കാവുന്നതാണ്. ലീഫ് ടിഷ്യൂ അനാലിസിസിലൂടെ (Leaf tissue analysis) ഇലകളിലെ സൂക്ഷ്മ മൂലകങ്ങളുടെ ശരിയായ തോതിലുള്ള സാന്നദ്ധ്യം മനസ്സിലാക്കി പത്രപോഷണം നല്‍കിയാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും. വെള്ളത്തില്‍ ലയിക്കുന്ന സള്‍ഫര്‍ മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കുന്നത് കായ്കള്‍ക്ക് ഏതെങ്കിലും കാരണവശാല്‍ കുമിള്‍ബാധയുണ്ടായാല്‍ അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതുമാണ്.
 
തോട്ടങ്ങളില്‍ വച്ചുപിടിപ്പിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള റംബുട്ടാന്‍ മരങ്ങളില്‍ രണ്ടു തരത്തിലുള്ള  പൂക്കള്‍ കാണുന്നു. ഇവയില്‍ 95 ശതമാനത്തിലധികവും പൂക്കള്‍ ധര്‍മ്മംകൊണ്ട് പെണ്‍പൂക്കളും ഘടനയില്‍ ദ്വിലിംഗ പുഷ്പങ്ങളുമാണ്. ആണ്‍പൂക്കള്‍ വളരെ കുറവായതിനാലും ആവശ്യമായ പരാഗരേണുക്കള്‍ ഇവ ഉത്പാദിപ്പിക്കാത്തതിനാലും ശരിയായ രീതിയിലുള്ള പരാഗണം റംബുട്ടാനില്‍ നടക്കുന്നില്ല. പക്ഷേ, പൊതുവെ നോക്കിയാല്‍ പരാഗണവും അതിനോടനുബന്ധിച്ചുള്ള
ബീജസങ്കലനവും നടക്കാതെ റംബുട്ടാനില്‍ കായ്കള്‍ രൂപപ്പെടുന്നത് കാണാം. എന്നാല്‍, ഇത്തരം കായ്കള്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പൊഴിഞ്ഞുപോകാറുണ്ട്. 
 
ഘടനയില്‍ പെണ്‍പൂക്കളുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്ന ഏതാനും ദ്വിലിംഗ പുഷ്പങ്ങളെ ആണ്‍പൂക്കളാക്കി മാറ്റിയാല്‍ പരാഗരേണുക്കളുടെ അളവ് വര്‍ദ്ധിപ്പിച്ച് ഉയര്‍ന്ന തോതിലുള്ള കായ്പിടുത്തത്തിന് സജ്ജമാക്കാവുന്നതേയുള്ളൂ. ഇതിനായി ഒരു മരത്തിലെ ഏകദേശം പത്തു ശതമാനം പൂങ്കുലകള്‍ തെരഞ്ഞെടുത്ത് അവയെ പ്രത്യേകം മാര്‍ക്ക് ചെയ്യണം. ഇത്തരം
തെരഞ്ഞെടുത്ത പൂങ്കുലകളിലെ ഏതാനും ചില പൂക്കള്‍ നന്നായി വിടരുകയും ബാക്കിയുള്ളവ പൂമൊട്ടായി തന്നെ നിലനില്‍ക്കുമ്പോഴാണ് സൂപ്പര്‍ഫിക്‌സ് ലായനി, നാഫ്ത്തലിന്‍ അസറ്റിക് ആസിഡ് (NAA) തളിക്കേത്. ഒരു മില്ലി സൂപ്പര്‍ഫിക്‌സ് രണ്ടുലിറ്റര്‍ വെള്ളത്തില്‍ കലക്കി രാവിലെ ഒന്‍പതുമണിക്ക് മുമ്പ് തെരഞ്ഞെടുത്ത പൂങ്കുലകളില്‍ തളിക്കണം. ഏകദേശം ആറ്
ദിവസങ്ങള്‍ക്കുശേഷം ഏതാനും പൂക്കള്‍ ആണ്‍പൂക്കളായി മാറുകയും അവയിലെ കേസരങ്ങള്‍ പൊട്ടി പരാഗരേണുക്കള്‍ ലഭ്യമായി പരാഗണത്തിന് വിധേയമായി ഉയര്‍ന്ന തോതിലുള്ള കായ്പിടുത്തം ഉണ്ടാക്കുകയും ചെയ്യും. ഇപ്രകാരം ശരിയായ രീതിയില്‍ പരാഗണം നടന്ന് മികച്ച ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കാന്‍ ഇത്തരം ചില പ്രാധാന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
 
വളരെ നന്നായി പരിപാലിക്കുന്ന റംമ്പുട്ടാന്‍ മരങ്ങള്‍ക്ക് കാര്യമായ രോഗ-കീടബാധകളൊന്നും കാണാറില്ല. തോട്ടങ്ങളില്‍ മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്‍കുന്നതു തന്നെ ഒരു മികച്ച സസ്യസംരക്ഷണ മാര്‍ഗ്ഗമാണ്. കമ്പുണങ്ങലും ഇലതീനിപ്പുഴുക്കള്‍, മിലിമൂട്ട, ശല്‍ക്കകീടങ്ങള്‍ എന്നിവയുടെ ആക്രമണങ്ങളുമാണ് റംബുട്ടാന്‍ മരങ്ങള്‍ക്ക് ഭീഷണിയാകുന്നത്. തണ്ടുതുരപ്പന്‍ പുഴുക്കളുടെ ആക്രമണഫലമാണ് കമ്പുണക്കം. കീടബാധയേറ്റ ശാഖകള്‍ മുറിച്ചു നീക്കി തീയിടുന്നത്
ഫലപ്രദം. മുറിപ്പാടുകളില്‍ ഏതെങ്കിലും കുമിള്‍നാശിനിപ്പൊടി കുഴമ്പുരൂപത്തില്‍ തേയ്‌ക്കേതാണ്. ഇലതീനിപ്പുഴുക്കളെ നിയന്ത്രിക്കുന്നതിന് വേപ്പധിഷ്ഠിത ഉല്പന്നങ്ങള്‍ തളിക്കാം. മിലിമൂട്ടയുടെ ആക്രമണം നേരിടുന്നതിന് വെര്‍ട്ടിസില്ലിയം ഫലപ്രദമാണ്.

ഡോ. സണ്ണി ജോര്‍ജ്ജ്
ഡയറക്ടര്‍, റിസര്‍ച്ച് & ഡവലപ്‌മെന്റ്
ഹോംഗ്രോണ്‍ ബയോടെക്

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox